കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൂടുതല്‍ ബസ്സുകള്‍ തുടങ്ങേണ്ടതിന്‍റെ ആവശ്യകത..

കോഴിക്കോട് റയിൽ‌വേസ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ വടക്ക് മാറി, മലപ്പുറം ജില്ലയിലെ‌ കൊണ്ടോട്ടിക്കടുത്ത കരിപ്പൂർ എന്ന ഗ്രാമത്തിലാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്. മലബാര്‍ ജില്ലകളില്‍ നിന്നുള്ള പ്രവാസികള്‍ വന്നിറങ്ങുന്ന ഇവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് നെടുമ്പാശ്ശേരി മാതൃകയില്‍ KURTC വോള്‍വോ ബസ് സര്‍വ്വീസുകള്‍ തുടങ്ങണമെന്ന് യാത്രക്കാരുടെ നിരന്തരമായ ആവശ്യം ഇന്നും ഉയരുകയാണ്. രാജേഷ് എന്ന ഒരു യാത്രക്കാരന്‍റെ അനുഭവം വായിക്കാം…

“ഒരുപാട് ആലോചനകൾക്ക് ശേഷമാണ് അമ്മായിയെയും കുഞ്ഞിനെയും എയർപോർട്ടിൽ കൊണ്ടുവിടാനുള്ള യാത്ര KSRTC യിൽ ആക്കാം എന്നു തീരുമാനിച്ചത്.വളരെ പ്രതീക്ഷയോടെയാണ് കോഴിക്കോടേക്കുള്ള എയർ പോർട്ട് ബസിനെ പൊയ്നാച്ചിയിൽ കാത്തിരുന്നത്.

പ്രതീക്ഷകൾക്ക് കനത്ത ആഘാതമേൽപ്പിച്ചുകൊണ്ട് തീപ്പെട്ടിക്കൊള്ളി നിറച്ചതു പോലെ ആളുകളെയും കൊണ്ട് ബസ് എനിക്കരികിലെത്തി. വേറെ വഴിയില്ലാതെ 30kg ബാഗും വലിച്ച് ശക്തമായ ഉന്തിനും തള്ളിനുമൊടുവിൽ ബസിനകത്തെത്തിപ്പെട്ടു.

മുകളിൽ കൈ പിടിക്കേണ്ടി വന്നില്ല ഒപ്പം നിലത്ത് കാല് കുത്തേണ്ടിവന്നതുമില്ല. ഒരു മണിക്കൂറോളം ആകാശസഞ്ചാരികളെ പോലെ വായുവിലായിരുന്നു യാത്ര. ഏറെ കാത്തിരിപ്പിനൊടുവിൽ കാഞ്ഞങ്ങാട് കഴിയേണ്ടി വന്നു ഒരു സീറ്റ് കിട്ടാൻ. അതും ഏറ്റവും പിറകിലുള്ള ‘ഓട്ടോ മസാജിങ്ങ് സീറ്റ് ‘ (അമ്യൂസ്മെൻറ് പാർക്കിലെ കൂറ്റൻ റൈഡറുകളൊക്കെ വെറുതെയാണ് – ഇത് വേറെ ലെവൽ ‘എയർ പോർട്ട് റൈഡർ’) . ഓരോ 5 മിനിറ്റിടവേളയിലും തല ബസിന്റെ മോന്തായത്തിലിടിക്കും. ക്യാമറ ഓൺ ചെയ്തിനെങ്കിൽ മുകളിലെത്തുമ്പോൾ ഒരു ഏരിയൽ വ്യൂ പടം പിടിക്കാരുന്നു.

പാതിമയക്കത്തിനിടയിലെവിടെയോ യാത്രക്കാരന്റെ ഒരു ചോദ്യം കേട്ടാണ് ഞാൻ ഉണർന്നത് ‘ബസ് എപ്പോൾ എത്തും’ എന്ന്. ‘എത്തുമ്പോൾ എത്തും’ മറുപടി ഉരുളയ്ക്കുപ്പേരി പോലെ കണ്ടക്ടർ സാറിന്റെ വായിൽ നിന്നും പറന്നെത്തി. (കുറ്റപ്പെടുത്തിയതല്ല ). നിന്ന് പണ്ടാരമടങ്ങുന്നവന്റെ രോദനം ആരു മനസിലാക്കാൻ. ഞങ്ങൾക്ക് പുറമേ 30 കിലോ ലഗേജിനും കിട്ടി ഒരു മുറിയൻ ടിക്കറ്റ്.

കോഴിക്കോടെത്താനായപ്പോൾ അടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന ‘കാഞ്ഞങ്ങാട് ഡിപ്പോയിൽ ജോലി ചെയ്യുന്ന ഒരു നല്ല മനുഷ്യനെ പരിചയപ്പെടാൻ പറ്റി. നിർഭാഗ്യവശാൽ പേരു ചോദിക്കാൻ വിട്ടും പോയി. ‘മദ്ധ്യത്തിലുള്ള സീറ്റിൽ ഇരുന്നല്ലാതെ സുഖകരമായി യാത്ര ചെയ്യാനാവില്ല’ എന്നൊരു ഉപദേശവും നൽകിയാണ് അദ്ദേഹം കോഴിക്കോട് ഇറങ്ങിയത്.

ഇനി കാര്യത്തിലേക്ക് കടക്കാം ദീർഘ ദൂരമല്ലെങ്കിലും അത്യാവശ്യം വല്യൊരു സർവ്വീസ് ആണ് കാസര്‍ഗോഡ്‌ മുതൽ കോഴിക്കോട് എയർപോർട്ട് വരെയുള്ള 6-7 മണിക്കൂർ യാത്ര. സാധാരണ ബസ് ആണെങ്കിൽപോലും എയർപോർട്ട് വരെ ആൾക്കാർ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

വിദേശയാത്രക്കാർ വളരെയേറെയുള്ള ഒരു നാടാണ് കാസർഗോഡ്. അതുകൊണ്ട് തന്നെ ഒരു KSRTC A/C യോ അല്ലെങ്കിൽ വോൾവോയോ ബുക്കിങ്ങ് സൗകര്യത്തോടെ ഈ റൂട്ടിൽ സർവ്വീസ് നടത്തിയാൽ ഇതിനേക്കാൾ മികച്ച യാത്ര പ്രതാനം ചെയ്യുന്നതോടൊപ്പം KSRTC യ്ക്ക് ഒരു മുതൽക്കൂട്ടാകുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.”

©Rajesh Bangad

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply