ആനവണ്ടിയിൽ പറമ്പിക്കുളത്തേക്ക്‌ എൻ്റെ ആദ്യ യാത്ര…

Travelogue By – Shaan YallaGo.

2009 ഡിസംബർ 3, സമയം ഏകദേശം 5.30 am. ആദ്യമായി പൊള്ളാച്ചിക്ക്‌ പോകുന്നതിനായി പാലക്കാട് നിന്നും ആനവണ്ടിയിൽ കയറി അങ്ങനെ പൊയ്കൊണ്ടിരിക്കുമ്പൊഴുണ്ട്‌ ഒരു വഴികാട്ടി ബോർഡ് കണ്ടു “പറമ്പിക്കുളം” 65 km. ആഹാ കൊള്ളാലോ. പറമ്പിക്കുളം എന്ന് ഒരുപാട് കേട്ടിട്ടുണ്ട് ഒന്ന് പോകണമല്ലോ എന്ന അഗ്രഹം മനസ്സിൽ കയറിക്കൂടി. കണ്ടക്ടറോട് തന്നെ ചോദിക്കാമെന്ന് തീരുമാനിച്ചു. 7.00 am ട് കൂടി പൊള്ളാച്ചി സ്റ്റാൻഡിൽ എത്തി ആൾക്കാരൊക്കെ ഇറങ്ങിയ ശേഷം ഞാൻ ചെന്ന് conductor ചേട്ടനോട്…. “ചേട്ടാ ഈ പറമ്പിക്കുളത്തേക്ക്‌ എങ്ങനെയാ പോകുകാ? ബസ് ഉണ്ടോ അങ്ങോട്ടേക്ക്?” നിക്കണ നിൽപ്പിൽ ഒരു കറക്കം കറങ്ങിയ conductor ചേട്ടൻ ഉത്തരം: “ദേണ്ടെ ആ ബസിൽ കയറിക്കോ…” പാലക്കാട് സ്റ്റാൻഡിൽ നിന്നും പറമ്പിക്കുളത്തേക്ക് രാവിലെ 5.15 ന് പുറപ്പെടുന്ന ആനവണ്ടി പറമ്പിക്കുളത്തേക്ക് പോകുന്നതിന് തയ്യാറായി പൊള്ളാച്ചി പുതിയ ബസ് സ്റ്റാൻഡിൽ എന്നെയും കത്ത്‌ നിൽക്കുകയായിരുന്ന പോലെ.

ഞാൻ കയറിയ ഉടൻ ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക്…. ആകെ Excitement. പൊള്ളാച്ചി town കഴിഞ്ഞു തമിഴ്നാടൻ ഗ്രാമങ്ങളിലേക്ക്. പുളിമരം കൊണ്ടുള്ള കമാനങ്ങൾ നിറഞ്ഞ ഭംഗിയുള്ള റോഡുകൾ ആനമല, സേത്തുമടയെല്ലാം താണ്ടി ആദ്യ ചെക്ക്‌പോസ്റ്റിൽ ബസ് നിർത്തി. ഏമാന്മാർ വന്ന് അടിമുടി ഒരു ചെക്കിങ് ടോപ്സ്ലിപ്പിലെക്ക് വീണ്ടും യാത്ര, പൊട്ടിപൊളിഞ്ഞ റോഡുകൾ താണ്ടി ടോപ്സ്ലിപ്പിലെത്തി അടുത്ത ചെക്ക്പോസ്റ്റിൽ നിന്നും വീണ്ടും ചെക്കിങ്.
ഇനി പറമ്പിക്കുളത്തേക്കുള്ള വഴിയിൽ ഒരു 3 km ചെന്നപ്പോഴുണ്ട് കേരളത്തിലേക്ക്‌ Welcome ചെയ്തുകൊണ്ടുള്ള കമാനവും കേരളാ ഫോറെസ്റ്റ്‌ ഡിപ്പാർട്മെന്റിന്റെ ഒഫിസും കടന്ന് മുന്നോട്ട്. ഇനിയാണ് കാഴ്ചകൾ…..

കാട്ടാന കൂട്ടം ചെളിവെള്ളത്തിൽ കിടന്ന് ഉരുണ്ട്‌ മറിഞ്ഞു കളിക്കുന്നതും, ഒറ്റയാൻ എന്ന ആനകളുടെ രാജാവിനേയും, ബസിന് മുന്നിലുടെ പാഞ്ഞുപോയ പുലിയെയും, കൂട്ടമായി മേഞ്ഞ്‌ നടക്കുന്ന പുള്ളിമാനുകളെയും,
മസിലും പെരുപ്പിച്ച് slow motionൽ നടന്നു പോകുന്ന നല്ല മുഴുത്ത കാട്ട്‌പോത്തിനേയും പീലി നിവർത്തിയാടുന്ന മയിലിനെയും, കരിങ്കുരങ്ങിനെയും കാണുവാൻ കഴിഞ്ഞത്‌ ഒരു മഹാ ഭാഗ്യമായി ഞാൻ കരുതുന്നു…. അങ്ങനെ ആ യാത്രയിൽ ഞാൻ അറിഞ്ഞ ഒരുപാട് സത്യങ്ങൾ വേറെയും. പറമ്പിക്കുളം കേരളത്തിൽ ആണെങ്കിലും തമിഴ്നാട്ടിലൂടെയല്ലാണ്ട് വഴിയില്ല,

കാട്ടിനകത്തെ പോലീസ്‌ സ്റ്റേഷൻ, ആദിവാസികളുടെ ഉന്നമനത്തിനു വേണ്ടി പ്രത്യേക പദ്ധതികൾ, കന്നിമാര തേക്ക്‌, പറമ്പിക്കുളം ഡാമിൽ നിന്നുള്ള വെള്ളം ഉപകരിക്കുന്നത് തമിഴ്‌നാടിന്, തമിഴ്നാട് അളന്ന് മുറിച്ചു കേരളത്തിന് നൽകുന്ന വെള്ളം കൊണ്ട് കേരളത്തിലെ നെല്ലറ കാത്തു സൂക്ഷിക്കുന്നത് തുടണ്ടി ഒട്ടനവധി കാര്യങ്ങൾ.
കേരളത്തിൽ ഇതിലും ചുരുങ്ങിയ ചിലവിൽ കാടും വന്യജീവികളെയും കാണുവാൻ കഴിയില്ലട്ടോ… ഒരിക്കലെങ്കിലും ഒന്ന് പോയി കാണുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ കഴിയില്ല അത്രക്ക്‌ ഭംഗിയായാണ് ആ യാത്രയും പറമ്പിക്കുളവും…..

ഇതുവരെ 6 തവണ ഞാൻ KSRTC & TNSTC ബസ്സിൽ പറമ്പിക്കുളത്തേക്ക്‌ പോയിവന്നിട്ടുണ്ട്‌…. ഇപ്പോൾ എല്ലാ ദിവസവും KSRTC രാവിലെ 7.45 ന് പാലക്കാട് സ്റ്റാൻഡിൽ നിന്നും [Stadium Stand:8.00am] പൊള്ളാച്ചി [9.30am]വഴി പറമ്പിക്കുളത്തേക്ക് 1 സർവീസ് നടത്തുന്നുണ്ട്. മുന്നിലെ single സീറ്റ് കിട്ടുന്നവർ ഭാഗ്യവാൻ… TNSTC എല്ലാ ദിവസവും 6.30am നും 3.00 pm നും പൊള്ളാച്ചിയിൽ നിന്നും പറമ്പിക്കുളത്തേക്ക് സർവീസ് നടത്തുന്നുണ്ട്.

NB : രാവിലെ പൊള്ളാച്ചിയിൽ നിന്നും 6.30 നുള്ള ബസിൽ ആനപ്പാടിയിലെ ഫോറെസ്റ്റ്‌ ഓഫീസിൽ നിന്നും സഫാരിക്കുള്ള ₹200 രൂപയുടെ ടിക്കറ്റ്‌ എടുത്ത് ആദ്യ ട്രിപ്പിൽ എല്ലാം ചുറ്റിക്കണ്ട ശേഷം 11.30 നുള്ള KSRTC ബസ്സിൽ തിരികെ പോരാം. ഈ ബസ് കിട്ടാതിരുന്നാൽ പിന്നെ വൈകിട്ട്‌ 5.00 pm നുള്ള TNSTC ബസ് പിടിക്കുകയേ നിവൃത്തിയുള്ളു…. അതും അല്ലെങ്കിൽ സേത്തുമടയിൽ നിന്നും വാടക വാഹനം വിളിച്ചാൽ ₹800 ചിലവാകും…

Photos: കഴിഞ്ഞ Decemberൽ ഞാൻ എടുത്തത്… പഴയ ഫോട്ടോസ്‌ എല്ലാം നഷ്ടമായി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply