3019 ബസ് വാങ്ങാൻ കർണാടക ആർ ടി സി

പൊതുഗതാഗത മേഖല ശക്തിപ്പെടുത്താനായി കർണാടക റോഡ് ട്രാൻസ്പോർട് കോർപറേഷൻ(കെ എസ് ആർ ടി സി) 3,019 പുതിയ ബസ് വാങ്ങുന്നു. 650 കോടിയോളം രൂപ ചെലവിൽ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡിൽ നിന്നാണു കെ എസ് ആർ ടി സി ഇത്രയും ബസ്സുകൾ വാങ്ങുക. ഏതെങ്കിലു സംസ്ഥാനത്തെ ഗതാഗത കോർപറേഷൻ ഒറ്റ നിർമാതാവിനു നൽകുന്ന ഏറ്റവും വലിയ ഓർഡർ ആണിതെന്നും അശോക് ലേയ്‌ലൻഡ് അവകാശപ്പെട്ടു.

വരുന്ന മാർച്ചിനകം തന്നെ പുതിയ ബസ്സുകൾ കെ എസ് ആർ ടി സിക്കു കൈമാറാനാണു കമ്പനിയുടെ പദ്ധതി. ഈ ഓർഡർ പൂർത്തിയാക്കുക വഴി ബസ് വിപണിയിലെ വിഹിതം മെച്ചപ്പെടുത്താനാവുമെന്നും അശോക് ലേയ്‌ലൻഡ് കണക്കുകൂട്ടുന്നു.

കെ എസ് ആർ ടി സിക്കു പുറമെ പ്രാദേശിക കമ്പനികളായ എൻ ഡബ്ല്യു കെ ആർ ടി സി, എൻ ഇ കെ ആർ ടി സി, ബെംഗളൂരു നഗരമേഖലയിൽ സർവീസ് നടത്തുന്ന ബി എം ടി സി എന്നിവയുടെ കൂടി ആവശ്യം നിറവേറ്റാനാണ് കോർപറേഷൻ ഇത്രയും ബസ്സുകൾ വാങ്ങുന്നത്. 210 ഇഞ്ച് വീൽ ബേസുള്ള ബസ്സുകളും ‘കർണാടക സരിഗെ’യും 222 ഇഞ്ച് വീൽ ബേസിലുള്ള ‘രാജഹംസ’യും നോൺ എ സി സ്ലീപ്പർ ബസ്സും 205 ഇഞ്ച് വീൽബേസുള്ള മിഡി ബസ്സുകളുമൊക്കെയാണു കെ എസ് ആർ ടി സി അശോക് ലേയ്‌ലൻഡിൽ നിന്നു വാങ്ങുന്നത്.

പുതിയ ബസ്സുകൾക്കുള്ള ഓർഡർ കെ എസ് ആർ ടി സി സ്ഥിരീകരിച്ചതിൽ ആഹ്ലാദമുണ്ടെന്ന് അശോക് ലേയ്‌ലൻഡ് മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരി വെളിപ്പെടുത്തി. അശോക് ലേയ്‌ലൻഡ് ബസ്സുകളിലെ മികച്ച സാങ്കേതികവിദ്യയ്ക്കും പുതുമകൾക്കും കുറഞ്ഞ പ്രവർത്തന ചെലവിനുമൊക്കെയുള്ള അംഗീകാരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദൃഢതയും മേന്മയും നൂതന സാങ്കേതിക വിദ്യയുമുള്ള ബസ്സുകളാണു കമ്പനി ലഭ്യമാക്കുന്നതെന്ന് അശോക് ലേയ്‌ലൻഡ് സീനിയർ വൈസ് പ്രസിഡന്റ്(ഗ്ലോബൽ ബസസ്) ടി വെങ്കട്ടരാമൻ വിശദീകരിച്ചു. ഈ വ്യവസായത്തിലെ ഏറ്റവും കുറഞ്ഞ പ്രവർത്തന ചെലവാണു കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യൻ വിപണിയെക്കുറിച്ചും ഉപയോക്താക്കളെക്കുറിച്ചുമുള്ള വ്യക്തമായ ധാരണയും കെ എസ് ആർ ടി സിയിൽ നിന്നുള്ള ഈ വൻ ഓർഡർ നേടാൻ സഹായിച്ചെന്ന് അദ്ദേഹം വിലയിരുത്തി.

കടപ്പാട്: മലയാള മനോരമ

 

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply