മനംകുളിര്‍ക്കുന്ന ചങ്ങനാശ്ശേരി – ആലപ്പുഴ ബോട്ട് യാത്ര

വെളുപ്പിനെ അഞ്ചരയ്ക്കു തന്നെ കോട്ടയത്തിനുള്ള ലിമിറ്റഡ് സ്റ്റോപ്പ് KSRTC യിൽ കയറിപ്പറ്റി , നേരെ ചങ്ങനാശ്ശേരിക്ക് . ഏഴ് മണിയോടുകൂടി ചങ്ങനാശ്ശേരി ബസ്സ്റ്റാൻഡിലെത്തി . ചങ്ങാശ്ശേരി ബോട്ടുജെട്ടിയാണ് ലക്ഷ്യം ,8.45 ന്റെ ആലപ്പുഴയ്ക്കുള്ള ബോട്ടു പിടിക്കണം. സമയം ധാരാളമുള്ളതുകൊണ്ട് രണ്ട് കിലോമീറ്റർ ദൂരമുള്ള ജെട്ടിയിലേക്ക് നടക്കാമെന്ന് വച്ചു .

വഴി ചോദിച്ച് ചോദിച്ച് സാവധാനം നടന്നു. പോകുന്ന വഴി ഒരു തട്ടുകടയിൽ നിന്ന് ചൂടു ചായ കുടിച്ചു. നടന്ന് ക്ഷീണിക്കുമ്പോൾ ഒരു ചായ കുടിച്ചാൽ എന്താ രുചി. ഇനിയും ഒരു കിലോമീറ്റർ ദൂരമുണ്ട് ജെട്ടിയിലേക്ക് , കേരളത്തിൽ ഒരു സിറ്റിയിൽ ഏറ്റവും കൂടുതൽ ഇടവഴിയുള്ളത് ചങ്ങനാശ്ശേരിയിലാണെന്നു കേട്ടിട്ടുണ്ട് , കേട്ടറിവ് നേരാണോന്നറിയില്ല. അടുത്ത കവലയിൽ പത്രം വായിച്ച് രണ്ട്പേരിരിക്കുന്നു. വഴിയൊന്ന് ചോദിച്ചാലോ..? അടുത്തുചെന്ന് ജെട്ടിയിലേക്കുള്ള വഴി ചോദിച്ചു.

പത്രം വായിച്ചു കൊണ്ടിരുന്നാൾ ചോദ്യം കേട്ടപാടെ എന്നെ അടിമുടിയൊന്നു നോക്കി…!’ എന്താ കാര്യം …? ‘ ‘ ബോട്ടുജെട്ടി വരെയൊന്നു പോകാനാ ..’ എന്തിന് …? , അടുത്ത ചോദ്യം.
‘ ആലപ്പുഴയ്ക്കുള്ള ബോട്ട് പിടിക്കണം.’

 

 

ആലപ്പുഴയ്ക്ക് പോകാനാണോ…? വഴി പറഞ്ഞുതരാം.
ഇടത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റർ നടക്കുക KSRTC സ്റ്റാൻഡുകാണും അവിടുന്ന് ആലപ്പുഴ ബസ്സ് കിട്ടും.

” ചേട്ടാ ഞാൻ ബസ്സ്റ്റാൻഡിൽ നിന്നാ വരുന്നത് , ബോട്ടേലൊന്നു കയറാൻ വേണ്ടിയാണ് ചോദിക്കുന്നത് ‘
‘ ബസ്സാരുന്നു നല്ലത് ‘
ആലപ്പുഴയ്ക്ക് ഇവിടുന്ന് ബോട്ടുണ്ടോ..?

