വിവരണം – അമർനാഥ് കുറ്റിച്ചി.
ക്രൂഡോയിലിൽ വിലയിൽ വന്ന ഇടിവു കാരണം ഷിപ്പിന് ഫീൽഡ് ഏറെ കുറേതകർന്നു കിടക്കുന്ന സമയത്താണ് ഞാൻ കോഴ്സ് പാസ് ഔട്ട് ആകുന്നത് അതുകൊണ്ട് തന്നെ ക്യാംപസിൽ നിന്ന് ഇറങ്ങി ഏകദേശം ഒരു വർഷം ജോലിക്കായി കാത്തിരിക്കേണ്ടി വന്നു … കാത്തിരിപ്പുകൾക്കൊടുവിൽ 2017 പിറന്നതിൻ്റെ രണ്ടാമത്തെ ആഴ്ചയിലാണ് എനിക്ക് കപ്പലിലേക്കുള്ള കോൺടാക്റ്റ് ലെറ്റർ കിട്ടുന്നത്.
കപ്പലിൽ ജോലി നിയമനം കിട്ടിയപ്പോള്‍ ആകെപ്പാടെ ഒരാവേശമായിരുന്നു. കടൽയാത്രയെന്നത് എൻ്റെ മനസിൽ ഒരു പാട് മുന്നേ കയറിക്കൂടിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു … വിശാലമായ കടല്‍പ്പരപ്പിലൂടെ ശാന്തമായി ഒഴുകുന്ന മഹായാനത്തിന്റെ ചിത്രം ഒരു പാട് സ്വപ്നങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട് .. മറൈൻ ക്യാപസിലെ ക്യാപ്റ്റൻമാരുടെ അനുഭവങ്ങൾ കേട്ടും ,വായനാചിത്രങ്ങളും കൊണ്ട് മെനെഞ്ഞെടുത്ത സാങ്കൽപ്പിക യാത്രയായിരുന്നു ഉള്ളില്‍. ജനുവരി 15 ന് ജോയിൻ ചെയ്യണമെന്ന മെയിലിൻ്റെ കൂടെ കപ്പലിൻ്റെ വിവരങ്ങളും കംപനി അയച്ചു തന്നിരുന്നു …
ഓയിൽ ആൻ്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ(ONGC) ൻ്റെ ചാർട്ടറിൽ സെയിൽ ചെയ്യുന്ന “ടാഗ് നവ്യ ” എന്നതാണ് എൻ്റെ കപ്പലിൻ്റെ പേരെന്നത് മെയിലിലൂടെ മനസിലായി … നൂറ്റി എഴുപത്തിയാറ് മീറ്റർ നീളവും മുപ്പത്തിരണ്ട് മീറ്റർ വീതിയിലും കടലിനെ ഭരിക്കുന്ന കൂറ്റൻ ഓയിൽ ടാങ്കർ ആണ് നവ്യ എന്നത് ഗൂഗിളിൽ നിന്ന് മനസിലാക്കി .ജോയിനിംഗ് ഡേറ്റ് അറിഞ്ഞത് മുതൽ ആഗ്രഹം ആകാംഷയിലേക്ക് വഴിമാറിത്തുടങ്ങി…..
ആദ്യമായി കപ്പലില്‍ കയറുന്നതിന്റെ ആവേശവും പുതിയ സ്ഥലം കാണാൻ നിൽക്കുന്നതിന്റെ പ്രതീക്ഷയും കാരണം പല ദിവസങ്ങളിലെയും ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി … അങ്ങനെ ആദിവസം വന്നെത്തി മംഗലാപുരം പോർട്ടിൽ നിന്ന് മുബെയിലേക്കുള്ള കപ്പലിൻ്റെ വോയേജിൽ ഞാനും ഭാഗമാകാൻ പോകുന്നു….. സീ പോർട്ടിലെ എമിഗ്രേഷൻ എയർപോട്ടിൽ ഉള്ളതിലും വളരെ വ്യത്യസ്തമായി തോന്നി … പാസ്പോർട്ടും , CDC (കടൽ മാർഗം നാവികർക്ക് ഏത് രാജ്യത്തും സഞ്ചരിക്കാൻ സഹായിക്കുന്ന രേഖ) യും മറ്റ് ഡോക്യൂമെൻ്റ്സുമെല്ലാം പോർട്ടിലെ എമിഗ്രേഷൻ ഡിപ്പാർട്ട് പരിശോധിച്ച് എന്നെ കസ്റ്റംസ് ക്ലിയറൻസിനായി കടത്തിവിട്ടു . ഷൂസ് വരെ അഴിപ്പിച്ചുള്ള ദേഹപരിശോധനയും സ്കാനറുകളിൽ നിന്ന് സ്കാനറുകളിലേക്കുള്ള ബാഗ് പരിശോധനയും ഇത്തിരി ബുദ്ധിമുട്ടുണ്ടാക്കി …
കസ്റ്റംസ് പരിശോധന കഴിയുമ്പോഴേക്കും ഏജൻ്റ് കാറുമായി എത്തി . രണ്ട് കിലോമീറ്റർ പോർട്ടിനകത്തു കൂടിയുള്ള കാർ യാത്ര .. സുരക്ഷാ കാരണങ്ങളാൽ പൊതുവേ ഓയിൽ ടെർമിനൽ പോർട്ടിൻ്റെ ആദ്യ ഭാഗങ്ങളിൽ ഉണ്ടാവാറില്ല. കണ്ടെയ്നർ ടെർമിനലും ബൾക്ക് ടെർമിനലും എല്ലാം താണ്ടി ഏകദേശം 10 മിനിറ്റ് കൊണ്ട് നവ്യയുടെ അടുത്തെത്തി. ക്യാംപസ് പഠനകാലത്ത് വിസിറ്റ് ചെയ്ത ഷിപ്പിനേക്കാൾ എത്രയോ വലുതാണ് നവ്യ എന്നത് ഒറ്റ നോട്ടത്തിൽ മനസിലായി ‘.. കാർ കപ്പലിനടുത്തോട്ട് പോകുംതോറും ലോഡിംഗ് ചിക്സണിലൂടെ നവ്യ യിൽ ഡീസൽ ഒഴുകുന്നതിൻ്റെ ശബ്ദം കൂടി കൂടി വന്നു …. ഷിപ്പ് മുഴുവനായും കാർഗോ ലോഡ് ചെയ്യാൻ പതിനാറ് മണികൂറെങ്കിലും എടുക്കുമെന്ന് ഏജൻ്റ് പറഞ്ഞു തന്നു …
കാറിൽ നിന്നിറങ്ങി ഗ്യാങ്ങ് വേ (ഷിപ്പിലേക്ക് കയറ്റുന്ന സ്റ്റെപ്പ്) ലക്ഷ്യമാക്കി നടന്നു … ഏജൻ്റിനും ഡ്രൈവർക്കും കൈ വീശി യാത്ര പറഞ്ഞു കൊണ്ട് ഗ്യാങ്ങ് വേയിലൂടെ നേരെ ഡക്കിലേക്ക് …. പോർട്ടിലെ ചെക്കിങ്ങ് കഴിഞ്ഞ ബാഗുകൾ കപ്പലിലെ സെകൂരിറ്റി പോയിന്റിൽ വച്ച് വീണ്ടും പരിശോധിക്കപ്പെടുന്നു (വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിന് ഷേഷം അമേരിക്ക കൊണ്ട് വന്ന International Ship and Port Facility Security (ISPS ) ചട്ടങ്ങൾ എല്ലാ കപ്പലുകളും ഫോളോ ചെയ്യണ്ടതുണ്ട്) പരിശോധനയ്ക്ക് ശേഷം ഷിപ്പിൻ്റെ അക്കൊമഡേഷനിലേക്ക് കടത്തിവിടുന്നു …
നാല് നിലകളിലായി ഏകദേശം 30 ഓളം ക്യാബിനുകളും 5 ഓഫീസുകളും ഒരു കോൺഫറൻസ് ഹാളും ഒക്കെ അടങ്ങുന്നതായിരുന്നു ഷിപ്പ് അക്കൊമഡേഷൻ … ബാഗെല്ലാം തൂക്കി ഫസ്റ്റ് ഫ്ലോറിൽ എത്തിയ ഉടനെ പരുഷമായ മുഖഭാവത്തോടെ ഒരു മനുഷ്യൻ മുന്നിൽ വന്ന് ഷേക്ക് ഹാൻ്റ് തന്നു ചീഫ് ഓഫീസർ ആണെന്ന് സ്വയം പരിജയപ്പെടുത്തി. പ്രാധമിക പരിജയപ്പെടലിന് ശേഷം അദ്ദേഹം എന്നോട് CCR (Cargo control Room) ലേക്ക് പോയിരിക്കാൻ പറഞ്ഞു
കയ്യിൽ ആവി പറക്കുന്ന കട്ടൻ കാപ്പിയും ചുണ്ടിൽ പുകയുന്ന മാൽബ്രോ സിഗരറ്റുമായി ആ മനുഷ്യൻ എന്നോട് സംസാരിച്ച് തുടങ്ങി …. കടൽ ജീവിതമെന്നത് ചെറിയൊരു അശ്രദ്ധ കൊണ്ട് പോലും വലിയ അപകടങ്ങൾ വരുത്തിവെക്കാൻ ഇടയുള്ള ഒന്നാണെന്ന മുന്നറിയിപ്പുകൾ ആ മനുഷ്യൻ്റെ സംസാരത്തിൽ നിന്നും മനസിലുണ്ടാകുന്നുണ്ട് … രണ്ട് കോടി ലിറ്റർ ഫ്ലെയ്മബിൾ കാർഗോയും വഹിച്ചുകൊണ്ടാണ് നമ്മൾ പോകുന്നതെന്നും ശ്രദ്ധയോടെ ഡ്യൂട്ടി നോക്കണമെന്നെക്കെയുള്ള സംസാരം ..ചുരുക്കത്തിൽ കടലിലൂടെ ഒഴുകുന്ന ഒരു ബോംബ് ആയിരുന്നു നമ്മുടെ നവ്യ എന്നത് ചുരുക്കം….
ഫെമിലറൈസേഷൻ ക്ലാസിനു ശേഷം എൻ്റെ ക്യാബിൻ കാണിച്ചു തന്നു… യൂറോപ്യൻ നിർമിത കപ്പലാണ് നവ്യ അതു കൊണ്ട് തന്നെ ഇന്ത്യൻ നിർമിത കപ്പലുകൾക്ക് ഉള്ള പോരായ്മകൾ ഒന്നും നവ്യ യിൽ കാണാനായില്ല . വലിയ ക്യാബിനുകൾ , 18°യിൽ മെയിൻ്റയിൻ ചെയ്യുന്ന റൂം ടെംപറേച്ചർ, നാവിഗേഷനും, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനുമെല്ലാമുള്ള അത്യാധുനിക ഉപകരണങ്ങൾ … അങ്ങനെ എല്ലാം കൊണ്ടും നവ്യ എന്നെ സംതൃതി പെടുത്തി ..
തിരക്ക് പിടിച്ച് ഓടിയ ഒരു ദിവസമായിരുന്നു അത് കൊണ്ട് തന്നെ പെട്ടന്ന് ഫ്രഷ് ആയി കിടന്നു … കണ്ണടച്ച് കിടന്നിട്ടും അന്ന് എനിക്ക് ഉറക്കം വന്നില്ല ….
കടൽ ശാന്തമായിരുന്നു ആ രാത്രി … പക്ഷേ എന്തോ എൻ്റെ മനസ് അത്ര ശാന്തമായിരുന്നില്ല …. നാടിനെ വിട്ട് നിൽക്കേണ്ട സങ്കടവും പുതിയ ജോലിയോട് പൊരുത്തപ്പെടേണ്ട ആശങ്കയുമെല്ലാമായി ഞാൻ ആകെ അസ്വസ്തനായിരുന്നു … ഗുലാം അലിയുടെ എൻ്റെ പ്രിയപ്പെട്ടൊരു ഗസൽ മ്യൂസിക് പ്ലെയറിൽ പ്ലെ ചെയ്തു … സംഗീതത്തിൻ്റെ ലഹരിയിൽ മനസ് പിന്നെയും ചിന്തകളിൽ നിന്ന് ചിന്തകളിലേക്ക് ഇങ്ങനെ പൊയ്ക്കൊണ്ടിരുന്നു ..
ആര്.എല്‍ സ്റ്റീവൻസണിന്റെ ട്രഷര്‍ ഐലന്റും അലക്സാന്ദ്രെ ദ്യൂമയുടെ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോയും സൃഷ്ടിച്ച നാടകീയത മുറ്റിനിൽക്കുന്ന ഭാവനാലോകമായിരുന്നു എന്റെ മനസ്സിലെ കപ്പിലിലാകെയും. വിദൂരമായ ഒരു ഏകാന്ത ദ്വീപ്. അവിടെ നിഗൂഡമായി കുഴിച്ചിട്ട നിധി, ഭീകരമായ കടല്‍കൊള്ളക്കാര്‍, സ്വപ്നസങ്കല്പങ്ങളില്നിന്ന് വെടിമരുന്നുമണക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് ചെന്നുവീണ ഒരുബാലന്റെ തീവ്രാനുഭവങ്ങൾ ആയിരുന്നു ട്രഷർ ഐലന്റിൽ വായിച്ചറിഞ്ഞ കടൽ ജീവിതം .
എഡ്മണ്ട് ഡാന്റെ എന്ന യുവ നാവികന്റെ കഥയാണ് കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോയിൽ അലക്സാന്ദ്രെ ദ്യൂമ പറഞ്ഞു തരുന്നത് .നപ്പോളിയന് സൈന്റ് ഹെലീന ദീപില്‍ ഒളിവില്‍ കഴിയുന്ന കാലം. കാപ്റ്റന്‍ മരിച്ചപ്പോള്‍ എഡ്മണ്ട് ആണ് ആ ജോലികള്‍ ഭംഗിയായി ചെയ്തത്.അത് കൊണ്ട് കപ്പല്‍ മുതലാളി മോറിയാല് അവനെ കപ്പിത്താന് ആക്കാന്‍ തീരുമാനികുയാണ് ജോലിയില്‍ കയറ്റം കിട്ടും എന്ന ഉറപ്പോടെ നാട്ടില്‍ വരികയാണ് എഡ്മണ്ട് .അവനെ കാത്തു അതി സുന്ദരിയായ കാമുകിയും.മെഴ്സിടെസ് ചില കുബുധികളുടെ സഹായത്താല്‍ അവനെ ഒരു ചാരന് ആകുകയാണ് മൂന്നു പേര് ചേർന്ന്.ഈ വരുന്ന ആള് ഒരു നെപ്പോളിയൻ ചാരന് ആണ് എന്ന് കത്തെഴ്ഴുതി അവനെ അവര്‍ പോലീസ് അധികാരിയുടെ അടുത്തേക്കാണ് അയക്കുന്നത്. ഒരു കള്ള കത്തും ഉണ്ടാക്കി കൊടുക്കുന്നു.അത് നെപ്പോളിയന് എഴുതിയത് എന്ന് വരുത്തി. വളരെ പെട്ടന്ന് തന്നെ ആ യുവാവ് ഫ്രാന്‍സിലെ ഏറ്റവും കുപ്രസിദ്ധമായ ആയ ഒരു ജയിലിൽ അടക്കപ്പെട്ടു അതും ഏകാന്ത തടവില്‍ ഒരു ദ്വീപിലെ ആ ജയിലില്‍ അവൻ പുറത്ത് വരുന്നതും ദ്വീപിലെ നിധി കണ്ടെത്തി പ്രഭുവായി തീരുന്നതും തന്നെ ചതിച്ചവരോട് പ്രതികാരം ചെയ്യുന്നതും ഒക്കെയാണ് ഈ നോവലിൽ അലക്സാന്ദ്രെ ദ്യൂമ പറഞ്ഞു തരുന്നത്.
ഏകാന്തത എൻ്റെ മനസിലെ ചിന്തകൾക്ക് തീ കൊളുത്തി തുടങ്ങിയിരുന്നു … ഒരു പക്ഷേ കഴിഞ്ഞ ഒരു വർഷം ആയിരിക്കണം ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിനങ്ങൾ സമ്മാനിച്ചത് … അതെല്ലാം വിട്ടെറിഞ്ഞ് കൊണ്ട് ഇന്നു മുതൽ ജീവിതത്തിൽ അനിവാര്യമായൊരു പ്രവാസം ….. ചിന്തകൾ കെട്ടടങ്ങി അന്ന് എപ്പൊഴാണ് ഉറങ്ങിയതെന്നോർമയില്ല .
രാവിലെ പെട്ടന്ന് തന്നെ എഴുന്നേറ്റിരുന്നു കരിയറിലെ ആദ്യത്തെ സെയിലിങ്ങ് ആണ് ഇന്ന് .. എട്ടു മണിക്ക് തന്നെ പൈലറ്റ് (പോർട്ടിൽ നിന്നും പുറത്ത് കടറ്റും വരെ ഷിപ്പിൻ്റെ സഹ കമാൻ്റ് പൈലറ്റ് ആയിരിക്കും ) എത്തി ചീഫിൻ്റെ കൂടെ ഫോർവേഡ് മൂറിങ്ങ് സ്റ്റേഷനിൽ ആണ് ഇന്ന് ഡ്യൂട്ടി … ലോഡിംഗ് കഴിഞ്ഞ് നവ്യ സെയിലിംഗിനിയി റെഡിയായി നിന്നിരുന്നു ബർത്ത് വിടുന്നതിൻ്റെ ലോങ്ങ് വിസിൽ മുഴക്കി നവ്യ പതിയെ നീങ്ങി തുടങ്ങി….
ആദ്യമായി കടലിലൂടെ സഞ്ചിരിക്കുന്നതിന്റെ ആവേശത്തിലായിരുന്നു ഞാൻ . കെട്ടിടങ്ങളും പച്ചപ്പും നിറഞ്ഞ തീരം കാണെക്കാണെ ഇല്ലാതാകുന്നതും ചുറ്റിലും കടല്മാത്രം നിറയുന്നതും കണ്ട് കപ്പലിന്റെ കൈവരികളില്‍ ഞാനിങ്ങനെ നോക്കി നിന്നു. കടല്നിശ്ചലമായിരുന്നു. കപ്പല്‍ ആ നിശ്ശബ്ദതയില്‍ വെണ്‍നുര തീര്‍ത്തു. ആ പതഞ്ഞുപൊങ്ങിയ ജലരേഖ കപ്പലിന് പിന്നില്‍ അപ്രത്യക്ഷമായി.
ആദ്യയാത്രയില്ത്തന്നെ സീ സിക്ക്നെസ് അതിന്റെ തീവ്രതയില്‍ എനിക്ക് അനുഭവിക്കേണ്ടി വന്നു. ന്യൂനമര്‍ദ്ദം കാരണം കടൽ ക്ഷോഭിക്കാൻ തുടങ്ങി .. തിരകളുടെ ശക്തി കൂടി വരുന്നു കൂടെ തെക്ക് പടിഞ്ഞാറു നിന്നുള്ള കാറ്റും എന്റെ മനസ്സിലെ കപ്പല്‍ ചിത്രങ്ങളിലൊന്നും പേടിയുടെ നീലഞരമ്പുകളില്ലായിരുന്നു. അതുകൊണ്ട് ഈ വ്യതിയാനം പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്കു തോന്നിയില്ല. കപ്പല്‍ ചെറുതായി ഉലയുന്നതൊഴിച്ചാല് കാര്യമായ ഒരു പ്രശ്നം അപ്പോള്‍ തോന്നിയതുമില്ല. യാത്ര തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കടൽ വീണ്ടും ക്ഷോഭിക്കാന്‍ തുടങ്ങി. അതുവരെ ശാന്തമായിരുന്ന കടല്പ്പരപ്പിനുമുകളില് തിരകളുടെ വെള്ളനുരകള് ( white horces) കണ്ടുതുടങ്ങി. താളരഹിതമായ ജലപ്പരപ്പില്‍ നിൽക്കാനാവാതെ കപ്പല്‍ ഉലയാന്‍ തുടങ്ങി. ആ തിരക്കൈയ്യില് ഏറെ നേരം ഊഞ്ഞാലാടിയ നിലത്ത് നിലയടങ്ങിയപ്പോൾ തല കറങ്ങാന്‍ തുടങ്ങി. വയറിനുള്ളില്‍ നിന്നുള്ള പുളിപ്പുകലര്ന്ന ദ്രവത്തോടും കൂടി പാതി ദഹിച്ച ഭക്ഷണം പുറത്തേക്കു വന്നു. സഹനാവികരിൽ മിക്കവരും ഒന്നും സംഭവിക്കാത്തത് പോലെ അവരുടെ ജോലികളിൽ ശ്രദ്ധിച്ചു …. ആദ്യ യാത്രയിൽ ഇത് പതിവാണെന്നും കാര്യമാക്കെണ്ടെന്നും അവരെല്ലാം ഉപദേശിച്ചു … ഏതൊരു നാവികൻ്റെയും കരിയറിൻ്റെ ആദ്യം അനുഭവിക്കേണ്ടി വരുന്ന തിക്താനുഭവമാണ് ഈ സീസിക്നസ്..
അത് ഒരു രാത്രി നീണ്ടു നിന്നു …
അങ്ങനെ 417 നോട്ടിക്കൽ മൈൽ താണ്ടി ഞങ്ങൾ മുംബെയിൽ എത്താൻ പോകുന്നു ….. “ജവഹർലാൽ നെഹ്റു പോർട്ട് മുബൈ ” ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനത്തെ തലയെടുപ്പോടെ നിൽക്കുന്ന പോർട്ട്, നവ്യ ഇനി 15 ദിവസം അവിടെയാണ് .. മുബൈ പോർട്ട് ലിമിറ്റിൽ കയറിയതിന് ശേഷമുള്ള കാഴ്ചകൾ മനോഹരമായിരുന്നു … താജ് ഹോട്ടലി നെയും ഗെയ്റ്റ് വേ ഓഫ് ഇന്ത്യ യേയും ഒരേ ഫ്രെയിമിൽ പകർത്താൻ എനിക്ക് അന്ന് സാധിച്ചു. പലതവണ താജ് കണ്ടിട്ടുണ്ടെങ്കിലും 8 നോട്ടിക്കൽ മൈൽ ദൂരെ വച്ച് ഇങ്ങനെ ഒരു ലോങ്ങ് വ്യൂ കിട്ടിയത് ആദ്യമായിട്ട് ആയിരുന്നു ..
ഇന്ത്യയിലെ പ്രധാന ഓയിൽ റിഗ് അയ ബോബെ “ഹൈ ” അന്നാണ് അടുത്ത് കാണുന്നത് .. കടലിന് നടുവിലെ ഇന്ത്യയുടെ അണു ആയുധ പുരയായ ബാഭാ അറ്റോമിക് റിസേർച്ച് സെന്ററും (BARC) എല്ലാം അന്ന് കാണാൻ സാധിച്ചു .. നവ്യ അങ്ങനെ മുബെയിൽ അവളുടെ നങ്കൂരവുമിട്ടു ….
ആദ്യ യാത്രയുടെ അനുഭവങ്ങൾ മാത്രമാണ് ഇവിടെ കുറിച്ചിട്ടത് ഒൻപത് മാസത്തെ കടൽ ജീവിതത്തിൽ വേറെയും നല്ല ഒരുപാട് അനുഭവങ്ങൾ നവ്യ തന്നു.. കൂടെ ഓർക്കാൻ ഇഷ്ടമില്ലാത്ത ചിലതും .. കാറ്റിലും മഴയിലും ഇത്തിരി കുറുമ്പ് കാട്ടുമെങ്കിലും നവ്യ ചതിക്കില്ലെന്ന വിശ്വാസം ഇന്നെനിക്കുണ്ട് ….
കപ്പല്‍ ഇന്നെനിക്ക് ഒരു കുടുംബം പോലെയാണ്. കുറേ മനുഷ്യര്‍ ഒരു യാത്രക്കിടയില്‍ പെട്ടെന്ന് പര്സപരം അറിയുന്നവരാകുന്ന ഒരദ്ഭുതം ഇവിടെയുണ്ട് ….. ഇന്‍സ്റ്റിറ്റ്യൂട്ടിൽ ക്യാപ്റ്റൻ ഗണേഷ് സർ പരിചയപ്പെടുത്തിയ ഒരു പുസ്തകമുണ്ടായിരുന്നു . മാര്‍ക്കേസിന്റെ The Story of a Ship Wrecked Sailor എന്ന പുസ്തകം … കപ്പല്ലപകടത്തില് നിന്ന് രക്ഷപ്പെട്ട വെലാസ്കോ എന്ന നാവികന് ചെറിയ രക്ഷാബോട്ടില് ജീവന് മുറുകെപ്പിടിച്ച് കഴിച്ചുകൂട്ടിയ പത്ത് ദിവസങ്ങളുടെ കഥയാണിത്. ഉപ്പുകലര്‍ന്ന കടല്‍വെള്ളത്തിന് നടുവില്‍ വിശപ്പും ദാഹവും സഹിക്കാനാവാതെ അനിശ്ചമയ നിമിഷങ്ങള്‍ തള്ളിനീക്കിയ സംഭവ കഥ.
ഇതൊക്കെ മനസിൽ ഉള്ളത് കൊണ്ടാവണം പലതവണ മനസു മടുത്തപ്പൊഴും എന്നെ മുന്നോട്ട് പോവാൻ തന്നെ പ്രേരിപ്പിച്ചത് … ഇനിയും ഒരു പാട് മുന്നോട്ട് പോകണം ,എന്നെയും കാത്ത് ഏഴു കടലും അഞ്ച് സമുദ്രങ്ങളും കാത്തിരിക്കുന്നുണ്ടെന്ന തോന്നൽ …. . യാത്രകൾ തുടരും …..