ലഡാക്കിലെ പാംഗോംങ് തടാകത്തിൻ്റെ മലയാളി ബന്ധം

എഴുത്ത് – ദയാൽ കരുണാകരൻ.

കിഴക്കൻ ലഡാക്കിൽ ഇന്തോ- ചൈന അതിർത്തിയിലെ തീഷ്ണമായ ഒരു യുദ്ധമുഖം. 1962 ലെ യുദ്ധം തുടങ്ങി രണ്ടാം ദിവസം. ഒക്ടോബർ 21 രാത്രി, മാനത്ത് അർദ്ധചന്ദ്രന്റ്റെ അരണ്ടവെളിച്ചം. മൈനസ് 8.5° ശൈത്യനില. മലനിരകളിൽ നിന്നും നിറഞ്ഞൊഴുകുന്ന ശീത കാറ്റിൽ അത്ര സുഖകരമായി അമർന്നു കിടക്കുകയല്ലായിരുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ ആ തടാകം. അന്ന് ആ തടാകത്തിന്റെ ഗന്ധം വെടിമരുന്നിന്റ്റെയും കരിഞ്ഞ മനുഷ്യ മാംസത്തിന്റ്റെയുമായിരുന്നു.

അന്ന് സൂര്യൻ മലനിരകളിൽ മിഴി തുറക്കുന്നതിന് മുമ്പ് തന്നെ തടാകത്തിന്റെ വടക്കേ കരയിലെ ഇന്ത്യൻ സൈനിക പോസ്റ്റുകളിലേക്ക് (Srijap) ചൈനയുടെ മെഷിൻ ഗണ്ണുകൾ തീ തുപ്പുകയായിരുന്നു. അവിടെ ഇന്ത്യൻ സൈനിക പോസ്റ്റുകളിൽ രണ്ടെണ്ണം ചൈന പിടിച്ചെടുത്തിരുന്നു. അവിടെയുണ്ടായിരുന്ന 80 ഓളം ഇന്ത്യൻ സൈനികരിൽ കൊല്ലപ്പെട്ടവർ എത്ര പേർ? ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ? എന്നതിനെ കുറിച്ചൊന്നും ആ നിമിഷങ്ങളിൽ ഇന്ത്യൻ സേനക്ക് കൃത്യമായ തിട്ടമുണ്ടായിരുന്നതുമില്ല.

അന്ന് മദ്ധ്യാഹ്നത്തിന് മുമ്പ് ഗൂർഖാ റൈഫിൾസിലെ നായ്ക് രവി ലാൽ ഥാപ്പ ഒരു സ്റ്റോം ബോട്ടിൽ തടാകത്തിന്റെ വടക്കൻ കരകളിലൂടെ ഊളിയിടുമ്പോൾ ഇന്ത്യൻ പോസ്റ്റുകൾക്ക് മീതെ നിലയ്ക്കാത്ത വെടിയൊച്ചകൾ തുടരുന്നതായി അയാൾ ലഫ് കേണൽ ഹരി ചന്ദിനെ അറിയിച്ചിരുന്നു. കൂടാതെ അന്ന് രാവിലെ 11.45 ഓടെ തടാകത്തിന്റെ തെക്കു കിഴക്ക് Yula യിലെ ഇന്ത്യൻ പോസ്റ്റുകൾ ചൈനയുടെ നിയന്ത്രണത്തിലായതായും നായ്ക് രവി ലാൽ ഥാപ്പ അറിയിച്ചിരുന്നു.

പിന്നീട് രാത്രി 8 മണിക്ക് നായ്ക് രവി ലാൽ ഥാപ്പ രണ്ടു സ്റ്റോം ബോട്ടുകളുമായി പോയി Yula യിലെ ഇന്ത്യൻ പോസ്റ്റുകളിൽ നിന്നും 6 സൈനികരെ രക്ഷപ്പെടുത്തിയപ്പോൾ രണ്ടാമത്തെ ബോട്ടിലെ ഒമ്പതു സൈനികരെയും ചൈനീസ് മീഡിയം മെഷീൻ ഗണ്ണുകൾ തകർത്തിരുന്നു.

ഒക്ടോബർ 20 രാത്രിയിൽ തന്നെ തടാകത്തിന്റെ വടക്കൻ കരകളിലെ പോസ്റ്റുകളിലെ വയർലെസ് സംവിധാനം തകരാറിലായിരുന്നു. അന്ന് രാത്രിയിൽ തന്നെ 1/8 ഗൂർഖാ റൈഫിൾസ് മേജർ ധൻ സിംഗ് ഥാപ്പയുടെ കീഴിലുള്ള Srijap പോസ്റ്റുകളും തടാകത്തിന്റെ തെക്കു തീരത്തെ Tokung ലെ ഗൂർഖാ റൈഫിൾസിന്റ്റെ റിയർ ഹെഡ് ക്വാർട്ടേഴ്സും തമ്മിലുള്ള ടെലിഫോൺ ബന്ധം ചൈനീസ് സൈനികർ മുറിച്ചുമാറ്റിയിരുന്നു. ചുരുക്കത്തിൽ വടക്കൻ കരകളിൽ എന്താണ് നടക്കുന്നതെന്ന് ഇന്ത്യൻ സേനക്ക് ഒക്ടോബർ 20 രാത്രി മുതൽ അജ്ഞാതമായിരുന്നു.

അന്ന് ഒക്ടോബർ 21ന് ആ തടാകത്തിന്റെ ഇരുകരകളിലും തമ്പടിച്ചു പോരാടുന്ന ഗൂർഖാ റൈഫിൾസിലെ ഗൂർഖകൾക്ക് എത്ര കിഴുക്കാംതൂക്ക് പർവ്വത നിരകളെയും ഭയമില്ലായിരുന്നെങ്കിലും അസ്ഥി മരവിക്കുന്ന ജലതടാകങ്ങളോട് അത്ര പ്രിയമൊന്നുമില്ലായിരുന്നു. എന്നിട്ടും ആ രാത്രിയിൽ ഗൂർഖാ രവി ലാൽ ഥാപ്പ Yula പോസ്റ്റിൽ റസ്ക്യു ഓപ്പറേഷനിൽ പങ്കെടുത്തത് ദേശസ്നേഹവും കർത്തവ്യ ബോധവും കൊണ്ടു മാത്രമായിരിക്കണം.

വയർലെസ് കേടായ, ടെലിഫോൺ ബന്ധം അറ്റുപോയ ആ വടക്കൻ പോസ്റ്റുകളിലേക്ക് ഒന്നു എത്തിനോക്കാൻ ആ രാത്രിയിൽ ഏക ആശ്രയം സ്റ്റോം ബോട്ടുമായി ആരെങ്കിലും വീണ്ടും അവിടേക്ക് പോകുക എന്നതു മാത്രമായിരുന്നു. എന്നാൽ ജലമാർഗ്ഗേണയുള്ള ഓപ്പറേഷനുകൾക്കും ലഫ് കേണൽ ഹരി ചന്ദിന് ഗൂർഖാ റൈഫിൾസിനെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയുമാണുള്ളത്. ഈ അവസ്ഥ Chushul ബ്രിഗേഡ് ആസ്ഥാനത്ത് ടി എൻ റെയ്നയെയും ലഫ് കേണൽ ഹരി ചന്ദിനെയും വല്ലാതെ കുഴപ്പിച്ചിരിക്കണം.

അന്ന് ആ തടാകത്തിന്റെ തെക്കേ കരയിലാകെ വിന്യസിച്ചിരുന്നത് ഗൂർഖാ റൈഫിൾസിനെയായിരുന്നു. പിന്നെയുണ്ടായിരുന്നത് വെറും ഒരു സെക്ഷൻ മദ്രാസ് എൻജിനീയെഴ്സിലെ സാപ്പർമാരെയും. പക്ഷെ ആ മദ്രാസ് എൻജിനീയെഴ്സിലെ 9 സാപ്പർമാർ ആ പകലിൽ തെക്കു കിഴക്കേ കരയിലെ Yula പോസ്റ്റിൽ ചൈനീസ് ഗണ്ണുകൾക്ക് ഇരയായിരുന്നു. ആ സാപ്പർമാരിൽ മിച്ചം ആരെങ്കിലുമുണ്ടായിരുന്നോ?

പക്ഷേ അന്ന് മരണം കാവലിരിക്കുന്ന ആ രാത്രിയിൽ തടാകത്തിലെ കനത്ത മഞ്ഞിന്റ്റെ മൂടുപടങ്ങൾക്കിടയിലൂടെ ഇന്ത്യയുടെ ധീരനായ ഒരു യുവസൈനികൻ… മദ്രാസ് എൻജിനീയെഴ്സിൽ ജീവനോടെയുള്ള ഒരു സാപ്പർ ഒന്നിന് പിന്നിൽ കൊളുത്തിയ നിലയിൽ രണ്ടു മിലിട്ടറി സ്റ്റോം ബോട്ടുകളുമായി Chushul Chu അരുവിയിലൂടെ Tokung ലെ എംബാർക്കെഷൻ പോയിന്റിൽ നിന്നും തടാകത്തിന്റെ വടക്കു കിഴക്കേ ഇന്ത്യൻ അതിർത്തിയിൽ ചൈന പിടിച്ചെടുത്ത ഇന്ത്യൻ പോസ്റ്റുകൾക്ക് സമീപത്തേക്ക് പരമാവധി രഹസ്യമായി നീങ്ങുന്നുണ്ടായിരുന്നു.

ഏകദേശം 5 കി.മീറ്റർ മുന്നോട്ട് പോയപ്പോൾ ഇടതു ഭാഗത്തെ മലയടിവാരത്തു നിന്ന് ഒരു ചുവന്ന വെളിച്ചം കണ്ട് അയാൾ ബോട്ടു നിർത്തി ജാഗരൂകനായി. വടക്കൻ കരയിലെ ജീവനോടെ അവശേഷിക്കുന്ന ഏതൊ ഇന്ത്യൻ സൈനികൻ റസ്ക്യു ബോട്ടിനെ തിരിച്ചറിഞ്ഞു സിഗ്നൽ കൊടുത്തതാണ്. മടങ്ങിയാലോ എന്ന ചിന്തിച്ചു നില്ക്കുന്ന അയാൾക്ക് മുന്നിലേക്ക് താമസിയാതെ ആ പച്ചവെളിച്ചവുമെത്തി.

ഇരുട്ടിന്റെ തീരങ്ങളിൽ ശത്രുവോ മിത്രമോ എന്നത് നേരിൽ കാണും വരെ ഉറപ്പിക്കാനാവില്ലല്ലോ. രണ്ടാം ലോകമഹായുദ്ധ കാലത്തെ അപരിഷ്കൃതമായ തോക്കുകളും കൊണ്ടു യുദ്ധത്തിന് പോകേണ്ടി വന്ന അന്നത്തെ ഇന്ത്യൻ സൈനികന് ‘നൈറ്റ് വിഷൻ’ ഗിയറുകളൊക്കെ ഒരു സ്വപ്നമായിരിക്കണം. ചൈനീസ് ശത്രു ഒരുക്കുന്ന കെണി ആണെങ്കിൽ ജീവൻ പോയതു തന്നെ. ധീരനായ അയാൾ എന്തും വരട്ടെയെന്നു കരുതി തടാകത്തിന്റെ വടക്കൻ തീരത്തേക്ക് ബോട്ടടുപ്പിച്ചു.

ചൈനീസ് ഷെല്ലുകളും വെടിയുണ്ടകളും തറഞ്ഞ് ചോരയിൽ കുളിച്ച്, എന്നിട്ടും ജീവനെ മുറുകെ പിടിച്ച് എവിടെയൊക്കെയോ പതുങ്ങി കിടന്ന കുറച്ചു ഇന്ത്യൻ സൈനികർ വേഗത്തിൽ രണ്ടു ബോട്ടുകളിലുമായി നിറക്കപ്പെട്ടു. 11 വീതം രണ്ടു ബോട്ടിലുമായി 22 ജീവനുകൾ. ഞൊടിയിടയിൽ ആ യുവ സൈനികന്റ്റെ നേതൃത്വത്തിൽ ആ ബോട്ടുകൾ തടാകത്തിന്റെ തെക്കു കരയിലേക്ക് ഊളിയിട്ടു.

ആ ബോട്ടുകൾ തീരം വിട്ടു ഏതാനും നിമിഷങ്ങൾക്കകം ചൈനീസ് ഭടന്മാർ മാരകമായ ഷെൽവർഷവും വെടിവെപ്പും തുടങ്ങി. ആ യുവ സൈനികന് 100 വാര പിന്നിൽ സഞ്ചരിച്ച ബോട്ട് തകർന്നു. സൈനികർ അതിശൈത്യം മുറ്റിയ തടാകത്തിലക്ക് താണു. തന്റ്റെ ബോട്ടിൽ ചോരയൊലിപ്പിച്ചു വിശന്നു തളർന്നിരിക്കുന്ന സൈനികരുടെ ആവതില്ലായ്മ മനസ്സിലാക്കി ആ യുവ സൈനികൻ മൈനസ് ഡിഗ്രി തടാകത്തിലേക്ക് എടുത്തു ചാടി നീന്തി, തകർന്ന ബോട്ടിന് അടുത്തെത്തി കൈയിൽ കിട്ടിയ മൂന്നു പേരെ ഒന്നൊന്നായി രക്ഷപ്പെടുത്തി തന്റ്റെ ബോട്ടിലെത്തിച്ചു.

ബാക്കിയുള്ളവർക്കായി അവിടെ തങ്ങി നില്ക്കാനാവില്ല. തീരത്തു നിന്നും ചൈനീസ് ഷെൽ വർഷം തുടരുകയാണ്. സാദ്ധ്യമായ വേഗത്തിൽ രണ്ടാമത്തെ റസ്ക്യൂ ഓപ്പറേനും നിർവ്വഹിച്ച്. അയാൾ തടാകത്തിന്റെ തെക്കു കരയിലേക്ക് വീണ്ടും കുതിച്ചു. ആ പകലിൽ അവിടെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലുകളും ഇന്ത്യൻ സൈനികരുടെ പരാജയങ്ങളും അയാൾക്കറിയാം. ആയതിനാൽ ആ രാത്രിയിൽ കൂടുതൽ ദൂരം താണ്ടുന്നത് അപകടകരമായി അയാൾക്ക് തോന്നിക്കാണണം. തടാകത്തിന്റെ തെക്കു തീരത്തുള്ള ഒരു ഗർത്തത്തിൽ അയാൾ ആ സൈനികരുമായി പതുങ്ങി.

തടാകത്തിലെ ശൈത്യം അയാളെയും മറ്റുള്ളവരെയും വല്ലാതെ ബാധിച്ചിരുന്നു. സ്വതവേ പോലും താങ്ങാനാവാത്ത ശൈത്യത്തിൽ തടാകത്തിൽ വീണു പോയാലുള്ള അവസ്ഥ ആലോചിക്കാവുന്നതാണല്ലോ. അയാൾ ബോട്ടിൽ നിന്നും കുറച്ചു ഇന്ധനം എടുത്തു തുണിയിൽ മുക്കി കത്തിച്ചു മരവിച്ച ശരീരഭാഗങ്ങൾക്ക് ചൂടു പകർന്നു. തടാകത്തിൽ വീണ സൈനികർക്കും ആ രാത്രിയിൽ ചൂട് ജീവൻദായകമായിരുന്നിരിക്കണം.

തടാകത്തിന്റെ വടക്കൻ കരകളിലെ ഷെൽ വർഷവും വെടിവെപ്പും കുറഞ്ഞപ്പോൾ രാത്രിയുടെ മൂടുപടങ്ങളിലെപ്പോഴൊ അയാൾ രക്ഷപ്പെട്ട സൈനികരെയും കൊണ്ടു തന്റ്റെ ബ്രിഗേഡിയർ സമക്ഷമെത്തി റിപ്പോർട്ട് ചെയ്തു. അതുകൊണ്ടും അയാൾ തന്റെ കർത്തവ്യം അവസാനിപ്പിച്ചില്ല.

പിറ്റേന്ന് ഒക്ടോബർ 22ന് പുലരും മുമ്പെ അയാൾ സ്റ്റോം ബോട്ടുമായി തലേ ദിവസം ബോട്ട് തകർന്നു മുങ്ങിയ അതേ തീരത്ത് അയാൾ വീണ്ടും ഒറ്റക്കെത്തി. ഇരുട്ടും മഞ്ഞും മാറി ചൈനീസ് സൈനികരുടെ കണ്ണിൽ പെടും മുമ്പേ അവരെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെ, പ്രതീക്ഷയോടെ. തലേദിവസം തടാകത്തിൽ ചൈനക്കാർ തകർത്ത ബോട്ടിൽ ആരെങ്കിലും അവശേഷിക്കുന്നെങ്കിലോ? അയാളുടെ പ്രതീക്ഷ തെറ്റിയില്ല. മരണത്തിന്റെ വായിൽ നിന്നും രക്ഷപ്പെട്ട 7 പേർ അവിടെയുണ്ടായിരുന്നു. പൊടുന്നനവെ ആരംഭിച്ച ചൈനീസ് ഷെൽ വർഷത്തിനും മീഡിയം മെഷീൻ ഗൺ ഫയറിംഗിനും ഇടയിലൂടെ അയാൾ അവരെയും രക്ഷിച്ചു മിന്നലുപോലെ വീണ്ടും മറുകരയിലെത്തി.

ഇതേ സമയം, അതായത് ഒക്ടോബർ 21 രാത്രിയും 22 ന് പുലരുന്നതിന് മുമ്പും ആ യുവസൈനികൻ തടാകത്തിൽ ഓപ്പറേഷൻ നടത്തുമ്പോൾ തടാകക്കരയിലെ Tokung ൽ നിന്നും 17 കിലോമീറ്റർ തെക്ക് കിഴക്ക് ചുഷൂലിലെ ബ്രിഗേഡ് ആസ്ഥാനത്ത് അതിർത്തിയിലെ തടാകത്തിന്റെ വടക്കേ കരയിൽ കുടുങ്ങിപ്പോയ സൈനികരുടെ ജീവൻ പരമാവധി കാക്കുന്നതിന് വേണ്ടി യത്നിക്കുന്ന ബ്രിഗേഡ് കമാൻഡർ ടി എൻ റെയ്ന ഉറക്കമിളച്ചു കാത്തിരിക്കുകയായിരുന്നു. ചൈനീസ് ഡ്രാഗൺ പിടിമുറുക്കിയ ആ വടക്കൻ കരകളിലേക്ക് ഒറ്റയ്ക്ക് ഊളിയിട്ട ആ യുവസൈനികന്റ്റെ ഫൈനൽ റസ്ക്യു ഓപ്പറേഷന്റ്റെ ഫലമറിയാൻ.

എന്തു കൊണ്ടാണ് ചുഷൂലിലെ ബ്രിഗേഡ് കമാൻഡർ ടി.എൻ റെയ്ന രാത്രിയിൽ ഉറക്കമിളച്ച് യുവസൈനികന്റ്റെ ഓപ്പറേഷൻ ഫലം കാത്തിരുന്നത്? കാരണം ആ തടാക അതിർത്തിയിലെ സ്ഥിതിഗതികൾ വീക്ഷിച്ച് ഒക്ടോബർ 20 രാത്രി 12 ന് തന്നെ തടാകത്തിന്റെ വടക്ക് തെക്ക് കരകളിലെ ഔട്ട് പോസ്റ്റുകൾ ചുഷൂൽ സെക്ടറിലേക്ക് പിൻവലിക്കാൻ ടി എൻ റെയ്ന നിർദ്ദേശം കൊടുത്തിരുന്നു. പക്ഷെ നേരെത്തെ തന്നെ കേടായിപ്പായ വയർലെസ്സും വിഛേദിക്കപ്പെട്ട ടെലിഫോൺ ബന്ധവും മൂലം ലഫ് കേണൽ ഹരി ചന്ദിന് ആ സന്ദേശം നടപ്പിലാക്കാൻ കഴിഞ്ഞില്ല.

ഒക്ടോബർ 21 പുലരും മുമ്പ് തന്നെ ചൈനീസ് ഗണ്ണുകൾ വടക്കൻ കരയിലെ Srijap പോസ്റ്റുകളിലും പിന്നെ പ്രഭാതത്തിൽ 7 മണിക്ക് തെക്കൻ കരയിലെ Yula പോസ്റ്റിലേക്കും തീ വർഷിച്ചു കഴിഞ്ഞിരുന്നു. അന്ന് ആ വടക്കൻ കരയിലെ പോസ്റ്റുകളിൽ എന്താണ് നടക്കുന്നതെന്ന് ഇന്ത്യൻ സേനക്ക് അറിയാതെയും പോയിരുന്നു. തെക്കു കിഴക്കേ Yula യിലെ പോസ്റ്റുകളിൽ നിന്നും ആകെയുണ്ടായിരുന്ന 50 ഇന്ത്യൻ സൈനികരിൽ അന്ന് ആകെ രക്ഷപെട്ടത് നായ്ക് രവി ലാൽ ഥാപ്പയുടെ ബോട്ടിൽ കയറാൻ പറ്റിയ 6 പേർ മാത്രമായിരുന്നു. ചുഷൂലിലെ ആസ്ഥാനത്ത് ബ്രിഗേഡ് കമാൻഡർ ടി എൻ റെയ്ന ഉറക്കമിളച്ചിരിക്കുന്നതിന്റ്റെ സാഹചര്യം ഇതായിരുന്നു.

ഒക്ടോബർ 22 ന് പുലർച്ചെ ആ യുവസൈനികന്റ്റെ ‘വൺ മാൻ റസ്ക്യു ഓപ്പറേഷൻ’ പൂർണ്ണമായും വിജയിച്ചു. ആ വർത്തമാനം ചുഷൂലിലെ ബ്രിഗേഡ് ആസ്ഥാനത്ത് ബ്രിഗേഡ് കമാൻഡർ ടി എൻ റെയ്നയുടെ കാതുകളിലെത്തി. കഴിഞ്ഞ 33 മണിക്കൂറിൽ ബ്രിഗേഡ് കമാൻഡർ ടി എൻ റെയ്നക്ക് ആ യുദ്ധമുഖത്ത് നിന്നും ആകെകൂടി കിട്ടിയ സന്തോഷങ്ങൾ.

ഒന്ന് Yula പോസ്റ്റിൽ നിന്നും ഗൂർഖാ രവി ലാൽ ഥാപ്പ രക്ഷിച്ച 6 സൈനിക ജീവനുകളും പിന്നെ ഈ യുവസൈനികൻ രണ്ടു തവണയായി രക്ഷിച്ച മൊത്തം 21 ജീവനുകളും മാത്രമായിരുന്നു. വേണ്ടത്ര തയ്യാറെടുപ്പുകളുമില്ലാതെ യുദ്ധത്തിന് ഇറങ്ങിയ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമുള്ള രാജ്യത്തിലെ ഒരു ബ്രിഗേഡ് മേധാവിക്ക് ഇതൊക്കെ തന്നെ ധാരാളം.

1962 ഒക്ടോബറിൽ മൈനസ് തണുപ്പുള്ള ആ രാത്രിയിൽ 14000 അടി ഉയരത്തിൽ ഹിമാലയത്തിലെ ആ തടാകത്തിലൂടെ ഒറ്റക്ക് ബോട്ടോടിച്ച പോയി രക്ഷാദൗത്യം നടത്തിയ ആ യുവസൈനികൻ ആരാണെന്ന് അറിയാമോ സുഹൃത്തുക്കളെ? അതൊരു മലയാളി ആയിരുന്നു. ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്ക് അതിർത്തിയിലെ നൂറനാട് വില്ലേജിൽ എടപ്പുരയിൽ ഉമ്മട്ടി മകൻ മദ്രാസ് എൻജിനിയെഴ്സിലെ ലാൻസ് നായ്ക് ഇ.ഒ. രാഘവൻ.

58 വർഷങ്ങൾക്ക് മുമ്പ് കേരളത്തിലേക്ക് ആദ്യമായി സൈനിക ബഹുമതിയായ വീരചക്രം കടന്നു വന്ന സംഭവം കൂടിയാണിത്. 1964 ൽ ദില്ലിയിലെ ദർബാർ ഹാളിൽ ഇന്ത്യയുടെ രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണനിൽ നിന്നും വീരചക്ര പതക്കം നെഞ്ചിലണിയുമ്പോൾ ഉയർന്നത് മൊത്തം മലയാളികളുടെ ശിരസ്സുകളായിരുന്നു.

സുഹൃത്തുക്കളെ, ലാൻസ് നായ്ക് രാഘവന് വീരചക്രം നേടിക്കൊടുത്ത ആ ഹിമാലയ തടാകം ഏതാണെന്ന് അറിയാമോ? ഇന്ന് മലയാളി യുവ സഞ്ചാരികളുടെ സ്വപ്നഭൂമിയാണത്. ലഡാക്കിൽ ഇന്തോ – ചൈനാ അതിർത്തിയിലെ പാംഗോങ്ങ് തടാകം (Pangong Tso). ബ്രിട്ടന് കൊഹിനൂർ രത്നം പോലെ ചൈന എങ്ങനെയും കൈക്കലാക്കണമെന്ന് ആഗ്രഹിക്കുന്ന നീലത്തടാകം.

എന്നാൽ പാംഗോങ്ങിന്റ്റെ ഏകദേശം പകുതിയെങ്കിലും ഇപ്പോഴും നമ്മുടെ പക്കൽ തുടരുന്നുവെങ്കിൽ അത് 1962 ലെ ഇന്തോ-ചൈന യുദ്ധത്തിൽ നമ്മുടെ സൈനികർ കണ്ണിലെ കൃഷ്ണമണികൾ പോലെ കാത്തു സൂക്ഷിച്ചതു കൊണ്ടു മാത്രമാണ്. അതിനായി നമ്മുടെ രാജ്യം ധാരാളം വീരസൈനികരെ അന്ന് ബലികൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ഈ ദിവസങ്ങളിലും ഇന്തോ-ചൈന അതിർത്തിയിൽ അത് തുടരുകയും ചെയ്യുകയാണ്. പാംഗോങ്ങിലെത്തുന്ന നമ്മളിൽ എത്ര പേർക്ക് ഓർത്തിരിക്കുന്നുണ്ട് 1962 ലെ ആ യുദ്ധചരിത്രം.

ഇന്ന് മലയാളി സഞ്ചാരികളുടെ ‘ലേറ്റസ്റ്റ് ട്രെൻഡാ’ണ് ലഡാക്ക്. അത് വെറും വാക്കല്ല അത്ര മനോഹരമാണ് ലഡാക്കും ചുറ്റുവട്ടങ്ങളും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്ന് പേരുകേട്ട മോട്ടൊറബ്ൾ പാത Kardungla, അതിലും ഉയരം കൂടിയതെന്ന അവകശവാദവുമായി വരുന്ന Umlingla പാസ് (19300), പാകിസ്ഥാനെ വിരട്ടിയോടിച്ച കാർഗിൽ, -55 ഡിഗ്രി തണുപ്പുള്ള ദ്രാസ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധമുഖമായ സിയാച്ചിൻ ഗ്ളേസിയർ, മനംമയക്കുന്ന നുബ്രാ താഴ്വര, മൊണാസ്ട്രികൾ, മൈത്രേയ ബുദ്ധ, ഇന്ത്യയുടെ വടക്കു വടക്കു കിഴക്കേ സൈനിക ചെക്പോസ്റ്റ് ദൗലത് ബെഗ് ഓൾഡി എല്ലാം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? ദൗലത് ബെഗ് ഓൾഡിയിലേക്കുള് 225 കി.മീ പുതിയ ഹൈവെ Durbuk-DBO റോഡിലൂടെ ഒരു സവാരി ആരാണ് ഇഷ്ടപ്പെടാത്തത്.

ലഡാക്ക് സന്ദർശിക്കുന്ന മലയാളികളുടെ മേജർ ഡ്രീം സ്പോട്ടാണ് പാംഗോങ്ങ് തടാകം. സൂര്യന്റെ പ്രകാശവിന്യാസം അനുസരിച്ച് ഇന്ദ്രനീലവും മരതകപച്ചയും ടർക്ഓയ്സ് – ടോപാസ് നീലകളുമൊക്കെ മാറിമറിയുന്ന അത്യുന്നതങ്ങളിലെ ഹിമാലയ തടാകം. ദേശാടകരും ദേശാടനപ്പക്ഷികളും മാത്രം കൂടുക്കൂട്ടുന്ന തടാകം. ആ തടാകക്കരയിലൂടെയുള്ള ബൈക്ക് സഞ്ചാരം, കാർ ഡ്രൈവ്, ടെന്റ്റ് ഹോട്ടലിലെ രാത്രികൾ… എല്ലാം അനുഭൂതികരമാണ്. ബോളിവുഡ് ജോഡികൾ ആടിപ്പാടിയ പാംഗോങ്ങ് തീരങ്ങൾ സഞ്ചാരികളുടെ മനസ്സിനെ അത്രകണ്ട് മോഹിപ്പിക്കുന്നതാണ്. ബോളിവുഡ് സിനിമ ത്രീ ഇഡിയറ്റ്സ് കണ്ടവർ അതിലെ മഞ്ഞ സ്കൂട്ടറിനെയും കരീനാ കപൂറിനെയും ഇപ്പോഴും ഓർമ്മയിൽ നിന്നും മറന്നുകാണില്ലല്ലോ.

പുതിയ കാലത്തെ മലയാളി സഞ്ചാരികൾക്ക് ഏറെ അഞ്ജാതമായ പാംഗോങ്ങിന്റ്റെ 58 വർഷം പഴക്കമുള്ള മലയാളി ബന്ധം ഇതാണ്. വാളയാർ ചുരം കടന്ന് കേളത്തിലേക്ക് ആദ്യമായി ഒരു വീരചക്രം വന്നെങ്കിൽ അത് പാംഗോങ്ങിലൂടെ ആയിരുന്നെന്ന ബന്ധം. ഇനി പാംഗോങ്ങ് തടാക കരയിലെത്തുന്ന മലയാളി സഞ്ചാരികൾ ലാൻസ് നായ്ക് രാഘവനെ പ്രത്യേകം ഓർക്കണം. കാരണം ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് പാംഗോങ്ങ് തടാകക്കരയിൽ രാത്രിയുടെ മറവിൽ ഇരച്ചുകയറി വന്ന ചൈനീസ് മീഡിയം മെഷീൻ ഗണ്ണുകൾ അത്ര യുദ്ധസജ്ജരല്ലാത്ത 100 ന് മേൽ പാവം ഇന്ത്യൻ സൈനികർക്ക് നേരെ കൂട്ടക്കരുതി നടത്തിയ ദിനങ്ങളിൽ ഒരേയൊരു ദിവസം, ഒക്ടോബർ 22 ന് മാത്രമാണ് ചുഷൂലിലെ 114 ബ്രിഗേഡ് ഹെഢ് ക്വാർട്ടേഴ്സിലെ ആക്ടിംഗ് ബ്രിഗേഡിയറായിരുന്ന ടി.എൻ റെയ്ന (1975 ൽ അടിയന്തരാവസ്ഥ കാലത്ത് സൈന്യം പിന്തുണക്കമെന്ന് പറഞ്ഞപ്പോൾ ഇന്ത്യൻ സൈന്യത്തിന് രാഷ്ട്രീയമില്ലെന്നു പറഞ്ഞ സാക്ഷാൽ കരസേനാ മേധാവി) അല്പമെങ്കിലും ശിരസ്സുയർത്തി നിന്നത്. അത് വീരചക്ര രാഘവന്റെ പാംഗോങ്ങിലെ വിശിഷ്ട സേവനത്തിലായിരുന്നു.

അന്ന് പാംഗോങ്ങ് തടാകത്തിന്റെ ഇരുകരകളിലെയും ഇന്ത്യൻ പോസ്റ്റുകളിലെ മൊത്തം 130 സൈനികരിൽ സ്വയമേ രക്ഷപ്പെട്ടത് വെറും മൂന്നു പേർ മാത്രമായിരുന്നു. ലാൻസ് നായ്ക് രാഘവൻ രക്ഷപ്പെടുത്തിയത് വിലപ്പെട്ട 21 ജീവനുകളെയുമാണെന്ന് പാംഗോങ്ങിലെത്തുന്ന മലയാളി സഞ്ചാരികൾ പോലും അറിയാതെ പോകരുത്.

എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഇന്തോ-ചൈന യുദ്ധം സംബന്ധിച്ച് പുറത്തിറങ്ങിയ മിക്ക ഉത്തരേന്ത്യൻ എഴുത്തുകാരുടെയും ചില വിദേശികളുടെയും പുസ്തകങ്ങളിൽ ലാൻസ് നായ്ക് ഇ.ഒ രാഘവനെ വിസ്മരിക്കയാണ് ചെയ്തിട്ടുള്ളത്. 62 ൽ പാംഗോങ്ങിൽ 6 പേരെ രക്ഷപ്പെടുത്തിയ ഗൂർഖാ റൈഫിൾസിലെ നായ്ക് രവി ലാൽ ഥാപ്പയെ കണ്ട എഴുത്തുകാർ പാവം മലയാളി സൈനികൻ ലാൻസ് നായ്ക് രാഘവനെ കാണാതെ പോയി. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റ്റെ തെക്കു പടിഞ്ഞാറെ കോണിൽ ഒതുങ്ങിപ്പോയ മലയാളിയുടെ ജന്മശാപം. അല്ലാതെ എന്ത് പറയാൻ. നമ്മുടെ പത്ര ചാനലുകൾക്ക്, പ്രത്യേകിച്ച് ദില്ലിയിലെ ജേണലിസ്റ്റുകൾക്ക്, അതുപോലെ നമ്മുടെ സൈന്യത്തിലെ ഉയർന്ന മലയാളി മേധാവികൾക്കും ലാൻസ് നായ്ക് രാഘവന് ഉണ്ടായ ഈ പുസ്തക അവഗണന പരിഹരിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.

ഇനി നമ്മൾ മലയാളി സഞ്ചാരികൾ പാംഗോങ്ങ് തടാകത്തിൽ എത്തുമ്പോൾ, മനോഹര ദൃശ്യങ്ങൾ നുകരുമ്പോൾ, ആ തടാകക്കരയിലെ ടെന്റ്റ് ഹോട്ടലുകളിൽ രാത്രി ചിലവിടുമ്പോൾ തീർച്ചയായും ഓർക്കേണ്ടവരുടെ ഒരു നിര തന്നെയുണ്ട്. യശശ്ശരീരനായ (2000 ഏപ്രിൽ 29) നമ്മുടെ വീരചക്ര രാഘവനെ. ഒപ്പം ഗൂർഖാ റൈഫിൾസിലെ പരമ വീര ചക്ര മേജർ ധൻസിംഗ് ഥാപ്പയെ, വീരചക്ര നായ്ക് രവിലാൽ ഥാപ്പയെ, പാംഗോങിന്റ്റെ വടക്കൻ കരകളിൽ മരിച്ചു വീണ നൂറിലേറെ ഗൂർഖാ സൈനികരെ… Rezang La യിലെ പരമവീരചക്ര മേജർ ശെയ്താൻ സിംഗിനെ, മരിച്ചു വീണ 113 വീരകുമയൂണികളെ. കാരണം 1962 ൽ അവർ ജീവൻ കൊടുത്തും ജീവഭയമില്ലാതെ പോരാടിയും നമുക്ക് വേണ്ടി നിലനിർത്തിയ മനോഹര ദേശമാണിത്. പാംഗോങ്ങ്. ഭൂമിയിലെ ഏറ്റവും മനോഹര തടാകം.

ഇന്നും പാംഗോങിന്റ്റെ കരകളിൽ ടിബറ്റിനെ വിഴുങ്ങിയ ചൈനയുടെ ടാങ്കുകളും പീരങ്കികളും തീതുപ്പാൻ പതിയിരിക്കുകയാണ്. മഞ്ഞുറയുന്ന ഈ നീലത്തടാകത്തിൽ രാത്രിയുടെ യാമങ്ങളിൽ രണ്ടു സ്റ്റോംബോട്ടുകൾ ഇരമ്പി പോകുന്നുണ്ടായിരിക്കണം നൈറ്റ് പട്രോളിംഗിനായി. വീരചക്ര ലാൻസ് നായ്ക് ഇ.ഒ രാഘവന്റ്റെയും വീരചക്ര നായ്ക് രവിലാൽ ഥാപ്പയുടെയും. ആയുസ്സിന്റ്റെ നല്ല വർഷങ്ങളേറെയും അതിർത്തിയിൽ കഴിഞ്ഞ സൈനികരുടെ ആത്മാവുകൾ തോക്കുകളുമായി എപ്പോഴും നമുക്ക് കാവലായി അതിർത്തിയിൽ തന്നെ കാണുമായിരിക്കും. ജയ് ജവാൻ ജയ് ഇന്ത്യ.

NB – ഒക്ടോബർ ലക്കം മനോരമ ട്രാവലറിൽ പ്രസിദ്ധീകരിച്ച ട്രാവൽ ഫീച്ചറിന്റ്റെ ഫെയ്സ്ബുക്ക് വെർഷൻ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply