തൃശൂർ – മൈസൂർ ആനവണ്ടിയിലൊരു ബന്ദിപ്പൂർ യാത്ര…!!

കുറേനാളത്തെ ആഗ്രഹമായിരുന്നു KSRTC ബസ്സിലൊരു മൈസൂർയാത്ര, അങ്ങനെ ഇരിക്കുമ്പോളാണ് തൃശ്ശൂരിൽ നിന്നും മൈസൂരിലേക്ക് ദിനേന സർവീസ് നടത്തുന്ന KSRTC ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ്പാ സഞ്ചറിനെകുറിച്ചറിഞ്ഞത്‌. ഈ വിവരം ഞാൻ ഇന്നുവരെകണ്ടിട്ടില്ലാത്ത ഫേസ്ബുക്കിലെ പ്രിയ സുഹൃത്ത് പിഎം യുസിഫിനോട് (Pm Yusef) പറഞ്ഞപ്പോൾ നമുക്ക് പോകാമെന്നു അദ്ദേഹം പറഞ്ഞു.

ആനവണ്ടി പ്രാന്തനായ പ്രശാന്ത് (Prasanth S K) നെ വിളിച്ചു കാര്യങ്ങൾതിരക്കി, രാവിലെ 7 മണിക്ക് തൃശൂർ സ്റ്റാൻഡിൽനിന്നും വണ്ടി എടുക്കുമെന്നും, നല്ലതിരക്കുളളവണ്ടി ആയതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യണം എന്നും, തൃശൂർ ഡിപ്പോയിലെ സ്റ്റാഫ്‌സ് നല്ല സപ്പോർട്ട് ആണെന്നും പ്രശാന്ത് പറഞ്ഞുതന്നു. അത് അനുസരിച്ചു 27th (27 -01 -2018) രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തു. ഫ്രണ്ട്‌ സീറ്റ് 1 ഉം 2 ഉം, 542Rs. അതെ ദിവസം വൈകിട്ട് തിരികെ അതേവണ്ടിയിൽത്തന്നെ തിരികെ തൃശ്ശൂർക്കും ടിക്കറ്റ് എടുത്തു 544Rs. പക്ഷേ സീറ്റ് കിട്ടിയത് പിറകിലാണ്. സീറ്റ് നമ്പർ 47 ഉം 48 ഉം. ബാക്കി എല്ലാം റിസേർവ്ഡ് ആണ്. അങ്ങനെ രാത്രി കാഴ്ച്ച പാളിയതായ് മനസിയിലായി…

അമ്പലപ്പുഴക്കാരനായ ഞാൻ തൃശൂർ എത്തണമെങ്കിൽ കുറഞ്ഞത് 4 മണിക്കൂർ എടുക്കും എന്നതുകൊണ്ട് 27ന് രാവിലെ 12.30ന് തൃശൂർ-പൊന്നാനി ബസ്സിൽ കയറി തൃശ്ശൂർക്ക് ടിക്കറ്റെടുത്തു. 130 രൂപ. ബസ് രാവിലെ ഏഴുമണിക്ക് ആണെങ്കിലും വൈറ്റിലയിൽ ഫ്ലൈ ഓവർ പണിനടക്കുന്നതുകാരണമാണ് നേരുത്തേ ബസ്സിൽ കയറിയത്. ചിലപ്പോൾ ബ്ലോക്കിൽ പെട്ടാലോ എന്ന ചിന്ത. വൈറ്റിലയിൽ എത്തിയപ്പോളാണ് അറിഞ്ഞത് അന്ന് നിർമ്മാണപ്രവർത്തനങ്ങൾ ഇല്ലായിരുന്നു എന്നത്.

ഒന്നുമയങ്ങി എണീറ്റപ്പോൾ തൃശൂർ എത്തി. സമയം പുലർച്ചെ 4.35. സഹയാത്രികൻ യൂസഫിന്റെ വീട് പെരുമ്പാവൂർ ആണ്. 5.30 ആയപ്പോൾ അദ്ദേഹമെത്തി. വര്ഷങ്ങളായി പരിചയം ഉണ്ടെങ്കിലും ആദ്യമായി കണ്ടതിന്റെ ഒരു സന്തോഷം വേറെത്തന്നെ. ശേഷം നേരെ ടൗൺപള്ളിയിൽപോയ് നമസ്കരിച്ചു തിരിച്ചെത്തി. ബസ്റ്റാന്റിൽ തന്നെയുള്ള ഹോട്ടലിൽനിന്നും ചെറുതായി ഭക്ഷണം കഴിച്ചിരുന്നപ്പോൾ KSRTC യുടെ SMS വന്നു. വണ്ടി നമ്പറും കണ്ടക്ടറുടെ കോണ്ടാക്ട് നമ്പറും.

ബസ് കണ്ടുപിടിച്ചു കയറിയപ്പോൾ സീറ്റിലൊക്കെ വേറെ ആളുകൾ, റിസേർവ്ഡ് ആണെന്ന് പറഞ്ഞപ്പോൾ മാറിത്തന്നു. (പ്രശാന്ത് പറഞ്ഞത് ശെരിയാണ്, നല്ല തിരക്കുള്ള ബസ്സാണ്). 7 ആയപ്പോൾ വണ്ടിയെടുത്തു, ഇനി നേരെ ഷൊർണുർ, പട്ടാമ്പി, പെരിന്തൽമണ്ണ, നിലമ്പൂർ, വഴിക്കടവ്, ഗുഡല്ലൂർ, ബന്ദിപ്പൂർ, ഗുണ്ടൽപേട്ട് വഴി മൈസൂർ അതാണ് ലക്ഷ്യം…

കുറച്ചുനേരം ഉറങ്ങിയെഴുനേറ്റപ്പോൾ പട്ടാമ്പി കഴിഞ്ഞു, നിലമ്പൂർ കഴിഞ്ഞു വണ്ടി വഴിക്കടവിൽ എത്തി, അവിടെ കേരളാ അതിർത്തി തീരുവാണ്, ഇനി തമിഴ്നാടാണ്, വഴിക്കടവ് കഴിഞ്ഞാൽ വേറൊരു ലെവൽ ഫീൽ ആണ്, നാടുകാണിച്ചുരം ഇറങ്ങുമ്പോൾ മഞ്ഞിൽകുളിച്ചൊരു ഫീൽ ആയിരുന്നു, വണ്ടി മുതുമല ടൈഗർ റിസേർവിൽ എത്തിയപ്പോൾ ആകെ കണ്ടത് കുരങ്ങുകളും മാൻ കൂട്ടങ്ങളും മാത്രം. മുതുമലയും പിന്നിട്ടവണ്ടി മൈസൂർ ലക്ഷ്യമാക്കി നീങ്ങി…

മുതുമല കഴിഞ്ഞപ്പോൾ കണ്ടക്ടർ മനോജ് ചേട്ടൻ വന്നു മുന്നിലെ കണ്ടക്ടർ സീറ്റിലിരുന്നു, അവർ രാത്രി തിരികെ വരുമ്പോൾ കടുവയും പുലിയുമൊക്കെ റോഡ് ക്രോസ്സ് ചെയ്യാറുണ്ടെന്നും അറിഞ്ഞു, മൈസൂരിൽ 3 മണിക്കൂർകൊണ്ട് എന്തൊക്കെ കാണാം എന്ന് അദ്ദേഹത്തോട് യൂസഫ് അന്വേഷിച്ചു, മനോജ് ചേട്ടൻ പറഞ്ഞതനുസരിച്ചു നോക്കുവാണേൽ ബന്ദിപ്പൂർ ഇറങ്ങുന്നതാണ് നല്ലതെന്നു യൂസഫിനൊരു ഉൾവിളി, ഹബീബെ, നമുക്ക് ബന്ദിപ്പൂർ ഇറങ്ങിയാലോ, അങ്ങനെ മൈസൂർ പ്ലാൻ സ്റ്റോപ്പ് ചെയ്തു ബന്ദിപ്പൂർ ഇറങ്ങാൻ തീരുമാനിച്ചു. അപ്പോളേക്കും സമയം ഉച്ചയ്ക്ക് 1.30 ആയിരുന്നു.

ബന്ദിപ്പൂരിൽ നട്ടുച്ചയ്ക്കും ചെറിയ തണുപ്പുകാറ്റുണ്ട്, നേരേ സഫാരി ബുക്കിംഗ് കൗണ്ടറിൽ പോയ് ടിക്കറ്റ് എടുക്കാൻ നിന്നു, വൈകിട്ട് 3.30 നുള്ള സഫാരിക്ക് ഇപ്പോൾ ക്യൂ, ആളുകൾ ഇല്ല, ആകെ 4 പേർ, വിശപ്പിന്റെ വിളികാരണം കഴിക്കാനായി ഹോട്ടലിലേക്ക് പോയി, വാനരന്മാരുടെ ശല്യംകാരണം ഹോട്ടലിനും ചുറ്റും ഇരുമ്പു നെറ്റുകൊണ്ടു വലയംതീർത്തിരിക്കുകയാണ്, ബന്ദിപ്പൂരിൽ കുരങ്ങുകളുടെ കുസൃതികൾകാരണം ഒരുകുപ്പി വെള്ളംപോലും പുറത്തുനിന്നും കുടിക്കാൻ പ്രയാസമാണ്. രണ്ടു താലി ബുക്ക് ചെയ്തു, 200Rs, കൊള്ളാം, അഞ്ച് കൂട്ടം കറിയും പച്ചരിച്ചോറും പിന്നെ ഒരു ചപ്പാത്തിയും, സംഭവം ഉഷാർ.

ഭക്ഷണത്തിനു ശേഷം വീണ്ടും ക്യൂവിലേക്ക് വന്നപ്പോളാണ് പണിപാളിയത് മനസിലായത്, 30 മിനുറ്റുകൊണ്ട് നൂറോളം പേർ, പാവം യൂസഫ് ക്യൂവിൽ അവസാനം ഇടംപിടിച്ചു, പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ യൂസഫിനും പിറകിൽ ആളുകൾ, അപ്പോളാണ് ഒരു റിലാക്സ്റ്റേഷൻ ആയതു, രണ്ടുമണിമുതൽ നിന്നു മൂന്നുമണി ആയപ്പോൾ 3.30 നുള്ള സഫാരി ടിക്കറ്റ് കൊടുക്കാൻ തുടങ്ങി, യൂസഫ് ന് രണ്ടുപേർ മുന്നിലായപ്പോൾ ടിക്കറ്റ് തീർന്നു, ആള് കൂടുതൽ ഉള്ളതുകൊണ്ടു ഇനി 4.40 സ്പെഷ്യൽ ട്രിപ്പ് ഉണ്ടെന്നു അറിഞ്ഞു, അങ്ങനെ വീണ്ടും ക്യൂവിൽ. 4 മണി ആയപ്പോൾ ടിക്കറ്റ് കിട്ടി. സഫാരി ബസ് ടിക്കറ്റ് ആണ് കിട്ടിയത്. ടിക്കറ്റ് ഒന്നിന് 350Rs വെച്ച് രണ്ടു ടിക്കറ്റും കാമറ ചാർജ് ആയ 100 Rs ചേർത്ത് 800 Rs.

ക്യൂവിൽ നിന്നും ക്ഷീണിച്ച വന്ന യൂസഫിനെ കണ്ടപ്പോൾ എനിക്ക് ഓർമ്മവന്നത്
യോദ്ധായിലെ സിനിമയിലെ അരിശുംമൂട്ടിൽ അപ്പുക്കുട്ടനെ ആണ്, പാവം ആകെ തളർന്നുപോയ്. പുള്ളി ഒരുകുപ്പിവെള്ളം ഒറ്റനിൽപ്പിനു കുടിച്ചുതീർത്തു നാലരക്കുതന്നെ സഫാരി ബസ് എത്തി, സൈഡ് സീറ്റ് കിട്ടി, കാട്ടിലേക്കു യാത്ര തിരിച്ചു, യൂസഫ് എന്നോട് പറഞ്ഞു ഹബീബെ ഇവിടെ കടുവ ഒരുപാടുണ്ട് ഒന്നും നോക്കണ്ട ക്ലിക്കികോളണമെന്നു.

കടുവയെയും സ്വപ്നംകണ്ട് കട്ടിൽ കയറി ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ഒരു കിളിയെപോലും കണ്ടില്ല. ഞാൻ കരുതി സഫാരി പാളിയെന്ന്, പെട്ടന്നു കുറച്ചു മാൻകൂട്ടങ്ങൾ വണ്ടിക്കുമുന്നിലേക്കു ചാടി, കണ്ണിനു നല്ല കുളിർമയുള്ള കാഴ്ച്ച, വണ്ടി കാട്ടിലൂടെ മുന്നിലേക്ക് നീങ്ങിയപ്പോൾ കാറ്റിൽ രണ്ടു യുവമിഥുനങ്ങൾ നിൽക്കുന്നു. ഒരു ചെറിയ കുളക്കടവിൽ നിന്നും വെള്ളംകുടിക്കുന്ന ഒരു പിടിയും ഒരു കൊമ്പനും. കുറച്ചു നേരം നിന്നപ്പോൾ രണ്ടും കാടിനകത്തേക്കു പോയ്. വണ്ടി മുന്നിലേക്ക് എടുത്തപ്പോൾ വീണ്ടും കുളത്തിനു അടുത്തേക്കുവരുന്നത്കണ്ട ഡ്രൈവർ വണ്ടി നിർത്തിയിട്ടു.

അപ്പോളാണ് അപൂർവമായി നടക്കുന്ന എലെഫന്റ്റ് മാറ്റിംഗ് കണ്ടത്. ബസിനകത്തു കാമറ ക്ലിക്കുകളുടെ ശബ്ദം മാത്രം, എനിക്കും കിട്ടി ഏതാനും ക്ലിക്കുകൾ. അവർ വീണ്ടും കാട്ടിലേക്ക് കയറി, ഞങ്ങൾ അടുത്ത് അതിഥിയെതേടി മുന്നോട്ടും, കുറച്ചു മുന്നിൽ ചെന്നപ്പോൾ മയിലുകളുടെ ഒരു കൂട്ടം, അവിടെയും കുറച്ചു നേരം നിന്നു. ആകെ കണ്ടത് ആനയും, മാനും, മയിലും കുരങ്ങും മാത്രം. കാണാൻ ആഗ്രഹിച്ചിരുന്ന കടുവയെ കണ്ടില്ല എന്ന വിഷമത്തോടെ തിരിച്ചു യാത്ര തുടങ്ങിയ സ്ഥലത്തു തിരിച്ചു എത്തി.

ഇപ്പോൾ സമയം അഞ്ചരക്കഴിഞ്ഞു, കണ്ടക്റ്റർ മനോജ് ചേട്ടനെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ റേഞ്ച് ഇല്ല. എങ്ങനെയൊക്കെയോ റേഞ്ച് കിട്ടി വിളിച്ചപ്പോൾ ഞങ്ങൾ ഒരു ഏഴരക്ക് അവിടെ എത്തുമെന്ന് അദ്ദേഹം അറിയിച്ചു. കുറച്ചുനേരം വിശ്രമിക്കാൻ തീരുമാനിച്ചു, ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ അനിഭവപ്പെട്ടു. കുറച്ചു വെള്ളമൊക്കെ കുടിച്ചു ഇരുന്നപ്പോൾ സമയം ഏഴേകാൽ കഴിഞ്ഞു. ബസ് നിർത്തിയ സ്റ്റോപ്പിൽ പോയി നിന്നു. അവിടെ ആണ് കർണാടക ചെക്ക്പോസ്റ്റ്. കർണാടക പോലീസ് ചോദിച്ചു എവിടെ പോകാൻ ആണെന്ന്. കേരളാ ആണെന്നു പറഞ്ഞപ്പോൾ ബസ് ഇപ്പോൾ വരും അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു. സമയം പോയിക്കൊണ്ടിരുന്നു. തണുപ്പാണേൽ കൂടിക്കൊണ്ടിരുന്നു. അവസാനം ബാഗിൽനിന്നും കോട്ടെടുത്തു ഇട്ടു തണുപ്പകറ്റി. രാത്രി എട്ടുമണി ആയപ്പോൾ നമ്മുടെ ആനവണ്ടി തിരികെയെത്തി. മനോജ് ചേട്ടൻ പറഞ്ഞു നിങ്ങളെ ഞാൻ വിളിച്ചിരുന്നു കിട്ടിയില്ലാ എന്ന്, കാടായതുകൊണ്ടു റേഞ്ചില്ലാ…

ബസിൽ കയറിയതും നിറയെ ആളുകൾ.. സീറ്റ് റിസേർവ്ഡ് ആയത്കൊണ്ട് ഇരിക്കാൻ കഴിഞ്ഞു. ഒന്ന് നന്നായി നോക്കിയപ്പോൾ ആണ് കാര്യം മനസിലായത്, ബസിൽ മുഴുവനും സ്കൂൾ കുട്ടികൾ. അപ്പോൾ ഇവരുകാരണം ആണ് തിരികെ ഫ്രണ്ട്‌ സീറ്റ് കിട്ടാഞ്ഞത് എന്ന് മനസിലായി. നല്ല ക്ഷീണം കാരണം കുറച്ചു ഉറങ്ങി. പത്തുമണികഴിഞ്ഞു രാത്രിഭക്ഷണത്തിനായ് വഴിക്കടവിൽ വണ്ടി നിർത്തി. അവിടെ നിന്നും നേരേ തൃശൂർ ലക്ഷ്യമാക്കി വണ്ടി കുതിച്ചു. പുലർച്ചെ രണ്ടുമണിയോടുകൂടി വണ്ടി തൃശൂർ എത്തി…

പുലർച്ചെ ഏഴുമണിക്ക് സ്റ്റാർട്ട് ചെയ്ത വണ്ടി മൈസൂർ എത്തുമ്പോൾ ഉച്ചയ്ക്ക് രണ്ടുമണി കഴിയും. തിരികെ വൈകിട്ട് ആറുമണിക്ക് എടുക്കുന്ന വണ്ടി രാത്രി രണ്ടുമണിയോടുകൂടിയാണ് തൃശൂർ എത്തുന്നത്. ഡ്രൈവറും കണ്ടക്ടറും നല്ല സഹരണമാണ് എന്നതാണ് ഈ ബസ്സിന്റെ ഒരു പ്രധാന പ്രത്യേകത. തിരിച്ചു വീട്ടിലേക്കു പോകുമ്പോൾ രണ്ടുപേർക്കും ഒരു ഒരു സലാം കൊടുത്തു വീണ്ടും വരാം എന്നുപറഞ്ഞു ഞാൻ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സൂപ്പറിലേക്ക് കയറി. യൂസഫ് പെരുമ്പാവൂർ-കോട്ടയം വഴിയുള്ള സൂപ്പർ ഡീലക്സിലും…

ടിപ്സ്: ടിക്കറ്റ് ചാർജുകൾ – ബസ് സഫാരി ആണെങ്കിൽ തല ഒന്നിന് – 350Rs. ജിപ്സി സഫാരി ആണെങ്കിൽ തല ഒന്നിന് – 750Rs. (7 പേർ മിനിമം വേണം), ക്യാമറ : 100Rs. 200mm ലെൻസിനു മുകളിൽ ആണെങ്കിൽ 500Rs. റൂമിന് : ദിവസം 1600Rs.

മുന്നറിയിപ്പ്: വന്യജീവികൾ റോഡ് ക്രോസ്സ് ചെയ്യാൻ സാധ്യതയുള്ളതുകൊണ്ട് വേഗതകുറച്ചു, ശ്രദ്ധിച്ചു വാഹനങ്ങൾ ഓടിച്ചുപോകുക. പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക. പുകവലി, മദ്യപാനം എന്നീ കലാപരിപാടികൾ ഉപേക്ഷിക്കുക.

റൂട്ട് മാപ്പ് : https://goo.gl/maps/XyLnD4KEyXy , ബന്ദിപ്പൂർ ഓൺലൈൻ റിസർവേഷൻ വെബ്സൈറ്റ് :https://bandipurtigerreserve.in/

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply