സഗാടയിലെ തൂങ്ങുന്ന ശവപ്പെട്ടികൾ ; വ്യത്യസ്തമായ ശവസംസ്കാര രീതി…

വിവരണം – ഷിത വത്സൻ.

എസ്. കെ.പൊറ്റെക്കാട്ടിന്റെ ഇന്തോനേഷ്യൻ ഡയറിയിൽ നിന്നാണ് തൂങ്ങുന്ന ശവപ്പെട്ടികളെ (Hanging coffins) കുറിച്ച് ഞാൻ ആദ്യമായി വായിച്ചത്. അവിടെയുള്ള ചില ഗോത്ര വർഗ്ഗക്കാരുടെ ഈ ശവസംസ്കാര രീതി എന്നിൽ വലിയ അത്ഭുതം ഉളവാക്കി. അപ്പോഴൊന്നും സ്വപ്നത്തിൽ പോലും ഇത് കാണാൻ പറ്റുമെന്ന് കരുതിയില്ല. പക്ഷെ വർഷങ്ങൾക്കു ശേഷം ഞാൻ കണ്ടത് ഇന്തോനേഷ്യയിലെ തൂങ്ങുന്ന ശവപ്പെട്ടികളല്ല മറിച്ച് ഫിലിപ്പിൻസിലെ സഗാടയിലേതാണ്. ഫിലിപ്പിൻസിലെ മലനിരകൾ നിറഞ്ഞ പ്രവിശ്യയാണ് സഗാട. ഈ രണ്ടു സ്ഥലങ്ങൾ കൂടാതെ ചൈനയുടെ തെക്ക് ഭാഗത്തുള്ള ചില ഗോത്രങ്ങളും ഈ ശവസംസ്കാര രീതി പിന്തുടരുന്നവരാണ്.

സഗാടയിൽ നിന്ന് ഏതാണ്ട് 200 കിലോമീറ്റർ അകലെയുള്ള കവായാൻ വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് കിട്ടാത്തത്തിനാൽ, തലസ്ഥാനമായ മനിലയിൽ നിന്ന് 400 കിലോമീറ്റർ ദൂരമുള്ള സഗാടയിലേക്ക് പുലർച്ചെ തന്നെ ബസിൽ പുറപ്പെട്ടു. ഉച്ചയോടെ ബാഗിയോ എത്തി, അവിടെ നിന്ന് ഊണ് കഴിച്ച് വേറൊരു ബസിൽ സഗാടയിലേക്ക് തിരിച്ചു. ബാഗിയോയിൽ നിന്ന് ബോന്റോക്കിലെക്കു പോയി ബനാവ്യൂ റൈസ് ടെറസ് (Banaue Rice Terrace) കണ്ടു മടങ്ങാനുള്ള എന്റെ തീരുമാനത്തെ സഗാട വഴി തിരിച്ചുവിട്ടത് ഒരു ഫിലിപ്പിനോ സുഹൃത്ത് ആണ്. നല്ലൊരു തീരുമാനമായിരുന്നു അതെന്ന് സഗാട യാത്ര കഴിഞ്ഞപ്പോൾ മനസ്സിലായി.

ഫിലിപ്പിൻസിലെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജീവിത രീതികളിൽ സ്പാനിഷ് സ്വാധീനം അധികം കലരാത്ത ഒരു ജനതയാണ് സഗാടയിലേത്. മലനിരകൾ നിറഞ്ഞ അക്കാലത്ത് യാത്രാസൗകര്യം തീരെയില്ലാത്ത ഇവിടേക്ക് 1882-വരെ സ്പാനിഷ് പാതിരിമാർക്കു എത്തിപ്പെടാൻ പറ്റിയില്ല. തദ്ദേശവാസികൾക്കിടയിൽ പ്രചാരത്തിലുള്ള കഥയിൽ, വടക്കുള്ള അബ്ര പ്രവിശ്യയിലെ ബിക ഗ്രാമത്തിൽ അക്കാലത്തുണ്ടായിരുന്ന മനുഷ്യ വേട്ടക്കാരിൽ നിന്ന് രക്ഷപ്പെട്ടു ബിയാഗും കുടുംബവും കാൻഡൻ എത്തി. പക്ഷെ അവിടെയും അധിക കാലം രക്ഷയുണ്ടായില്ല, സ്പാനിഷ് കാലഘട്ടത്തിലെ നിർബന്ധിത മതപരിവർത്തനത്തിൽ നിന്ന് രക്ഷപെടാൻ അവിടെ നിന്നും കിഴക്കോട്ടു സഞ്ചരിച്ചു സഗാടയിലെത്തി. ഇവരുടെ പിൻഗാമി കളാണ് ഇപ്പോഴത്തെ സഗാടക്കാർ എന്നാണ് വിശ്വാസം. പൊതുവെ ഫിലിപ്പിനോസ് എല്ലാവരും പട്ടിമാംസം കഴിക്കുന്നവരാണെന്ന നമ്മുടെ ധാരണ ശരിയല്ല, പക്ഷെ സഗാടക്കാർ പട്ടിമാംസം കഴിക്കും. മലനിരകൾ ചുറ്റി രാത്രി ആവുമ്പോഴേക്കും സഗാട എത്തി. നാളെ രാവിലെ നാല് മണിക്ക് സൂര്യോദയം കാണാൻ പോകേണ്ടതിനാൽ അത്താഴം കഴിച്ച് വേഗം ഉറങ്ങാൻ കിടന്നു.

പുലർച്ചെ നാല് മണിക്ക് തന്നെ ഗൈഡ് വന്നു. ഇരുട്ടിൽ കാട്ടിലൂടെ ഒരു മണിക്കൂർ നടന്ന് സമുദ്ര നിരപ്പിൽ നിന്ന് 5380 അടി ഉയരത്തിലുള്ള കില്ടിപാൻ കൊടുമുടിയിലെത്തി. തണുപ്പിൽ അവിടെ തീകായുന്നവരുടെ കൂടെ ചേർന്ന് സൂര്യോദയം കാത്തിരുന്നു. കാത്തിരുന്നു കാത്തിരുന്നു സൂര്യൻ വന്നപ്പോൾ മൊത്തത്തിൽ മൂടൽമഞ്ഞ്! മൂടൽമഞ്ഞ് കുറച്ച് നീങ്ങുമ്പോൾ കാണാൻ പറ്റിയ കാഴ്ച കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തിരിച്ചു വരുമ്പോൾ വെളിച്ചമുള്ളതിനാൽ മൂടൽമഞ്ഞിൽ മുങ്ങിയ കാടിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് നടന്നു.

അമേരിക്കൻ പാതിരിമാർ 1900-ൽ നിര്മ്മിച്ച്ച്ച സെന്റ് മേരീസ് പള്ളിയും അതിനടുത്തുള്ള ആംഗ്ലിക്കൻ സെമിത്തേരിയും പിന്നിട്ട് പ്രതിധ്വനികൾ പുറപ്പെടുവിക്കുന്ന എക്കോ വാലിയിലെത്തി. അവിടെയുള്ള പാറക്കെട്ടുകളിൽ റോക്ക് ക്ലൈംബിങ്ങ് ക്യാമ്പ് നടക്കുന്നു. ശവപ്പെട്ടികൾ തൂക്കിയിട്ടിരിക്കുന്ന പാറക്കെട്ടുകൾ ദൂരെ നിന്ന് തന്നെ കാണാം, താഴെയിറങ്ങി അതിനടുത്തേക്ക് നടന്നു. പാറക്കെട്ടുകളിൽ പലകയടിച്ച് അതിനുമേലെ പെട്ടികൾ വെച്ചിരിക്കുന്നു. ഈയടുത്ത് വെച്ച പെട്ടികളിൽ ഇംഗ്ലീഷ് പേരുകളും കുരിശടയാളവും കാണാം. പഴയകാല പെട്ടികൾ നീളം കുറഞ്ഞതും ഒറ്റത്തടിയിൽ നിർമ്മിച്ചതുമാണ്.

കുട്ടികളുടെ ആയതുകൊണ്ടല്ല നീളം കുറവ്, മനുഷ്യൻ ഗർഭപാത്രത്തിൽ കിടക്കുന്ന പോലെ കിടത്തിയിരിക്കുന്നതു കാരണമാണ്. ഇവിടെയുള്ള ഇഗൊരൊറ്റ് ഗോത്രവർഗ്ഗക്കാരുടെ വിശ്വാസമനുസരിച്ച്, മനുഷ്യൻ ഭൂമിയിലേക്ക് വരുന്ന അതെ തരത്തിൽ തന്നെ ആയിരിക്കണം അന്ത്യയാത്രയും, ശവപ്പെട്ടികൾ എത്രത്തോളം ഉയരത്തിൽ സ്ഥാപിക്കുന്നുവോ അത്രത്തോളം പരേതാത്മാക്കളുടെ അടുത്തേക്ക് പോകാൻ സാധിക്കും! കല്യാണം കഴിച്ച് കുട്ടികളും പേരക്കുട്ടികളും ആയവർക്ക് മാത്രമേ ഈ രീതിയിൽ ശവസംസ്കാരം നടത്താൻ അവകാശമുള്ളൂ. ക്രിസ്തു മതത്തിലേക്ക് മാറിയതിനാൽ ഇപ്പോൾ വളരെ കുറച്ചു പേരെ ഈ പുരാതനരീതി പിന്തുടരുന്നുള്ളൂ. എത്രയെത്ര പുരാതന ആചാരങ്ങളാണ് പുതിയ മതങ്ങളുടെ തള്ളിക്കയറ്റത്തിൽ ഇല്ലാതാവുന്നത്!

പാറക്കെട്ടുകൾ നിറഞ്ഞ സഗാടയിലെ പല ഭാഗങ്ങളിലും തൂങ്ങുന്ന ശവപ്പെട്ടികൾ കാണാം. ചിലയിടങ്ങളിലെ പെട്ടികൾ ഭൂഗമ്പത്തിൽ താഴെ പതിച്ചിരിക്കുന്നു. അങ്ങനെ താഴെ പതിച്ചിരിക്കുന്ന പെട്ടികൾ കാണാൻ പറ്റുന്ന സ്ഥലമാണ് ലുമിയാങ് ഗുഹാകവാടം (Lumiang burial cave), അതിൽ നിന്ന് ചിന്നിച്ചിതറിയ അസ്ഥികൂടങ്ങളും കാണാം. ഈ ഗുഹയിലൂടെ മൂന്നാലു മണിക്കൂർ സഞ്ചരിച്ചാൽ അങ്ങേയറ്റത്തുള്ള സുമഗിംഗ് ഗുഹാമുഖത്ത് എത്താം. ലുമിയാങ്-സുമഗിംഗ് കേവ് കണെക്ഷൻ (Lumiang-Sumaguing cave connection) എന്നാണ് ഇതറിയപ്പെടുന്നത്. ഗുഹയിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ ഇരുട്ട് നിറഞ്ഞ നീളമുള്ള പാത മനസ്സിലുണ്ടായിരുന്ന എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ശവപ്പെട്ടികൾ ചിതറികിടക്കുന്ന, ഉള്ളിലേക്ക് എങ്ങനെ കടക്കുമെന്ന് പറയാൻ പറ്റാത്ത ഒരു ഗുഹാമുഖം കണ്ടു ഞാൻ ഞെട്ടി. പിടിച്ചതിലും വലുത് മാളത്തില് എന്ന് പറഞ്ഞ പോലെ അതിനെക്കാൾ വലിയ ഞെട്ടലുകളാണ് ഗുഹയ്ക്കകത്ത് എന്നെ കാത്തിരുന്നതെന്ന് ആദ്യത്തെ പത്തു മിനിറ്റ് കൊണ്ട് തന്നെ മനസ്സിലായി.

പെറ്റ്രൊമാക്സ് വിളക്ക് പിടിച്ച് ഗൈഡ് പാസിഗ് മുന്നിലേക്ക് വഴി തെളിച്ച്, ഒരാൾക്ക് കഷ്ടിച്ചു നുഴഞ്ഞു കയറാൻ പറ്റുന്ന വിടവിലൂടെ അകത്തേക്ക് പ്രവേശിച്ചു. മുനിസിപൽ ഓഫീസിൽ നിന്ന് 35 പെസോസ് കൊടുത്ത് പാസ് വാങ്ങി ഗൈഡിന്റെ കൂടെ മാത്രമേ ഗുഹയിലേക്ക് പ്രവേശനമുള്ളൂ. അല്ലെങ്കിലും ഗൈഡിന്റെ സഹായമില്ലാതെ പോയാൽ മരണത്തിലേക്കുള്ള എളുപ്പ വഴിയാണിത്. ഗൈഡിന്റെ തുക വേറെ കൊടുക്കണം. ഗൈഡ് പറഞ്ഞതനുസരിച്ച് ഗ്രിപ്പ് കിട്ടാൻ റബ്ബർ ചെരുപ്പ് ധരിച്ചാണ് ഞാൻ വന്നത്, കൂടാതെ ചെരിപ്പൂരി നടക്കേണ്ട ഒരുപാടു സ്ഥലങ്ങളിലും അതുപകരിച്ചു. പക്ഷെ ഹെല്മെറ്റൊ സ്പെളങ്കിംഗിന് ഉപയോഗിക്കുന്ന മറ്റു സുരക്ഷ ഉപകരണങ്ങളൊന്നുമില്ലാതെ ആയിരുന്നു ഈ ഗുഹായാത്ര.

ഉയരത്തെ പേടിയുള്ളവരും (acrophobia) അടച്ചിട്ട മുറികളോട് ഭയമുള്ളവരും (claustrophobia) ഇങ്ങനെയൊരു യാത്രയ്ക്ക് മുതിരരുത്. മുന്നോട്ടു പോകുന്തോറും ചില സഞ്ചാരികൾ പാതി വഴിപോലും എത്താതെ മടങ്ങി പോകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായി. ഓരോ കയറ്റവും ഇറക്കവും വളരെ വിഷമം പിടിച്ചതാണ്. പ്രധാനപ്പെട്ട ഒരു കാര്യം ഗൈഡ് പറയുന്ന സ്ഥലത്ത് കൈകകൾ ഉറപ്പിച്ചും കാല് വെച്ചും മുന്നോട്ടു പോകണം എന്നതാണ്. ചില സ്ഥലങ്ങളിൽ കയറിൽ തൂങ്ങിയും, പല്ലിയെ പോലെ അള്ളിപ്പിടിച്ച് കയറിയും സധൈര്യം മുന്നോട്ടു കുതിച്ചു. പതിനഞ്ചടി ഉയരമുള്ള ഒരു പാറയിലേക്കുള്ള കയറ്റം കഴിഞ്ഞപ്പോഴേക്കും എല്ലാവരുടെയും കാലുകൾ വിറക്കാൻ തുടങ്ങി, അതായിരുന്നു ഏറ്റവും വിഷമഘട്ടം. താഴെ വീണാൽ ഒന്നുകിൽ വെള്ളത്തിൽ ഒലിച്ചു പോകും അല്ലെങ്കിൽ കൂർത്ത പാറകളിൽ തട്ടി പണി തീരും. പാറ കയറി ചെന്നെത്തുന്നതാകട്ടെ രണ്ടു പേർക്ക് ഇഴഞ്ഞു മുന്നോട്ടു പോകാൻ പറ്റുന്ന ചെറിയൊരു വിടവിലും.

മ്യൂസിക് ഹാൾ എന്നറിയപ്പെടുന്ന വിശാലമായ ഹാളിന്റെ മേല്ക്കൂര നിറയെ വവ്വാലുകൾ. അവിടെ കുറച്ചു നേരം വിശ്രമിച്ച്, കൂടുതൽ കൂടുതൽ ഭൂമിക്കടിയിലേക്ക് ഇറങ്ങി ഭൂഗർഭ നദിയിലെത്തി. കുറച്ചു മാസങ്ങൾക്ക് മുൻപ് നദിയിലെ ജലനിരപ്പ് കൂടി കുറച്ചു പേര് രണ്ടു ദിവസം ഗുഹയിൽ കുടുങ്ങുകയും ഒരാൾ ഒലിച്ചു പോവുകയും ചെയ്തത് ഇവിടെയാണ്. ഇവിടെ നിന്ന് ജീവനോടെ പുറത്തു കടക്കാൻ പറ്റുമ്മോ എന്ന് മനസ്സിൽ ചിന്തിച്ച്, ഗൈഡിന്റെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച് മുന്നോട്ടേക്ക്. ഈ ഭാഗങ്ങൾ മുഴുവൻ ഗുഹയുടെ മുകളിൽ നിന്നും നൂലുപോലെ പതുക്കെ വെള്ളം ഊർന്നിറങ്ങുന്നതിന്റെ ഫലമായി ഉണ്ടാവുന്ന ശിലാ രൂപികരണങ്ങളാണ്.

മുകളിൽ നിന്നും വീഴുന്ന ഓരോ തുള്ളി വെള്ളത്തിലും ഉള്ള കാൽഷ്യം പറ്റിപിടിച്ചുണ്ടാകുന്ന രൂപികരണത്തിനു സ്റ്റാലക്റ്റ്യറ്റ്സ് എന്ന് പറയും. ഇവ മുകളിൽ നിന്നും താഴേക്ക് കൂർത്ത മുനകളോടെ തൂങ്ങി കിടക്കും. താഴെ വീണ വെള്ളത്തിലെ അയിര് കൂടി ചേർന്ന് ഉണ്ടാകുന്നവയെ സ്ടാലഗ്മയ്റ്റ്സ് എന്ന് പറയും. ഇവ തറയിൽ നിന്നും മുകളിലേക്ക് പൊങ്ങി നില്ക്കുന്ന വിവിധ രൂപങ്ങളിൽ കാണാം. ഓരോ സ്ടാലഗ്മയ്റ്റ് ശിലകൾക്കും അതിന്റെ രൂപത്തിനും മനുഷ്യ ഭാവനയ്ക്കും അനുസരിച്ച് മുതല, ആമ, തവള, റൈസ് ടെറസ്, രാജാവിന്റെ കർട്ടൻ, ഗർഭിണി എന്നിങ്ങനെ പേര് നല്കിയിരിക്കുന്നു. അമേരിക്കൻ പാതിരിമാർ മല മുകളിൽ നിറയെ പൈൻ മരങ്ങൾ വച്ചുപിടിപ്പിച്ചതിനാൽ വെള്ളം ഊർന്നിറങ്ങാതെ സ്ടാലഗ്മയ്റ്റ് ശിലാ രൂപീകരണം ഏതാണ്ട് നിലച്ച മട്ടിലാണ്. മനുഷ്യൻ പ്രകൃതിയുടെ താളം തെറ്റിക്കുന്നത് ആദ്യമായിട്ടൊന്നുമല്ലല്ലൊ?

മനോഹരമായ പല രൂപങ്ങളിലുമുള്ള സ്ടാലഗ്മയ്റ്റ് ശിലാ രൂപീകരണങ്ങൾ നിറഞ്ഞ ഭാഗങ്ങൾ കടന്ന് കുറച്ചു കയറ്റങ്ങൾ കഴിഞ്ഞപ്പോൾ സൂര്യ രശ്മികൾ അരിച്ചിറങ്ങുന്ന സുമഗിംഗ് ഗുഹാ കവാടം ചെറുതായി കാണാൻ തുടങ്ങി. അപ്പോൾ തോന്നിയ ആശ്വാസവും സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റില്ല. പാതാള ലോകത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചു വന്ന പോലെ! അങ്ങനെ നാല് മണിക്കൂർ നേരത്തെ അന്ധകാര യാത്രയ്ക്ക് ശേഷം ഗുഹയുടെ മറുഭാഗത്തെത്തി. അപകടങ്ങളൊന്നും സംഭവിക്കാതെ പുറത്തെത്തിച്ച ഗൈഡിനു പറഞ്ഞതിലും കൂടുതൽ പണം സന്തോഷത്തോടെ കൊടുത്തു.

ഗുഹാ കവാടത്തിനു മുന്നിലെ റോഡരികിലുള്ള കടയിൽ നിന്ന് കാലും മുഖവും കഴുകി, സഗാടയുടെ ഓർമ്മയ്ക്കായി കുറച്ചു സുവനീറുകളും വാങ്ങി ഹൊട്ടെലിലേക്ക് തിരിച്ചു. മുറിയിൽ ചെന്ന് അഴുക്കു പിടിച്ച നനഞ്ഞ വസ്ത്രങ്ങൾ മാറ്റി, വൈകിയ ഊണ് കഴിച്ച് ജീപ്നിയിൽ ബൊമൊദ്-ഒക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു. വെള്ളച്ചാട്ടത്തിലെത്താൻ ജീപ്നിയിൽ നിന്നിറങ്ങി ഒരു മണിക്കൂർ മലമുകളിലെ ഗ്രാമത്തിലൂടെയും റൈസ് റൈസ് ടെറസിലൂടെയും നടക്കണം. ആസ്ബെസ്റ്റൊസ് മേല്ക്കൂരയുള്ള കൊച്ചു വീടുകളിൽ താമസിക്കുന്ന ഗ്രാമവാസികളിൽ അധികവും നെല്കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. തട്ടുകളായുള്ള നെൽപ്പാടങ്ങൾക്കു അതിരിടുന്ന മനോഹരമായ വെള്ളച്ചാട്ടം കണ്ടപ്പോൾ തണുപ്പിനെ വകവെക്കാതെ അതിലിറങ്ങി. തിരിച്ചു വരുമ്പോഴുള്ള കയറ്റം കഴിഞ്ഞപ്പോഴേക്കും ക്ഷീണിച്ചു. ക്ഷീണം മാറ്റാൻ വഴിയരികിൽ പതിച്ച നോട്ടീസിലെ ഫോൺ നമ്പറിലേക്ക് വിളിച്ചു സ്വീഡിഷ് ഓയിൽ മസ്സാജ് ബുക്ക് ചെയ്തു. മസ്സാജും കുളിയുമൊക്കെ കഴിഞ്ഞപ്പോഴേക്കും സുഖനിദ്രയിലേക്ക് വഴുതി വീണു.

പിറ്റേന്ന് രാവിലെ ജീപ്നിയുടെ മുകളിൽ കയറി മലമുകളിലൂടെ വളഞ്ഞു പുളഞ്ഞു ബനാവ്യൂ റൈസ് ടെറസിലേക്ക് തിരിച്ചു. സമുദ്ര നിരപ്പിൽ നിന്ന് 5000 അടി ഉയരത്തിലാണ് 2000 വർഷം പഴക്കമുള്ള ഈ റൈസ് ടെറസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ വെച്ചു പരിചയപ്പെട്ട ഇസ്രായേലി യാത്രിക നിർബന്ധിത സൈനിക സേവനത്തിനു ശേഷം ഒരു വർഷത്തെ ഹോട്ടൽ ജോലിയിൽ നിന്നുണ്ടാക്കിയ പണവും കൊണ്ട് ഒരു കൊല്ലത്തെ ലോക പര്യടനത്തിനിറങ്ങിയതാണ്. അടുത്തതായി ഇന്ത്യയിലേക്കാണ് പുള്ളിക്കാരി പോകുന്നത്. ഇത് കൂടാതെ വേറെയും ചില റൈസ് ടെറസുകൾ ഇതിന്റെ ചുറ്റുവട്ടത്തുണ്ട്. ഇഫുഗാവു ഗോത്ര വർഗ്ഗക്കാരാണ് ഇവിടെ കൃഷി നടത്തുന്നത്. വിനോദസഞ്ചാരികൾക്ക് കൂടെ നിന്ന് പടം എടുക്കാൻ ഇഫുഗാവു പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന സ്ത്രീകളെ ബാറ്റാട് റൈസ് ടെറസ് പരിസരത്ത് കാണാം. ചിലയിടങ്ങളിൽ പോകാൻ ട്രെക്കിംഗ് ചെയ്യണം, ചിലയിടങ്ങളിൽ മോട്ടോർ ബൈക്കിന്റെ ഒരു വശത്ത് രണ്ടു പേർക്കിരിക്കാവുന്ന ഒരു ടയറുള്ള ഭാഗം ചേർത്ത് വച്ചുണ്ടാക്കിയ ട്രൈസൈക്കിളിൽ സഞ്ചരിക്കണം. എല്ലാം കണ്ടു തീർത്തപ്പോഴേക്കും അന്നത്തെ ദിവസവും തീർന്നിരുന്നു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply