ആരും കാണാത്ത വാവുൾ മലയുടെ മടിത്തട്ടിലൂടെ…

സമുദ്രനിരപ്പിൽ നിന്നും. 2339 മീറ്റർ ഉയരത്തിൽ വാവുൾ മല സ്ഥിതി ചെയ്യുന്നു.വെള്ളരിമലയുടെ ഏറ്റവും ഉയരമുള്ള ഭാഗം . കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകൾ വെള്ളരിമലയിൽ അതിർത്തി പങ്കിടുന്നു. പണ്ട് ഇത് നിലമ്പൂർ കോവിലകത്തിന്റെ ഭാഗമായിരുന്നു. ഇന്ന് ഫോറസ്റ് അധീനതയിൽ ആണ്. വിരളമായി ഓർക്കിഡുകളും ഔഷധചെടികളും ഇവിടെ കണ്ടു വരുന്നു.ഇപ്പോൾ നടക്കുന്ന വൈൽഡ് ലൈഫ് സെൻസസുമായി ബന്ധപെട്ടാണ് എനിക്ക് ഇവിടേക്ക് പോകുവാൻ അവസരം ലഭിച്ചത്.

അതിരാവിലെ തന്നെ ആനക്കാംപോയിൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ഞങ്ങൾ യാത്ര ആരംഭിച്ചു. ഒലിച്ചു ചാട്ടം വരെ ഞങ്ങൾ വളരെ പെട്ടന്ന് എത്തി. ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു. ഫോറസ്റ്റിലൂടെ തന്നെയാണ് യാത്ര. ഇരുവഴിഞ്ഞി പുഴയെ 3 പ്രാവശ്യം ക്രോസ് ചെയ്യ്ത് വേണം മുകളിലേക്ക് കയറാൻ. ഇനിയാണ് കയറ്റം.

    

ദക്ഷിണ ഇന്ത്യയിലെ തന്നെ ദുർഘടം പിടിച്ച ട്രക്കിങ്ങുകളിൽ ഒന്നാണിതെന്ന് ഫോറസ്റ്റർ ഗഫൂർ സർ പറഞ്ഞുതന്നു. കേരളത്തിലെ മിക്ക ഫോറസ്റ്റ് സ്റ്റേഷനുകളിലും അദേഹം ജോലി ചെയ്തിട്ടുണ്ട്. പക്ഷെ ഇവിടത്തെ ഒരു സൗന്ദര്യവും പച്ചപ്പും ഇടുക്കിക്കു പോലും ഇല്ലന്നാണ് ഇദേഹത്തിന്റെ അനുഭവം. എന്തായാലും ഞങ്ങൾ കയറ്റം തുടങ്ങി. കയറ്റം എന്നു പറഞ്ഞാൽ ഇതാണ് കയറ്റം എന്ന് പറയേണ്ടി വരും. ഒരു കാൽ എടുത്ത് അടുത്ത സ്റ്റെപ്പ് വയ്ക്കുന്നത് നമ്മുടെ നെഞ്ചിനൊപ്പം. ഇനി നിങ്ങൾക്ക് ഊഹിക്കാം.

ഇരുന്നും കിടന്നും വലിഞ്ഞുമൊക്കയായി ഞങ്ങൾ ടോപ്പിലെത്തി. സമയം ഉച്ചകഴിഞ് 3 മണി. ടോപ്പിലെത്തിയാൽ ഒരു സ്വർഗ്ഗം തന്നെയാണ്. വെള്ളരിമല. പക്ഷെ ഞങ്ങളെ മോഹിപ്പിച്ച് കൊണ്ട് വാവുൾ മല ഇനിയും ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഞങ്ങൾ നിൽക്കുന്ന സ്ഥലം മുതൽ ഏകദേശം നിരപ്പാണ്. ഈ നിരപ്പിൽ നിന്നും രണ്ടു കിലോമീറ്ററോളം ഏകദേശം സ്ട്രെയിറ്റ് ലൈൻ പിടിക്കണം. അതിനായ് ഒരു കയർ അളന്ന് അതും വലിച്ചാണ് ഞങ്ങടെ പോക്ക്.(സെൻസസിന് ഈ ലൈൻ ആണ് ഉപയോഗിക്കുന്നത്).

ഗഫൂർ സർ GPS സെറ്റ് ചെയ്യ്ത് റീഡിങ്ങ് എഴുതുന്നുണ്ട്. കയറു വലിച്ച് പോയ ആൾ പെട്ടന്ന് തിരിഞ്ഞ് ഓടുന്നതും ഒപ്പം കാടിള്ക്കിയുള്ള പോത്തുംകൂട്ടത്തിന്റെ ഓട്ടവും.ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നീട് ഓരോരുത്തരുടേയും അന്നേരത്തെ ആക്ഷനൊക്കെ മനസ്സിൽ കണ്ട് ചിരിപൊട്ടുന്നുണ്ടായിരുന്നു. പിന്നെ അവർക്ക് മുന്നിൽ നടക്കാൻ മടി. പിന്നെ ഞാനും എന്റെ സുഹൃത്തും കൂടിആയി കയറു പിടിച്ച് മുന്നിൽ നടക്കുന്നത്.

കൊടുംകാടാണ്.. സമയം അഞ്ചു മണി കഴിഞ്ഞതേ ഉള്ളൂ. പക്ഷെ ഒരാറര ഒക്കെ ആയ പ്രതീതി. കാരണം അത്രക്ക് തിങ്ങിനിറഞ്ഞ മരക്കൂട്ടങ്ങൾ ആണിവിടെ. ഞങ്ങള്‍ നടന്ന് ഒരു കുളത്തിന്റെ അടുത്തെത്തി. അവിടെ ഞങ്ങൾ നിൽക്കുന്നടത്തു നിന്ന് കാടിളക്കി എന്തോ ഒന്ന് വരുന്നുണ്ട്. ഓടക്കാടുകൾ ഞെരിഞ്ഞമരുന്നുണ്ട്. പുറകിൽ ഉള്ളവർ വരുന്നതേ ഉള്ളൂ. ഓക്കാടിന് മുകളിൽ ഒരു തുമ്പികൈ പൊങ്ങിയതേ എനിക്ക് ഓർമ്മയൊള്ളൂ.

ഞങ്ങൾ രണ്ടും നിന്നടത്ത് പൊടിപോലുമില്ല. ഒരാൾ പൊക്കത്തിലുള്ള കുറിഞ്ഞി കാട്ടിനുള്ളിലേക്ക് ഞങ്ങൾ ഊളിയിട്ടിറങ്ങി’ഒപ്പം ബാക്കിയുള്ളവരും ഞങ്ങളുടെ ബഹളവും മറ്റും കേട്ട് ആനയും പേടിച്ച് ഓടിക്കാണണം. വഴിമാറി ഞങ്ങൾ കുളത്തിന്റെ മറുസൈഡിൽ എത്തി.
ഇവിടന്ന് അളവ് നിർത്തി. ഇനി ഭക്ഷണത്തിന്ന് ഈ പുഴയിൽ നിന്ന് വെള്ളം മുക്കി അടുത്ത മല കയറണം. അവിടെയാണ് രാത്രി സുരക്ഷിതം.

എല്ലാവരും ടോർച്ച് എടുത്ത് ചുറ്റും കറക്കി അടിച്ചാണ് യാത്ര. രാത്രി 8 മണി ആയപ്പഴേക്കും ലക്ഷ്യസ്ഥാനം ഞങ്ങൾ പിടിച്ചു. ഇന്ന് രാത്രി ഇവിടെയാണ് കൂടുന്നത്. ടെൻറും മറ്റും ഒന്നുമില്ല ഈ പാറപ്പുറത്ത്. കൊടുംതണുപ്പത്ത് കഞ്ഞിയും വെച്ചു കുടിച്ച് തണുപ്പകറ്റാൻ തീയ്യും കത്തിച്ച് നക്ഷത്രങ്ങളേയും ചന്ദ്രനേയും നോക്കിയുള്ള ആ കിടപ്പുണ്ടല്ലോ …. അതിന്റെ സുഖം പറഞ്ഞാൽ അറിയില്ല. അനുഭവിക്കണം. തണുപ്പെന്ന് പറഞ്ഞാൽ തലയിലേക്ക് മൊട്ടുസൂചി അടിച്ച് കയറ്റുന്ന പോലെയുള്ള ആ തണുപ്പ്. പറഞ്ഞറിയിക്കാൻ വയ്യ.. രാവിലെ സൂര്യോദയത്തിന്റെ സൗന്ദര്യം അതൊന്ന് കാണേണ്ടത് തന്നെയാണ്.അങ്ങനെ പിറ്റേ ദിവസം അഗാധമായ കൊക്കകളും വ്യൂ പോയൻറുമൊക്കെ കണ്ട് വയനാട്ടിലേക്ക് ഞങ്ങൾ മലയിങ്ങി.

റൂട്ട്: കോഴിക്കോട് >ആനക്കാം പോയിൽ > തേൻപാറ > വെള്ളരിമല. (ഫോറസ്റ്റിന്റെ അനുമതിയില്ലാതെ ഇവിടേക്ക് പ്രവേശനം അനുവദിക്കില്ല.)

വിവരണം – സന്തോഷ്‌.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply