ദുരന്തമുഖത്ത് ധീരതയുടെ പര്യായമായി എസ്.ഐ. സുധീഷും സംഘവും…

കടപ്പാട് – Bibin Valariyil.

നാം അറിയാതെ പോകരുത്. 2018 ആഗസ്റ്റ് 15 പുലർച്ചെ തുടങ്ങിയ തുള്ളിക്കൊരുകുടം കണക്കെ ശക്തമായി പെയ്യുന്ന മഴ. ഡാമായ ഡാമും, പുഴുയായ പുഴകളും, തോടായതോടുകളും, കിണറായക്കിണറുകളും, പറമ്പായ പറമ്പുകളിലും വെള്ളം നിറഞ്ഞു കവിയുന്നു. എങ്ങും ജാഗ്രാതാ നിർദ്ദേശം.തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിലെ വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകണമെന്ന് അറിയിപ്പ് നൽകുന്നു. രാത്രി പത്ത് മണി വാസുപുരത്ത് പുഴയോടു ചേർന്നുള്ള കുടിവെള്ള നിർമ്മാണ കമ്പനിയിൽ 17 തൊഴിലാളികൾ അകപെട്ടിട്ടുണ്ടെന്ന് വിവരം ലഭിക്കുന്നു.

സ്ഥലത്ത് വെള്ളികുളങ്ങര സബ്ബ് ഇൻസ്പെക്ടർ S. L സുധീഷ് സാറും സംഘവും ഉടനെ എത്തുന്നു.വെള്ളത്തിൽ അകപ്പെട്ടവരെ എങ്ങനെ രക്ഷിക്കണമെന്നറിയാതെ നോക്കി നിൽക്കുന്ന സമീപവാസികളും, നാട്ടുക്കാരും. സ്വരക്ഷകണക്കിലെടുക്കാതെ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചലിലേക്ക് സുധീഷ് സാർ ഇറങ്ങുന്നു. എല്ലാവരെയും കാഴ്ചക്കാരാക്കി കുത്തൊഴുക്കിനെ വകവെക്കാതെ അദ്ദേഹം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഭാഗത്തേയ്ക്ക് പോകുന്നു. നിമിഷങ്ങളും മിനിറ്റുകളും മണിക്കൂറുകളും കഴിഞ്ഞു, കരയിൽ നിന്നവരുടെ നെഞ്ചിടിപ്പ് കൂടി. സുധീഷ് സാറിനെ കാണാനില്ല, ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. കാത്തു നിന്നവരുടെ കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകുന്നു. സാറിനെ കാണാതായപ്പോൾ പുഴയുടെ കലി തുള്ളി ഉള്ള നീരൊഴുക്കിൽ പെട്ടു ഒഴുകി പോയി എന്ന് സംശയിച്ച പഞ്ചായത്തു സെക്രട്ടറി ഉടൻ ഹെലികോപ്റ്റർ റ്റെ സഹായം തേടുകയായിരുന്നു.

എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് സിനിമയെ വെല്ലുന്ന സാഹസികതയോടെ അതാ സുധീഷ് സാർ രണ്ടു പേരെയും കൊണ്ട് വരുന്നു. അടുത്തെത്തിയപ്പോൾ എല്ലാവരും അദ്ദേഹത്തെ വാരി പുണർന്നു. അടുപ്പമുള്ളവർ അദ്ദേഹത്തോട് ചോദിച്ചു “സ്വന്തം ജീവൻ പണയപെടുത്തി നിങ്ങക്ക് എന്തിന്റെ സൂക്കേടാ”. സ്നേഹപൂർവ്വം അവരെ നോക്കി പുഞ്ചിരിച്ച് അദ്ദേഹം വീണ്ടും രക്ഷാ പ്രവർത്തിന് ഇറങ്ങി. കൂടെ കുറച്ച് ചുണക്കുട്ടൻമാരും ചേർന്നു. ഏതാണ്ട് നേരം വെളുത്ത് കഴിഞ്ഞു എല്ലാവരെയും രക്ഷിചെടുത്തപ്പോൾ. അപ്പോഴേക്കും അദ്ദേഹം അവശനായി തീർന്നിരുന്നു. പോലീസ് ജീപ്പിൽ പോയിരുന്നപ്പോൾ ക്ഷീണം കാരണം സീറ്റു കൾക്കിടയിലേക്ക് അറിയാതെ മയങ്ങി വീഴുന്നു.

മനുഷ്യത്വം നഷ്ടപെടാത്ത ജനകീയനായ ഒരു ഓഫീസർ… അധികം വൈകാതെ തന്നെ ക്ഷീണം വകവക്കാതെ അദ്ദേഹം ഉണർന്ന് പ്രവർത്തിക്കുന്നു. ദുരിതാശ്വാസ ക്വാമ്പുകൾ സന്ദർശിച്ച് അവിടെക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ട നടപടി എടുക്കുന്നു ‘മനുഷ്യത്വം നഷ്ടപ്പെട്ട ചില ഉണ്ണാക്കൻമാർ അധിക വിലക്ക് അവശ്യ സാധനങ്ങൾ വിറ്റ് ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ അവരെ കുത്തിന് പിടിച്ച് നടപടി എടുക്കുന്നു.ഹോസ്പിറ്റലിൽ ഡോക്ടർമാർ ലീവ് നു പോയപ്പോൾ അവരുടെ വീട്ടിൽ പോയി ഹോസ്പിറ്റലിൽ വരാൻ പറയുന്നു.

പോലീസ് യൂണിഫോം ഇടുന്നതിനു മുൻപ് പുറം രാജ്യങ്ങളിൽ പോയി മാജിക്ക് കാണിച്ചിരുന്ന സുധീഷ് സാർ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ മഴ വെള്ളം കാരണം ദുരിതം അനുഭവിക്കുന്നവരുടെ മുന്നിൽ ഒരു വലിയ മജീഷ്യൻ ആവുകയായിരുന്നു. സുധിഷ് സാർ നമ്മുടെ നാടിന്റെ അഭിമാനം. നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നായാലും വരും എന്ന പറഞ്ഞ പോലെ അർഹതക്കുള്ള അംഗീകാരം സാറിനെ തേടി വരാതിരിക്കില്ല’. നീതിന്യായ നിർവ്വഹണ രംഗത്ത് ഉണർന്ന് പ്രവർത്തിക്കുന്ന തികച്ചും ജനകീയനായ സുധീഷ് സാറിന് ഹൃദയത്തോട് ചേർത്ത് പിടിച്ച് ഒരായിരം അഭിനന്ദനങ്ങൾ….. ഇതു ആണ് പോലീസ്… ഇതാവണം പോലീസ്…..ഇതു ലോകം അറിയണം..

ഈ സംഭവത്തെക്കുറിച്ച് എസ്.ഐ. സുധീഷ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ… “സത്യമേവ ജയതേ… പ്രിയ മാധ്യമ സുഹൃത്തുക്കളേ നിങ്ങളുടെ വിലയേറിയ ഈ വാർത്തയ്ക്ക് ഒത്തിരി നന്ദിയുണ്ട്……. വാസുപുരം വെള്ള കമ്പനിയിൽ 16 പേർ അകപ്പെട്ടു എന്ന വാർത്ത കേട്ട് ഞങ്ങൾ ചെന്നപ്പോൾ ഫയർഫോഴ്സ് ജീവനക്കാരും വന്നിരുന്നു. കുത്തൊഴുക്കിൽ ഒരു ബോട്ടു പോലും ഇല്ലാതെ ആ വെള്ളപൊക്കത്തെ കടന്നു പോകാൻ കഴിയില്ല എന്നു മനസ്സിലായപ്പോൾ അവർ പിൻമാറി. ആ സമയത്താണ് വെള്ളികുളങ്ങര കിഴക്കേ കോടാലിയ്ക്ക് സമീപം താമസിക്കുന്ന ഷോബി എന്ന വ്യക്തി അദ്ദേഹത്തിന്റെ കൈവശമുള്ള എയർ ബോട്ടുമായി വന്ന് ആ പതിനാറു പേരെയും രക്ഷിക്കാനായി ഞങ്ങളോടൊപ്പം വെള്ളത്തിലിറങ്ങി. പക്ഷേ കുത്തൊഴുക്കായതിനാൽ 500 മീറ്റർ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ആ റോഡ് കടന്നു പോകാൻ കഴിഞ്ഞില്ല.

അപ്പോൾ ഞങ്ങൾ തിരികെ കരയിലേയ്ക്കു തുഴഞ്ഞുകയറി അതിനു ശേഷം മറ്റത്തൂർ പഞ്ചായത്ത് സെക്രട്ടറി തൃശൂർ കളക്ടറുമായി ബന്ധപ്പെട്ടു , മാഡത്തിന്റെ നിർദ്ദേശത്തെ തുടർന്ന്തൃശൂരിൽ നിന്നും ഉള്ള Special Rescue Team നെ ആ പതിനാറു പേരെയും രക്ഷിക്കാനായി അയയ്ക്കുകയും അവർ ഞങ്ങളുടെ അടുത്ത് എത്തിയപ്പോൾ ഞാൻ അവരോട് പറഞ്ഞു നമുക്ക് ഇവിടെ തുഴഞ്ഞു നീങ്ങാൻ കഴിയത്തില്ല പോസ്റ്റുകളിൽ കയർ കെട്ടി ഒരു safe ആയ മാർഗ്ഗത്തിലൂടെ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കത്തുള്ളൂ എന്നറിയിച്ചപ്പോൾ അവർ കയറുമായി Air boat ൽ കയറി അവരോടൊപ്പം ആ രക്ഷാപ്രവർത്തനത്തിനു ആരും തയ്യാറാകാത്തതിനാൽ, ഉള്ളവർ മുന്നോട്ടു വരാത്തതിനാൽ ഞാൻ അവരോടൊപ്പം ആ ബോട്ടിൽ ധൈര്യപൂർവ്വം കയറി. രാത്രി 12.45 ന് നനഞ്ഞ യൂണിഫോമിൽ ആ മഴയത്ത് ഞങ്ങൾ അവരെ രക്ഷിക്കാനിറങ്ങി.

ശക്തമായ ഒഴുക്കിൽ 50 മീറ്റർ ഇടവിട്ട് ഉള്ള പോസ്റ്റിൽ കയർ കെട്ടുക എന്നുള്ളത് ഞങ്ങൾക്ക് അതികഠിനമായ ഒരു ദൗത്യം ആയിരുന്നു. ഇതിനിടയിൽ ഒഴുക്കിൽ മൂന്നു തവണ boat മറിഞ്ഞു ഞങ്ങൾ അടുത്തുള്ള തെങ്ങുകളിൽ പിടിച്ചു കിടന്നു. രാത്രി 2.45 ന് തുടങ്ങിയ ശക്തമായ മഴയത്ത് 4 മണി വരെ ഞങ്ങൾക്ക് തണുത്തു വിറച്ച് ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചു കിടക്കേണ്ട അവസ്ഥ ഉണ്ടായി: 300 മീറ്റർ കയർ കെട്ടാൻ മൂന്നര മണിക്കൂർ ഞങ്ങൾക്ക് വേണ്ടി വന്നു. മണിക്കുറുകൾ കഴിഞ്ഞപ്പോൾ വെള്ളത്തിന്റെ തോത് കൂടുകയും കയർ വെള്ളത്തിനടിയിൽ അകപ്പെടുകയും ചെയ്തു. ധൈര്യം കൈവിടാതെ 5 മണിയോടെ ഞങ്ങൾ 400 മീറ്റർ കഴിഞ്ഞു, കൈയ്യിൽ കയറും ഇല്ലാത്ത അവസ്ഥ , എങ്ങനെ മുന്നോട്ടു പോകണമെന്നറിയില്ല, വെള്ളത്തിൽ ഒഴുക്കിന്റെ ശക്തി ഇരട്ടിയായി മാറി….. അപ്പോഴെയ്ക്കും വെള്ളം 14 അടി വരെ ഉയർന്നിരുന്നു. ഞങ്ങൾ ഇലക്ട്രിക് പോസ്റ്റിലെ ലൈൻ കമ്പികളിൽ പിടിച്ചും, കേബിളിന്റെ വയറുകളിൽ പിടിച്ചും പതുക്കെ പതുക്കെ വെള്ള കമ്പനിയുടെ അടുത്തെത്തി.

പല തവണ വിളിച്ചിട്ടും ആ കമ്പനിയിൽ നിന്നും യാതൊരു വിധ പ്രതികരണവും ഉണ്ടായില്ല 5.30ന് തിരികെ കരയിലേയ്ക്ക് മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു രാവിലെ 6 മണിയോടു കൂടി ഞങ്ങൾ ഏകദേശം കരയ്ക്ക് എത്താറായപ്പോൾ കരയിലുള്ളവർ പറഞ്ഞു അവർ അവിടെ തന്നെ ഉണ്ടെന്ന് ഉടൻ തന്നെ ഞങ്ങൾ തിരികെ പോയി. 6.45 ന് ഞങ്ങൾ ആദ്യം രണ്ടു പേരെയുമായി തിരികെ കരയിലെത്തി 16 പേരെ രക്ഷപ്പെടുത്താൻ 10.30 വരെ ഞങ്ങൾക്ക് പ്രയത്നിക്കേണ്ടി വന്നു. ഒരു ജീവൻമരണ പോരാട്ടമായിരുന്നു ഞങ്ങളുടേത് പക്ഷേഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ ആ16 പേരെയും ജീവനോടെ കരയ്ക്ക് എത്തിയ്ക്കണമെന്നുള്ളത്. ഞങ്ങൾ കരയിൽ എത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറിയും, വാർഡ് മെമ്പറും നാട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളു Fire Force ൽ ഉള്ളവർ ആരും തന്നെ ഉണ്ടായിരുന്നില്ല.

ഈ രക്ഷാപ്രവർത്തനത്തിന് എന്നോടൊപ്പം സഹകരിച്ച ത്യശൂരിലെ special Rescue Team അംഗങ്ങൾക്കും, അവരുടെ സേവനം ലഭ്യമാക്കി തന്ന തൃശൂരിലെ ജില്ലാ കളക്ടർക്കും, നല്ലവരായ നാട്ടുകാർക്കും ഒത്തിരി നന്ദി രേഖപ്പെടുത്തുന്നു. ഞങ്ങളെ കാണാത്തതിനാൽ പഞ്ചായത്ത് സെക്രട്ടറി കണ്ടെത്താനായി കളക്ടറോട് ഹെലികോപ്റ്ററിന്റെ സേവനം ആവശ്യപ്പെട്ടു എന്നറിഞ്ഞു. പക്ഷേ അത് ലഭ്യമായില്ല എങ്കിലും ഞങ്ങൾ തിരിച്ചു വന്നു. അത് ഇവിടുത്തെ ജനങ്ങളുടെ പ്രാർത്ഥന കൊണ്ട് മാത്രമാണ് ഏവർക്കും നന്ദി……”

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply