ആനയും കടുവയും ഇറങ്ങുന്ന ‘ചേകാടി’ എന്ന വയനാടൻ അതിർത്തി ഗ്രാമത്തിലേക്ക് ഒരു യാത്ര…

വിവരണം – ലിജ സുനിൽ.

പുൽപള്ളിയിലെ വീട്ടിൽ നിന്നിറങ്ങുമ്പോ 5 മണി യോടടുത്തിരുന്നു. പുൽപള്ളിയിൽ നിന്നും വനഗ്രാമമായ ചേകാടിയിലേയ്ക് 12 KM ആണ് ദൂരം. വയനാട് ജില്ലയും കര്‍ണാടകത്തിലെ മൈസൂര്‍ ജില്ലയും അതിര്‍ത്തി ഭാഗിക്കുന്ന കബനീ നദിയുടെ തിരത്തെ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് ചേകാടി. പുൽപ്പള്ളി മെയിൻ റോഡിൽ നിന്നും ഒരു ഇട റോഡിലേയ്ക്ക് കയറി. വീടുകളും തോട്ടങ്ങളും പുറകിലേയ്ക് ഓടി മറഞ്ഞു. ഏതാനും മിനിറ്റുകൾക്കുളിൽ തുറന്നു വച്ചിരിക്കുന്ന പച്ച ഗേറ്റിലൂടെ കാടിനകത്തേയ്ക്…. ആ ഗേറ്റിന്റെ ഉൾ വശത്ത്‌ നിറയെ ഇരുമ്പു മുള്ളുകൾ പിടിപ്പിച്ചിരുന്നു. ഉദ്ദേശം ആരും പറയാതെ തന്നെ മനസിലായി.

തുടക്കത്തിൽ അത്ര ഗാഢമല്ലാത്ത ആ കാട് വേഗം തന്നെ കടുത്ത പച്ചകളുടെ ഇരുളിമ കാണിച്ചു തന്നു. വണ്ണമുള്ള വള്ളികൾ ചുറ്റിയ വലിയ മരങ്ങളും ഇടയ്ക് ഇല്ലി കാടും നിറഞ്ഞ ആ കാടിനു വല്ലാത്തൊരു വശ്യത തോന്നി. ചിലയിടതെല്ലാം ഇലക്ട്രിക്ക് ഫെൻസ് ഉണ്ട്. ചിലയിടത്ത് കിടങ്ങുകളും. വലിയ പാടശേഖരങ്ങൾ കണ്ടു തുടങ്ങി. ഇടയ്ക് ഗ്രാമവാസികളുടെ വീടുകൾ. പാടങ്ങളുടെ അരികിലുള്ള വലിയ മരങ്ങളിൽ നിരവധി ഏറു മാടങ്ങൾ. മൂന്നു വശവും കാടിനാലും ഒരു വശം കബനിയാലും ചുറ്റപ്പെട്ട ഗ്രാമമാണ്‌ ചേകാടി. സേര്‍തൊട്ടു എന്ന കന്നട പദമാണ് ചേകാടിയായി മാറിയത്. വയനാട്ടിലെ ആദ്യജനവാസ ഗ്രാമങ്ങളിലൊന്ന്.

ഏതാണ്ട് 600 വർഷം മുൻപ് മുതൽ കബനിയുടെ കരയായ ചേകാടിയിൽ ജനവാസമുണ്ടായിരുന്നുവെന്ന് പറയുന്നു. മലബാർ മാന്വലിൽ ചേകാടിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പുൽപള്ളിയുണ്ടാവും മുൻപ് ചേകാടിയായിരുന്നു ജനവാസ കേന്ദ്രം. പുൽപള്ളി പഞ്ചായത്തുകളിൽ മാത്രമുള്ള ഇടനാടൻ ചെട്ടി സമുദായവും ,അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി തുടങ്ങിയ ആദിവാസികളുമാണ് ചേകാടിയിലെ താമസക്കാർ. കര്‍ണാടകയില്‍ നിന്നു കുടിയേറിയ പുരാതന കുടിയേറ്റ ജനതയായ ചെട്ടിമാരുടെ സംസ്‌കാരമാണ് ചേകാടിയിൽ കാണാനാവുക.

