കര്‍ണാടകയിലേക്കുള്ള മലയാളി ടൂറിസ്റ്റുകള്‍ ജാഗ്രത; കേരള വാഹനങ്ങളെ ലക്ഷ്യമിട്ട് കൊള്ളക്കാര്‍..

കര്‍ണാടക അതിര്‍ത്തിയില്‍ മലയാളികളായ യാത്രക്കാരെ ആക്രമിച്ച് കൊള്ളയടിക്കാന്‍ ശ്രമം. പെരിക്കല്ലൂര്‍ ടൗണിലെ വ്യാപാരിയും സ്ത്രീകളും കൈക്കുഞ്ഞുങ്ങളടക്കമുള്ള കുടുംബവും മൈസൂരൂവില്‍നിന്ന് മടങ്ങുന്നതിനിടെയാണ് ആക്രമണം. കഴിഞ്ഞ അര്‍ധരാത്രി ഗോണിക്കുപ്പ കഴിഞ്ഞ് അല്പദൂരം പിന്നിട്ടപ്പോഴാണ് സംഭവം. ടാക്‌സിഡ്രൈവര്‍ പുറമടത്തില്‍ റഷീദിന്റെ മനസ്സാന്നിധ്യത്താലാണ് കൊള്ളസംഘത്തിന്റെ അക്രമത്തില്‍നിന്ന് രക്ഷപ്പെടാനായത്.

ഒറ്റപ്പെട്ട സ്ഥലത്ത്, അക്രമികള്‍ റോഡിന്റെ നടുക്കായി കാര്‍ നിര്‍ത്തിയിട്ട് നാല് ഡോറുകളും, ഡിക്കിയും തുറന്നുവെച്ചിരിക്കുകയായിരുന്നു. രണ്ട് യുവാക്കള്‍ മുന്‍വശത്തുനിന്ന് കാറിനകത്തേക്കും രണ്ടുപേര്‍ ഡിക്കിക്കുള്ളിലേക്കും തലതാഴ്ത്തി നില്‍ക്കുകയായിരുന്നു. വേഗതകുറച്ചുവന്ന ടാക്‌സി കാറിനടുത്തേക്ക് എത്തിയപ്പോഴേക്കും യുവാക്കളിലൊരാള്‍ കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

അപകടംമണത്ത റഷീദ് വാഹനം നിര്‍ത്താതെ മുന്നോട്ട് കുതിക്കുകയായിരുന്നു. കാറിനരികിലൂടെ വാഹനം മുന്നോട്ടെടുക്കുന്നതിനിടെ അക്രമികളിലൊരാള്‍ ഇരുമ്പ് പൈപ്പുകൊണ്ട് ടാക്‌സി കാറില്‍ ആഞ്ഞടിച്ചു. ആക്രമത്തില്‍ ടാക്‌സി കാറിന്റെ പുറകിലെ ചില്ല് തകര്‍ന്നു. വാഹനം പരമാവധി വേഗത്തിലോടിച്ച് മൂന്നുകിലോമീറ്ററോളം ദൂരം പിന്നിട്ടപ്പോഴേക്കും അക്രമികള്‍ അവരുടെ കാറില്‍ പിന്നാലെയെത്തി. കുറച്ചുദൂരം മുന്നോട്ട് പോയപ്പോള്‍ എതിരേ ഒരു ട്രാവലര്‍ വരുന്നത് കണ്ട റഷീദ് കാര്‍ ട്രാവലറിനുനേരെ ഓടിച്ചുകയറ്റുകയായിരുന്നു. ട്രാവലറിന്റെ ഡ്രൈവര്‍ വാഹനം വെട്ടിച്ച് നിര്‍ത്തി. കാറിനുള്ളില്‍ നിന്ന് കൂട്ടക്കരച്ചില്‍ കേട്ടതോടെ ട്രാവലറിലെ യാത്രക്കാരായ അയ്യപ്പഭക്തര്‍ പുറത്തേക്കിറങ്ങി. ഇതിനിടെ പിന്‍തുടര്‍ന്ന് വന്ന അക്രമികള്‍ ഇവരുടെ അരികിലൂടെ അതിവേഗം കടന്നുപോയി. കര്‍ണാടക സ്വദേശികളായ അയ്യപ്പഭക്തരോട് തങ്ങള്‍ക്കുണ്ടായ ദുരനുഭവം പറഞ്ഞതോടെ, അയ്യപ്പഭക്തര്‍ കാര്‍യാത്രക്കാരെ കുട്ട എത്തുന്നതിനുമുമ്പുള്ള ചെക് പോസ്റ്റ് വരെ കൊണ്ടുവിട്ടതായി റഷീദ് പറഞ്ഞു.

എന്നാല്‍ ചെക് പോസ്റ്റില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തങ്ങളെ തീര്‍ത്തും അവഗണിച്ചതായി റഷീദ് പരാതിപ്പെട്ടു. കുറച്ച് സമയത്തിനുശേഷം അതിലെ വന്ന ബെംഗളൂരു-കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറോട് കാര്യങ്ങള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ബസ് വേഗതകുറച്ചോടിച്ച് തങ്ങളെ കാട്ടിക്കുളം വരെ അനുഗമിച്ചതായി റഷീദ് പറഞ്ഞു. തുടര്‍ന്ന് റഷീദ് കാട്ടിക്കുളം പോലീസ് എയിഡ് പോസ്റ്റിലെത്തി നടന്ന സംഭവങ്ങള്‍ പറഞ്ഞശേഷം പുല്പള്ളിയിലേക്ക് പോകുകയായിരുന്നു.

കര്‍ണാടകയിലെത്തുന്ന മലയാളികളെ ലക്ഷ്യമാക്കി കൊള്ളസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ പതിവാണ്‌. അടുത്തിടെ ഇത്തരം തട്ടിപ്പുസംഘത്തിലെ ഇരുപതോളംപേരെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. കൊള്ളസംഘത്തില്‍ അറസ്‌റ്റിലായവരില്‍ കല്‍പ്പറ്റ സ്വദേശികളുമുണ്ടായിരുന്നു. ഇതിന്‌ മുമ്പ്‌ നിരവധി തവണ മലയാളികളുടെ വാഹനങ്ങള്‍ കൊള്ളസംഘം ആക്രമിച്ചിട്ടുണ്ട്‌. കര്‍ണാടക പോലീസിന്റെ നിരുത്തരവാദപരമായ സമീപനം കാരണം പലരും പരാതി നല്‍കാന്‍ തയാറായിട്ടില്ല. അടുത്തിടെ കേരളത്തിന്റെ ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌ തടഞ്ഞു നിറുത്തി കൊള്ളയടിക്കുക വരെ ചെയ്‌തിരുന്നു. കൊള്ളസംഘത്തെ ഭയന്ന്‌ പല ടാക്‌സി ഡ്രൈവര്‍മാരും കര്‍ണാടകയിലേക്ക്‌ പോകാന്‍ തയാറാകുന്നില്ല.

Source – http://www.mathrubhumi.com/wayanad/malayalam-news/wayanad-1.2445750

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply