മലേഷ്യയുടെ സ്വന്തം കെ എൽ ടവറില്‍ നിന്നുള്ള കാഴ്ചകളും വിശേഷങ്ങളും..

ഗെന്റിംഗ് ഹൈലാന്‍ഡില്‍ നിന്നും ഞങ്ങള്‍ ബസ്സില്‍ യാത്രചെയ്ത് രാത്രിയോടെ ക്വലാലംപൂരില്‍ എത്തി. ബസ്സിലെ ടീമിനൊപ്പം ഉണ്ടായിരുന്ന ഗൈഡ് ഒരു മലേഷ്യന്‍ യുവതിയായിരുന്നു. ബസ്സിലെ യാത്രക്കാരായ പോണ്ടിച്ചേരിയില്‍ നിന്നും വന്ന അണ്ണന്‍മാരെയെല്ലാം കൊഞ്ചം കൊഞ്ചം തമിഴ് പറഞ്ഞുകൊണ്ട് പുള്ളിക്കാരി പിടിച്ചിരുത്തി. എല്ലാവരുമായും പുള്ളിക്കാരി നല്ല കമ്പനിയായിരുന്നു.

മലേഷ്യയിലെ ഉയരംകൂടിയ കെട്ടിടങ്ങളില്‍ ഒന്നാണ് കെഎല്‍ ടവര്‍. 6 നിലകളുള്ള ഈ ടവറിന്റെ ഉയരം 420 മീറ്ററാണ്. അപ്പോള്‍ ഈ ടവറില്‍ എത്ര നിലകള്‍ ഉണ്ടായിരിക്കും എന്നു ഒന്നൂഹിച്ചു നോക്കാമോ? അധികമൊന്നും തലപുകയ്ക്കണ്ട. ഈ ടവറില്‍ ആകെ നാലു നിലകളെയുള്ളൂ. കാരണം ഇതൊരു ടെലി കമ്യൂണിക്കെഷന്‍ ടവര്‍ ആണ്. രാത്രിയിലാണ് ഈ ടവര്‍ കാണുവാന്‍ വളരെ ഭംഗി. ഈ ടവറിന്‍റെ ഏറ്റവും മുകളിലെ നിലയില്‍ നിന്നാല്‍
ക്വാലാലംപൂര്‍ നഗരത്തിന്‍റെ 360 ഡിഗ്രീ കാഴ്ചകള്‍ കാണുവാന്‍ സാധിക്കും.

ടിക്കറ്റ് എടുത്തശേഷം ഞങ്ങള്‍ ലിഫ്റ്റില്‍ കയറി മുകളിലേക്ക് യാത്രയായി. നിസ്സാര സെക്കന്‍ഡുകള്‍ കൊണ്ടാണ് ലിഫ്റ്റ്‌ താഴെ നിന്നും ഏറ്റവും മുകളില്‍ എത്തുന്നത്. അത്ര സ്പീഡ് ഉണ്ടായിരുന്നിട്ടും ഉള്ളില്‍ നില്‍ക്കുന്ന നമ്മള്‍ ഒന്നും അറിയുകയേ ഇല്ല. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും ഈ ലിഫ്റ്റില്‍ കയറുവാന്‍ പാടില്ല എന്ന് അവിടത്തെ ജീവനക്കാര്‍ പറയുകയുണ്ടായി.

രാത്രി കുറച്ച് വൈകിയതിനാല്‍ ടവറില്‍ ആളുകള്‍ കുറവായിരുന്നു. മുകളില്‍ പല ഭാഗങ്ങളിലായി ബൈനോക്കുലറുകള്‍ വെച്ചിട്ടുണ്ട്. അതിലൂടെ നോക്കിയാല്‍ അങ്ങകലെയുള്ളവ തൊട്ടടുത്ത് കാണുവാന്‍ സാധിക്കും. അകലെയുള്ള കെട്ടിടങ്ങളില്‍ നില്‍ക്കുന്ന ആളുകളെ വരെ നന്നായി കാണുവാന്‍ ഇതുവഴി സാധിക്കും. അടിപൊളി അനുഭവം തന്നെ…

ടവറില്‍ നിന്നുള്ള കാഴ്ചകള്‍ എല്ലാംതന്നെ ചുറ്റിനടന്നു കണ്ടതിനുശേഷം ഞങ്ങള്‍ താഴെ നിലയിലേക്ക് ഭക്ഷണം കഴിക്കുവാനായി പോയി. നല്ലൊരു നോര്‍ത്ത് ഇന്ത്യന്‍ റെസ്റ്റോറന്റിലായിരുന്നു ഞങ്ങള്‍ കയറിയത്. ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ നമ്മുടെ പോണ്ടിച്ചേരിയില്‍ നിന്നും വന്ന അണ്ണന്മാര്‍ ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു. ഭക്ഷണം എടുത്തുകൊണ്ട് വന്നശേഷം ഞങ്ങള്‍ക്കായി റിസര്‍വ്വ് ചെയ്തിരുന്ന ടേബിളില്‍ ചെന്നിരുന്നു കഴിച്ചു. ഒപ്പം സഞ്ജീവ് ഭായിയും രാജു ഭായിയും ഉണ്ടായിരുന്നു.

ഭക്ഷണം കഴിച്ചശേഷം ഞങ്ങള്‍ അതേ ബസ്സില്‍ത്തന്നെ യാത്രയായി. ഞങ്ങളെ ഒരിടത്ത് ഡ്രോപ്പ് ചെയ്യാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. സഞ്ജീവ് ഭായിക്ക് എന്തോ തിരക്കുകള്‍ കാരണം ഞങ്ങളെ ഡ്രോപ്പ് ചെയ്യുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. അതുകൊണ്ടാണ് ഞങ്ങളെ ബസ്സില്‍ കയറ്റി വിട്ടത്. ബസ്സിറങ്ങുന്ന സ്ഥലം കണക്കാക്കി സഞ്ജീവ് ഭായ് ഞങ്ങള്‍ക്കായി ഒരു യൂബര്‍ ടാക്സിയും ബുക്ക് ചെയ്തു. പക്ഷെ ഞങ്ങള്‍ ബസ്സിറങ്ങിയ സ്ഥലവും യൂബര്‍ പിക്കപ്പ് സ്ഥലവും തമ്മില്‍ കുറച്ച് ദൂരം ഉണ്ടായിരുന്നു. സത്യത്തില്‍ ഞങ്ങള്‍ക്കും ബസ് ഡ്രൈവര്‍ക്കും തെറ്റിയതാണ്. യൂബര്‍ ഡ്രൈവറെ ഞങ്ങള്‍ ഇറങ്ങിയ സ്ഥലം പറഞ്ഞുകൊടുക്കുത്തു മനസ്സിലാക്കുന്നതിന്‍റെ ബുദ്ധിമുട്ട് ഓര്‍ത്ത് പിന്നെ ഞങ്ങള്‍ അവിടുന്ന് നടത്തമാരംഭിച്ചു.

തെരുവില്‍ വാഹനങ്ങളും ആളുകളും കുറവായിരുന്നു. ചൈനീസ് ന്യൂയറിന്‍റെ ഭാഗമായി എല്ലായിടത്തും ചുവന്ന ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു. പിന്നെ ഇവിടെ കണ്ട മറ്റൊരു പ്രത്യേകതയെന്തെന്നാല്‍ സൈക്കിളുകള്‍ക്ക് പോകുവാന്‍ റോഡില്‍ പ്രത്യേകം ട്രാക്കുകള്‍ ഉണ്ട് എന്നുള്ളതാണ്. ഏകദേശം അഞ്ചു മിനിറ്റ് നടത്തത്തിനുശേഷം ഞങ്ങള്‍ യൂബര്‍ പിക്കപ്പ് പോയിന്റില്‍ എത്തി. അവിടെ ഞങ്ങളെയും കാത്ത് യൂബര്‍ ഡ്രൈവര്‍ കിടപ്പുണ്ടായിരുന്നു. അങ്ങനെ കാറില്‍ക്കയറി ഞങ്ങള്‍ ഹോട്ടലിലേക്ക് യാത്രയായി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply