പ്രഭാതഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസിലേക്ക് എത്തുന്ന വിഭവം ഏതാണ്? ഫാസ്റ്റ് ഫുഡന്റെ അനാരോഗ്യത്തെ മാറ്റി നിറുത്തി കൊണ്ടുള്ള പ്രാതല്‍ വിഭവങ്ങളില്‍ മുഖ്യ സ്ഥാനമാണ് ദോശയ്ക്ക് ഉള്ളത്. ദക്ഷിണേന്ത്യന്‍ വിഭവമായ ദോശയാണ് പ്രാതല്വിഭവങ്ങളില് ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയങ്കരമെന്ന് സര്‍വ്വേ.
പൊതുവെ തെക്കേ ഇന്ത്യന്‍ വിഭവമായ ദോശ, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഒരേ പോലെ പ്രിയപ്പെട്ടതാണെന്നാണ് ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിങ് ആപ്പായ സ്വിഗി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ഭൂരിഭാഗം ഇന്ത്യക്കാരും വിദേശ വിഭവങ്ങളേക്കാള്‍ പരമ്പരാഗത വിഭവങ്ങളായ ദോശ, പോഹ, പറാത്ത എന്നിവ കഴിക്കാനിഷ്ടപ്പെടുന്നു.
മെട്രോസിറ്റികളായ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു, പൂനെ എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകളില്‍ ഓര്‍ഡര്‍ ചെയ്യപ്പെടുന്ന പ്രാതല്‍ വിഭവങ്ങളുടെ ലിസ്റ്റടുത്താല് ആദ്യത്തെ മൂന്ന് വിഭവങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ ദോശയുമുണ്ട്. ഏറ്റവും കൂടുതല്‍ ബ്രേക്ക്ഫാസ്റ്റ് ഓര്‍ഡര്‍ ചെയ്യപ്പെടുന്ന ബംഗളുരുവില്‍ മസാല ദോശയും ഇഡ്ഢലിയുമാണ് പ്രിയം.
ഡല്ഹിക്കാരാകട്ടെ ഛോലേ ഭട്ടൂരയും ദോശയും പറാത്തയും ഒരുപോലെ ഇഷ്ടപ്പെടുന്നു. മുംബൈയില്‍ ബണ്‍ മസ്ക, മസാല ദോശ, സാധാരണ ദോശ എന്നിവയാണ് പ്രാതലിനേറെയിഷ്ടം. എട്ട് നഗരങ്ങളിലെ 12,000-ലേറെ റെസ്റ്റോറന്റുകളില്‍ നിന്നുളള ഓണ്‍ലൈന്‍ ബ്രേക്ക്ഫാസ്റ്റ് ഓര്‍ഡറുകളെ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വേ. വാരാന്ത്യങ്ങളില്‍ ബ്രേക്ക് ഫാസ്റ്റ് ഓര്‍ഡറുകള്‍ 30 ശതമാനം വര്‍ദ്ധിക്കുന്നുവെന്നും സര്‍വ്വേ പറയുന്നു.
Source – http://ml.southlive.in/travelsouth/food-and-drink/dosa-is-indias-favourite-breakfast-says-survey