മീററ്റിലെ ചപ്പാത്തി, അഥവാ വെളളക്കാരൻ്റെ മരണ വാറണ്ട്‌

ലേഖകൻ  – Abdulla Bin Hussain Pattambi.

2006 ലായിരുന്നു ബ്രിട്ടീഷ്‌ പൗരനും ചരിത്ര വിദ്യാര്‍ഥിയുമായ ജോൺ എന്ന ഇരുപത്തിയാറുകാരൻ ആദ്യമായി ഇന്ത്യയിൽ സന്ദർശ്ശനത്തിനായി വന്നത്‌. ഉദ്യേശ ലക്ഷ്യം, താൻ അച്ചനിൽ നിന്നും അപ്പൂപ്പനിൽ നിന്നും അമ്മൂമ്മയിൽ നിന്നും മറ്റും കുട്ടിക്കാലം മുതലേ കേട്ടറിഞ്ഞ മുത്തച്ചനെ കുറിച്ചുള്ള കഥകൾ നടന്ന നാടൊന്ന് നേരിൽ കാണൽ , മുത്തച്ചൻ അന്തിയുറങ്ങുന്ന കല്ലറയെ പറ്റി അന്വേഷിക്കൽ , അതിനൊക്കെ വേണ്ടിയായിരുന്നു ആ യാത്ര.

ഡെൽഹിയിൽ വിമാനമിറങ്ങിയ ജോൺ , അന്നേ ദിവസം അവിടെയൊരു ഹോട്ടലിൽ മുറിയെടുത്ത്‌ ദില്ലിയിലെ ചരിത്ര പ്രധാന സ്ഥലങ്ങളിലൂടെയൊക്കെ ഒരോട്ട പ്രദക്ഷിണം നടത്തി. തിരികെ റൂമിലെത്തി അടുത്ത ദിവസത്തെ യാത്രക്കുളള തയ്യാറെടുപ്പുകൾ നടത്തി. ഒരു ഗൈഡിനേയും ( ഹരീഷ് ) ഏർപ്പാടാക്കി. സൂര്യനസ്തമിച്ചപ്പോൾ ദില്ലിയുടെ രാത്രി ജീവിതം നേരിൽ കാണാനും ദില്ലിയുടെ ഭക്ഷണ രുചിഭേദങ്ങൾ ആസ്വദിച്ചറിയാനുമായി ഹരീഷുമൊരുമിച്ച്‌ ജോൺ പുറത്തേക്കിറങ്ങി നടന്നു.

പറാത്തേ വാലി ഗല്ലിയും ചാന്ദിനി ചൗക്കും അടക്കം ദില്ലിയുടെ ഭക്ഷണ തളികകളായ തെരുവുകളിലൂടെ അവർ രണ്ടു പേരും പല വിഭവങ്ങളും കണ്ടും രുചിച്ചറിഞ്ഞും സഞ്ചരിച്ചു. അവസാനം ഭക്ഷണം കഴിക്കാനായി ഒരു റെസ്റ്റോറണ്ടിൽ കയറി ചെന്നു. മെനു നോക്കി , ഇന്ത്യൻ ഭക്ഷണത്തെ പറ്റി ഏറെയൊന്നും മനസ്സിലാകത്ത ജോൺ ആ രാത്രിയിൽ തനിക്ക് കഴിക്കേണ്ട ഭക്ഷണം ഓർഡർ ചെയ്യാൻ ഗൈഡ്‌ ഹരീഷിനെ ഏൽപ്പിച്ചു.

ഹരീഷ് , ജോണിനും തനിക്കുമായി തന്തൂരി ചിക്കനും നാനും ചപ്പാത്തിയും ഓർഡർ കൊടുത്തു. ഹരീഷ് , ഹോട്ടൽ ജീവനക്കാരനോട്‌ “ചപ്പാത്തി” എന്ന് പറയുന്നത്‌ കേട്ട്‌ , സ്വതവേ ശാന്തശീലനായ ജോൺ പെട്ടന്നതിൽ കയറി ഇടപെട്ടു. ” ഹേയ്‌ താങ്കൾ പറഞ്ഞ ആ ചപ്പാത്തി എനിക്ക്‌ വേണ്ട”. വെളുത്ത തൊലിയുളള ആ യുവാവിന്റെ മുഖം പെട്ടന്ന് ചുവന്ന് തുടുത്തത്‌ ഹരീഷ് അപ്പോഴാണ് ശ്രദ്ദിച്ചത്‌. ” സർ താങ്കൾക്കിതെന്തുപറ്റി ?. ഇത്ര പെട്ടന്ന് ഇമോഷനാവാൻ ?, താങ്കൾ ഇത്രയും സമയം വളരെ ഹാപ്പിയായിരുന്നല്ലോ…. ?”. ‘ഇനി തന്റെ അടുത്ത്‌ നിന്നും വല്ല അപമര്യാദയും സംഭവിച്ചോ….?’ ഹരീഷ് ചിന്തിച്ച്‌ നോക്കി. ഹേയ്‌… അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല, ഇത്രയും സമയം ഒരു ഗൈഡ്‌ എന്നതിലുപരി ചെറുപ്പകാലം മുതലേ പരിചയമുളള ഒരു ആത്മ സുഹൃത്തിനെ പോലെയാണ് ജോൺ താനുമായി സംസാരിച്ചിരുന്നതും ഇടപഴകിയിരുന്നതും. ഇപ്പൊ പെട്ടന്ന് ഇങ്ങനെയൊക്കെ..?.

ജോൺ സംസാരിച്ച്‌ തുടങ്ങി. “ആ ചപ്പാത്തിയിൽ രക്തം പുരണ്ടിട്ടുണ്ട്‌. അതും എന്റെ മുത്തച്ചന്റേതടക്കമുളളവരുടെ”. അത്‌ കേട്ട്‌ ഹരീഷ്‌ അന്തം വിട്ട്‌ ജോണിന്റെ മുഖത്തേക്ക്‌ തന്നെ നോട്ടം തുടർന്നു. “സോറി , ഞാൻ പെട്ടന്ന് എന്റെ മാത്രം ഓർമ്മകളുടെ ലോകത്ത്‌ ഒറ്റപ്പെട്ടപോലെ തോന്നി….” ജോൺ പറഞ്ഞു തുടങ്ങി. താൻ വന്നതിന്റെ ഉദ്യേശവും മീററ്റിലേക്ക്‌ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന്റെ കാരണവുമെല്ലാം ഹരീഷിനെ ജോൺ വിശദമായി പറഞ്ഞ്‌ കേൾപ്പിച്ചു. പിന്നെ തുടർന്നു. “ചപ്പാത്തി എന്ന് കേട്ടപ്പോൾ ഞാനാകെ വികാരഭരിതനാവാൻ കാരണം അതിനു പിറകിൽ ഞങ്ങൾ ബ്രിട്ടീഷുകാർക്ക്‌ ഒരു കൊടും ചതിയുടെ ചരിത്രമാണ് പറയാനുളളതെങ്കിൽ നിങ്ങൾ ഇന്ത്യക്കാർക്ക്‌ നിങ്ങളുടെ ത്യാഗോജ്ജ്വലമായ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിന്റെ ഭാഗമായ ഒരു വിപ്ലവ മുഹൂർത്തത്തിന്റെ ചരിത്രവുമാവും ഓർക്കാനുണ്ടാവുക.

ആ ചരിത്രത്തിന്റെ ഭാഗമായി കൊലചെയ്യപ്പെട്ട എന്റെ മുത്തച്ചന്റെ ശവക്കല്ലറ തേടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്‌”. ഹരീഷ്‌ ചിന്തിക്കുകയായിരുന്നു, ‘ഈ ചപ്പാത്തിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും തമ്മിലെന്ത്‌ ബന്ധ’മെന്ന്. ചരിത്രവുമായി അൽപ്പമൊക്കെ ഹരീഷിനും പിടിപാടുണ്ട്‌. അതില്ലാതിരിക്കാൻ ആവില്ലല്ലൊ , കാരണം തന്റെ ജോലിയുടെ ഭാഗം കൂടിയാണല്ലൊ ചരിത്രം. അങ്ങിനെ ഹരീഷ്‌ അന്നു വരെ കേൾക്കാത്ത സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആ അപൂർവ്വ സംഭവം ജോണിലൂടെ ആദ്യമായി കേട്ടറിഞ്ഞത്.

1857ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം ആരംഭിക്കുന്ന സമയമായിരുന്നു അത്‌. മീററ്റിൽ അങ്ങിങ്ങായി സിപാഹിമാർക്കിടയിൽ ( ബ്രിട്ടീഷുകാരുടെ കീഴിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ പട്ടാളക്കാർ ) അസ്വാരസ്യങ്ങൾ തലപൊക്കി തുടങ്ങിയിരുന്നു. ഇത്‌ സസൂക്ഷ്മം വീക്ഷിക്കുന്നുമുണ്ടായി ബ്രിട്ടീഷ്‌ നേതൃത്വം. ഇതിനിടയിലാണ് വെളളപ്പട്ടാളത്തെ അമ്പരപ്പിക്കുന്ന ഒരു കാര്യം അവരുടെ ശ്രദ്ദയിൽ പെടുന്നത്‌.

മീററ്റിലേയും സമീപ പ്രദേശങ്ങളിലേയും സിപാഹിമാരും ചൗക്കിദാറുമാരും അഞ്ചു വീതം ചപ്പാത്തിയുണ്ടാക്കി ഒരു ക്യാമ്പിൽ നിന്നും മറ്റൊരു ക്യാമ്പിലേക്കും ഒരു ചൗക്കിയിൽ നിന്ന് മറ്റൊരു ചൗക്കിയിലേക്കും കൊടുത്തയക്കുന്നു. അവിടെയുളളവർ ഓരോ ആളും വേറെ അഞ്ചു വീതം ചപ്പാത്തികൾ നിർമ്മിച്ച്‌ അടുത്ത ബാരക്കുകളിലേക്കും ചൗക്കികളിലേക്കും അയക്കുന്നു. ഇതൊരു ചെയിൻ പോലെ മീററ്റിലും സമീപ പ്രദേശങ്ങളിലുമാകെ വ്യാപിക്കാൻ തുടങ്ങിയപ്പോൾ ബ്രിട്ടീഷ്‌ നേതൃത്വം പല സിപാഹിമാരേയും പിടികൂടി ചോദ്യം ചെയ്യൽ ആരംഭിച്ചു.

പക്ഷെ കാരുണ്യപ്രവർത്തനം എന്നതിനപ്പുറം മറ്റൊരു മറുപടിയും അവർക്ക്‌ സിപാഹിമാരിൽ നിന്ന് കിട്ടിയില്ല. എന്നാൽ ഈ ചപ്പാത്തി വിതരണം ബ്രിട്ടീഷുകാർക്കെതിരായ വലിയൊരു അങ്കപ്പുറപ്പാടിന്റെ , തയ്യാറെടുപ്പിന്റെ രഹസ്യ സന്ദേശകൈമാറ്റമായിരുന്നെന്ന് വെളളപ്പട്ടാളം മനസ്സിലാക്കിയപ്പോഴേക്കും സമയമേറെ വൈകിയിരുന്നു. ഈ ചപ്പാത്തി വിതരണം നടന്ന് ഒരുമാസം പിന്നിട്ട ശേഷം മെയ്‌ 10ന് മീററ്റിൽ ബ്രിട്ടീഷ്‌ വിരുദ്ദ കലാപം പൊട്ടിപ്പുറപ്പെട്ടു. മീററ്റിലെ ഏതൊക്കെ ഗ്രാമങ്ങളിലും നഗരങ്ങളിലുമാണോ ഈ ചപ്പാത്തികൾ എത്തിയിട്ടുണ്ടായിരുന്നത്‌, അവിടങ്ങളിൽ നിന്നെല്ലാം സിപാഹിമാരുടേയും ചൗക്കിദാർമാരുടേയും കൂടെ നാട്ടുകാരും പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു.

അതിൽ പല ഉയർന്ന ബ്രിട്ടീഷ്‌ ഉദ്യോഗസ്തരടക്കം നിരവധി വെളളക്കാർ കൊല്ലപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ ജോണിന്റെ മുത്തച്ചനും ഉൾപ്പെട്ടു. ഈ കലാപം പിന്നീട്‌ അമർച്ച ചെയ്യപ്പെട്ടെങ്കിലും മീററ്റും പരിസര പ്രദേശങ്ങളും വീണ്ടും യുദ്ദക്കളമായി മാറുകയുണ്ടായി. അത്‌ തോക്കിൽ നിറക്കുന്ന വെടിയുണ്ടകളിൽ ഉപയോഗിക്കുന്ന നെയ്യുമായി ( കൊഴുപ്പ്‌ ) ബന്ധപ്പെട്ട തർക്കങ്ങളടക്കമുളള കാരണങ്ങളായിരുന്നു എന്ന് ചരിത്രകാരന്മാർ എഴുതിയത്‌ കാണാം. ബ്രിട്ടീഷ്‌ ഉന്നതോദ്യോഗസ്തരായിരുന്ന ഫീൽഡ്‌ മാർഷൽ റോബർട്ട്‌ പ്രഭുവും, ചാർലസ്‌ തിയോലഫിസ്‌ മെറ്റ്കാഫും ഈ ചപ്പാത്തി കൈമാറ്റത്തെ പറ്റി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌.

“ഇന്ദ്രപൂരിലെ സരായ്‌ വാച്ച്‌മാൻ ഫാറൂഖ്‌ ഖാൻ ( ക്യാമ്പിൽ ) ചപ്പാത്തി കൊണ്ട്‌ വന്ന് നൽകിയെന്നും ഇത്തരത്തിൽ അഞ്ചെണ്ണം ഉണ്ടാക്കി അടുത്ത ഗ്രാമത്തിൽ എത്തിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവരും ഇത്തരത്തിൽ ആവർത്തിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു. ഈ ചപ്പാത്തി വിതരണം ഹിന്ദുസ്ഥാൻ മുഴുവനായുളള ഒരു മുന്നറിയിപ്പാണെന്ന് തോന്നി. ചപ്പാത്തികൾ ധാരാളം ഗ്രാമങ്ങളിൽ വിതരണം ചെയ്യപ്പെട്ടിരുന്നു. ഡെൽഹിയിൽ നിന്നും പതിനാറ് നാഴിക ദൂരേയുളള ഫർഗുനഗെ ഗ്രാമത്തിൽ പോലും ചപ്പാത്തിയും കൂടെ ഒരു കഷ്ണം ആട്ടിറച്ചിയും വിതരണം ചെയ്യപ്പെട്ടിരുന്നു. -( ടു നേറ്റീവ്സ്‌ ഓഫ്‌ മ്യൂട്ടിനി ഇൻ ഡെൽഹി : പേജ്‌ 39 , 40 ). ജോണും ഹരീഷും പിന്നീട്‌ മീററ്റിൽ എത്തിയെങ്കിലും അവർക്ക്‌ ജോണിന്റെ മുത്തച്ചന്റെ കല്ലറ കണ്ടെത്താനാവാതെ തിരിച്ച്‌ പോരേണ്ടി വന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply