കൊച്ചിയുടെ ചരിത്രം അറിയുവാനായി ഒരു കട്ട ലോക്കല്‍ ട്രിപ്പ്..

വിവരണം – പ്രശാന്ത് കെ.പി.

നമ്മുടെ കൊച്ചിയില്‍വന്നിട്ട് ഒരു ദിവസം ഫാമിലി ഔട്ടിങ് എന്നോര്‍ത്താല്‍ എല്ലാവരുടെയും മനസില്‍ ഓടി വരുന്നത് മാളുകളും പ്രത്യേകിച്ച് ലുലു മാളും, വൈറ്റില ജങ്ഷനിലെ തീരാ ബ്ലോക്കും, മെട്രോ റെയിലും, മറൈന്‍ ഡ്രൈവ് മഴവില്‍പ്പാലവും പിന്നെ കുറെ ഫ്രീക് പിള്ളേരും, ഒക്കെ ആയിരിയ്ക്കും. കൊച്ചികാഴ്ചകളെ കുറിച്ച് പറയുമ്പോള്‍ കൊച്ചിക്ക് പുറത്തുള്ളവര്‍ അവര്‍ക്കറിയാവുന്ന കൊച്ചിയെക്കുറിച്ച് പറയുന്നതാണ്. അതുകൊണ്ടാണ് ഇപ്പൊഴും പഴയ ബ്രിട്ടീഷ്, ഡച്ച്, പോര്‍ച്ചുഗീസ് സാമ്രാജ്യങ്ങളുടെ ശേഷിപ്പുകള്‍ അതേപോലെ തന്നെ കാത്തുസൂക്ഷിക്കുന്ന അല്ലെങ്കില്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന കുറച്ചു സ്ഥലങ്ങളിലൂടെ (പടിഞ്ഞാറന്‍ കൊച്ചിയിലൂടെ) ഒരു കൊച്ചു കൊച്ചി ട്രിപ് നടത്താന്‍ വിവരണം ഇവിടെ ഏഴുതുന്നത്. നീലാകാശവും പച്ചക്കടലും ചുവന്നഭൂമിയും കടന്ന്‍ സഞ്ചരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കണ്‍മുന്നിലുള്ള കുറച്ചു കാഴ്ചകളും കൂടികണ്ടിരിക്കണമല്ലോ. പറഞ്ഞിരിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് അഗാധ പാണ്ഡിത്യം ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ ക്ഷമിയ്ക്കുക.

വളരെ വലിയ പ്രദേശം അല്ലാത്തത് കൊണ്ട് ഒരു പകല്‍ കൊണ്ടുതന്നെ കണ്ടു തീര്‍ക്കാവുന്ന, കൊച്ചികാഴ്ചയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ചില സ്ഥലങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്. അതുകൂടാതെ നിരവധി സ്ഥലങ്ങള്‍ നമ്മുടെ കൊച്ചിയിലുണ്ട്. എന്നിരുന്നാലും കണ്ടിരിക്കേണ്ട 10 സ്ഥലങ്ങളെ കുറിച്ചാണ് ഈ വിവരണം. കൂടാതെ മട്ടഞ്ചേരിയിലെ പാലസ് റോഡിലുള്ള ഗുജറാത്തി സ്വീറ്റ്സും, പഴയ കൊക്കേഴ്സ് തീയേറ്ററിന്‍റെ അടുത്തുള്ള ഹല്‍വ സെന്‍ററിലെ വിഭവങ്ങളും വാങ്ങാന്‍ മറക്കരുതേ.

1. സിനഗോഗ് (പരദേശി സിനഗോഗ്) : കൊച്ചിയില്‍ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് മട്ടാഞ്ചേരിയില്‍ ജ്യു സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന സിനഗോഗ് അഥവാ പരദേശി സിനഗോഗ്. 1568ല്‍ പണികഴിപ്പിച്ച സിനഗോഗ് ആണിത്. അന്നത്തെ കൊച്ചി രാജാവ് ആയിരുന്ന രാമ വര്‍മമയാണ് സിനഗോഗ് നിര്‍മിക്കാനുള്ള സ്ഥലം ജൂതന്‍മാര്‍ക്ക് കൊടുത്തത്. ഇന്ന് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിലവിലുള്ള സിനഗോഗുകളില്‍ ഏറ്റവും പഴക്കം ചെന്നതാണ് മട്ടാഞ്ചേരിയില്‍ ഉള്ളത്. സിനഗോഗിന് ഉള്ളിലേക്ക് ക്യാമറ ഉപയോഗിക്കാന്‍ പാടുള്ളതല്ല. മുന്‍പു വേഷവിദാനങ്ങളിലും പരിധികള്‍ ഉണ്ടായിരുന്നു. അത് വെളിവാക്കുന്ന ബോര്‍ഡ് പുറത്തു കാണാം. ഉള്ളിലെ ചിത്രപ്പണികളും മറ്റും ഇപ്പൊഴും അതേ പോലെതന്നെയാണ് കാത്തു സൂക്ഷിക്കുന്നത്. ഉള്‍വശത്തു ചിത്രങള്‍ സഹിതം സിനഗോഗിന്‍റെ ചരിത്രം കാണിച്ചു തരുന്ന മുറി സജ്ജമാക്കിയിട്ടുണ്ട്. പ്രധാന കെട്ടിടത്തിലേക്ക് കടക്കുന്നതിന് മുന്‍പു പാദരക്ഷകള്‍ പുറത്തു ഇടണം.

പ്രവേശന സമയം : ഞായര്‍ മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ. ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 5 മണി വരെ. വെള്ളിയാഴ്ചകളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ. ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും. അവധി ദിവസങ്ങള്‍: ശനിയാഴ്ചകളിലും, ജൂത അവധിദിവസങ്ങളും. പ്രവേശന നിരക്ക്: Rs.5/-. എറണാകുളം ബോട്ട്ജെട്ടിയില്‍ നിന്നു ബോട്ടിനോ, ബസിനോ മട്ടാഞ്ചേരിയില്‍ എത്താവുന്നതാണ്. ചിലവ് കുറഞ്ഞ മാര്‍ഗങ്ങളും അതാണ്. മട്ടാഞ്ചേരിയില്‍ അവസാന സ്റ്റോപ്പില്‍ ഇറങ്ങി ഒരു 500 മീറ്റര്‍ നടന്നാല്‍ സിനഗോഗിലേക്കുള്ള വഴി കാണാം

2. മട്ടാഞ്ചേരി പാലസ്/ ഡച്ച് പാലസ് : മട്ടാഞ്ചേരി കൊട്ടാരം അല്ലെങ്കില്‍ ഡച്ച് കൊട്ടാരമാണ് അടുത്തതായി വരുന്ന പ്രധാന സ്ഥലം. സിനഗോഗുമായി തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ സിനഗോഗ് കാഴ്ചകള്‍ കണ്ടിറങ്ങിയയുടന്‍ തന്നെ കൊട്ടാരവും കാണാന്‍ സാധിക്കുന്നതാണ്. രണ്ടു വഴികളാണ് കൊട്ടാരത്തിലേക്കുള്ളത്. പ്രധാന കവാടം പാലസ് റോഡിന് അഭിമുഖമായിട്ടാണ് ഉള്ളത്. ഈ കൊട്ടാരം പോര്‍ച്ചുഗീസുകാര്‍ കൊച്ചി രാജാവിന് സമ്മാനിച്ചതാണ്. പിന്നീട് ഡച്ച് ഭരണം വന്നപ്പോള്‍ കൊട്ടാരത്തിന് അറ്റകുറ്റപ്പണികള്‍ നടത്തി. അങ്ങിനെ ഡച്ച് കൊട്ടാരം എന്ന പേരില്‍ക്കൂടി അറിയപ്പെടാന്‍ തുടങ്ങി. ഇവിടെയും ഉള്ളിലേക്ക് കടന്നാല്‍ മൊബൈല്‍, ക്യാമറ മുതലായവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഉള്ളിലേക്ക് കയറി ചെല്ലുന്നിടത്ത് രാമായണത്തിന്‍റെ ഏടുകള്‍ നമുക്ക് ചിത്രങള്‍ സഹിതം കാണാവുന്നതാണ്. അതുകഴിഞ്ഞുള്ള മുറിയിലേക്ക് കടക്കുമ്പോള്‍ കൊച്ചി എന്ന നാട് എങ്ങിനെ ഉണ്ടായി ആ പേര് എങ്ങിനെ ലഭിച്ചു എന്നൊക്കെ നമുക്ക് വിവരിച്ചു നല്‍കുന്ന ഓരോ വിവരണങ്ങള്‍ കാണാം. അടുത്ത മുറിയില്‍ പണ്ട് ഉപയോഗിച്ചിരുന്ന പല്ലക്ക് കാണാവുന്നതാണ്. അത് കൂടാതെ രാജാക്കന്മാരുടെ പേരും വിവരങ്ങളും അടങ്ങുന്ന ഫലകങ്ങള്‍ കാണാവുന്നതാണ്. പിന്നെവരുന്ന മുറികളില്‍ രാജകുരാന്‍മാരുടെ ഫോട്ടോകളും വേഷവിദാനങ്ങളും ചിത്രപ്പണികളും ആണ് കാണാന്‍ സാധിക്കുക.

 

പ്രവേശന സമയം : ഞായര്‍ മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 9:45 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ. ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 4:45 മണി വരെ. അവധി ദിവസങ്ങള്‍: വെള്ളിയാഴ്ചയും ശനിയാഴ്ചയും. പ്രവേശന നിരക്ക്: Rs.5/-. എറണാകുളം ബോട്ട്ജെട്ടിയില്‍ നിന്നു ബോട്ടിനോ, ബസിനോ മട്ടാഞ്ചേരിയില്‍ എത്താവുന്നതാണ്. മട്ടാഞ്ചേരിയില്‍ അവസാന സ്റ്റോപ്പില്‍ ഇറങ്ങുന്നിടത്തുള്ള പഴയന്നൂര്‍ ഭാഗവതിക്ഷേത്രം പ്രവേശനകവാടത്തിലൂടെയും അവസാന ബസ്സ്റ്റോപ്പിന് രണ്ടു സ്റ്റോപ്പ് മുന്‍പുള്ള ആനവാതില്‍ എന്ന ബസ്സ്റ്റോപ്പില്‍ ഇറങ്ങിയാലും കൊട്ടാരത്തിന്‍റെ ഉള്ളില്‍ പ്രവേശിക്കാവുന്നതാണ്. ബസിനാണ് വരുന്നതെങ്കില്‍ ആനവാതില്‍ സ്റ്റോപ്പ് തന്നെയായിരിക്കും എളുപ്പം.

3. കൊച്ചിന്‍ ആന്‍റിക് മ്യൂസിയം : മട്ടാഞ്ചേരി ജ്യു സ്ട്രീറ്റില്‍ തന്നെയുള്ള സര്‍ക്കാര്‍ മ്യൂസിയം ആണ് കൊച്ചിന്‍ ആന്‍റിക് മ്യൂസിയം. സിനഗോഗില്‍ നിന്നു ഓരു 300 മീറ്റര്‍ മാത്രം അകലെയാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. കൂടുതലും വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്രദമാകുന്ന ഒരിടമാണിത്. കാരണം ശീലയുഗത്തിലും മറ്റുമായി ഉപയോഗിച്ച ആയുധങ്ങളുടെ മാതൃകകളും നന്നങ്ങാടിയുമെല്ലാം ഇവിടെ നമുക്ക് കാണാന്‍ സാധിക്കും. വിവിധ കലാരൂപങ്ങളുടെ മാതൃകകള്‍ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ഭീമന്‍ ക്യാമറ, കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന തേക്കുകൊട്ട, കലപ്പ മുതലായവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.പ്രവേശന സമയം : ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 6 മണി വരെ. പ്രവേശന നിരക്ക്: Rs.0/-

4. പോലീസ് മ്യൂസിയം : കൊച്ചിന്‍ ആന്‍റിക് മ്യൂസിയത്തിനു മുന്‍വശം തന്നെയാണ് പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. വിവിധ കാലഘട്ടങ്ങളില്‍ പോലീസ് വേഷവിദാനങ്ങളില്‍ വന്നിട്ടുള്ള പരിഷ്കാരങ്ങളും. ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഒക്കെ കണ്ടുമനസിലാക്കുവാന്‍ പോലീസ് മ്യൂസിയം ഉപകരിക്കും. പ്രവേശന സമയം : ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ. പ്രവേശന നിരക്ക്: Rs.0/-.

5. കൂനന്‍ കുരിശ് : സിനഗോഗ്, പാലസ് എന്നിവ കഴിഞ്ഞാല്‍ അടുത്തു വരുന്ന പ്രധാന ഇടമാണ് കൂനന്‍ കുരിശ്. ജാതിമതഭേതമന്യേ എല്ലാ വിശ്വാസത്തിലുള്ളവരും ഒത്തുകൂടുന്ന ഒരിടമാണ് മട്ടാഞ്ചേരിയിലെ കൂനന്‍ കുരിശ്. ചരിത്രത്തില്‍ വളരെയേറെ പ്രധാന്യം ഉള്ള സ്ഥലമാണിത്. മാര്‍ത്തോമ വിശ്വാസികളെ റോമന്‍ പോപ്പിന്‍കീഴില്‍ കൊണ്ടുവരാണ്‍ പോര്‍ച്ചുഗീസ്കാര്‍ നടത്തിയ പീഡനങ്ങൾക്കെതിരെ 2500ഓളം വിശ്വാസികള്‍ തങ്ങളും പിന്തലമുറക്കാരും പോര്ച്ചുഗീസ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച വിശ്വാസങ്ങള്‍ പിന്തുടരില്ല എന്നു കുരിശില്‍ തൊട്ട് 1653ല്‍ ചെയ്ത സത്യമാണ് കൂനന്‍ കുരിശ് സത്യം. ഇത്രയും വിശ്വാസികള്‍ ഒരു കുരിശില്‍ വടംകെട്ടി അതില്‍ തൊട്ട്സത്യം ചെയ്തതിന്‍റെ ഫലമായി കുരിശിന് വളവ് സംഭവിച്ചു അങ്ങിനെയാണ് ആ പേര് ലഭിച്ചത്. മട്ടാഞ്ചേരി പാലസില്‍ നിന്നു 5 മിനുട്ടില്‍ താഴെ മാത്രം നടന്നാല്‍ ഈ സ്ഥലത്ത് എത്താം. പ്രവേശന സമയം : ആഴ്ചയില്‍ 7 ദിവസവും. അവധി ദിവസങ്ങള്‍: N/A.. പ്രവേശന നിരക്ക്: Rs.0/-.

6. Kayees ഹോട്ടല്‍ (കായിക്കാന്‍റെ കട) : ആദ്യം പറഞ്ഞ അഞ്ചിടങ്ങളും കഴിയുമ്പോള്‍ തന്നെ വിശപ്പിന്‍റെ വിളി കേട്ടുതുടങ്ങാനുള്ള സമയം ആയിട്ടുണ്ടാവും. അപ്പോ ഏതാണ് നല്ല ഹോട്ടല്‍ എന്നു മട്ടാഞ്ചേരിയില്‍ അന്വേഷിച്ചുനടക്കേണ്ടി വരില്ല. കാരണം വര്‍ഷങ്ങളായിട്ട് എല്ലാവര്‍ക്കും അറിയാവുന്ന പേരാണ് കായിക്കാന്‍റെ ബിരിയാണി. കൂനന്‍ കുരിശില്‍ നിന്നും നിസാര ദൂരമേ ഉള്ളൂ കായിക്കന്‍റെ ബിരിയാണിപ്പുരയിലേക്ക്. തിരക്ക് കൂടുതല്‍ ആണെങ്കില്‍ കുറച്ചു കാത്തിരിക്കേണ്ടി വരും. എന്നാലും അത് വെറുതെയാവില്ല. പ്രവര്‍ത്തന സമയം : ആഴ്ചയില്‍ 7 ദിവസവും രാവിലെ 5 മണി മുതല്‍ രാത്രി 9 വരെ.

7. ഫോര്‍ട്ട്കൊച്ചി ബീച്ച് : ഇടയ്ക്കു വിരുന്ന് വരുന്ന അതിഥിയാണ് നമ്മുടെ അറബിക്കടലിന്‍റെ റാണിയുടെ ബീച്ച്. ഇടയ്ക്കു നല്ലതുപോലെ കര വന്നും പോയും കൊണ്ടിരിക്കും. ബീച്ചിന് അടുത്തുള്ള പ്രധാന സ്ഥലമാണ് വാസ്കോഡ ഗാമ സ്ക്വേയര്‍. 400 വര്‍ഷം പഴക്കമുള്ള ബാസ്റ്റിന്‍ ബഗ്ലാവിനും ചീനവലകള്‍ക്കും ഇടയിലുള്ള ഈ ഇടത്തിന് ആ പേര് ലഭിച്ചതു 1987ല്‍ ആണ്. ഇടയ്ക്കു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പഴയ പ്രൌഡിയോടുകൂടിത്തന്നെ ഇപ്പൊഴും വാസ്കോഡ ഗാമ സ്ക്വേയര്‍ അതിനോടനുബന്ധിച്ച് ഉള്ള പാര്‍ക്കുമെല്ലാം വൃത്തിയായിത്തന്നെ സൂക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും ബീച്ചില്‍ ഇടയ്ക്കു കടലില്‍നിന്ന് മാലിന്യം അടിയുന്നത് അറബിക്കടലിന്‍റെ റാണിക്ക് കളങ്കം ഏല്‍പ്പിക്കാറുണ്ട്.

നടപ്പാതയിലൂടെ ഒരറ്റത്തുനിന്നു മറ്റെ അറ്റത്തേക്ക് നടക്കുമ്പോള്‍ പാതയ്ക്ക് ഇരുവശവുമായി ചില്ലറവില്‍പ്പനക്കാരെ നമുക്ക് കാണാം. ശീതളപാനീയങ്ങളും ഐസ്ക്രീം, ചീനവലകളില്‍ നിന്നു കിട്ടുന്ന മല്‍സ്യങ്ങള്‍ ഒക്കെവില്‍ക്കുന്ന കുറെ ചെറിയ വില്‍പ്പനക്കാരാണ്. ഇടത് വശത്തെ ഭിത്തിയില്‍ കലാകാരന്മാരുടെ സൃഷ്ടികളും കാണാവുന്നതാണ്. ബീച്ചിലേക്ക് നടക്കുന്നവഴി 1956 മുതല്‍ 20 വര്‍ഷം Cochin Dry Dockല്‍ ഉപയോഗിച്ചിരുന്ന ക്രെയ്നിന്‍റെ രണ്ടു ആവിയന്ത്രങ്ങള്‍ വച്ചിട്ടുണ്ട്. നടപ്പാതയുടെ അവസാനം ചെന്നുനില്‍ക്കുന്നത് ബീച്ചിന് അടുത്താണ്. അതിനുമുന്‍പും കുറച്ചു കര കാണാവുന്നതാണ്. പക്ഷേ പ്രധാന ബീച്ച് നടപ്പാതയുടെ അവസാനമാണ് വരുന്നത്. സായാഹ്ന സാവരിക്കും സൂര്യാസ്തമയവും നല്ലതുപോലെ കാണാന്‍ കൊച്ചിയില്‍ മറൈന്‍ഡ്രൈവ് പോലെ തന്നെ ഉചിതമാണ് ഫോര്‍ട്ട്കൊച്ചി ബീച്ചും അതിലേക്കുള്ള നടപ്പാതയും. പ്രവേശന സമയം : ആഴ്ചയില്‍ 7 ദിവസവും. അവധി ദിവസങ്ങള്‍: N/A.. പ്രവേശന നിരക്ക്: Rs.0/-.

8. സെന്‍റ് ഫ്രാന്‍സിസ് ദേവാലയം : വാസ്കോഡ ഗാമ സ്ക്വേയര്‍ കഴിഞ്ഞ് ഇടത്തേക്കുള്ള വഴി തിരിഞ്ഞാല്‍ കാണുന്ന പള്ളിയാണ് സെന്‍റ് ഫ്രാന്‍സിസ് ദേവാലയം. ഇന്ത്യയില്‍ പണി കഴിപ്പിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും പഴക്കം ചെന്ന യൂറോപ്പിയന്‍ പള്ളിയാണ് 1503ല്‍ പണിത ഈ ദേവാലയം. പോര്‍ച്ചുഗീസ്കാര്‍ പണിത ഈ പള്ളിയിലാണ് വാസ്കോഡ ഗാമയുടെ മൃതദേഹം ആദ്യം അടക്കംചെയ്തത്. പിന്നീടത് സ്വദേശമായ ലിസ്ബണിലേക്ക് കൊണ്ടുപോയി. ഇപ്പൊഴും അടക്കം ചെയ്ത ഭാഗം സംരക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട്. 1779ല്‍ പള്ളി ഡച്ചുകാര്‍ പുതിക്കിപ്പണിതത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ഫലകം നമുക്ക് പള്ളിയുടെ പ്രധാന കവാടത്തിന്‍റെ മുകളിയായി കാണാം. പള്ളിക്കുള്ളില്‍ കാണുന്ന പങ്കകള്‍ യന്ത്രം ഉപയോഗിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. 1923 മുതല്‍ ഈ ദേവാലയം സംരക്ഷിത സ്മാരകമായി നിലകൊള്ളുന്നു. ഞായറാഴ്ചകളിലും വിശേഷദിവസങ്ങളും ഒഴിച്ചുള്ള ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതാണ്. പ്രവേശന സമയം : ഞായറാഴ്ചകളും വിശേഷദിവസങ്ങളും ഒഴികെ എല്ലാ ദിവസവും.. പ്രവേശന നിരക്ക്: Rs.0/-.

9. ഇന്ത്യന്‍ നേവല്‍ മാരീടൈം മ്യൂസിയം : അടുത്തതായി സന്ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലമാണ് 2001ല്‍ സ്ഥാപിച്ച ഇന്ത്യന്‍ നേവല്‍ മാരീടൈം മ്യൂസിയം. ഫോർട്ട്കൊച്ചിയില്‍ നിന്നു ബീച്ച്റോഡ് വഴി ഫോര്‍ട്ട്കൊച്ചി വെളിയിലേക്ക് പോവുന്ന വഴിയില്‍ INS ദ്രോണാചാര്യയോട് ചേര്‍ന്നാണ് മ്യൂസിയം ഉള്ളത്. നാവികരെയും നാവികപ്പടയെയുംകൂറിച്ച് മനസിലാക്കാന്‍ ഇവിടെ വന്നാല്‍ മതി. നമ്മുടെ ഇന്ത്യന്‍ നേവിയെക്കുറിച്ച് പറഞ്ഞുതരുന്ന ഡോക്യുമെന്‍ററി ആണ് ആദ്യം. അതിനുശേഷം ചുറ്റുപാടും കറങ്ങി കാഴ്ചകള്‍ കാണാവുന്നതാണ്. പ്രധാന മ്യൂസിയത്തിലേക്ക് കടന്നാല്‍ കടല്‍ മാര്‍ഗമുള്ള വ്യാപാരത്തിന്‍റെ കേരള ചരിത്രം 3D ചിത്രങള്‍ സഹിതം വിവരിച്ചിട്ടുണ്ട്. ഉള്ളിലെ മുറിയിലേക്ക് കടന്നാല്‍ വാസ്കോഡ ഗാമയുടെയും അതുകൂടാതെ ഇന്ത്യന്‍ നാവികരുടെ നായകനായ കുഞ്ഞാലിമരയ്ക്കാരുടെയും പ്രതിമകള്‍ കാണാവുന്നതാണ്. പുറത്തു ഇന്ത്യയുടെ അഭിമാനമായ അന്തര്‍വാഹിനികളുടെയും കപ്പലുകളുടെയും ഹെലികോപ്ടെറിന്‍റെയുമെല്ലാം രൂപങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രവേശന സമയം : ചൊവ്വാഴ്ചമുതല്‍ ഞായറാഴ്ച വരെ രാവിലെ 10 മണിമുതല്‍ വൈകുന്നേരം 5.30 വരെ. അവധി ദിവസങ്ങള്‍: തിങ്കള്‍. പ്രവേശന നിരക്ക്: Rs.40/-.

10. കണ്ടക്കടവ്/കണ്ണമാലി/കുമ്പളങ്ങി/തോപ്പുംപടി : മുകളില്‍ പറഞ്ഞ കാഴ്ചകളൊക്കെ കഴിഞ്ഞ് ബീച്ച്റോഡിലൂടെ ചെമ്മീന്‍ കെട്ടുകളും മീന്‍വില്‍പ്പന കേന്ദ്രങ്ങളും കണ്ടുകൊണ്ട് പ്രശസ്തമായ കണ്ണമാലി പള്ളിയുടെ അടുത്തുകൂടെ കണ്ടക്കടവിലെത്താം. അവിടെ റോഡ് രണ്ടായിപ്പിരിയുന്നു വലത്തേക്ക് പോയാല്‍ ചെല്ലാനവും ഇടത്തോട്ടു തിരിഞ്ഞാല്‍ കുമ്പളങ്ങിയിലേക്കുള്ള വഴിയുമാണ്. ചെല്ലാനം റോഡ് ആലപ്പുഴ ജില്ലയിലേക്കുള്ള ഒരു മാര്‍ഗം കൂടിയാണ്. കുമ്പളങ്ങിയിലേക്ക് തിരിഞ്ഞാല്‍ രണ്ടുഭാഗവും ചെമ്മീന്‍, മീന്‍ വളര്‍ത്തല്‍ കെട്ടുകളും സുന്ദരമായ കാഴ്ചകളും കണ്ടുകൊണ്ട് കുമ്പളങ്ങിയില്‍ എത്താം. കുമ്പളങ്ങിയില്‍ നിന്ന് പെരുമ്പടപ്പ് ഭാഗത്തേക്ക് പോവുമ്പോള്‍ കുമ്പളങ്ങി-പെരുമ്പടപ്പ് പാലത്തില്‍ നിന്നുകൊണ്ടു സൂര്യാസ്തമയം കാണാം. ചീനവലകളും മീന്‍പിടിക്കുന്ന ചെറുവള്ളങ്ങളും എക്കോ ടൂറിസം ഗ്രാമത്തിന്‍റെ ഭംഗിയുമൊക്കെ ആസ്വദിച്ചുകൊണ്ടു സൂര്യാസ്തമയവും കഴിഞ്ഞ് ഒരു ദിവസത്തെ യാത്ര അവസാനിപ്പിക്കാം. പോകുംവഴി വിശപ്പിന്‍റെ വിളികേട്ടാല്‍ തോപ്പുംപടി എത്തുന്നതുവരെ നിരത്തുകളില്‍ ധാരാളം ചെറുകടകളും ഹോട്ടലുകളും കാണാവുന്നതാണ്. തോപ്പുംപടി പാലമാണ് നഗരത്തില്‍ നിന്ന് പശ്ചിമകൊച്ചിയിലേക്കുള്ള കവാടം. അതുപിന്നിട്ടു പിന്നെ സാധാരണ നഗരക്കാഴ്ചകളിലേക്ക് കടക്കാം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply