എറണാകുളം ജില്ലയിലെ ഹരിതാഭമായ ഇടമലയാർ-വടാട്ടുപ്പാറ യാത്ര..!!

ഒരു ശനിയാഴ്ച വീട്ടിൽ ഇരുന്നപ്പോ ഞായറാഴ്ച ഒരു യാത്ര പോയാലോ എന്നൊരാലോചന.. യാത്ര എന്നു പറയുമ്പോ വൺഡേ റൈഡ്.. ബൈക്കു ഓടിക്കുക, പ്രകൃതി ആസ്വദിക്കുക.. പെട്ടെന്നു ഓർമ വന്ന സ്ഥലം ഇടമലയാർ ആണ്, ഒരിക്കൽ ഭൂതത്താൻകെട്ടു ഡാം കാണാൻ പോയപ്പോൾ പറഞ്ഞുകേട്ടതാ, അന്ന് പോകാൻ പറ്റിയില്ല.. ഉടനെ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മെസേജ് ഇട്ടു.. 3-4 ഗ്രൂപ്പുകളിൽ നിന്നും മെസ്സേജ് വന്നു.. എത്ര മെസ്സജുകൾ വന്നാലും അവസാനനിമിഷം ഒരാളെങ്കിലും ഉണ്ടായാൽ ഭാഗ്യം.. ഒറ്റക്കായാലും പോകാൻ ഞാൻ തീരുമാനിച്ചിരുന്നു..

പതിവുപോലെ 5-6 പേർ ഓക്കെ പറഞ്ഞു.. ഞാൻ പോകുന്ന റൂട്ട് ഒക്കെ പറഞ്ഞു എല്ലാം സെറ്റ് ആക്കി.. രാവിലെ ഒരു 7 മണിക്ക് പുറപ്പെടാം എന്നു ടൈംഉം ഫിക്സ് ചെയ്തു.. രാത്രി ആയപ്പോൾ 4 പേർ സ്കൂട്ടായി.. ജോയലും നവീനും മാത്രമായി.. എന്തായാലും പോകാൻ തീരുമാനിച്ചു.. രാത്രി ആയപ്പോൾ നവീന്റെ മെസ്സേജ്, അവന്റെ ഒരു ഫ്രണ്ട് കൂടിയുണ്ട്, വരാൻ പറയട്ടെ എന്നു.. ഡബിൾ ഓകെ പറയാൻ പറഞ്ഞു.. മീറ്റ് ചെയ്യാനുള്ള സ്ഥലവും ഫിക്സ് ആക്കിയിട്ട്, 6 മണിക്ക് അലാറം വെച്ചിട്ട് ഉറങ്ങാൻ കിടന്നു.. എത്ര ചെറിയ യാത്ര ആയാലും പോകുന്നതിന്റെ തലേന്ന് ശെരിക്കും ഉറങ്ങാൻ പറ്റാറില്ല.

വെളുപ്പിനു 5.30 നു തന്നെ ഉണർന്നു, എന്താണെന്നറിയില്ല.. യാത്ര പോകുമ്പോ മാത്രമാണ് ഇങ്ങനെ സംഭവിക്കാറുള്ളത്.. അലാറം അടിക്കുന്നതിനു മുൻപ് നമ്മൾ എണീക്കും.. പരീക്ഷക്കൊക്കെ ഇതു നടന്നിരുന്നേൽ നമ്മളൊക്കെ ഇവിടെ എത്തിയേനെ.. പ്രത്യേകിച്ച് പാക്കിങ് ഒന്നും ഉണ്ടായില്ല.. എവിടെങ്കിലും വെള്ളത്തിൽ ചാടാൻ ആയിട്ടു ഒരു തോർത്തും ബോക്സറും എടുത്തു.. 6.15 ആയപ്പോൾ കുളിച്ചു റെഡി ആയി, നേരെ പിള്ളേരെ വിളിച്ചു.. രണ്ടുപേരും ഫോൺ എടുക്കുന്നില്ല.. കുറച്ചു കഴിഞ്ഞു ജോയൽ വിളിച്ചു കൃത്യം 7ന് എത്തും എന്നു പറഞ്ഞു.. അപ്പോൾ തന്നെ നവീനും വിളിച്ചു റെഡി ആയിട്ട് ഇരിക്കുവാണെന്നു പറഞ്ഞു.. ഞങ്ങൾ ഇറങ്ങുമ്പോൾ വിളിക്കാം എന്നു പറഞ്ഞു.

7 ആയപ്പോൾ ജോയൽ എത്തി.. വീട്ടിൽ ചെറിയ പ്രശ്നം (ആ സമയത്തു ഇടമലയാർ ഭാഗത്തു കാട്ടാനക്കൂട്ടം ഇറങ്ങി പ്രശ്നമായി ന്യൂസ്പേപ്പറിൽ ഒക്കെ വന്നതാ), ഒരു സീനും ഇല്ല എന്നൊക്കെ പറഞ്ഞു വീട്ടുകാരെ ആശ്വസിപ്പിച്ചു ഇറങ്ങി.. നേരെ കരുമാലൂർ.. അതാണ് മീറ്റിംഗ് പോയിന്റ്.. ഞാനും ജോയലും വരാപ്പുഴക്കാരാണ്, നവീനും ഫ്രണ്ട്ഉം ഫ്രം പറവൂർ.. അങ്ങനെ 7.30 ഒക്കെ ആയപ്പോൾ എല്ലാരും കണ്ടുമുട്ടി, നവീന്റെ ഫ്രണ്ട് സച്ചിനെ പരിചയപെട്ടു, അങ്ങനെ നേരെ പോകാൻ തീരുമാനിച്ചു.. (അവിടുന്നു ആലുവ-പെരുമ്പാവൂർ-കോതമംഗലം-കീരംപാറ-ഭൂതത്താൻകെട്ടു-ഇടമലയാർ)

രാവിലെ ബൈക്ക് ഓടിക്കാൻ ഒരു പ്രത്യേക രസമാണ്, കാറ്റൊക്കെ കൊണ്ട് അങ്ങനെ പോകാം.. അധികം ദൂരം ഇല്ലാത്തതുകൊണ്ട് ഞങ്ങൾ പതിയെ ആണ് പോയത്.. 8.30 ഒക്കെ കഴിഞ്ഞപ്പോൾ ഭൂതത്താൻകെട്ടു ഡാമിന്റെ അടുത്ത് എത്തി.. അപ്പഴേക്കും വിശപ്പിന്റെ വിളി എത്തി.. പിന്നെ അങ്ങോട്ട് പോയാൽ കടകളും കാണില്ല.. അവിടെ കണ്ട ചായക്കടയിൽ കയറി, പൊറോട്ട മാത്രം ഒള്ളു അവിടെ, അതുകൊണ്ട് കാപ്പിയും ബണ്ണും കഴിച്ചു വിശപ്പടക്കി.. കുറച്ചു ബിസ്ക്കറ്റും, ചിപ്സും, വെള്ളവും വാങ്ങി ബാഗിൽ വെച്ചു.. ഇറങ്ങാൻ നേരം പുള്ളിയുടെ മുന്നറിയിപ്പ്.. ഇടമലയാർ ഭാഗത്തേക്ക് ആണ് പോകുന്നതെങ്കിൽ സൂക്ഷിക്കണം, ആനയൊക്കെ ഇറങ്ങുന്നുണ്ട് എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു.

ഞങ്ങൾ അവിടുന്നു ഇറങ്ങി, ഇനിയെങ്ങാനും ആന വരുമോ എന്നൊരു പേടി ഉള്ളിന്റെയുള്ളിൽ ഇല്ലാതെയില്ല.. എന്തായാലും വരുനിടത്തു വെച്ചു കാണാം.. ഭൂതത്താൻകെട്ടു ഡാം ഒക്കെ കഴിഞ്ഞു മുൻപോട്ട് പോയി.. അവിടുന്ന് ഏകദേശം 13km ഉണ്ട് ഇടമലയാറിലേക്ക്.. അതാ തുടങ്ങി കാട്ടുവഴി.. കൊടുംകാടൊന്നും അല്ല, എന്നാലും കൊള്ളാം.. കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ അതാ വഴി രണ്ടായിട്ടു പിരിയുന്നു.. ഇടത്തേക്ക് ഇടമലയാർ, വലത്തേക്ക് വടാട്ടുപ്പാറ, ഞങ്ങൾ ഇടത്തേക്ക് യാത്ര തുടർന്നു.. ഇത്തിരി കൂടി മുന്നോട്ട് പോയപ്പോൾ അതാ റോഡിനിരുവശവും നല്ല സൂപ്പർ കാട്, നല്ല ഒന്നാന്തരം ദൃശ്യവിരുന്ന്.. അപ്പോഴാണ് ആ കാഴ്ച കണ്ടത്, റോഡിൽ കിടക്കുന്നു ആനപ്പിണ്ടം.. പ്ലിങ്..!! ഫ്രഷ് ആണ്, പിന്നെ കരുതലോടെയായി യാത്ര.. വളവുകൾ എത്തുമ്പോൾ ആണ് പ്രധാനമായും സൂക്ഷിക്കേണ്ടത്.. അങ്ങനെ പോയിപോയി അവസാനം ഒരു ഗേറ്റിന്റെ അടുത്തെത്തി, ഒരു ചെക്ക്പോസ്റ്റ് പോലത്തെ സംഭവം, ആരെയും കണ്ടില്ല.. അവിടെ ഒരു ബോർഡ് കണ്ടു, KSEB ഇടമലയാർ..

ഞങ്ങൾ ഫോട്ടോ എടുക്കാൻ തുടങ്ങുമ്പോൾ ഒരാൾ വന്നു എന്താ കാര്യം എന്നന്വേഷിച്ചു.. ഡാം കാണാൻ വന്നതാണ് എന്നു പറഞ്ഞു, ഇവിടെ സന്ദർശകർക്ക് ഒന്നും അനുമതി ഇല്ല എന്നുപറഞ്ഞ്, പുള്ളി നേരെ കണ്ട റൂമിലേക്ക് കയറിപ്പോയി.. എവിടുന്നു അനുമതി കിട്ടും, എന്താണ് സന്ദർശനം വിലക്കിയിരിക്കുന്നത്, എന്നിങ്ങനെ കുറച്ചു ചോദ്യങ്ങൾ ഉണ്ടായെങ്കിലും അതു അപ്പാടെ വിഴുങ്ങി.. ഒരു മനസാക്ഷി ഇല്ലാത്ത ഉദ്യോഗസ്ഥൻ.. ഞാൻ പുള്ളിയുടെ ഒരു 10 തലമുറയെ ഒറ്റയടിക്ക് ഒന്നു സ്മരിച്ചു, വേറെ ഒന്നും ചെയ്യാനില്ല..

അവസാനം നേരത്തെ ബോർഡ് കണ്ട വടാട്ടുപ്പാറയിലേക്ക് പോകാൻ തീരുമാനിച്ചു.. തിരിച്ചു പോരുന്ന വഴി ഇടത്തേക്ക് കോണ്ക്രീറ്റ് ചെയ്ത ഒരു ഉള്ളുവഴി കണ്ടു.. മാപ്പിൽ നോക്കിയപ്പോ ആ വഴി പോയാൽ വടാട്ടുപ്പാറയിൽ എത്തും, നേരെ വച്ചുപിടിച്ചു.. അവസാനം വാടാട്ടുപ്പാറ ജംഗ്ഷനിൽ എത്തി.. ഞങ്ങൾ അത്ഭുതപ്പെട്ടു, ഈ കാട്ടിൽ ഇങ്ങനെ ഒരു സ്ഥലം, അത്യാവശ്യം കടകൾ ഒക്കെയുണ്ട്.. ഞങ്ങൾ അവിടെന്നും നേരെ പോയി, ആ വഴി അവസാനിച്ചത് നേരത്തെ കണ്ട KSEB ചെക്ക്പോസ്റ്റിന്റെ വേറെ ഒരു ഭാഗത്ത് ആണെന്ന് മാപ്പ് നോക്കിയപ്പോൾ മനസ്സിലായി, അവിടെയും ഒരു ഗേറ്റ് ഉണ്ട്, പക്ഷെ പ്രവേശനം ഇല്ല.

ഞങ്ങൾ വന്ന വഴിയുടെ അപ്പുറത്തായി പുഴയോ മറ്റോ ഉണ്ട്.. വെള്ളത്തിന്റെ ശബ്ദം കേൾക്കാം, അപ്പോൾ പിന്നെ വെള്ളത്തിൽ ഇറങ്ങാൻ പറ്റുമോ എന്നായി ചിന്ത.. നോക്കി നോക്കി പോരുമ്പോൾ വഴിയിൽ 2 ബൈക്ക് ഇരിക്കുന്നത് കണ്ടു.. ഞങ്ങളും അവിടെ ബൈക്കു വെച്ചിട്ട് നേരെ കണ്ട ചെറിയ വഴിയിലൂടെ നടന്നു.. അവസാനം ഞങ്ങൾ കണ്ട കാഴ്ച, നല്ല തെളിനീര് പോലത്തെ വെള്ളം ഉള്ള പുഴ.. മാപ്പിൽ നോക്കിയപ്പോൾ അതു ഇടമലയാർ പുഴ ആണെന്ന് മനസ്സിലായി, ഇതു ഒഴുകി നേരെ പൂയംകൂട്ടി ഭാഗത്തേക്കും, കുട്ടമ്പുഴ ഭാഗത്തേക്കും രണ്ടായി പിരിയുന്നു.. അവിടെ കണ്ട ആൾക്കാരോട് അവിടെ ഇറങ്ങുന്നത് സേഫ് ആണോ എന്ന് ചോദിച്ചു.. അപകടം ഇല്ലാത്ത ഒരു ഏരിയ അവർ ഞങ്ങൾക്ക് കാണിച്ചുതന്നു.. ഫ്രണ്ട്സ് ആയിട്ടു പോയി വെള്ളത്തിൽ വെച്ച് കുറെ അപകടങ്ങൾ സംഭവിച്ച വാർത്തകൾ കേൾക്കുന്നത് കൊണ്ട്, ഈ കാര്യത്തിൽ ഞാൻ ഇത്തിരി സ്ട്രിക്ട് ആണ്..

ഞങ്ങൾ തിരിച്ചു പോയി തോർത്തും എല്ലാം എടുത്തിട്ട് വന്നു.. ഞാനും ജോയലും ആദ്യം വെള്ളത്തിൽ ചാടി.. 11 മണി സമയം ആയിട്ടും വെള്ളത്തിനു നല്ല ഉഗ്രൻ തണുപ്പ്, പിന്നാലെ സച്ചിനും ചാടി.. നവീന് ചുമ ആയതുകൊണ്ട് നല്ലൊരു അവസരം നഷ്ടപ്പെട്ടു.. ഏകദേശം മുക്കാൽ മണിക്കൂർ ഞങ്ങൾ വെള്ളത്തിൽ കിടന്നു തിമിർത്തു, തിരിച്ചുകയറി, നല്ല വിശപ്പുണ്ടായി, കയ്യിൽ ഇണ്ടായിരുന്ന ബിസ്ക്കറ്റും ചിപ്സും എല്ലാം അകത്താക്കി, എന്നിട്ടും വിശപ്പ് മാറിയില്ല.. പോകുന്ന വഴി നല്ല കുഴിമന്തി കഴിക്കാൻ തീരുമാനിച്ചു അവിടുന്നു തിരിച്ചു..

അങ്ങനെ തിരിച്ചുവരുന്നവഴി അത്താണി എയർപോർട്ട് ജംക്ഷന്റെ അടുത്തുള്ള അൽ-റീം റെസ്റ്റോറന്റിൽ കയറി വയറുനിറയെ കുഴിമന്തിയും കഴിച്ചു ഒരു 3.30 ആയപ്പോൾ വീട്ടിൽ തിരിച്ചെത്തി.. പക്ഷെ ഡാം കാണാൻ പറ്റിയില്ല എന്നൊരു വിഷമം ബാക്കിയായി.. നെറ്റിൽ അവിടുത്തെ റീവ്യൂസ് ഒക്കെ വായിച്ചപ്പോൾ അവിടെ വർഷങ്ങളായി സന്ദർശകർക്ക് അനുമതി ഇല്ലെന്നു മനസിലായി.. എന്നിരുന്നാലും നല്ല ഒരു വൺഡേ ട്രിപ്പിന് പറ്റിയ റൂട്ട് ആണ് ഇടമലയാർ- വടാട്ടുപ്പാറ.. മഴ സമയത്തു ഒക്കെ പോയാൽ പച്ചപ്പ് നിറഞ്ഞു നല്ലൊരു ദൃശ്യവിരുന്ന് ആയിരിക്കും പ്രകൃതി നിങ്ങൾക്ക് സമ്മാനിക്കുക.. പക്ഷെ വെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം.. പോകുമ്പോൾ ഭക്ഷണം കയ്യിൽ കരുതിയാൽ അത്രയും നല്ലത്.

വിവരണവും ചിത്രങ്ങളും – Henry K REbz.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply