നിശ്ചിത കലക്ഷന്‍ ക്വാട്ട പൂര്‍ത്തീകരിക്കുന്ന കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സന്റീവ് നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഇതിന്റെ പ്രഖ്യാപനം അടുത്ത തിങ്കളാഴ്ച്ച നടത്തുമെന്നും ഗതാഗത-കായിക മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു. സംസ്ഥാനത്തെ കെ.എസ്.ആര്.ടി.സിയെ രക്ഷപ്പെടുത്താന്‍ കൂട്ടായശ്രമം നടത്തേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ബസ്സുകളില്‍ കൂടുതല്‍ കലക്ഷന്‍ ഉണ്ടാക്കുന്ന ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നിശ്ചിത ശതമാനം ഇന്‍സെന്റീവ് നല്കാന് തീരുമാനമായത്.
കെ.എസ്.ആര്.ടി.സി കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന ബസ്സുകള്‍ക്ക് ഏകീകൃത ബസ്സ് റൂട്ട് നമ്പര്‍ പതിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ആര്.ടി.സിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതിനുപുറമെ കെ.എസ്.ആര്.ടി.സിയിലെ എം പാനല്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ 40 രൂപ വര്‍ധിപ്പിച്ചതായും വരുന്ന മാസത്തില്‍ തന്നെ ഇത് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ പ്രതിദിനം ഏഴ് കോടി രൂപ വരുമാനം ഉണ്ടാക്കണം. കെ.എസ്.ആര്.ടി.സിയിലെ പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുകഴിഞ്ഞു. വരുമാനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകള്‍ക്കും ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ട്. ഇതെല്ലാം വിജയം കണ്ട് വരികയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ കെ.എസ്.ആര്.ടി.സി ഡിപ്പോകളിലും സ്ത്രീ ജീവനക്കാര്‍ക്ക് താമസിക്കാനും വിശ്രമിക്കാനും റെസ്റ്റ് റൂമുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷനായി.
News: Suprabhatham