എഴുതിയത് : നിസ്സാം മുഹമ്മദ്
നാളെ ഉച്ചയ്ക്കാണ് എറണാകുളത്തെ പരിപാടി തലേദിവസം തിങ്കളാഴ്ച രാത്രിക്കുള്ള ട്രെയിനിൽ വീട്ടിൽനിന്ന് എറണാകുളം പോകാൻ തീരുമാനിച്ചു, അന്ന് ഉമ്മാനെ ഡോക്ടറെ കാണിക്കാൻ ഉള്ളതുകൊണ്ട് അതിരാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും തിരിച്ചു വീട്ടിലെത്തുമ്പോൾ ഉച്ച കഴിഞ്ഞു മണി മൂന്നായിരുന്നു, തലേദിവസം വൈകി ഉറങ്ങി അതിരാവിലെ എഴുന്നേറ്റത് കൊണ്ട് കുറച്ചു ഉറക്കക്ഷീണം ഉണ്ടായിരുന്നു.
ഞാൻ കുറച്ചുനേരം കിടക്കാൻ പോവുകയാണ് അഥവാ ഉറങ്ങിപ്പോയാൽ ആറു മണിക്ക് മുമ്പായി വിളിച്ചു ഉണർത്താൻ ഉമ്മയെ ഏൽപ്പിച്ചു. കാരണം വൈകുന്നേരം ഏഴര കഴിഞ്ഞാൽ പിന്നെ വീടിന്റെ അടുത്തുനിന്ന് ബസ്സില്ല, കുറച്ചുനേരം ഫോണിൽ കുത്തിയും ഒരു സിനിമയും കണ്ട് സമയം പോയതറിഞ്ഞില്ല. സത്യം പറഞ്ഞാൽ സിനിമ തീർന്നതിനു ശേഷമാണ് ഫോണിലെ സമയം പോലും നോക്കിയത് അപ്പോൾ സമയം ആറര കഴിഞ്ഞിരുന്നു ഉണർന്ന്കൊണ്ട് ഇരിക്കുന്നത് കണ്ടിട്ടായിരിക്കും ഉമ്മ വിളിക്കാത്തത് തോന്നുന്നു പിന്നെ ഉമ്മാന്റ വായിൽ നിന്ന് വെറുതെ ഒന്നും കേൾക്കണ്ട എന്ന് വിചാരിച്ചു അതിനെപ്പറ്റി ചോദിക്കാനും പോയില്ല.
പെട്ടെന്നുതന്നെ കുളിച്ച് വസ്ത്രങ്ങളൊക്കെ ഒക്കെ ബാഗിലാക്കി ഭക്ഷണം കഴിച്ച് ഉമ്മാനോടും വീട്ടിൽ ഉള്ളവരോടും യാത്രപറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സമയം ഏഴെ പതിനഞ്ച് , നിമിഷ നേരങ്ങൾ കൊണ്ട് കവലയിലെ ബസ്സ്റ്റോപ്പിലെത്തി അവിടുന്നു ഉപ്പയോട് യാത്ര പറയുന്നതിനിടെ ബസ്സും വന്നു.
കാസർകോട് നഗരം ലക്ഷ്യമാക്കി ബസ്സ്നോടൊപ്പം എന്റെ മനസ്സും നീങ്ങിത്തുടങ്ങി , അങ്ങനെ എട്ടുമണി കഴിഞ്ഞ് നഗരത്തിലെത്തി, ട്രെയിൻ വരാൻ കുറച്ചു സമയം ഇനിയും ഉള്ളതുകൊണ്ട് ഒരു കിലോമീറ്റർ ദൂരം റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു, റെയിൽവേ സ്റ്റേഷന് അടുത്തുള്ള പള്ളിയിൽ കയറി നിസ്കരിച്ച് അതുകഴിഞ്ഞ് ഭക്ഷണവും കഴിച്ച് ടിക്കറ്റെടുക്കാൻ ചെന്നു , ടിക്കറ്റെടുക്കാൻ ക്യൂവിൽ നിൽക്കുമ്പോഴാണ് നാളത്തെ പരിപാടി രണ്ടുദിവസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ് എന്നറിയിച്ചു ഫോൺകോൾ വന്നു.
തിരിച്ചു വീട്ടിൽ പോവാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് തിരിച്ച് വീട്ടിൽ പോകുന്നില്ലെന്ന് ഉറപ്പിച്ചു നേരെ എറണാകുളം ചെന്നാൽ രണ്ട് ദിവസം അവിടെ വെറുതെ കളയേണ്ട വരും എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ കുഴഞ്ഞു, ടിക്കറ്റ് കൗണ്ടർ ക്യൂവിൽ നിന്നും പുറത്തുവന്നു ആലോചിച്ചു, ഒരു തീരുമാനത്തിൽ എത്താൻ അധികനേരം വേണ്ടിവന്നില്ല, യാത്ര അത്രത്തോളം ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കും രണ്ടു ദിവസത്തേക്ക് എവിടെയെങ്കിലും പോവാമെന്ന് മനസ്സിൽ തോന്നിയതും ഉറപ്പിച്ചതും, അടുത്ത ആലോചന രണ്ടു ദിവസത്തേക്ക് എവിടെ പോയിവരാം എന്നായിരുന്നു പോകേണ്ടതും ആസ്വദിക്കേണ്ടതും.
ഞാൻ മാത്രം ആയതുകൊണ്ട് ആരോടും ചോദിക്കാനും പോയില്ല. നേരെ ഫോണിലെ ഗൂഗിൾ മാപ്പ് തുറന്നു ഒരുപാട് കാലങ്ങളായി പോകാൻ ആഗ്രഹിച്ചു സേവ് ചെയ്തു വച്ചിരിക്കുന്ന കാസർഗോഡിന് താഴെയുള്ള സൗത്ത് ഇന്ത്യയിലെ പല സ്ഥലങ്ങളും നോക്കിക്കൊണ്ടിരുന്നു , അപ്പോഴാണ് മാസങ്ങൾക്കുമുമ്പ് പ്ലാൻ ചെയ്ത കോയമ്പത്തൂർ – മധുര – രാമേശ്വരം – ധനുഷ്കോടി ട്രിപ്പ് ഓർമ്മവന്നത് പലകാരണങ്ങളാൽ ഇതുവരെ പോകാൻ പറ്റിയിരുന്നില്ല, ഭാഗ്യത്തിന് ഇപ്പോൾ നേരത്തെ പ്ലാൻ ചെയ്ത പോലെ തന്നെ സമയം ദിവസം ഒത്തു വന്നതുകൊണ്ട് മറിച്ചൊന്നും ആലോചിച്ചില്ല മംഗലാപുരത്തു നിന്ന് ചെന്നൈ വരെ പോകുന്ന വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനിന്
കോയമ്പത്തൂർക്ക് ടിക്കറ്റെടുത്തു.
11 മണിക്ക് തന്നെ കൃത്യസമയത്ത് ട്രെയിൻ കാസർഗോഡ് എത്തി ആദ്യം തന്നെ ചാടിക്കയറി ഒരു ഇരിപ്പിടം സ്വന്തമാക്കി, രാവിലെ 6:45ന് കോയമ്പത്തൂരിലെത്തി, ആദ്യമായി തമിഴ്നാട് മണ്ണിലെത്തിയ സന്തോഷത്തോടൊപ്പം ഒറ്റക്കായതു കൊണ്ടും കേട്ടറിവ് അല്ലാതെ നേരിട്ട് പരിചയമില്ലാത്ത സ്ഥലങ്ങളിൽ കൂടിയാണ് ഇനിയുള്ള രണ്ട് ദിവസത്തെ യാത്ര എന്നോർത്ത് ചെറിയൊരു ആശങ്കയും…
ഇനിയുള്ള ലക്ഷ്യം മധുരയായിരുന്നു അവിടെ കുറച്ചു സ്ഥലങ്ങൾ കാണണം, കോയമ്പത്തൂരിൽ നിന്ന് മധുരക്ക് 7:20നാണ് ട്രെയിൻ അതുകഴിഞ്ഞ് പിന്നെയുള്ളത് വൈകുന്നേരം 7:20ന്, മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നില്ല ഇപ്പോൾ അരമണിക്കൂറിനകം പുറപ്പെടുന്ന ട്രെയിനിൽ തന്നെ പോവാനാണ് പദ്ധതി, അതിനുമുമ്പ് പറ്റുന്നത്ര കോയമ്പത്തൂർ നഗരക്കാഴ്ചകൾ കാണാം എന്ന ഉദ്ദേശത്തോടെ സ്റ്റേഷന് പുറത്തുപോയി പ്രഭാത ഭക്ഷണം കഴിച്ച് കൃത്യം 7:15ന് തന്നെ സ്റ്റേഷനിൽ തിരിച്ചെത്തി.
ടിക്കറ്റ് കൗണ്ടർ പോയി മധുരക്ക് ടിക്കറ്റ് ചോദിച്ചപ്പോൾ മധുരക്ക് ട്രെയിൻ ഇല്ലാന്ന് മാത്രമായിരുന്നു മറുപടി, എന്നിട്ട് ഞാൻ ട്രെയിൻ ആപ്പില് കാണിച്ച ട്രെയിനിനെ പറ്റി ചോദിച്ചപ്പോൾ നിങ്ങൾക്ക് വേണമെങ്കിൽ ഇതിൽ ഡിണ്ടിഗൾ വരെ പോകാമെന്നായി, ഡിണ്ടിഗൾ എന്ന സ്ഥലം കേട്ടറിവ് ഉള്ളതു അല്ലാതെ എവിടെയാണ് എന്ന് വ്യക്തമായ ധാരണയില്ലാത്ത കൊണ്ട് അവരോട് തന്നെ മധുരക്ക് അവിടുന്ന് വേറെ ട്രെയിൻ കിട്ടുമോ എന്ന് ചോദിച്ചപ്പോൾ ചെറിയ തോതിൽ പോലും സഹായിക്കാൻ കൂട്ടാക്കാതെ അറിയില്ല എന്നായിരുന്നു മഹതിയുടെ മറുപടി.
മനസ്സിൽ അവരോട് പോകാൻ പറഞ്ഞുകൊണ്ട് ഗൂഗിൾ ചേച്ചിയുടെ സഹായം തേടി അപ്പോഴാണ് മനസ്സിലായത് കോയമ്പത്തൂരിൽ നിന്നും പോകുമ്പോൾ മധുരക്ക് 70 കിലോമീറ്റർ മുമ്പാണ് ഡിണ്ടിഗൾ എന്ന പ്രദേശം സ്ഥിതി ചെയ്യുന്നതെന്ന് അവിടുന്ന് ബസ് പിടിച്ചെങ്കിലും മധുരയിൽ എത്താമെന്ന് ധൈര്യത്തോടെ ഡിണ്ടിഗളിലേക്ക് ടിക്കറ്റെടുത്തു.
ട്രെയിനിൽ കയറിയ ശേഷം അധികം ആളില്ലാത്തതുകൊണ്ട് നീണ്ടു നിവർന്നു ഇരുന്നു. അധികം വൈകാതെ ട്രെയിൻ ഓടിത്തുടങ്ങി, പുറത്തെ കാഴ്ചകൾ എനിക്ക് പുതുമ ആയതുകൊണ്ട് പുറത്തേ കാഴ്ചയിൽ ആസ്വദിച്ചുകൊണ്ടിരുന്നു അതിനിടയിൽ വീട്ടിൽ നിന്ന് “എവിടെയാണ് എത്തിയോ” എന്ന് അന്വേഷിച്ചു ഉമ്മയുടെ ഫോൺ കോൾ വന്നത് ” ഇപ്പോൾ വേറെ ഒരു സ്ഥലം വരെ പോവുകയാണ് തിരിച്ചെത്തിയ ശേഷം അങ്ങോട്ട് വിളിച്ചോളാം” എന്നു മറുപടി നൽകി ഫോൺ കട്ട് ചെയ്തു എന്നിട്ട് ട്രെയിൻ എത്ര മണിക്ക് ഡിണ്ടിഗൾ എത്തിച്ചേരുമെന്ന് നോക്കിയെങ്കിലും തുടർന്നുള്ള യാത്രയെ കുറിച്ച് അവിടെ എത്തിയശേഷം ആലോചിക്കാമെന്ന് തീരുമാനിച്ച് പുറത്തെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരുന്നു.
കനത്ത ചൂടായിരുന്നു കാലാവസ്ഥ ആ സമയത്ത് കേരളത്തിന് അപേക്ഷിച്ചു നോക്കുമ്പോൾ അതി കഠിനമായിരുന്നു, ആദ്യം ചെറിയ ചെറിയ നഗരങ്ങളെന്ന് തോന്നിപ്പിക്കുന്ന ഇടങ്ങളിലൂടെ ട്രെയിൻ കടന്നുപോയെങ്കിലും പിന്നീട് മുൾച്ചെടികളും തരിശുഭൂമിയും പിന്നെ ഇടക്കിടക്ക് കൃഷിയിടങ്ങളും അങ്ങ് ദൂരെ മേഘങ്ങളെ ചുംബിച്ചു നിൽക്കുന്ന പർവ്വതനിരകളുടെ സൗന്ദര്യ കാഴ്ച്ചകൾ കണ്ട് തീർത്തും ഗ്രാമങ്ങളിലൂടെയായിരുന്നു യാത്ര, ചില കാഴ്ചകൾ മൊബൈൽ ഫോണിൽ പകർത്താനും മറന്നില്ല.
അങ്ങനെ 2 മണിക്ക് വണ്ടി ഡിണ്ടിഗൾ എത്തിച്ചേർന്നു, എന്നിട്ട് നേരെ സ്റ്റേഷനിലെ അന്വേഷണ കേന്ദ്രത്തിൽ പോയി മധുരക്ക് 2:50ന് ഗുരുവായൂർ എക്സ്പ്രസ്സ് ഉണ്ടെന്ന് അന്വേഷിച്ചറിഞ്ഞു, വണ്ടി വരാൻ ഇനിയും 50 മിനിറ്റുകൾ ഉള്ളതുകൊണ്ട് ഉച്ചഭക്ഷണത്തിനായി സ്റ്റേഷന് പുറത്തിറങ്ങി, അവിടെ സ്റ്റേഷൻ പരിസരത്ത് ലഘുഭക്ഷണ കടയല്ലാതെ ഹോട്ടൽ കുറവായതിനാൽ ഒരു ഹോട്ടൽ കണ്ടെത്താൻ കുറച്ചു കഷ്ടപ്പെട്ടു.
അങ്ങനെ ഭക്ഷണം കഴിച്ച് തിരിച്ചു സ്റ്റേഷനിലെത്തി, പല സുഹൃത്തുക്കളും വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ട് യാത്രയെപ്പറ്റി ചോദിച്ചു വന്നായിരുന്നു അവർക്ക് ഓരോരുത്തർക്കും മറുപടികൾ കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു അതിലധികം ശബ്ദ സന്ദേശമായിരുന്നു, ഞാൻ മലയാളം സംസാരിക്കുന്നത് കേട്ടിട്ടായിരിക്കാം എന്റെ തൊട്ടടുത്തുനിന്ന് തമിഴ് കലർന്ന മലയാളത്തിൽ “കേരളത്തിൽ എവിടെയാണ്” എന്ന് ഒരു ചോദ്യം ഉയർന്നു വന്നു. “കാസർകോട് നിന്നാണെന്ന് ” പറഞ്ഞപ്പോൾ “കേട്ടിട്ടുണ്ട് ഇതുവരെ അവിടെ വന്നിട്ടില്ല” എന്നായിരുന്നു കാക്കയുടെ മറുപടി.
ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. കൂടെ അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു. തിരുനെല്വേലിയാണ് സ്വദേശം. ഇവിടെ ഒരു ബന്ധുവിന്റെ കല്യാണം കൂടാൻ വന്നതായിരുന്നു അവര്. “മലയാളം എങ്ങനെ ഇത്ര നന്നായി അറിയാം” എന്ന ചോദ്യത്തിന് “കേരളത്തിൽ കുറച്ച് സുഹൃത്തുക്കൾ ഉണ്ടെന്നും കച്ചവട ആവശ്യത്തിനായി ഒരുപാട് തവണ കേരളത്തിൽ വന്നിട്ടുണ്ട്” എന്നായിരുന്നു മറുപടി. അങ്ങനെ അദ്ദേഹവുമായി കുറെ നേരം സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല.
2:50ന് ഗുരുവായൂർ എക്സ്പ്രസ്സ് സമയം 3:30 ആയിട്ടും കാണുന്നില്ല, കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർക്ക് പോകണ്ടേ വണ്ടി വന്നപ്പോൾ എന്നോട് സലാം പറഞ്ഞു അവർ സ്വദേശത്തേക്ക് യാത്രതിരിച്ചു.
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഗുരുവായൂർ എക്സ്പ്രസ്സ് വണ്ടി എത്തുമ്പോൾ സമയം 4 മണി. പോരാത്തതിന് വണ്ടിയിൽ നല്ല തിരക്കും കുറച്ച് സ്ത്രീകളുടെ കലപില ബഹളങ്ങളും. പിന്നെ എങ്ങനെയെങ്കിലും ബാഗ് വെക്കുന്ന സ്ഥലത്ത് കയറികിടന്നു കുറച്ചുനേരം ഉറങ്ങി. ഇടക്ക് ഒന്ന് ഉണർന്നു സമയം 4:30 മണിയായി. എന്നിട്ടും വണ്ടി ഇതുവരെ പുറപ്പെട്ടില്ല.
മധുരയിൽ നിന്ന് 6:10നാണ് മധുര-രാമേശ്വരം പാസഞ്ചർ ട്രെയിൻ അതുകഴിഞ്ഞ് രാത്രി 2:30നും 3:45നുമാണ് എനിക്ക് മധുരയിൽ നിന്ന് ഏർവാടിയും കൂടി പോകേണ്ടതിനാൽ വൈകുന്നേരത്തെ 6:10നുള്ള ട്രെയിനിൽ പോയേ തീരൂ കാരണം പിന്നീടുള്ള വണ്ടിക്ക് പോയാൽ അതി രാവിലെയുള്ള പാമ്പൻ പാലത്തിലൂടെയുള്ള യാത്ര നഷ്ടമാകും, നാളെ രാമേശ്വരം – ധനുഷ്കോടി കറങ്ങി കഴിയുമ്പോൾ വൈകുന്നേരമാവും.
വൈകുന്നേരം 7 മണിക്കാണ് കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ. അതും ആഴ്ചയിലെ ഒരേയൊരു സർവീസ്. അപ്പോൾ തിരിച്ചുവരുമ്പോൾ ഏർവാടി പോക്ക് നടക്കില്ലെന്ന് മനസ്സിലാക്കി. മറ്റന്നാൾ ഉച്ചകഴിഞ്ഞാണ് എറണാകുളത്തെ പരിപാടിയും. ഈ വണ്ടിക്ക് പോയാലേ ഉച്ചയ്ക്ക് എങ്കിലും എറണാകുളം എത്താൻ പറ്റുള്ളൂ എന്നതുകൊണ്ട് റിസ്കെടുക്കാനും വയ്യായിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ എന്നെയും സഹയാത്രക്കാരെയും വഹിച്ചുകൊണ്ട് വണ്ടി മധുരയ്ക്ക് നീങ്ങി.
അങ്ങനെ സമയം 5:30 ആയപ്പോൾ വണ്ടി മധുരയിലെത്തി. ട്രെയിൻ രണ്ടുപ്രാവശ്യം ചതിച്ചത് കാരണം വിചാരിച്ച സമയത്ത് എത്തിപ്പെടാൻ പറ്റാതെ പദ്ധതി ചെയ്ത മധുര കറക്കം പാളി, ” ഇൻഷാ അള്ളാഹ ഇനി ഒരു പ്രാവശ്യം വരാമെന്ന് ” മനസ്സിനെ സ്വയം ആശ്വസിപ്പിച്ച് ഏർവാടിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന രാമനാഥപുരത്തെക്ക് ടിക്കറ്റെടുത്ത് മധുര-രാമേശ്വരം പാസഞ്ചറിൽ കയറി.
ഇവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല നിശ്ചയിച്ച സമയം കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും വണ്ടി ഇതുവരെ പുറപ്പെട്ടില്ലായിരുന്നു. ഇവിടുന്ന് രാമനാഥപുരത്ത് എത്താൻ മണിക്കൂറോളം യാത്ര ഉണ്ടെന്ന് മനസ്സിലാക്കി അതുവരെ ഫോണിൽ സിനിമ കാണാൻ തീരുമാനിച്ചു. കാണാൻ തിരഞ്ഞെടുത്തത് പൃഥ്വിരാജ് അഭിനയിച്ച നയൻ (9) എന്ന സിനിമയായിരുന്നു. സിനിമകണ്ട് പകുതിയായപ്പോഴേക്കും യാത്രാക്ഷീണം കൊണ്ടാണോ അല്ലാ സിനിമയുടെ എഫക്ടാണോന്ന്റിയില്ല നല്ല ഉറക്കം വരാൻ തുടങ്ങി. അങ്ങനെ അവിടെ എത്തിച്ചേരുന്ന ഉദ്ദേശ സമയത്തിന് അരമണിക്കൂർ മുമ്പായി ഫോണിൽ അലാറം വെച്ച് ഉറങ്ങി.
സമയം 10:20 ആയപ്പോൾ രാമനാഥപുരമെത്തി. ഇവിടെനിന്ന് ഏർവാടിയിലേക്ക് ഏതാണ്ട് 30 കിലോമീറ്റർ യാത്രയുണ്ട്. സ്റ്റേഷനടുത്ത് തന്നെ ബസ്സ്റ്റാന്ഡ് ആയതുകൊണ്ട് ബസ്റ്റാൻഡിൽ എത്താൻ ബുദ്ധിമുട്ടില്ല. അവിടെ ഓടുന്ന എല്ലാ ബസ്സിലും തമിഴില് അല്ലാതെ വേറൊരു ഭാഷയിൽ സ്ഥലപ്പേരുകൾ എഴുതി കാണാത്തതുകൊണ്ട് അങ്ങോട്ടുള്ള ബസ് എങ്ങനെ മനസ്സിലാക്കുമെന്ന് ആശങ്കയായി.
അപ്പോഴാണ് തൊട്ടടുത്ത നിൽക്കുന്ന ഒരു മുസ്ലിയാരുടെ സഹായം തേടിയത്. കാര്യം പറഞ്ഞപ്പോൾ അദ്ദേഹവും അങ്ങോട്ടുള്ള ബസ്സ് കാത്തു കാത്തുനിൽക്കുകയാണന്ന് പറഞ്ഞു. കുറച്ചു സമയത്തെ കാത്തിരിപ്പിനുശേഷം അങ്ങനെ കുത്തിനിറച്ച ആൾക്കാരുമായി ബസ്സ് വന്നു. ആദ്യം കയറിപറ്റാൻ കഴിയുമോയെന്ന് വരെ സംശയിച്ചു. പിന്നെ എങ്ങനെയെങ്കിലും ചവിട്ടുപടിയിൽ കയറിപ്പറ്റി.
പിന്നെയങ്ങോട്ട് ഏകദേശം 15 കിലോമീറ്ററിൽ കൂടുതൽ ചവിട്ടുപടിയിലായിരുന്നു യാത്ര. കൂടെ പടിയിൽ തന്നെ മൂന്ന്-നാല് ചേട്ടന്മാരും. ഇടക്ക് ചവിട്ടുപടി തകർന്ന് വീഴാൻ പോകുന്നത് പോലെ ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ കുറച്ച് ഭയന്നു. ഏകദേശം 15 കിലോമീറ്റർ കഴിഞ്ഞപ്പോൾ ബസ്സിലെ തിരക്കൊഴിഞ്ഞുകിട്ടി.
അങ്ങനെ സമയം 11:30 ആയപ്പോൾ ഏർവാടി ദർഗയിൽലെത്തി. പല പ്രശ്നങ്ങൾക്കും വിഷമങ്ങൾക്കും അറുതി വരുത്താന് അവസാനത്തെ പ്രതീക്ഷയായി ഇവിടെ എത്തി തമ്പടിച്ച പല ആൾക്കാരെയും കുടുംബങ്ങളെയും കാണാനിടയായി. കൂടുതലും മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നവരായിരുന്നു. അവിടുന്ന് അധികം താമസിയാതെ നിസ്കരിച്ച് മഖ്ബറ സിയാറത്തും (പ്രാർഥന) ചെയ്തു തിരിച്ച് രാമനാഥപുരത്തെക്കുള്ള ബസ്സ് എപ്പോഴാണെന്ന് അന്വേഷിച്ച് അറിഞ്ഞു.
ഇനി അങ്ങോട്ടുള്ള ബസ്സ് 4 മണിക്കാണ്. ഇപ്പോൾ സമയം 12:30 യാവൻ പോകുന്നതേയുള്ളൂ. ഫോണിലെ ചാർജ്ജും തീരാറായി. ഇനിയുള്ള ഒന്നര ദിവസത്തെ യാത്രയിൽ അനിവാര്യമായത്കൊണ്ട് പവർബാങ്കിനെ ആശ്രയിക്കാതെ അവിടെ അടുത്തുള്ള പൊതു ചാർജർ പോയിന്റ് ഉപയോഗിച്ച് ഫുൾചാർജ് ചെയ്തു, ഒന്നുകൂടി പോയി സിയാറത്ത് (പ്രാർത്ഥന) ചെയ്തുവന്നു. രാമനാഥപുരത്തെക്കുള്ള ബസ്സ് പുറത്ത് തയ്യാറായി നിൽക്കുകയായിരുന്നു, കൃത്യം 4 മണിക്ക് തന്നെ ബസ്സ് പുറപ്പെടുകയും 5 മണി കഴിഞ്ഞ് രാമനാഥപുരം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.
ട്രെയിൻ 5:40ന് ആണെങ്കിലും രാമനാഥപുരം എത്തുമ്പോൾ 6 മണിയായിരുന്നു. ഏറെനാളത്തെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ പോകുന്നതിന്റെ ഏറെ ആവേശത്തിലായിരുന്നു, പാമ്പൻ പാലം എത്താറായിയെന്ന് സൂചന നൽകിക്കൊണ്ട് വണ്ടിയുടെ വേഗത കുറയാൻ തുടങ്ങി.
രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം. തീവണ്ടിക്കു പോകാനുള്ള പാലവും മറ്റു വാഹനങ്ങൾക്കായുള്ള പാലവും സമാന്തരമായി ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പൻ പാലമെന്നു വിളിക്കുന്നത്. റോഡ് പാലത്തേക്കാൾ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തീവണ്ടിപ്പാലത്തിന് ഈ പേര് പണ്ടേ പതിഞ്ഞിരുന്നു.
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പൻപാലം രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2345 മീറ്റർ നീളമുള്ള പാമ്പൻപാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടൽ പാലമാണ്. കപ്പലുകൾക്ക് കടന്ന് പോകാൻ സൗകര്യമൊരുക്കി പകുത്ത് മാറാൻ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം. പ്രധാന കരയ്ക്കും രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിനും ഇടയിലുള്ള പാക് കടലിടുക്കിനും കുറുകെയാണ് പാലം, മീറ്റർ ഗേജ് തീവണ്ടികൾക്കു മാത്രം കടന്നുപോകാൻ കഴിഞ്ഞിരുന്ന പഴയ പാലം റെയിൽവേ വിപുലീകരണത്തിന്റെ ഭാഗമായി 2007ൽ ബ്രോഡ്ഗേജ് ആയിമാറി. പാലത്തിലൂടെയുള്ള ട്രെയിൻ യാത്ര അവിസ്മരണീയമാണ്,
അങ്ങനെ പാമ്പൻ പാലവും കടന്ന് രാമേശ്വരം എത്തി. രാമേശ്വരം എന്ന് കേൾക്കുമ്പോൾ ഒട്ടുമിക്ക എല്ലാ ഇന്ത്യക്കാരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ‘അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം’ എന്ന ‘ഡോ. എ.പി.ജെ. അബ്ദുൽ കലാം’ സാറിനെയായിരിക്കുമെന്ന് യാതൊരു സംശയമില്ല. അദ്ദേഹത്തിന്റെ ജന്മസ്ഥലവും അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെയാണ്.
പ്രശസ്തനായ മിസൈൽസാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്ന അദ്ദേഹം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും വിലപ്പെട്ട സംഭാവനകൾ നൽകി. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് ‘ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്.
സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങുമ്പോൾ സ്റ്റേഷനിലെ ഒരു ചുവരിൽ അദ്ദേഹത്തോടുള്ള ആദരവ് അർപ്പിച്ചുകൊണ്ട് ജീവചരിത്രം വരച്ചുകാട്ടിയ ഒരു ചിത്രം കാണാനിടയായി. ഈ മുക്കുവ ദ്വീപിൽ ജനിച്ച് ഭാരതത്തിന്റെ യശസ്സ് വാനോളമുയർത്തിയ ശാസ്ത്രപ്രതിഭയും, രാജ്യത്തിനാകമാനം പ്രചോദനമേകിയ ഡോ. എ പി ജെ അബ്ദുൽ കലാം കാലയവനികയിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ ഈ നാടിന്റെ ഓരോ കോണിലും ജ്വലിച്ചു നിൽക്കുന്നു.
ഇനി ഇവിടെനിന്ന് പ്രേതനഗരമെന്നറിയപ്പെടുന്ന ധനുഷ്കോടിയിലേക്കയിരുന്നു യാത്ര, രാമേശ്വരത്ത് നിന്നും ധനുഷ്കോടിയിലേയ്ക്ക് 19 കിലോമീറ്റർ ദൂരമുണ്ട്, അവിടേക്കുള്ള ബസ്സ് അന്വേഷിച്ചു ഇറങ്ങിയ ഞാൻ ഒരു ചേട്ടൻ പറഞ്ഞത് അനുസരിച്ച് ഒരു സ്ഥലത്ത് കാത്തിരുന്നു. ബസ്സ് പ്രതീക്ഷിച്ചിരുന്ന എന്റെ മുന്നിൽ “ധനുഷ്കോടിയിലേക്ക് ആണോ” എന്ന് ചോദിച്ച് മിനിവാനുമായി ഒരാൾ സമീപിച്ചു, “അതെ” എന്ന് പറഞ്ഞപ്പോൾ 30 രൂപയാണ് വാടകയെന്നറിയിച്ചു കയറികൊള്ളാൻ പറഞ്ഞു.
പാമ്പൻ ദ്വീപിന്റെ തെക്കു കിഴക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ഉപേക്ഷിക്കപ്പെട്ട പഴയ പട്ടണമാണ് ധനുഷ്കോടി. ശ്രീലങ്കയിലെ തലൈമന്നാറിന്ഏകദേശം 29 കിലോമീറ്റർ പടിഞ്ഞാറായി ഇതു സ്ഥിതി ചെയ്യുന്നു. 1964 ൽ ധനുഷ്കോടിയിൽ ഉണ്ടായ അതിഭയങ്കരമായ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഈ നഗരം പൂർണ്ണമായി നശിപ്പിക്കപ്പെടുകയും ചെയ്തു.
ഡിസംബർ 22 – 23 വരെ അർദ്ധരാത്രിയിൽ മണിക്കൂറിൽ 280 കിലോമീറ്ററും വേഗത്തിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ഡിസംബർ 22ന് കണക്കുകൂട്ടിയതു പ്രകാരം പട്ടണത്തിലുണ്ടായിരുന്ന ഏകദേശം 1,800 പേർ മരണമടയുകയും സ്റ്റേഷനിലേയ്ക്ക് അടുത്തുകൊണ്ടിരുന്ന പമ്പൻ-ധനുഷ്കോടി പാസഞ്ചർ ട്രെയിനും അതിലെ 115 യാത്രക്കാർ ഉൾപ്പെടെ ഒലിച്ചുപോകുകയും പിന്നീട് പട്ടണം മുഴുവനായി ഒറ്റപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ഈ പ്രദേശം ജീവിതയോഗ്യമല്ലാത്തതിനാൽ മദ്രാസ് സർക്കാർ ധനുഷ്കോടിയെ ഒരു ഗോസ്റ്റ് ടൗണായി പ്രഖ്യാപിക്കുകയും ചെയ്തു, ഇന്നും കാര്യമായ ജനവാസമില്ലാതെ ഒരു പ്രേതനഗരമായി തുടരുകയും ചെയ്യുന്നു.
മുഴുവനും ആളുകൾ ആയതോടെ വാൻ ധനുഷ്കോടിയിലേക്ക് പുറപ്പെട്ടു, അന്നത്തെ ഉപജീവനമാർഗ്ഗത്തിനു വേണ്ടി മീൻ കച്ചവടം നടത്തുന്ന സ്ത്രീകളായിരുന്നു കൂടുതലും, നീണ്ടു നിവർന്നു കിടക്കുന്ന സുന്ദരമായ പാതയെ താണ്ടി ധനുഷ്കോടിയിലെത്തി. യാത്രയിലെ പ്രധാന ആകര്ഷണമാണ് കടലുകള് ചേരുന്നയിടം, അറബിക്കടലും ബംഗാള് ഉള്ക്കടലും സംഗമിക്കുന്ന കാഴ്ച ഏറെ ആകര്ഷകമാണ്, ദുരന്തത്തിന്റെ ശേഷിപ്പുകളയി കിടക്കുന്ന തകര്ന്ന റെയില്വേ ലൈനുകളും ആളൊഴിഞ്ഞ കെട്ടിടങ്ങളും മരുഭൂമി പോലെ കിടക്കുന്ന സ്ഥലങ്ങളും ഒക്കെ ചേര്ന്ന് ധനുഷ്കോടിക്ക് നല്കുന്നത് ഒരു പ്രേതനഗരത്തിന്റെ മട്ടും ഭാവവുമാണ്, കടല് കലിതീര്ത്തെങ്കിലും ഇന്നും ഇവിടെ താമസിക്കുന്നത് കടലിനെ വിശ്വസിക്കുന്ന മത്സ്യത്തൊഴിലാഴികളാണ്, മീന്പിടിച്ചും കക്കകള് വാരിയും സഞ്ചാരികളില് നിന്ന് ലഭിക്കുന്ന പണം കൊണ്ട് ജീവിക്കുയാണ് ഇവര്.
അങ്ങനെ ധനുഷ്കോടിയുടെ കാഴ്ച്ചകൾ കണ്ടു നീങ്ങവേ “ഫോട്ടോയെടുത്ത് തരാമോ” എന്ന് അഭ്യർത്ഥനയുമായി ഒരു യുവാവ് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അഭ്യർഥന മാനിച്ച് ഞാൻ ഫോട്ടോയെടുത്ത് കൊടുക്കുകയും എന്നിട്ട് തമ്മിൽ പരിചയപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ്, പൃഥ്വിക്ക് എന്നായിരുന്നു ഭായിയുടെ പേര്. പിന്നീട് അങ്ങോട്ട് ഞാൻ രാമേശ്വരം വിട്ട് വരുന്നതു വരെയുള്ള യാത്രകൾ ഞങ്ങൾ ഒരുമിച്ചായിരുന്നു.
സമയം ഉച്ചയായപ്പോഴേക്കും ഞങ്ങൾ ധനുഷ്കോടിയിലെ കാഴ്ചകൾ കണ്ട് തീർത്ത് രാമേശ്വരം തിരിക്കാനിരിക്കവേ കടൽത്തീരത്ത് നിന്ന് ഭായ് ഷെല്ലുകൾ ശേഖരിക്കുന്നതിനിടെ ഞങ്ങളുടെ ശ്രദ്ധ മാറിയപ്പോൾ ഭായിയുടെ മൊബൈൽ ഫോൺ ആരോ അടിച്ചോണ്ട് പോയി. തിരിച്ചുപോകാനുള്ള യാത്രാ ടിക്കറ്റും ഭായിയുടെ വിലപ്പെട്ട രേഖകളും അതിലായിരുന്നു. ഫോൺ കിട്ടിയില്ലേലും വേണ്ടില്ല അതിലുള്ള രേഖകൾ കിട്ടിയാല് മാത്രം മതിയായിരുന്നു എന്ന് എന്നോട് പറഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി. അതുകൊണ്ട് എന്നെക്കൊണ്ട് പറ്റുന്നതുപോലെ സഹായമായി കൂടെ നിന്നു.
ആദ്യം അവിടെ സ്ഥലത്തുണ്ടായിരുന്നു പോലീസുകാരോട് പരാതിപ്പെട്ടെങ്കിലും രാമേശ്വരത്തിന്റെ അടുത്ത് സ്ഥിതിചെയ്യുന്ന (രാമേശ്വരത്തു നിന്ന് ധനുഷ്കോടി വരുമ്പോൾ 4 കിലോമീറ്റർ ദൂരം) ധനുഷ്കോടി പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പറഞ്ഞതുപ്രകാരം പരാതി എഴുതി കൊടുക്കുകയും ചെയ്തു. അലച്ചിലിനൊടുവിൽ ക്ഷീണം മാറ്റാൻ രാമേശ്വരം റെയിൽവേസ്റ്റേഷനിലെ വിശ്രമമുറിയിൽ കുറച്ച് സമയം വിശ്രമിച്ചു രാമേശ്വരത്തെ കാഴ്ചകൾ കാണാനായി യാത്ര തുടർന്നു.
ഡോ. എ പി ജെ അബ്ദുൽ കലാം കാലയവനികയിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ ഈ നാടിന്റെ ഓരോ കോണിലും ജ്വലിച്ചു നിൽക്കുന്നു…
ആദ്യം ചെന്നത് റെയിൽവേ സ്റ്റേഷനടുത്ത് സ്ഥിതിചെയ്യുന്ന ‘ഹൗസ് ഓഫ് കലാം’ ആയിരുന്നു, പ്രധാന റോഡിൽ ‘കലാമിന്റെ വീട്ടിലേക്ക്..’ എന്നെഴുതിയ ദിശാഫലകം കാണാം, ഇടുങ്ങിയ നിരത്തിലൂടെ പലയിടത്തോട്ടായി വഴിപിരിയുന്ന പാതകൾ പിന്നിട്ട് ഒരു നാലുംകൂടിയ മൂലയിൽ എത്തുമ്പോൾ, പരസ്പരം തൊട്ടുരുമ്മിയിരിക്കുന്ന വീടുകളുള്ള കോളനിയിലെ ഒരു വീടിന്റെ നെറ്റിയിൽ ‘ഹൗസ് ഓഫ് കലാം’ എന്നെഴുതിയ ബോർഡ് കാണാം.
അദ്ദേഹം തന്റെ ബാല്യം ചെലവഴിച്ച കൂരയുടെ സ്ഥാനത്ത് ഇപ്പോൾ ലളിതമായ ഒരു മൂന്നുനില വീട് ഉയർന്നുനിൽക്കുന്നു, പലവിധ വർണങ്ങളുള്ള പാനലുകൾ കൊണ്ട് ലളിതമായി അലങ്കരിച്ചിരിക്കുന്ന മുൻഭാഗം. വീട്ടിലേക്ക് കയറാൻ ഒരു ചെറിയ നീല ഗെയ്റ്റ്, പ്രധാന കവാടത്തിനു വശത്തായി ഒരു ഇടുങ്ങിയ കോണിപ്പടി, ഇതിലൂടെ വേണം മുകൾനിലകളിലേക്കെത്താൻ. താഴത്തെ നിലയിൽ കലാമിന്റെ ജ്യേഷ്ഠനും കുടുംബവും താമസിക്കുന്നു. നീല ഗ്രില്ലുകളിട്ട സിറ്റ്ഔട്ട് പോർച്ചിലെ ചുവരിൽ കലാം ഒരു വൃക്ഷവുമായി പുഞ്ചിരിച്ചു നിൽക്കുന്ന ചിത്രം.
രണ്ടാം നിലയിലാണ് ‘മിഷൻ ഓഫ് ലൈഫ് ഗാലറി’ എന്ന മ്യൂസിയം. കലാമിന്റെ തൊഴിൽ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളും നേട്ടങ്ങളും കലാം ഉപയോഗിച്ചിരുന്ന സാധനസാമഗ്രികളുമെല്ലാം ഇവിടെ സൂക്ഷിച്ചിരിക്കുന്നു, രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരങ്ങളായ പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്ന തുടങ്ങിയവയെല്ലാം ഇവിടെ പ്രദർശനത്തിനു വെച്ചിട്ടുണ്ട്, ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാനിതെല്ലാം നേരിട്ടു കാണുന്നത്.
ദേശീയ പ്രാധാന്യമുള്ള പ്രതിരോധ സംവിധാനങ്ങളുടെ മാർഗരേഖകൾ സൂക്ഷിച്ചിരിക്കുന്നതിനാൽ സന്ദർശകർക്ക് ഫൊട്ടോഗ്രഫി അനുവദനീയമല്ല. മൂന്നാം നിലയിൽ ഒരു ക്യൂരിയോ കടയാണ് പ്രവർത്തിക്കുന്നത്. കലാമിന്റെ ചിത്രങ്ങളും പ്രതിമകളും, ഹാളിന്റെ ഭിത്തിയും ചുവരുകളും അലങ്കരിക്കുന്നു. അദ്ദേഹത്തിന്റെ ഓർമ നിലനിർത്തുന്ന സുവനീറുകളും ഇവിടെ നിന്നുവാങ്ങാം.
പിന്നീട് അവിടുന്ന് 12 കിലോമീറ്റർ അകലെയുള്ള പാമ്പൻ പാലത്തിലേക്കയായിരുന്നു ഞങ്ങളുടെ യാത്ര. പാലത്തിൽ ബസ്സ് നിർത്തില്ലെന്ന് മനസിലാക്കി ഞങ്ങൾ പാലത്തിനു മുമ്പുള്ള ബസ്സ്റ്റോപ്പിൽ ഇറങ്ങി. ഏകദേശം പാലത്തിന്റെ മധ്യഭാഗം വരെ ഒരു കിലോമീറ്റർ നടന്നു. പാലത്തിന്റെ മുകളിൽ നിന്നും നല്ല സുന്ദരമായ കാഴ്ചകൾക്ക് പുറമേ മനസ്സിനും ശരീരത്തിനും കുളിർമയായി കാറ്റും ഏറെ ആസ്വാദനം നൽകി. പിന്നെ ഇവിടെ വരുന്ന ഒട്ടുമിക്ക സഞ്ചാരികളും ആഗ്രഹിക്കുന്ന ട്രെയിൻ കടന്നു പോകുന്ന കാഴ്ചയും കാണാനും പറ്റി. ഇങ്ങോട്ടുള്ള ബസ്സ് യാത്രയിൽ മനസ്സിൽ ഏറെ ആഗ്രഹിച്ചതും അതായിരുന്നു.
കാഴ്ചകൾ കണ്ട് തിരിച്ചുവരാൻ തുടങ്ങിയപ്പോൾ ഒരു മഹാരാഷ്ട്ര രജിസ്ട്രേഷൻ വാഹനം ഭായിയുടെ കണ്ണിൽ പെട്ടതും, പിന്നെ അങ്ങനെ അവര് തമ്മിൽ അവരുടെ മാതൃഭാഷയായ മറാഠിയിൽ സംസാരിക്കുകയായിരുന്നു. അതിനിടയിൽ എന്നെ പരിചയപ്പെടുത്തുകയും കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ മൂവർ സംഘത്തിലെ ഒരാൾ മറാഠി ഭാഷയിൽ എന്തോ പിറുപിറുത്തു. ഞാനൊന്ന് തമാശയ്ക്ക് ഭായിയോട് എന്താണ് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ, അങ്ങേരു തന്നെ “ഇങ്ങനെ തന്നെയാണ് അവിടെയുള്ള നിങ്ങളെ ആൾക്കാരും, പറയുന്നതൊന്നും മനസ്സിലാവില്ല” എന്ന് പറഞ്ഞു. അവിടെയുള്ള മലയാളികളോടുള്ള ദേഷ്യം എന്നോട് തീർത്തു, അവർ പോയതിനുശേഷം അവര് പറഞ്ഞത് മനസ്സിൽ വെക്കരുതെന്നും പറഞ്ഞു അവർക്ക് വേണ്ടി ഭായി മാപ്പ് ചോദിക്കുകയും ചെയ്തു.
സമയം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു ഇന്നത്തെ ദിവസത്തെ സമയം പോയത് തീരെ അറിഞ്ഞില്ല. ഇനി ഞാൻ രാമേശ്വരം വിടാൻ ഏതാനും മണിക്കൂറുകൾ മാത്രം, സന്ദർശിക്കാൻ “എ.പി.ജെ. അബ്ദുൽ കലാം മെമ്മോറിയൽ” കൂടി ബാക്കിയുണ്ട്. എന്റെ അനുഭവത്തിൽ പറയാണെങ്കിൽ രാമേശ്വരം കാണാൻ വരുന്നവരോട് നിങ്ങളുടെ യാത്രയിൽ അവസാനം ഉൾപ്പെടുത്തേണ്ട ഇടമാണ് കലാം മെമ്മോറിയൽ.
ഓർക്കുക വൈകുന്നേരം 6 മണിവരെയാണ് സന്ദർശന സമയം. പിന്നെ ബാഗും മറ്റ് സാധനങ്ങളുമായി അകത്തേക്ക് പ്രവേശിക്കാൻ സമ്മതിക്കില്ല. വേണമെങ്കിൽ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പുറത്തുവച്ച് പോകാം. മുബൈൽ ഫോൺ നിർബന്ധമായി സ്വിച്ച് ഓഫ് ചെയ്തിരിക്കണം നിശബ്ദത പാലിക്കാൻ കർശന നിർദ്ദേശവും. ഞങ്ങൾ രണ്ടുപേരുടെ കയ്യിലും ബാഗ് ഉള്ളതിനാൽ ആദ്യം ഒരാൾ പോയി വരാമെന്നും ഇതേസമയം മറ്റൊരാൾ പുറത്ത് ബാഗിന് കാവൽ നിൽക്കാമെന്ന് തീരുമാനിച്ചു. ഭായി എന്റെ ബാഗ് മേടിച്ച് ആദ്യം എന്നെത്തന്നെ അകത്തേക്ക് അയച്ചു.
ഒരുപാട് സുരക്ഷാ ജീവനക്കാർ നിറഞ്ഞതാണ് ഇവിടം നല്ലതുപോലെ പരിപാലിക്കുകയും ചെയ്യുന്നു. കലാമിന്റെ ജീവൻ തുടിക്കുന്ന ഒരുപാട് മെഴുക്പ്രതിമകൾ, അദ്ദേഹത്തെ സന്ദർശിച്ച ഒരുപാട് മഹാ വ്യക്തികളുമായുള്ള ഒരുമിച്ചുള്ള ഫോട്ടോയും, അദ്ദേഹം രാഷ്ട്രപതി ആയിരുന്ന സമയത്ത് വിക്ഷേപിച്ച റോക്കറ്റുകളുടെ ചിത്രങ്ങളും വിശദാംശങ്ങളും അങ്ങനെ അദ്ദേഹത്തെ പറ്റിയുള്ള എണ്ണിയാൽ തീരാത്ത ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളും നേട്ടങ്ങളും,
മന്ദിരത്തിനു ഒത്ത നടക്കുകയാണ് അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്നത്. രണ്ടുമൂന്ന് അമ്മമാര് ഖബറിനരികിൽ ചെന്ന് “സ്വാമി” എന്ന് പറഞ്ഞ് തൊഴുന്നത് കാണാനിടയായി. എ.പി.ജെ. അബ്ദുൽ കലാം എന്ന മഹാ വ്യക്തിത്വം ജനമനസ്സുകളിൽ എത്രത്തോളം ആഴ്ന്നിറങ്ങിറ്റുണ്ടെന്ന് അതിലൂടെ മനസ്സിലാക്കാം, ഭായി എന്നെ കാത്ത് പുറത്ത് നിൽക്കുന്നതിനാൽ എല്ലാം പെട്ടെന്ന് കണ്ട് തീർത്ത് പുറത്തിറങ്ങി.
സമയം 6 മണി കഴിഞ്ഞിരിക്കുന്നു ഞങ്ങൾ കലാം മെമ്മോറിയല്നോട് യാത്ര പറഞ്ഞ് റെയിൽവേസ്റ്റേഷൻ ലക്ഷ്യമാക്കി ബസ്സിൽ കയറി. ഇവിടെ നിന്ന് 5 കിലോമീറ്ററുണ്ട് റെയിൽവേ സ്റ്റേഷനിലേക്ക്. ഭായിയുടെ അടുത്ത യാത്ര ചെന്നൈയിലേക്ക് ആയിരുന്നു. ചെലവും കാര്യങ്ങളൊക്കെ നോക്കിക്കൊള്ളാമെന്ന് വാഗ്ദാനമായി കൂടെ വരാൻ എന്നെ ക്ഷണിച്ചു. നാളെ ഉച്ചയ്ക്ക് എറണാകുളം എത്തേണ്ട ആവശ്യകത ഭായിയെ പറഞ്ഞു മനസ്സിലാക്കി നിരസിക്കുക അല്ലാതെ വേറെ വഴിയില്ലായിരുന്നു.
റെയിൽവേ സ്റ്റേഷന് അടുത്തുള്ള ബസ്സ്റ്റോപ്പിൽ ഇറങ്ങി നടക്കുകയായിരുന്നു. അതിനിടയിൽ “ഒരു രൂപക്ക് ഒരു ലിറ്റർ മിനറൽ വാട്ടർ” എന്ന ബോർഡ് കണ്ട് അത് ഉപയോഗപ്പെടുത്താൻ മടിച്ചില്ല, അതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് വെള്ളം തികച്ചും സൗജന്യമാണ് പക്ഷേ ഒരു രൂപ മേടിക്കുന്നത് വൈദ്യുതിചാർജ് ആയിട്ടാണ്. പിന്നെ അവിടുന്ന് ഇറങ്ങിയപ്പോൾ ഭായിക്ക് വട കഴിക്കാമെന്ന് ആഗ്രഹം പറഞ്ഞു. വടക്ക് അപാര രുചി ആയതിനാൽ ഒരേ പാത്രത്തിൽനിന്ന് ഞങ്ങൾ മത്സരിച്ച് കഴിച്ചു.
ഏഴു മണിക്ക് മുമ്പായി ഞങ്ങൾ റെയിൽവേസ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെ എന്നെ കാത്ത് കോയമ്പത്തൂർ വണ്ടി നിൽപ്പുണ്ടായിരുന്നു. എന്നെ വണ്ടിയിൽ കയറ്റി സീറ്റിൽ ഇരുത്തിയതിന് ശേഷം ഭായി യാത്ര പറഞ്ഞു പോയി. വണ്ടി പുറപ്പെടുന്നതിന് മുമ്പ് ഒരു ഹിജഡ വന്ന് എന്റെ മുന്നിൽ കൈ നീട്ടി. അവര് ഞാൻ നൽകിയ ചെറിയൊരു സംഖ്യ സ്വീകരിച്ച് അവരെ ബാഗിൽ നിന്ന് ഒരു രൂപയുടെ നാണയമെടുത്തു എന്റെ തലയിൽ വെച്ച് അനുഗ്രഹിച്ചു അതെനിക്ക് നൽകി.
നിമിഷ നേരം കൊണ്ട് വണ്ടി നീങ്ങിത്തുടങ്ങി. സഹയാത്രികരായി രാമേശ്വരം കാണാനെത്തിയ സഞ്ചാരികളായ തലശ്ശേരിയിലെ കുറിച്ച് ചേട്ടന്മാരെ കിട്ടി. അവരുമായി പരസ്പരം പരിചയപ്പെട്ടു. ഇന്നത്തെ യാത്രയിൽ എടുത്ത ഫോട്ടോസ് ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെ ഷെയർ ചെയ്തു കൊടുക്കുകയും ചെയ്തു. രണ്ട് ദിവസത്തെ യാത്ര ക്ഷീണവും ഉറക്കക്കുറവും എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. സീറ്റിൽ ഇരുന്നു തന്നെ ഉറങ്ങാൻ നോക്കിയിട്ട് പറ്റുന്നില്ല, കിടന്നുറങ്ങാതെ ഒരു രക്ഷയില്ലെന്ന് മനസ്സിലാക്കിയ ഞാൻ, നിറയെ ബാഗുകൾ വെച്ചിരിക്കുന്ന സ്ഥലത്ത് വലിഞ്ഞു കയറി കുറച്ചു ബാഗുകൾ ഒരു വശത്തേക്ക് മാറ്റിവെച്ച് കോയമ്പത്തൂർ എത്തുന്നതുവരെ ചുരുണ്ടുകൂടി ഉറങ്ങി.
സമയം രാവിലെ 7:30 കഴിഞ്ഞ് വണ്ടി കോയമ്പത്തൂരിലെത്തി. പിന്നീട് അവിടുന്ന് 8:30ന് തലശ്ശേരി ചേട്ടന്മാരോട് യാത്രപറഞ്ഞു എറണാകുളത്തേക്ക് തിരിച്ചു. ദൈവാനുഗ്രഹം പോലെ വിചാരിച്ച സമയത്ത് തന്നെ എറണാകുളം എത്തിച്ചേർന്നു. വിശപ്പ് സഹിക്ക വയ്യാതെ ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ച് എറണാകുളത്ത് എത്തിച്ചേർന്ന വിവരവും എവിടേക്കാണ് പോയതൊന്നും ഉമ്മാനെ ഫോണിൽ വിളിച്ചു അറിയിച്ചു. പിന്നെ അവിടെ അടുത്തുള്ള കൂട്ടുകാരന്റെ റൂമിൽ പോയി കുളിച്ചു വൃത്തിയായി പരിപാടിയിൽ പങ്കെടുക്കാൻ പോയി.
അങ്ങനെ വൈകുന്നേരത്തോടെ പരിപാടിയും കഴിഞ്ഞു, രാത്രിക്കുള്ള ട്രെയിനിലാണ് വീട്ടിലേക്കുള്ള മടക്കയാത്ര തീരുമാനിച്ചിട്ടുള്ളത്. അതുവരെ നേരമ്പോക്കിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സെൻട്രൽ സ്ക്വയർ മാളിൽ ചെന്നു. മഹേന്ദ്ര സിംഗ് ധോണിയുടെ ആരാധകനായ എനിക്ക് അവിടെ എന്നെയും കാത്തു ധോണിയുടെ ചെറിയൊരു കട്ടൗട്ട് ഉണ്ടായിരുന്നു. ധോണിയുടെ കൂടാതെ വിരാട് കോഹിലി , രോഹിത് ശർമ, ശിഖർ ധവൻ എന്നിവരുടെയും കട്ടൗട്ട് ഉണ്ടായിരുന്നു. അങ്ങനെ മാളിൽ കുറച്ച് സമയം ചെലവഴിച്ചശേഷം റെയിൽവേസ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.
അപ്പോഴായിരുന്നു പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ വരുന്നത്. അത് ഭായിയുടെ അമ്മയായിരുന്നു. അവരുടെ സന്തോഷവും കടപ്പാടും അറിയിച്ചു. അങ്ങനെയൊരു അവസ്ഥയിൽ ആരായാലും ചെയ്യുന്ന സഹായമേ ഞാൻ ചെയ്തിട്ടുള്ളു പറഞ്ഞപ്പോൾ, അത് ഞങ്ങൾക്ക് വലിയ സഹായമായി എന്നായിരുന്നു അമ്മയുടെ മറുപടി. അങ്ങനെ ഭായിയുടെ അമ്മയുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം നാട്ടിലെക്കുള്ള വണ്ടിക്കായി കാത്തിരിക്കുന്നതിനിടയിൽ കഴിഞ്ഞ മൂന്ന് ദിവസമായി സഞ്ചരിച്ച 1454 കിലോമീറ്റർ നീണ്ട യാത്രയിലെ ഓരോ മുഹൂർത്തങ്ങളും അയവിറക്കിയിരുന്നു.
പല യാത്രകളും നമുക്ക് സമ്മാനിക്കുന്നത് കാഴ്ചയുടെ വിരുന്നുകൾ മാത്രമല്ല ഒരുപാട് അനുഭവങ്ങളും മരിക്കാത്ത ഓർമ്മകളുമാണ്, യാത്ര തുടരും…