കരയേക്കാളേറെ വയലുകൾ ഉള്ള ഗ്രാമമാണ് ചേകാടി. വന്യമൃഗശല്യം ഏറെ രൂക്ഷമായ ഈ സ്ഥലത്താണ് കേരളത്തിൽ ആദ്യമായി കിടങ്ങ് നിർമിച്ചത് . വൈദ്യുതി വേലിയും പലവട്ടം നിർമിച്ചുവെങ്കിലും മൃഗശല്യത്തിന് കുറവില്ല. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പിവിടെ പാല്‍തൊണ്ടി, ചോമാല, മുള്ളന്‍ ചണ്ണ, തവളക്കണ്ണന്‍, പെളിയന്‍, സണ്‍ബത്ത, ഗന്ധകശാല, ജീരകശാലതുടങ്ങിയ പഴയ നെല്ലിനങ്ങള്‍ നൂറുമേനി വിളഞ്ഞിരുന്നു. കാലക്രമേണ ഇവയെല്ലാം അപ്രത്യക്ഷമായി. പിന്നീട് പഴയ നെല്ലിനമായ ഗന്ധകശാലയെ തിരിച്ചു കൊണ്ടുവന്നതും ചേകാടിയിലെ കര്‍ഷകരാണ്.

മുന്നൂറ് വര്‍ഷം പിന്നിട്ടിട്ടും ഐശ്വേര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന കവിക്കല്‍ തറവാടാണ് ചേകടിയിൽ സന്ദർശകരെ ആകർഷിക്കുന്ന മറ്റൊരു കാഴ്ച്ച . തട്ടുതട്ടായി നിര്‍മിക്കുന്ന വീടിന് ജനലുകളുണ്ടാവില്ല. മണ്ണ് കൊണ്ടുള്ളതും പുല്ലുമേഞ്ഞതുമായ വീട് ഏത് കാലാവസ്ഥയേയും പ്രതിരോധിക്കുന്നവയാണ്. വന്യമൃഗ ആക്രമങ്ങളില്‍ നിന്നും മോഷ്ടാക്കളില്‍ നിന്നും രക്ഷനേടാനുതകുന്ന രീതിയിലുള്ള നിര്‍മാണമാണ് വീടിന്റേത്. പ്രേതാത്മാക്കൾക്കായി ഒരു ക്ഷേത്രവും ഈ ഗ്രാമത്തിൽ ഉണ്ട് എന്നത് രസകരമായി തോന്നി. അതു സംബന്ധിച്ചു കുറച്ചു കഥകളും അവരുടെ ഇടയിൽ ഉണ്ട്. അതുകൊണ്ട് തന്നെ രാത്രിയാത്ര അവർ അത്ര ചെയ്യാറില്ല. ഇതിലൊന്നും വിശ്വാസമില്ലാത്ത ന്യൂ ജനറേഷനെയും അവടെ കണ്ടു. 6 മണിയ്ക് മുൻപായി കർണാടക ചെക്ക് പോസ്റ്റ് കടക്കേണ്ടിയിരുന്നത് കൊണ്ട് കബനിയുടെയും ആ തറവാടിന്റെയും ക്ഷേത്രത്തിന്റെയും ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞില്ല.

മണ്ണിനേയും കാടിനേയും അകമഴിഞ്ഞ് സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ചേകാടിക്കാരുടെ പ്രധാന കൃഷി ഗന്ധകശാല നെല്ലാണ്. ഈ നെല്ല് പൂവിടുമ്പോൾ മുതൽ പാടത്ത് സുഗന്ധമാണ്. പാടത്ത് നെല്ല് നടുന്നത് മുതൽ കൊയ്ത് കഴിയുംവരെ പാടത്ത് കാവലിരിക്കുന്ന കർഷകരെ ഇവിടെ കാണാം. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപാരംഭിച്ച ചേകാടി സ്കൂൾ ഇന്നും നാലാം ക്ലാസിൽ തന്നെ നിൽക്കുന്നു എന്നുള്ളത് അല്പം വിഷമവും കൗതുകവും തോന്നിപ്പിച്ചു. ഇപ്പോൾ KSRTC യുടെ 3 ട്രിപ്പുകൾ ഉണ്ട്. ഒരു പ്രൈവറ്റ് ബസും ഓടുന്നുണ്ട്.

മുൻപ് കാടും അരുവിയും മുറിച്ചു കടക്കാനാവാതെ 4 ആം ക്ലാസിൽ പഠനം അവസാനിപ്പിക്കുകയായിരുന്നു ഗ്രാമവാസികളിൽ പലരും കബനിയ്ക് കുറുകെ പാലം വന്നതോടെ ചേകാടിക്കാരുടെ കുറെ ബുദ്ധിമുട്ടുകൾ മാറികിട്ടി. എങ്കിലും സന്ധ്യകഴിഞ്ഞാൽ ആനകൂട്ടവും പന്നിക്കൂട്ടവും പാടത്തിറങ്ങും. ചിലപ്പോൾ രാത്രി യാത്രകളിൽ കടുവയും പുലിയും ദർശനം തരാറുണ്ട്. പ്രത്യേകിച്ചും പുൽപള്ളിയിലെക്കുള്ള KSRTC യുടെ ലാസ്റ്റ് ട്രിപ്പിൽ.

യാത്രയിൽ കമ്പനിയുടെ മനോഹര ദൃശ്യം കാണാം. പാറകളിൽ തട്ടി ചിന്നി ചിതറി ഒഴുകുന്ന കബനി. ഒന്നിറങ്ങാൻ ആരും കൊതിച്ചു പോകും. പുഴയിൽ ചീങ്കണ്ണികൾ ഉണ്ടെങ്കിലും പ്രശ്നക്കാരല്ല. ഗ്രാമവാസികൾ കുളിക്കുന്നത് കാണാമായിരുന്നു. ചേകാടി ഗ്രാമം കടന്നു എത്തുന്നത് ബാവലിയിലേക്കാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് മുസ്ലീം മതപ്രബോധനത്തിന്റെ സന്ദേശവുമായി ഈ ഗ്രാമത്തിലെത്തിയ മതപണ്ഡിതനും ദിവ്യനുമായ ബാവ ഒലി തങ്ങൾ ഈ ഗ്രാമത്തിൽ അന്തിയുറങ്ങുന്നു. തങ്ങളുടെ പേരിൽ നിന്നാണ് ഈ ഗ്രാമത്തിനു ബാവലി എന്ന പേരു വന്നതെന്ന് പറയപ്പടുന്നു. ഈ ദിവ്യന്റെ മക്ബറ വണങ്ങാൻ ഇപ്പോഴും തീർത്ഥാടകർ എത്തിക്കൊണ്ടിരിക്കുന്നു.

ഇടതുവശത്ത് നല്ല കാടാണ്. വലതുവശത്ത് ചിലയിടത്ത് ജനവാസം. എങ്കിലും മുക്കാൽസമയവും നല്ല കാട്ടിലൂടെയാണ് നമുക്കു സഞ്ചരിക്കേണ്ടിവരുക. ബേഗൂർ റിസർവ് ഫോറസ്റ്റിന്റെ പരിധിയിലൂടെയാണു യാത്ര. ഏറെ ആന താരകൾ ഉള്ളയിടമാണിത്. റോഡ് സൈഡിൽ പെട്ടെന്ന് ശ്രദ്ധിക്കുന്ന ഒരു ആൽമരം ഉണ്ട്. ആ മരത്തിന് കീഴെ ഇരുന്നാണത്രേ ബ്രിടീഷുകാർ പഴശ്ശിയെ കുടുക്കാനുള്ള തന്ത്രങ്ങൾ മെനഞത്. ആൽ കടന്ന് ചെറിയ പാലവും കടന്നാൽ കർണാടകയുടെ നഗർഹോളെ നാഷണൽ പാർക്ക് ആയി.

ചെക്പോസ്റ്റിൽ പ്രത്യേകിച്ചു പരിശോധനയൊന്നും ഉണ്ടായില്ല. രാവിലെ ആറിനാണ്​ ബാവലിയിലെ ​കർണാടക കേരള അതിർത്തി ചെക്ക്​പോസ്​റ്റ്​ തുറക്കുക. രാത്രിയാത്ര വിലക്കുള്ള റൂട്ടാണിത്​. മാനന്തവാടിയിൽനിന്നാണ് വരുന്നതെങ്കിൽ മൈസൂരിലേക്ക്​ രണ്ട്​ വഴികളുണ്ട്​. കുട്ട-നാഗർഹോള വഴിയും ബാവലി -എച്ച്​.ഡി കോട്ട വഴിയും. വടക്കേ വയനാടിനെ കര്‍ണാടകയുമായി ഏറ്റവും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ഈ പാതയില്‍ നാഗര്‍ഹോള കടുവാസങ്കേത പരിധിയിലെ ഉത്കൂറിനും ഹൊന്നമനംഗട്ടക്കുമിടയില്‍ ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരം ഏത് സഞ്ചാരിയെയും തൃപ്തിപ്പെടുത്തും.

കാഴ്​ചാ വൈവിധ്യം കൊണ്ടും സഞ്ചാര സുഖം കൊണ്ടും മികച്ച യാത്രയാകും ഇത്‌. കടുവാസങ്കേതത്തിലൂടെയുള്ള യാത്ര മനംകുളിര്‍പ്പിക്കും. ആനയും മാനും മയിലും കാട്ടിയുമെല്ലാം പലപ്പോഴും റോഡരികിൽ നിന്നു നമ്മെ വിസ്മയിപ്പിക്കും. ബാവലിക്കും എച്ച്.ഡി.കോട്ടയ്ക്കും ഇടയിലാണ് തെന്നിന്ത്യയിലെ സുപ്രസിദ്ധമായ ബെള്ള ആനവളര്‍ത്തല്‍ കേന്ദ്രവും. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പക്ഷെ അപ്രതീക്ഷിതമായി വന്ന വേനൽ മഴ ആ യാത്രാ പ്ലാൻ പൊളിച്ചു കൈയ്യിൽ തന്നു. പിന്നീട് വളരെ പതുക്കെ വന്ന വഴിയിലൂടെ ചേകാടിയിൽ കൂടി തന്നെ മടങ്ങാൻ തീരുമാനിച്ചു.

കർണാടക നഗർഹോളെ വനത്തിനുള്ളിൽ അടുപ്പിച്ചുള്ള നിരവധി ഹമ്പുകൾ ചാടി ചാടി ആകെ ഒരു അസ്വസ്ഥത. ചെകാടിയിൽ എത്തിയപ്പോഴേക്കും വാള് വയ്ക്കാതെ നിവൃത്തി ഇല്ല എന്നായി. വണ്ടി പതുക്കെ ഒതുക്കുമ്പോ മുൻപിൽ ഉള്ള ജീപ്പിൽ ഉണ്ടായിരുന്ന ആ നാട്ടുകാർ കൈ കൊണ്ട് എന്തോ കാണിച്ചു. മറു ഭാഗത്ത് ആന…. അല്ല ആനകൂട്ടം…. 9 എണ്ണത്തിനെ നന്നായി കണ്ടു. ബാക്കിയുള്ളവർ നീങ്ങി നിൽപ്പുണ്ടായിരിക്കാം… കർണാടക യിലെ ടൈഗർ റീസെർവിലൂടെ പോയിട്ടും കാണാൻ കഴിയാതിരുന്ന ആ കാഴ്ച്ച നൽകി ചേകാടി ഞങ്ങളെ യാത്രയാക്കി….

യാത്രക്കായി ഗ്രൗണ്ട് ക്ലീരെൻസ് ഉള്ള വാഹനങ്ങൾ ആണെങ്കിൽ നല്ലത്. 4 km off road ഉണ്ട്. വളരെ പതുക്കെ പോവുക. കാഴ്ചകൾ കാണുവാൻ മാത്രമല്ല. ഗ്രാമവാസികളുടെയും വന്യമൃഗങ്ങളുടെയും ആരോഗ്യത്തിനും അതാവും നല്ലത്. ചേകാടിയിലേയ്ക് കടക്കുമ്പോ ഉള്ള ഗേറ്റ് രാവിലെ ആദ്യ യാത്രക്കാരൻ നമ്മൾ ആണെങ്കിൽ മറു ഭാഗത്ത്‌ മൃഗങ്ങൾ ഇല്ല എന്നുറപ്പ് വരുതിമാത്രം ഗേറ്റ് തുറക്കുക.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply