പീച്ചക്കര പൈലി കുര്യാക്കോസ് ആൻഡ് സൺസ്….. ഇങ്ങനെ പറഞ്ഞാൽ അധികം ആർക്കും മനസ്സിലാവണം എന്നില്ല പി പി കെ ആൻഡ് സൺസ് എന്നു പറഞ്ഞാൽ മധ്യകേരളത്തിലെയും അങ്ങ് ഹൈറേഞ്ചിലേയും മലയാളികൾക്ക് സുപരിചിതം.. അതെ നമ്മുടെ പി പി കെ ബസ് സർവീസിന്റെ കാര്യമാണ് പറഞ്ഞു പറഞ്ഞു വരുന്നത്… പി പി കെയുടെ കഥ പറയുമ്പോ ചുമ്മാ അങ്ങ് പറയാനൊക്കുവോ.. ചരിത്രം പറയുന്നതിനു മുന്‍പ് ഒരു കുഞ്ഞ് കഥ ആയാലോ?
90കളുടെ തുടക്കം അവിടം മുതലാണ് എനിക്ക് ഓർമ്മവച്ചു തുടങ്ങിയത്. അന്ന് മുതല്‍ കാണാൻ തുടങ്ങിയതാ പി പി കെ എന്ന മൂക്ക് കൂർത്ത മഞ്ഞയിൽ ആഷ് കളർ വരകള്‍ ഉള്ള ഒരു സുന്ദരൻ ലെയ്ലാൻഡ് ബസ്. രാവിലെ 9 മണികഴിയുമ്പോ വീടിനു മുന്നിലൂടെ ഹോൺ ഒക്കെ അടിച്ചു ചീറിപ്പാഞ്ഞു അങ്ങ് പോവും. പിന്നെ തിരികെ വരുന്നത് പിറവത്തെ ദർശന തീയേറ്ററിൽ നിന്നും ഫസ്റ്റ് ഷോ കഴിഞ്ഞു പോവുന്ന ആളുകളേം കൊണ്ട് 9.30 ആവും വരുമ്പോ. അന്നത് നെച്ചൂർ സൂര്യനെല്ലി ഓർഡിനറി ബസ് ആയിരുന്നു. മഴക്കാലം ആയാൽ പി പി കെയുടെ വരവ് ഒന്നൊന്നൊര കാഴ്ചയാരുന്നു. പണ്ട് മഴ ആയാൽ റോഡ് ഫുൾ കുണ്ടും കുഴിയുമാ വെള്ളം തെറിപ്പിച്ചു അപ്പുറത്തെ വീടിന്റെ ഭിത്തിയേൽ വരെ തെറിപ്പിച്ചു ഉള്ള പോക്ക് കാണാൻ മുറ്റത്തു രാവിലെ ഇറങ്ങി നില്‍പ്പ് ഒരു പതിവാരുന്നു.
പിൽക്കാലത്തു ആ റൂട്ടിൽ ആളു കുറഞ്ഞതിനാൽ നെച്ചൂർക്ക് ഉള്ള വരവ് നിലച്ചു പകരം പിറവത്തു നിന്നും വൈക്കത്തിന് ആക്കി. പി പി കെ വൈക്കം – സൂര്യനെല്ലി ആയി. അങ്ങിനെ തൽക്കാലത്തേക്ക് വീടിനു മുന്നിലൂടെ പി പി കെ ഇല്ലാതായി. പക്ഷേ അധികം വൈകാതെ മറ്റൊരു പെര്‍മിറ്റുമായി വീണ്ടും വന്നു. ഇത്തവണ ഫാസ്റ്റ് പാസ്സന്ജർ ആയിട്ടാണ് വരവ്. തൃപ്പൂണിത്തുറ – ദേവികുളം അത് കഷ്ട്ടിച്ചു ഒരു കൊല്ലം ഓടി നിർത്തി. പിന്നെ പി പി കെ കാണാൻ പറ്റിയിരുന്നത് പിറവത്ത് സ്കൂളിൽ വരുമ്പോ ആയിരുന്നു. പിന്നീട് വൈക്കം പെർമിറ്റും ആളില്ലാതായപ്പോ വൈക്കത്തു നിന്നും ചേർത്തലക്ക് നീട്ടി ലിമിറ്റഡ് സ്റ്റോപ്പ് ആയി. പക്ഷെ സുന്ദരൻ വണ്ടികൾ ഇടുന്ന കാര്യത്തിൽ പി പി കെ പിശുക്കു കാട്ടിയില്ല.
ഇത് എന്റെ പി പി കെ ഓർമ്മകൾ… പിന്നീട് ബസ് പ്രേമം മൂത്ത് ഫേസ്ബുക്കിൽ സജീവമായ കാലത്താണ് കുറെ ബസ് ഫാൻസിനെ കൂട്ട് കിട്ടുന്നത് അത് പിന്നെ നല്ല സൗഹൃദങ്ങളായി വളർന്നു ഇപ്പൊ കുറെ ശല്യവുമായി തുടങ്ങി….. അങ്ങിനെ കൂടെ കൂടിയ ഒരു ശല്യം ആണ് പി പി കെയുടെ ചരിത്രം തപ്പി ഇറങ്ങാൻ കാരണക്കാരൻ ആയത്…. ഒരു ശനിയാഴ്ച വെറുതെ ഇരിക്കുമ്പോ ആണ് സീഷന്റെ കോൾ വരുന്നത് നാളെ എന്താ പരിപാടി എന്നു ചോദിച്ച്… ഫ്രീ ആണെന്ന് പറഞ്ഞാല്‍ പണി ഉറപ്പായത് കൊണ്ട് ഒരു കല്യാണം ഉണ്ട് കോതമംഗലം എന്നു പറഞ്ഞു.. ഒറ്റക്കാണോ പോകുന്നത് എന്നു ചോദിച്ചപ്പോ അബദ്ധത്തിൽ അതെ എന്നു പറഞ്ഞും പോയി.. എന്നാൽ പി പി കെയുടെ ഉടമസ്ഥരെ കാണാൻ പോയാലോ എന്നു ചോദിച്ചു. മൂന്നാലു മാസമായി ഇവനും പി പി കെ ഭ്രാന്തൻ സുബിനും കൂടി ഒരു ചരിത്രാന്വേഷണം നടത്തി ഫീച്ചർ ഒരെണ്ണം ചെയ്യാം എന്നു പറഞ്ഞു കൂടീട്ട് സത്യത്തിൽ സുബിന്റെ വട്ടു സഹിക്കാൻ വയ്യാതെ ആണ് സീഷന്റെ വിളി..
ബസ് ഫാനിങ് ഒക്കെ ഒരു മൂലക്ക് ഒതുക്കി വരുവാരുന്നു. പക്ഷെ ദോഷം പറയരുതല്ലോ മറക്കാനാവാത്ത ഒരു അനുഭവം ആരുന്നു അന്നത്തെ ദിവസം.. അങ്ങിനെ അന്നത്തെ ദിവസം സദ്യയൂണും കഴിഞ്ഞു. ജന്മിയും അബ്കാരിയും കൂപ്പ് കോൺട്രാക്ടറും ആയിരുന്ന പി പി കുരിയാക്കോസ് എന്നയാളുടെ വണ്ടി പ്രസ്ഥാനത്തിലേക്കുള്ള കടന്നുവരവിന്റെ ചരിത്രം മാന്താൻ ഇറങ്ങി… കോതമംഗലത്തെ അവരുടെ തറവാട് വീടും പിന്നെ പി പി കെ ആൻഡ് സൺസിലെ മൂത്തയാൾ പി കെ പൗലോസ് എന്ന വല്യേട്ടന് എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അദ്ദേഹത്തിന്റെ വീടും പിന്നെ അവരുടെ യാർഡും ആരുന്നു ലക്ഷ്യം… ആദ്യം പോയത് വല്യേട്ടന്റെ വീട്ടിലേക്കാണ്… കോതമംഗലം സിറ്റിയിലെ ഒച്ചപ്പാടും ബഹളത്തിൽ നിന്നുമൊക്കെ മാറി കുറച്ച് ഉള്ളിലായിട്ടാണ് വീട്. പഴയകാല പ്രതാപം വിളിച്ചോതുന്ന 60കളിലെ ഒക്കെ ബംഗ്ലാവിനു തുല്യമായ ഒരു വലിയ വീട്. വല്യേട്ടനെ കാണാൻ പറ്റിയില്ലെങ്കിലും അദ്ദേഹത്തിന്റെ മകന് ബിനു ചേട്ടനെ കാണാൻ പറ്റി. എവിടെയോ പോകാൻ നിന്ന അദ്ദേഹത്തിന്റെ കുറച്ചു സമയം ഞങ്ങൾ കളഞ്ഞു. കുറെയധികം ബസ് കഥകളും ചരിത്രങ്ങളും കിട്ടി…
അവിടുന്ന് ഞങ്ങൾ പോയത് അവരുടെ തറവാട് വീട്ടിലേക്കാണ് കോതമംഗലം പെരുമ്പാവൂർ മെയിൻ റോഡ് സൈഡിൽ തന്നാണ് വീട്… വീടെന്നോക്കെ പറഞ്ഞാൽ പോരാ അതും ഒരു ബംഗ്ലാവ് തന്നാ പത്തിരുപത്തഞ്ചു മുറികൾ ഉള്ള ഒരു രണ്ട് നില വീട്… ഇപ്പൊ അവിടെ താമസം ജോർജ്കുട്ടി ചേട്ടനാണ്. ഉച്ചയുറക്കത്തിലായിരുന്ന പുള്ളിയുടെ ഉറക്കം കളഞ്ഞു പലതവണ കാളിങ് ബെൽ മുഴക്കി വാതിൽ തുറക്കാതെ കണ്ടപ്പോ തിരിച്ചു പോരാൻ തുടങ്ങിയ ഞങ്ങളുടെ മുന്നിലേക്ക് വാതിലിന്റെ പകുതി തുറന്നു ഉറക്കം കളഞ്ഞ സാമദ്രോഹികളെ തേടുന്നത് കണ്ടു… ഞങ്ങളെ കണ്ട അദ്ദേഹം വീട്ടിനകത്തേക്ക് ക്ഷണിച്ചു.. പഴയ വീടായതിനാലാവാം പുറത്തു നല്ല ചൂടുണ്ടായിട്ടും അകത്തു ഒരു ഫാൻ പോലുമില്ലാതെ ഇരുന്നിട്ടും ഞങ്ങൾക്ക് ചൂടുതോന്നിയതേയില്ല…..പിന്നെ ഒരുമണിക്കൂറുകളോളം വണ്ടിക്കഥകൾ… റോഡ് ഇല്ലാത്ത ഹൈറേഞ്ചിലെ പല സ്ഥലങ്ങളിലേക്കും ആദ്യമായി സർവീസ് നടത്തിയ അഭിമാനത്തിന്റെ കഥകൾ കെ എസ് ആർ ടി യും മറ്റു പ്രൈവറ്റ് ബസുകളും കടന്നു വരാൻ മടിച്ചിരുന്ന മലയോരമേഖലയെ കീഴടക്കിയ കഥകൾ….
50കളിൽ ആണ് പി കെ കുര്യാക്കോസ് എന്ന മുതലാളി ബസ് വ്യവസായത്തിലേക്കു കടന്നു വരുന്നത് അന്ന് ഹൈറേഞ്ചിലേക്ക് വിരലിൽ എണ്ണാവുന്ന ബസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.. അതും ഇന്നത്തെ പോലത്തെ നീളൻ വണ്ടികൾ അല്ല മൂക്ക് നീണ്ട കുഞ്ഞൻ വണ്ടികൾ രണ്ട് വശത്തേക്കുമായി ഇരിക്കുന്ന സീറ്റുകളോട് കൂടിയവ ആദ്യകാലങ്ങളിൽ ഇന്നത്തെപ്പോലെ ചുറ്റും തകിട് അടിച്ചതൊന്നുമാരുന്നില്ല കോഴിക്കൂട് പോലെ ചുറ്റും ഫ്രെയിം മാത്രം പടുത ഇട്ടു മൂടും മഴ വന്നാൽ… പിൽക്കാലത്താണ് പകുതി തകിടും അതിൽ പെയിന്റ് അടിച്ചും ബസ് ഇറങ്ങാൻ തുടങ്ങിയത്. അന്ന് ഇവിടെ ആളുകൾ കണ്ടിരുന്നത് മൂക്കുള്ള ഫോർഡിന്റെയും ബെൻസിന്റെയും ഷെവർലെയുടെയും ബസുകളാണ്. പൊതുഗതാഗതം വളരെ മോശമായിരുന്നു.
പെരുമ്പാവൂർ കോതമംഗലം റൂട്ടിൽ സർവീസ് നടത്തിക്കൊണ്ടാണ് പി പി കെ പൊതുഗതാഗത രംഗത്തേക്ക് കടന്നു വന്നത്. ഫാർഗോ ബസുകളോടെ 1950 കളിൽ പി പി കെ പെരുമ്പാവൂരിന്റെ രാജവീഥികളിൽ തേരോട്ടം തുടങ്ങി. ഇന്നത്തെ പെരുമ്പാവൂരല്ല അന്ന്.. ഇന്നത്തെ ടൗൺ ഇരിക്കുന്നിടത് കാര്യമായി ഒന്നും തന്നെ ഇല്ലായിരുന്നു. അന്ന് റയോൺപുരം എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ വല്ലം വരെ ആയിരുന്നു സർവീസ് അവിടെയായിരുന്നത്രെ ഒരുപാട് കമ്പനികൾ ഉണ്ടായിരുന്നത്. ആദ്യ കാലങ്ങളിൽ ഫാർഗോ ഫോർഡ് ഷെവർലെ നിർമിത ബസുകൾ ആയിരുന്നു അതും പെട്രോൾ ബസുകൾ. ഇന്നത്തെപോലെയല്ല മൂക്ക് നീണ്ട പുറകിൽ ഡോർ ഒക്കെ വച്ച കുഞ്ഞൻ വണ്ടികൾ.
അങ്ങനെയിരിക്കെ ആ കാലത്തു തമിഴ് നാട്ടിലെ ടി വി എസിൽ പോയി ഒരു ലെയ്ലാൻഡും വാങ്ങി ആണ് പി കെ കുര്യാക്കോസ് പി പി കെ എന്ന പ്രസ്ഥാനം ഹൈ റേഞ്ച് മേഖലയില്‍ കടന്നു ചെല്ലുന്നത്. KLE 105 നമ്പറിൽ അങ്ങിനെ എറണാകുളം ജില്ലയിലെ ആദ്യത്തെ ലെയ്ലാൻഡ് അതും മൂക്കില്ലാത്ത കുഞ്ഞൻ സുന്ദരൻ വണ്ടി ഓടിത്തുടങ്ങിയത്. മൂന്നാർ എറണാകുളം റൂട്ടിൽ അന്ന് മൂന്നാറിൽ നിന്നും എറണാകുളത്തിന് ആകെ ഉള്ളത് ഒരു സ്വരാജ് ബസ് ആണ്. പിന്നെ പി പി കെയ്ക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല ജനങ്ങളുടെ ആവശ്യപ്രകാരം ഒട്ടേറെ പെർമിറ്റുകൾ കാലാകാലം തുടങ്ങി. അതിൽ എടുത്തു പറയേണ്ടത് രാജാക്കാട്-മുവാറ്റുപുഴ ഒരു ഫാർഗോ ബസ് ആയിരുന്നു.
കോതമംഗലം, അടിമാലി, മൂന്നാര്‍, ചിന്നകനാല്‍, പൂപ്പാറ വഴി രാജാക്കാട്. പൂപ്പാറ വരെയേ അന്ന് റോഡ് ഉള്ളൂ അതും മൂന്നാറിൽ നിന്നും അന്ന് അടിമാലി രാജാക്കാട് റോഡ് ഇല്ല. പൂപ്പാറ മുതൽ രാജാക്കാട് വരെ കല്ലും മണ്ണും നിറഞ്ഞ ആളുകൾ വെട്ടിയ ഒരു റോഡ് ആണുണ്ടായിരുന്നത് ഏറെ ദുർഘടം പിടിച്ച യാത്ര ഒരുപാട് ടയറുകൾ പൊട്ടിച്ച ഒരുപാട് കേടുപാടുകൾ വരുത്തിവച്ച വഴി. അന്നൊക്കെ ലാഭം നോക്കാതെ സേവനത്തിനായാണ് ബസ് ഓടിച്ചത്. തന്റെ ചെറുപ്പത്തിലേ ഈ കഥകൾ ഓർത്തു പറഞ്ഞപ്പോൾ ജോർജ്കുട്ടി ചേട്ടന്റെ കണ്ണുകളില്‍ സിനിമയില്‍ ഒക്കെ പറയുന്നത് പോലെ ഒരു കൗമാരക്കാരന്റെ കണ്ണുകളിലെ വിസ്മയതിളക്കം കാണാമായിരുന്നു.
സ്വന്തം ബസുകൾക്കു ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യത്തിനായി മൂന്നാറിലും അടിമാലിയിലും കോതമംഗലത്തുമായി ഇന്ത്യൻ ഓയിൽ പമ്പുകളും തുടങ്ങി. ബസുകളുടെ എണ്ണം കൂടിയപ്പോ മുന്നാറിൽ സ്വന്തമായി ഒരു ഗ്യാരേജും ഒരു ഡിപ്പോയും അവർ തുടങ്ങി. വണ്ടികൾക്ക് എന്തെങ്കിലും തകരാറുകൾ വന്നാൽ അത് അന്നന്ന് പരിഹരിച്ചു പോന്നിരുന്നു.. അതിനായി ചിലപ്പോ മുന്നാറിൽ നിന്നും കോവിലൂരിൽ നിന്നും ബൈസൺ വാലിയിൽ നിന്നുമെല്ലാം കാലിക്കു മലയിറങ്ങുകയും കയറുകയും ചെയ്തിരുന്നു. അന്ന് ജനങ്ങൾക്ക് ആശ്രയിക്കാൻ മറ്റു വാഹനങ്ങള്‍ ഇല്ലായിരുന്നതിനാൽ ബിസിനസ് എന്നതിലുപരി ഇതൊരു സേവനംകൂടി ആയിരുന്നു അവർക്ക്.
പിൽക്കാലത്തു പി എം എസ് പോലെ ഒരുപാട് ഓപ്പറേറ്റർസ് മലകയറിയെങ്കിലും പി പി കെയുടെ ജനസമ്മതി കുറഞ്ഞതേയില്ല. എന്നിരുന്നാലും കാലത്തിന്റെ കുത്തൊഴുക്കിലും കെ എസ് ആർ ടി സിയുടെ കടന്നുകയറ്റത്തിലും മറ്റു ഓപ്പറേറ്റർമാർക്ക് എന്ന പോലെ അനിവാര്യമായ ആ വിടപറയൽ ഇവരെയും തേടിയെത്തി. ഉണ്ടായിരുന്ന മിക്ക സർവീസുകളും ഇന്ന് നിന്നുപോവുകയോ മറ്റാളുകൾക്കു വിൽക്കുകയോ ചെയ്തു. പഴയ പ്രതാപ കാലത്തിന്റെ ഓർമക്കായി മുണ്ടക്കയം സേനാപതി റൂട്ടിൽ ഓടുന്ന ബസ് മാത്രം നിലനിർത്തി…. കോതമംഗലം ടൗണിൽ തന്നെ ഇന്നും ചെന്നാൽ കാണാം കെട്ടുകഥകളെ വെല്ലുന്ന പ്രൗഢിയുടെ പുരാണം വിളിച്ചുപറയുന്ന പ്രായം ചെന്ന ഒരു ഓഫീസും പകുതിയിലേറെയും നശിച്ച വർക്ക്ഷോപ്പും ദ്രവിച്ചു തീരാറായ ഒരു ബസിന്റെ അസ്ഥികൂടവും….
2 എക്സ്പ്രസ്സ് 8 ഫാസ്റ്റ് പാസഞ്ചർ അടക്കം ഏകദേശം മുപ്പതിലേറെ പെർമിറ്റുകളിൽ സർവീസ് നടത്തിയിട്ടുണ്ട്. അതിൽ ചിലത് താഴെ കൊടുക്കുന്നു. – 1. റയോൺപുരം കോതമംഗലം, 2. പരീക്കണ്ണി മുവാറ്റുപുഴ ഭൂതത്താൻകെട്ട്, 3. ആലുവ മൂന്നാർ, 4. കോതമംഗലം കല്ലാർ, 5. മുവാറ്റുപുഴ മൂന്നാർ, 6. തൊടുപുഴ കുഞ്ചിത്തണ്ണി, 7. കുഞ്ചിത്തണ്ണി കോതമംഗലം, 8. കുഞ്ചിത്തണ്ണി മുവാറ്റുപുഴ, 9. മൂന്നാർ ആലുവ, 10. ഭൂതത്താൻകെട്ട് എറണാകുളം, 11. കോതമംഗലം പെരുമ്പാവൂര്‍, 12. കോതമംഗലം പൊന്മുടി, 13. അടിമാലി പൊന്മുടി, 14. അടിമാലി മൂന്നാർ, 15. കല്ലാർ ടോപ്സ്റ്റേഷൻ, 16. പാലാ ഗുരുവായൂർ, 17. പാലാ ശാന്തൻപാറ, 18. കോതമംഗലം ശാന്തൻപാറ, 19. കോതമംഗലം രാജാക്കാട്, 20. മുവാറ്റുപുഴ മുള്ളിരിങ്ങാട്, 21. കോഴിപ്പിള്ളി മട്ടാഞ്ചേരി, 22. നെച്ചൂർ സൂര്യനെല്ലി ചേർത്തല, 23. പിറവം ശാന്തൻപാറ , 24. ബൈസൺവാലി എറണാകുളം, 25. കുണ്ടള എറണാകുളം, 26. കോലാനി രാജാക്കാട്, 27. ആലുവ കോവില്ലൂർ, 28. കോവില്ലൂർ എറണാകുളം, 29. കാന്തല്ലൂർ ആലുവ, 30. ബൈസൺവാലി കോട്ടയം, 31. ആലുവ കാന്തല്ലൂർ, 32. മുവാറ്റുപുഴ ചെമ്മണ്ണാർ, 33. തൃപ്പൂണിത്തുറ ദേവികുളം, 34. രാജകുമാരി കോതമംഗലം, 35. ആലുവ സൂര്യനെല്ലി, 36. കാന്തല്ലൂർ തൊടുപുഴ, 37. കല്ലാർ പാലാ, 38. ആലുവ പഴയപടുതി, 39. പിണവൂർകുടി ചേർത്തല, 40. മുണ്ടക്കയം സേനാപതി, 41. കട്ടപ്പന കോലഞ്ചേരി, 42. ചേർത്തല സൈലന്റ് വാലി, 43. മുവാറ്റുപുഴ രാജാക്കാട്.
വിവരണം : ശരത് ശശി, www.privatebuskerala.com. ചിത്രങ്ങൾക്കും വിവരങ്ങൾക്കും കടപ്പാട് : PPK &സൺസ് ഉടമ, ജോൺ ചേട്ടൻ – ചെക്കർ, ബിനോയ് – അടിമാലി അസോസിയേഷൻ, പ്രകാശ് – PPK യിലെ പഴയ കണ്ടക്ടർ.