വിവരണം :Gopakumar Mangattugokulam.
പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്ധ്യതിരുവിതാംകൂർ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു മോഷ്ടാവായിരുന്നു കായംകുളം കൊച്ചുണ്ണി. മോഷ്ടാവായിരുന്നെങ്കിലും പണക്കാർക്കെതിരെ പാവങ്ങളുടെ പക്ഷത്ത് നിന്ന സാമൂഹ്യപരിഷ്കർത്താവുമൊക്കെയായി കൊച്ചുണ്ണിയെ ചിത്രീകരിക്കുകയും പൊടിപ്പും തൊങ്ങലും വെച്ച് കഥകൾ പ്രചരിക്കുകയും ചെയ്തു. ധനവാന്മാരിൽ നിന്ന് വസ്തുവകകൾ അപഹരിച്ചെടുത്ത് പാവങ്ങൾക്ക് നൽകുകയായിരുന്നു അയാൾ ചെയ്തിരുന്നതെന്ന് പറയപ്പെടുന്നു.
കായംകുളത്ത് ഇപ്പോഴുള്ള പണ്ടകശാലക്കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറയിൽപ്പെട്ടവരാണന്ന് പറയപ്പെടുന്നുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കൊച്ചുണ്ണിയെക്കുറിച്ച് പരാമർശമുണ്ട്. വായ് മൊഴിയായി പകർന്നെത്തിയ കഥകളാണ് കേരളീയരുടെ ഓർമ്മയിൽ കൊച്ചുണ്ണി മായാതെ നിൽക്കാൻ കാരണമായിട്ടുള്ളത്.
സത്യൻ മാഷ് നായകനായി1966-ൽ നിർമ്മിച്ച സിനിമയ്ക്ക് വേണ്ടി നായകന്റെ താരാ പരിവേഷത്തിന് കോട്ടം തട്ടാതിരിക്കാൻ തിരക്കഥയിൽ വരുത്തിയ മാറ്റം, ചിത്രം വൻ ഹിറ്റാവു കയും കൂടി ചെയ്തപ്പോൾ പിന്നീടുള്ള തലമുറ ഈ സിനിമാ കഥകളാണ് പ്രചരിപ്പിച്ചത് . മോഷണത്തിൽ കൊച്ചുണ്ണിക്കുണ്ടായിരുന്ന സാമർത്ഥ്യത്തെക്കുറിച്ച് അനേകം കഥകൾ പ്രചാരത്തിലുണ്ട്. കായംകുളത്ത് ദേവികുളങ്ങര പഞ്ചായത്തിലെ പുതുപ്പള്ളി വാരണപ്പള്ളി തറവാട്ടിൽ കൊച്ചുണ്ണി നടത്തിയതായി പറയപ്പെടുന്ന മോഷണത്തിന്റെ കഥ പ്രസിദ്ധമാണ്.
ഓടനാട് രാജാവിന്റെ ( കായംകുളം കൊട്ടാരം) പടത്തലവനായിരുന്ന “പടവെട്ടും പത്തിനാഥ പണിക്കർ ” കാരണവരായിട്ടുള്ള വാരണപ്പള്ളി തറവാട്ടിലെ കുടുംബ സുഹൃത്താണ് കള്ളനായകൊച്ചുണ്ണിയെന്നത് വിശ്വസിക്കാൻ തന്നെ പ്രയാസം … കൊച്ചുണ്ണി വാരണപ്പള്ളിയിലെ തറവാട്ടിൽ ഒരിക്കൽ എത്തുകയും കൊച്ചുണ്ണിയുടെ ചെയ്തികൾ കേട്ടറിഞ്ഞ കാരണവർ തന്റെ വീട്ടിൽ നിന്ന് മോഷണം നടത്താൻ വെല്ലുവിളിച്ചതാണ് ഈ മോഷണത്തിന് കാരണമായതായി പറയപ്പെടുന്നത്. തറവാട്ടു തിണ്ണയിൽ കാരണവരോടൊപ്പം വെറ്റിലമുറുക്കും സംഭാഷണവുമായിരുന്ന കൊച്ചുണ്ണി, പൂമുഖവാതിലിനകത്തെ സാക്ഷയുടെ സ്ഥാനം മനസ്സിലാക്കി പുറത്ത് ചുണ്ണാമ്പു കൊണ്ട് അടയാളപ്പെടുത്തിയെന്നും അന്നു രാത്രി അവിടം തുരന്നു മോഷണം നടത്തിയശേഷം പിറ്റേന്ന് മുതൽ തിരികെ നൽകിയെന്നുമാണ് കഥ.
എന്നാൽ മോഷണശ്രമം പരാജയപ്പെടുകയാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. പൂമുഖ വാതിലിന്റെ കട്ടളയിൽ കമ്പി പഴുപ്പിച്ച് തുളച്ചെങ്കിലും കൊച്ചുണ്ണിക്ക് അറയിൽ കയറാൻ സാധിച്ചിരുന്നില്ല. കൊച്ചുണ്ണിയുടെ മോഷണത്തിലെ ഒരു പരാജയം. എന്നാൽ സിനിമയിൽ ഒരു തറവാട്ടിലെ കാരണവരുമായി സത്യൻ മാഷിന്റെ കൊച്ചുണ്ണി കഥാപാത്രം സൗഹൃദം സ്ഥാപിക്കുകയും ആ തറവാട്ടിൽ മോഷണം നടത്തി പിറ്റേന്ന് മോഷണമുതൽ തിരികെ നൽകുന്നുണ്ട് ഇത് വാരണപ്പള്ളി തറവാടുമായി ബന്ധിപ്പിക്കുകയാണ് ചിലർ ചെയ്തത്. മോഷണശ്രമം പരാജയപ്പെട്ടങ്കിലും കൊച്ചുണ്ണിയുടെ കൗശലത്തിന്റെ സാക്ഷ്യമായി വാരണപ്പള്ളിയിലെ ആ വാതിലിൽ ഇപ്പോഴും കമ്പി പഴുപ്പിച്ച് കയറ്റിയ അടയാളമുണ്ട്.
കൊച്ചുണ്ണിയുടെ പ്രവർത്തനങ്ങൾ അധികമായപ്പോൾ അയാളെ പിടിക്കാൻ ദിവാൻ ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കാൻ കാർത്തികപ്പള്ളി തഹസീൽദാർ, കൊച്ചുണ്ണിയുമായി ബന്ധമുണ്ടായിരുന്ന അടുത്ത സുഹൃത്തിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തു കൊച്ചുണ്ണിയെ ഒരു പ്ലാവിൽ കെട്ടിയിട്ട് പൊതുദർശനം നടത്തി. ആ പ്ലാവ് ഇന്നത്തെ കായംകുളം പോലീസ് സ്റ്റേഷന് മുന്നിൽ ഈ അടുത്ത കാലം വരെയുണ്ടായിരുന്നു. 2015-ൽ റോഡ് വികസനത്തിന്റെ പേരിൽ പ്ലാവ് മുറിച്ചുമാറ്റിയതിനെതിരെ മാധ്യമങ്ങളിൽ വാർത്ത വരികയും പ്രകൃതി സ്നേഹികൾ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട കൊച്ചുണ്ണി തടവുചാടി അറസ്റ്റു ചെയ്ത പോലീസുകാരനേയും അറസ്റ്റിനു സഹായിച്ച സുഹൃത്തിനെയും കൊന്നു. കൊച്ചുണ്ണിയെ പിടികൂടാനുള്ള ചുമതല പിന്നീട് മറ്റൊരു തഹസീൽദാരായ കുഞ്ഞുപ്പണിക്കർക്കാണ് ലഭിച്ചത്. ഇക്കാര്യത്തിൽ തഹസീൽദാർ, കൊച്ചുണ്ണിയുടെ സുഹൃത്തുക്കളായിരുന്ന വാവ, കൊച്ചുപിള്ള എന്നിവരുടെ സഹായം തേടി. കൊച്ചുപിള്ളയുടെ വാഴപ്പള്ളിയിലെ ഭാര്യവീട്ടിലേയ്ക്ക് വിളിച്ചുവരുത്തി, സൽക്കാരത്തിനിടെ മരുന്നു കലർത്തിയ ഭക്ഷണം നൽകി മയക്കിയ ശേഷം വീണ്ടും കൊച്ചുണ്ണിയെ അറസ്റ്റു ചെയ്തു. കരമാർഗ്ഗം കൊണ്ടു പോയാൽ വീണ്ടും കൊച്ചുണ്ണി രക്ഷപ്പെടുമെന്നുള്ള വിശ്വാസത്തിൽ കായംകുളം കായലിലൂടെ വള്ളത്തിലാണ് കൊണ്ടുപോയത് എന്നാൽ ഇടയ്ക്ക് ബോധം തിരിച്ച് കിട്ടിയ കൊച്ചുണ്ണി വള്ളത്തിൽ നിന്ന് കായലിലേക്ക് ചാടി വീണ്ടും രക്ഷപ്പെട്ടു. പിന്നെ കുറെ കാലത്തേക്ക് കൊച്ചുണ്ണിയെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.
എന്നാൽ കൊച്ചുണ്ണി പത്തനംതിട്ടയിലും പുനലൂരുമായി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് അഭിപ്രായമുള്ളവരുമുണ്ട്. കായംകുളം കൊച്ചുണ്ണിയുടെ മരണം സിനിമയിൽ കാണുന്ന പോലെ 41 ാം വയസിൽ1859 ലെ സെപ്തംബർ മാസത്തിലല്ല 77 -ാം വയസിൽ ക്ഷയരോഗം പിടിപ്പെട്ട് വള്ളികുന്നത്ത് പ്രശസ്ത നാടക രചയിതാവായ തോപ്പിൽഭാസിയുടെ മുത്തശ്ശിയുടെ വീട്ടിലെ പശുത്തൊഴുത്തിന്റെ തിണ്ണയിലായിരുന്നു. അവർക്ക് മാത്രമേ ഇത് കൊച്ചുണ്ണിയായിരുന്നു എന്നറിയാമായിരുന്നുള്ളൂവെന്ന് പിൽക്കാലത്താണ് മറ്റുള്ളവർ മനസിലാക്കിയത്. അവസാന നാളുകളിൽ കൊച്ചുണ്ണിക്ക് ആഹാരവും വെള്ളവും നൽകിയത് ഈ മുത്തശ്ശിയായിരുന്നു.
എന്നാൽ പിടിയിലായ കൊച്ചുണ്ണിയെ കനത്ത കാവലിൽ ജലമാർഗ്ഗം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോയിയെന്നും അവിടെ 91 ദിവസത്തെ ജയിൽവാസത്തിനൊടുവിലാണ് അദ്ദേഹം മരിച്ചതെന്നും തിരുവനന്തപുരം പേട്ട ജുമാ മസ്ജിദിലാണ് കൊച്ചുണ്ണിയെ കബറടക്കിയതെന്നും അന്നത്തെ അധികാരികൾ “നുണ “പറഞ്ഞ് പരത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
എന്നാൽ അധികാരികൾ അറിയാതെ ഒളിവിൽ കഴിഞ്ഞ് 36 വർഷം കൂടി കൊച്ചുണ്ണി ജീവിച്ചിരുന്നു. ഒരു നടന്റെ താരാ പരിവേഷത്തിന് മാറ്റ് കൂട്ടാൻ വേണ്ടി സിനിമയുടെ തിരക്കഥയിൽ മാറ്റം വരുത്തിയപ്പോൾ ഒരു ചരിത്രം തന്നെ മാറ്റിമറിക്കപ്പെട്ടു. ഇങ്ങനെ നമ്മൾ എത്ര എത്ര ചരിത്രങ്ങളാണ് കഥയ്ക്കും സാഹിത്യത്തിനും നാടകത്തിനും സിനിമയ്ക്കും വേണ്ടി മാറ്റിമറിച്ചത് താത്കാലിക രസത്തിനു വേണ്ടിയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും ചരിത്രങ്ങൾ മാറ്റിമറിക്കുമ്പോൾ നമ്മൾ ഓർക്കണം പുതു തലമുറയ്ക്ക് നമ്മൾ പകരുന്നത് കെട്ടുകഥകളാണന്ന് കെട്ടുകഥകൾ പഠിച്ച് സത്യം അറിയാത്തവരായി പിൻഗാമികൾ മാറണോ …? ചിന്തിക്കുക…..
പൊടിപ്പും തൊങ്ങലും അതിഭാവുകത്വാ പരിവേഷമുള്ള നിരവധി കഥകൾ കൊച്ചുണ്ണിയെ സംബന്ധിച്ച് കേരളീയരുടെ സ്മൃതിപഥത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. മുത്തശ്ശിക്കഥകൾക്കെന്നപോലെ നാടകത്തിനും, സിനിമയ്ക്കും, ടെലിവിഷൻ സീരിയലുകൾക്കും ഒക്കെ കൊച്ചുണ്ണി വീരപുരുഷനായി ശോഭിക്കുന്നു. ഇപ്പോള് മലയാളത്തില് പുതിയ രൂപത്തില് സിനിമയായും കൊച്ചുണ്ണി വരുന്നുണ്ട്.
“കൊച്ചുണ്ണി ” വീരപുരുഷൻ തന്നെയാണ് പാവപ്പെട്ടവന്റെ സാധാരണക്കാരന്റെ അശ്രയമായിരുന്നു കൊച്ചുണ്ണി അധികാരത്തിന്റെ മത്തുപിടിച്ച ഭരണ മേലാളന്മാർക്ക്…. ……വരേണ്യവർഗ്ഗക്കാർക്ക് പിടികൊടുക്കാതെ തന്റെ മരണം ജഗദീശ്വരന്റ തീരുമാനത്തിന് അനുസരിച്ച് ജീവിച്ച് തീർത്ത കർമ്മയോഗി തന്നെയാണ് കൊച്ചുണ്ണി…… അതുകൊണ്ടാണ് കൊച്ചുണ്ണിക്ക് ക്ഷേത്രം വരെ കാലം കരുതിവെച്ചത്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ഏടപ്പാറ മലദേവർ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് ഈ ഇസ്ലാം മതവിശ്വാസിയായിരുന്ന കൊച്ചുണ്ണിയുടേതാണ്.
ചന്ദനത്തിരികൾ, കഞ്ചാവ്, നാടൻ മദ്യം, വെറ്റില, അടയ്ക്ക, പുകയില തുടങ്ങിയവയൊക്കെയാണ് ഇവിടെ വഴിപാട്……. മോക്ഷം കിട്ടാതെ അലഞ്ഞുതിരിഞ്ഞു നടന്ന കൊച്ചുണ്ണിയുടെ ആത്മാവ്, കുറവ സമുദായത്തിൽപ്പെട്ട ഒരു മഹാ മാന്ത്രികനായ ഉരാളി മൂപ്പനോട് അപേക്ഷിച്ചതിനെ തുടർന്ന് കൊച്ചുണ്ണിക്ക് സായൂജ്യം നൽകി യോഗീശ്വര രൂപത്തിൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. മേടമാസത്തിലാണ് ഈ ക്ഷേത്രത്തിലെ ഉത്സവം.