ചെങ്ങാതിമാർ പരസ്പരം നോക്കി

അറിയില്ല , നേരെ പോയാൽ ജെട്ടിയാ…

കൂടുതൽ ചോദ്യങ്ങൾ വരുന്നതിനു മുമ്പ് സ്ഥലം കാലിയാക്കി . നേരെ ബോട്ടു ജെട്ടിയിലേക്ക് . അവിടെ മൂന്ന് മുറികളുണ്ട് മൂന്നും പൂട്ടിയിരിക്കുന്നു. അടുത്തുള്ള കടയിൽ ചോദിച്ചു ആലപ്പുഴ ബോട്ടിനെപ്പറ്റി .
കടക്കാരൻ പറഞ്ഞു 7 45 ന് ഒരു ബോട്ടു പോയി , ആലപ്പുഴക്കുള്ള ബോട്ട് ഇവിടെ നിന്നില്ല വെള്ളം കുറവായതിനാൽ കിടങ്ങറയിൽ നിന്നാണ് പുറപ്പെടുന്നത്. പണി പാളി ഇനിയും ഇവിടെ നിന്ന് 12 45 നെ ബോട്ടുള്ളു , അതെങ്ങോട്ടാണെന്ന് ചെങ്ങാതിക്കും വലിയ നിശ്ചയമില്ല.

ഇനി സമയം കളയാനില്ല ഒരു ഓട്ടോ പിടിച്ച് നേരെ ബസ്സ് സ്റ്റാൻഡിലേക്ക് . അപ്പോൾ വന്ന ആലപ്പുഴ ഫാസ്റ്റിൽ കയറി , കിടങറയിൽ പോകുന്നില്ലെന്നുവച്ചു . അവിടെ ചെന്നാലും ഇതാണ് സ്ഥിതിയെങ്കിൽ ..?


ഒമ്പതരയോടു കൂടി ആലപ്പുഴയിലെത്തി . ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴ പൊകുന്ന വഴിയിൽക്കാണാം മെതിയന്ത്രങ്ങൾ പണിയെടുക്കുന്നത് , ,യൂണിയൻ തൊഴിലാളികൾ നെല്ല് ചാക്കിൽ നിറക്കുന്നത് , അതൊരു നല്ല കാഴ്ചയായിരുന്നു ബസ്സിലായതു കൊണ്ട് ഫോട്ടൊയെടുക്കാൻ സാധിച്ചില്ല.

ബസ്സിൽ പോകുമ്പോൾ കാണാം കുട്ടനാട്ടിലെ ഷാപ്പുകൾ . ഫാമിലിയായിട്ട് യാത്ര ചെയ്യുന്നവർ വരെ നല്ല ശാപ്പാട് കഴിക്കാൻ കയറുന്നിടങ്ങൾ . ‘ അളകാപുരി , ഗരുഡാഗിരി , പുഞ്ചിരി , മിനി കല്പകവാടി തുടങ്ങി പല പേരുകളിൽ യാത്രക്കാരെ മാടി വിളിക്കുന്നു. എല്ലാ ഷാപ്പുകളുടേയും മുമ്പിൽ വലിയ ബോർഡിൽ അവിടെ ലഭിക്കുന്ന മത്സ്യ മാംസാംദി ഭക്ഷണങ്ങളുടെ വലിയൊരു ലിസ്റ്റ് കാണാം.

ആലപ്പുഴയിൽ നിന്ന് ചെറിയൊരു കാപ്പി കുടിക്ക് ശേഷം ബോട്ട് ജെട്ടി അന്വേഷിച്ചു. നേരത്തെ KSRTC സ്റ്റാൻഡിനടുത്ത് നിന്നാണ് SWTD , State Water Transport Dep. സർവ്വീസ് നടത്തിയിരുന്നത്. വെള്ളം കുറവായതിനാൽ സ്റ്റാൻഡിൽ നിന്നും 150 m കിഴക്കോട്ട് മാറിയാണ് ഇപ്പോൾ ബോട്ട് സർവ്വീസ് നടക്കുന്നത് .ചെറിയ ബോട്ടുകൾ മാത്രമേ സ്റ്റാൻഡിനടുത്തേക്ക് വരുന്നുള്ളു.

ബോട്ടുജെട്ടിയിൽ നാല് ബോട്ട് യാത്ര പുറപ്പെടാൻ തയ്യാറായി നില്പുണ്ട് . ഏറ്റവും ദൂരം പോകുന്ന ബോട്ടന്വേഷിച്ചപ്പോൾ കാഞ്ഞിരം പോകുന്ന ബോട്ടാണന്നറിഞ്ഞു. ശരിക്കും ഇത് കോട്ടയം പോകണ്ട ബോട്ടാണ് , 29 km . കോട്ടയത്തിനടുത്ത് പാലം പണി നടക്കുന്നതിനാൽ 7 km ഇപ്പുറം കാഞ്ഞിരം വരെ സർവ്വീസുള്ളു.


9.45 ന് ബോട്ട് പുറപ്പെടും . നൂറിൽപ്പരം ആളുകൾക്ക് യാത്ര ചെയ്യാവുന്ന ബോട്ട് . 29 km ദൂരം സഞ്ചരിക്കുന്നതിന് ₹18 മാത്രം . ബോട്ടിൽ കുറച്ചാളുകളെയുള്ളു. ബോട്ടിൽക്കയറി മുമ്പിലുള്ള ഒരു സീറ്റ് തരപ്പെടുത്തി കാമറയൊക്കെ റെഡിയാക്കി വച്ചു.

ബോട്ടിൽ മുഴുവനൊന്നു കണ്ണോടിച്ചു , ഞാനേയുള്ളു കാമറയുമായിട്ട് . ബോട്ട് നെരേ കാഞ്ഞിരത്തേക്ക് . പോകുന്ന വഴി നിരവധി സ്റ്റോപ്പുകളുണ്ട് . ആൾക്കാർ ഇറങ്ങാനുണ്ടെങ്കിൽ ജെട്ടിയിൽ ബോട്ടടിപ്പിക്കും ആർക്കെങ്കിലും കയറണമെങ്കിൽ ജെട്ടിയിൽ നിന്ന് കൈ വീശിക്കാണിച്ചാലെ ബൊട്ട് അടുക്കത്തുള്ളു. ബോട്ട് കടവിലടടുപ്പിക്കുന്നതും ഒരു പണിയാണേ.

യാത്ര തിരിച്ചിട്ട് 45 മിനിറ്റായിക്കാണും , ഇതിനോടകം പത്ത് കടവിലെങ്കിലും ബോട്ടടുപ്പിച്ചിട്ടുണ്ട് . അടുത്ത ഒരു കടവിൽ ബോട്ടടുപ്പിച്ചു എഞ്ചിനും ഓഫ് ചെയ്തു .പെട്ടെന്നു തന്നെ ബോട്ടിലെ ജീവനക്കാരെല്ലാം കരയ്ക്കിറങ്ങി എങ്ങോട്ടോ നടന്നു മറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല , ഇനി കാപ്പി കുടിക്കാനോ മറ്റോ നിർത്തിയതാണോ..? അവർ ഒന്നും പറഞ്ഞുമില്ല . ഏതായാലും ഒന്നു തിരക്കിക്കളയാമെന്നുവച്ചു. കരയിൽ നിന്ന ആളിനോടു ചോദിച്ചു ബോട്ടിലെ ജീവനക്കാർ എവിടെപ്പോയതാണെന്ന്.

‘ അവർ ഒരു മരിപ്പിനു പോയതാണ്’
‘ മരിപ്പോ …?’

അതേ മരണവീട്ടിൽ പോയതാണ് . മരിച്ചയാൾ ഈ ബോട്ടിലെ സ്ഥിരം യാത്രക്കാരനായിരുന്നു , ഇന്നലെ മരിച്ചു . ഒരു നിമിഷത്തേക്ക് ഞാനും സ്തബദ്ധനായിപ്പോയി . ഈ ബോട്ടും യാത്രക്കാരും , ജീവനക്കാരും കായലുമെല്ലാം ഒരമ്മപെറ്റ മക്കളേപ്പോലെയാണല്ലൊ ഇവിടെ ജീവിക്കുന്നത് . നാഗരികത തൊട്ടു തീണ്ടിട്ടില്ലാത്ത തുരുത്തുകൾ പരസ്പരം അറിയുന്ന താമസക്കാർ , യാത്രികർ എല്ലാം ഒരു പുതിയ അനുഭവം . അഞ്ച് മിനിറ്റിനുള്ളിൽ എല്ലാവരും തിരികയെത്തി.

ഹാരിസാണ് ബോട്ടിന്റെ ഡ്രൈവർ മുനാഫ്ർ (സാങ്കും , ഞാനും അവരിലൊരാളായോന്നൊരു സംശയം. ഹാരിസ് എന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരങ്ങൾ തന്നുകൊണ്ടിരുന്നു. നല്ല അറിവുള്ള ചെങ്ങാതി.
നൂറിൽ കൂടുതൽ യാത്രക്കാർ കയറുന്ന ബോട്ടിൽ ഡ്രൈവറും സ്രാങ്കും ഉണ്ടാകും അല്ലാത്ത ബോട്ടിൽ ഡ്രൈവറേ കാണു. ബോട്ടിന് മുമ്പോട്ടും പുറകോട്ടും പോകാനുള്ള ഗിയറുകൾ ഉണ്ട് .സ്രാങ്കിന്റെ മണി അടിച്ചുള്ള സിഗ്നൽ കേട്ടാണ് ഡ്രൈവർ ഗിയർ
മാറ്റി കൊടുക്കുന്നത്.

രാവിലെ കായലിൽ ഹൗസ്ബോട്ടുകൾ തീരെക്കുറവായിരുന്നു. കോട്ടയം ബോട്ട് നെഹ്റു ട്രോഫി ബോട്ട് റേസിന്റെ ഫിനിഷിങ്ങ് പോയിന്റ് , മനോരമ ചർച്ച് , കുപ്പപുരം ,R ബ്ളോക്ക് വഴിയാണ് യാത്ര. മണിക്കൂറിൽ 25 km/hr ലാണ് യാത്ര. ഹാരിസിനോട് ഞാൻ യാത്രാ ഉദ്ദേശ്യം പറഞ്ഞിരുന്നു .കാഞ്ഞിരം വരെ പോകാൻ നോക്കണ്ട മെത്രാൻ കായലിന്റെ സ്റ്റോപ്പിൽ ഇറങ്ങിയാൽ പത്ത് മിനിറ്റിനകം ആലപ്പുഴയ്ക്ക് ബോട്ടുണ്ട് അതിൽ തിരികെപ്പോരാം എന്നു പറഞ്ഞിരുന്നു.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തടാകമാണ് വേമ്പനാട് , അതിലൂടെയാണ് ഞങ്ങൾ യാത്ര ചെയ്യുന്നത്. അച്ചൻകോവിൽ , മണിമല ,മീനച്ചിൽ ,മൂവാറ്റുപുഴ , പമ്പ , പെരിയാർ തുടങ്ങി പത്ത് നദികൾ വേമ്പനാട്ട് കായലിൽ പതിക്കുന്നു.

ഇപ്പോൾ യാത്രക്കാരായിട്ട് നാലു പേരെ ബോട്ടിലുള്ളു . ഇതിനിടയിൽ കണ്ടക്ടർ മുജീബും ഞങ്ങളൊപ്പം കൂടി. ഹാരിസാണ് വേമ്പനാട്ട് കായലിന്റെ ചരിത്രം പറഞ്ഞു തന്നത്.

മുരിക്കുംമൂട്ടിൽ തൊമ്മൻ ജോസഫെന്ന മുരിക്കൻ അല്ലെങ്കിൽ കായൽരാജ , തിരുവിതാംകൂർ രാജാവ് ശ്രീ ചിത്തിര തിരുന്നാളിന്റെ നിർദ്ദേശ പ്രകാരമാണ് കായലിനിരുവശവും കൃഷിയോഗ്യമാക്കിയത്. അങ്ങനെ കായലിൽ നിന്ന് വേർതിരിച്ചെടുത്ത കൃഷിഭൂമികൾക്ക് ചിത്തിര ( 716 ഏക്കർ ) , റാണി (568 ഏക്കർ ) , മാർത്താണ്ഡം ( 674 ഏക്കർ ) എന്നിങ്ങനെ പേരുകൾ നല്കി .

പതിനൊന്നരയോടുകൂടി ബോട്ട് മെത്രാൻ കായലിനടുത്തെത്തി .ഇവിടുന്ന് കാഞ്ഞിരത്തോട്ട് വീതികുറഞ്ഞ കനാലിലൂടെയാണ് ബോട്ട് യാത്ര. അഫ്സലും , ഷെരീഫും ബോട്ടിലെ ലസ്കർ മാരാണ്. മുജീബാണത് പറഞ്ഞത് , ഞങ്ങൾ അഞ്ച് ജീവനക്കാരും മുസ്ളിംങ്ങളാണ് വെള്ളിയാഴ്ച കാഞ്ഞിരം ചെന്നിട്ട് പള്ളിയിൽ പോകാൻ വേണ്ടി ഡ്യൂട്ടി അറേഞ്ച് ചെയ്തെടുത്തതാണെന്ന് .

എല്ലാ ചെങ്ങാതിമാരോടും യാത്ര പറഞ്ഞ് ഞാനാ കടവിൽ ബോട്ടിറങ്ങി.
കഴിഞ്ഞ ദിവസം ചെയ്ത മഴയിൽ ധാരാളം പോളകൾ കായലിൽ ഒഴുകി നടപ്പുണ്ട് ഇത് ബോട്ടുകൾക്ക് ഭീഷണിയാണ് . അവിടെ യന്ത്രസഹായത്തോടു കൂടി പോള മാറ്റുന്നതും കാണാൻ കഴിഞ്ഞു. കനാൽ തീരത്തുകൂടി കുറച്ച് നടന്നാൽ മെത്രാൻ കായൽ കാണാം , കൊയ്ത്തു നടക്കുന്ന സമയം. വെട്ടുകാട് എന്നാണാസ്ഥലത്തിന്റെ പേര് , ഇത് കോട്ടയം ജില്ലയാണ് .ഇരുപതോളം കുടുംബങ്ങളാണ് ഈ തുരുത്തിൽ താമസം. കനാൽ തീരത്ത് രാജേന്ദ്രൻ ചേട്ടന്റെ വക ഒരു ഹോട്ടലുമുണ്ട് . അത്യാവശ്യം ചായയും ബണ്ണും കിട്ടും . ആലപ്പുഴയ്ക്കുള്ള അടുത്ത ബോട്ടിന്റെ സമയമായതിനാൽ കടവിൽ പോയി നിന്നു. ദൂരെ നിന്നു ബോട്ടുകണ്ടപ്പോഴെ കൈ ഉയർത്തിക്കാണിച്ചു. ബോട്ടിൽ നേരെ ആലപ്പുഴയ്ക്ക്. ബോട്ടിൽ ആറ് ജർമ്മൻ ടൂറിസ്റ്റുകളും ഏതാനും യാത്രക്കാരുമുണ്ടായിരുന്നു.

ദീപുവാണ് ഈ ബോട്ടിലെ കണ്ടക്ടർ . ആലപ്പുഴക്കുള്ള ബോട്ടാണങ്കിലും പോകുന്ന വഴി നല്ല ശാപ്പാട് തരപ്പെടുമൊന്നറിയാൻ ദീപുവിന്റെടുത്തു കൂടി . എല്ലാം വിശദമായി പറഞ്ഞു തരാൻ ദീപുവിനു സന്തോഷമേയുള്ളു. ചെറുകായൽ എന്നൊരു സ്റ്റോപ്പുണ്ട് .അവിടെ ഒരു ഷാപ്പും ഒരു ഹോട്ടലുമുണ്ട്. എവിടെ വേണേലും കയറാം.

വരുന്ന വഴി ബോട്ടിനൊരു പണി കിട്ടി . പ്രൊപ്പല്ലറിൽ പോള കുരുങ്ങുന്നു. കായൽപ്പരപ്പ് മുഴുവൻ പോള നിറഞ്ഞു കിടക്കുന്നു. ഒരു വിധത്തിൽ ബോട്ട് കൃഷ്ണൻകുട്ടിമൂല എന്ന കടവിൽ അടുപ്പിച്ചു. ഇനിയാണ് ജോലി ബോട്ടിനടിയിൽ മുങ്ങി പോള മുഴുവൻ നീക്കം ചെയ്യണം .ഏതായാലും കുറച്ച് സമയം എടുക്കും . ഞാനും സായിപ്പുമാരുമെല്ലാം ബോട്ടിൽ നിന്ന് കരക്കിറങ്ങി , കുറച്ച് ഫോട്ടോ എടുക്കലാണ് ഉദ്ദേശ്യം.
അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് ബോട്ടിൽ വന്ന രണ്ട് യാത്രക്കാർ കായൽത്തീരത്ത് കുടി മുന്നോട്ട് നടക്കുന്നു. ഞാനും അവരുടെ കൂടെക്കൂടി . സുരേഷും , ഗോവിന്ദരാജും രണ്ടു പേരും കാഞ്ഞിരത്തുനിന്ന് ബോട്ടിൽ കയറിയതാണ് ഇവിടെ വരെയുള്ളു ആലപ്പുഴക്കില്ല.

”ഇവിടെയെന്താ പരിപാടി ”
ജിജ്ഞാസ അടക്കാൻ വയ്യ,
‘ ഞങ്ങൾ മീൻ പിടിക്കാൻ വന്നതാണ് ‘
കേട്ടപ്പോൾ കൗതുകം.

അതേ അവർ കാര്യമായിത്തന്നെ പറഞ്ഞതാണ് .കൈയ്യിലെ പ്ളാസ്റ്റിക് കൂടിൽ ഗോതമ്പ് മാവ് , ചൂണ്ട , വണ്ണം കൂടിയ മയിൽപ്പീലിത്തണ്ട് തുടങ്ങി എല്ലാമായിട്ടാണ് അവരുടെ വരവ് . ഗോതമ്പ്മാവ് ഉരുട്ടി ചൂണ്ടയിൽ കൊളുത്തി കായലിലിട്ടാൽ ഒരു കരിമീനെങ്കിലും തടയുമെന്ന് അനുഭവം .കരിമീൻ മാത്രമല്ല കണവ , പരൽ , കുറുവ , കൊഞ്ച് , കൂരി തുടങ്ങി എല്ലാം കിട്ടുമെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കണമോന്നൊരു സംശയം …!

സംശയം അസ്ഥാനത്തായി , ദാ ചുണ്ടയിട്ട് ഒരു മിനിറ്റ് തികയുന്നതിനുമുമ്പ് ദേ കിടക്കുന്നു പിടിയ്ക്കുന്ന കരിമീൻ ഒരു മണിക്കൂർ മിനക്കെട്ടാൽ എട്ടുകിലോ മീനെങ്കിലും കിട്ടുമെന്ന് സുരേഷ് .ഇത് കച്ചവടത്തിനല്ല വീട്ടിലേക്കെന്ന് ഗോവിന്ദ് രാജ് . ഇവർ ആഴ്ചയിലൊരിക്കൽ ഇങ്ങനെ ഇവിടെ വന്നു പോകുന്നു. ആകെ ചെലവ് ₹ 30 മാത്രം .

കായലിൽ ഹൗസ് ബോട്ടുകൾ രാത്രി സഞ്ചാരമില്ല . ഞാൻ പലപ്പൊഴും ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇവർ വൈകിട്ട് ആറുമണിക്ക് ബോട്ടടുപ്പിച്ചിട്ട് രാവിലെ ആറിനാണ് പിന്നീടുള്ള സഞ്ചാരമെന്ന്. ഇപ്പോഴല്ലെ കാര്യം മനസ്സിലായത് . രാത്രിയിൽ കായൽ നിറയെ മീൻ പിടിക്കാനുള്ള വലകളായിരിക്കും . ബോട്ട് ഓടിച്ചാൽ ഈ വലകൾക്ക് കേടുപാടുകൾ പറ്റും അതുകൊണ്ട് ഇതൊരു അലിഖിത നിയമമാണ് , പകൽ ബോട്ടിനും രാത്രി മീൻപിടുത്തക്കാർക്കും .ഇതൊക്കെ കേട്ടിട്ട് സഹിക്കാൻ പറ്റിണില്ല …!

അപ്പോഴേക്കും ദീപു നീട്ടി വിളിച്ചു ബോട്ടു റെഡിയായി കയറിക്കോളു എന്ന് . അങ്ങനെ അവിടുന്ന് നേരെ ചെറുകായലിലേക്ക്.ബോട്ടിറങ്ങിയപ്പോൾ ഒരു സംശയം ഷാപ്പിൽ കയറണോ ഹോട്ടലിൽ കയറണോ….? കുട്ടനാടൻ ഷാപ്പുകളിലെ മെനു ഓർത്തപ്പോൾ നടന്ന് ഷാപ്പ് പടിയായി. പിന്നെ താമസിച്ചില്ല വലതുകാൽ വച്ച് നേരെ ഷാപ്പിലേക്ക്.

എന്താ കഴിക്കാനുള്ളതെന്ന് ചോദിച്ചതിനുള്ള മറുപടി , കപ്പയും മീനും ബീഫും മാത്രം .കൂടുതൽ ചിന്തിക്കേണ്ട കാര്യമില്ലാഞ്ഞതുകൊണ്ട് കപ്പയും ബീഫും ഓഡർ ചെയ്തു .കൂട്ടത്തിൽ ഒരു കുടം കള്ളിന്റെ വിലയും ചോദിച്ചു ₹ 200 . അത് കുറച്ച് കൂടുതലല്ലേന്നൊരു സംശയം . കപ്പയുടെ കൂടെ കിട്ടിയ ബീഫാണെങ്കിൽ എന്നേക്കാൾ പ്രായമുള്ളതായിരുന്നു. അങ്ങനെ ഉച്ച ശാപ്പാട് ഒരു പരുവമായി , എന്തെല്ലാം പ്രതിക്ഷകളായിരുന്നു . കുറ്റം പറയരുതല്ലൊ കുട്ടനാടൻ ഷാപ്പുകളിലെ വിഭവങ്ങൾ കേട്ടാൽ നാവിൽ വെള്ളമൂറും .ഇത് വേറിട്ടൊരു അനുഭവമായി. വീണ്ടും കടവിൽ വന്നിരുന്നു. അടുത്ത യാത്ര എങ്ങോട്ട് …?

ഏതായാലും ആലപ്പുഴക്ക് പോകണ്ട സമയം രണ്ട് മണിയായിട്ടുള്ളു. അപ്പോഴാണ് കടവിലേക്ക് ഒരു പ്രായമുള്ള സ്ത്രീ വന്നത് . എവിടെപ്പോകാനാണെന്നുള്ള ചോദ്യത്തിനുമുന്നിൽ ഞാനൊന്നു പകച്ചു.

‘ ആലപ്പുഴക്കല്ല ,വേറെ എവിടേക്കെങ്കിലും ബോട്ടുണ്ടോ ഇപ്പോൾ…?”
‘ കൈനകരിക്ക് ബോട്ടുണ്ട് ‘വരുമ്പോൾ പറയാം .

ഉച്ചസമയമായപ്പോഴേക്കും കായലിൽ ഹൗസ് ബോട്ടുകളുടെ തിരക്കായി . അപ്പോഴാണ് കീ ,ക്കീ ന്നുള്ള ഹോണടി ശബ്ദം കേൾക്കുന്നത്.

‘ദൂരെന്നു വരുന്നത് കൈനകരി ബോട്ടാണ് ‘

ഞാൻ കാഞ്ഞിരം പോയി വന്ന ബോട്ടു പോലല്ല ഇത് , ഇതിന് അപ്പർ ഡക്കുണ്ട് , മുകളിലിരുന്നും യാത്ര ചെയ്യാം. കൈ വീശിക്കാണിച്ച് ബോട്ട് ജെട്ടിയിലടുപ്പിച്ചു. ഇത് ആലപ്പുഴ – കൈനകരി സർക്കുലർ ബോട്ടാണ് . യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും ഒരുപോലെ പ്രയോജനപ്രദം. മുകളിൽ ₹ 40 ഉം താഴെ ₹ 15 യാത്രാക്കൂലി .ഞാൻ മുകളിൽക്കയറി , ഇതാണ് ശരിക്കുള്ള കായൽ യാത്ര .

ഫോട്ടോ എടുക്കാനും സൗകര്യപ്രദം .ഒരു ബംഗാളി കുടുംബം മാത്രമേ മുകളിൽ ഉണ്ടായിരുന്നുള്ളു. ഹൗസ് ബോട്ടുകൾക്കിടയിലൂടെ ഹോണടിച്ച് നേരെ കൈനകരിക്ക് ഒരു മണിക്കൂർ സമയം തികച്ചെടുക്കില്ല കൈനകരിയിലെത്താൻ , 15 മിനിറ്റ് അവിടെ പാർക്ക് ചെയ്തിട്ട് നേരെ ആലപ്പുഴയ്ക്ക് . വീണ്ടും ₹ 40 കൊടുക്കണം മടക്കയാത്രയ്ക്ക്. ആകെ രണ്ടര മണിക്കൂർ യാത്രയ്ക്ക് ചെലവ് ₹ 80 മാത്രം . തിരിച്ചുള്ള യാത്രയിൽ ചെക്കിങ് ഇൻസ്പെക്ടർ ശ്രീ രാജേന്ദ്രനുമുണ്ടായിരുന്നു.

ഒരിക്കൽ പാലക്കാട് നിന്ന് 105 കോളെജ് കുട്ടികൾ ₹ 15000 രൂപയ്ക്ക് ഹൗസ് ബോട്ട് ബുക്കുചെയ്തു .കുട്ടികൾ ആലപ്പുഴയെത്തിയപ്പോൾ ഹൗസ്ബോട്ടുകാർ കളം മാറ്റി ചവിട്ടി ₹ 22000 വേണമെന്നായി .ധർമ്മസങ്കടത്തിലായ കുട്ടികൾ ഇവരെ സമീപിച്ചു. ഒടുവിൽ ഈ ബോട്ടിൽത്തന്നെ അവർ സന്തോഷത്തോടെ കായൽ ചുറ്റിയടിച്ചു മടങ്ങി . ശ്രീ രാജേന്ദ്രന്റെ അനുഭവത്തിൽ ഇങ്ങനെ ധാരാളം കഥകളുണ്ട്.

ഈ ബോട്ടുയാത്ര രാവിലെ 9.45 തുടങ്ങി വൈകിട്ട് 4 30 ന് അവസാനിച്ചു .എനിക്ക് ബോട്ട് കൂലിയായി ചെലവായത് ₹110 മാത്രം. ഏകദേശം ആറ് മണിക്കൂറോളം ബോട്ടിൽ യാത്ര ചെയ്യാനും സാധിച്ചു. ₹ 15000 മുടക്കി ഹൗസ് ബോട്ടിൽ യാത്ര ചെയ്യുന്ന സുഖം കിട്ടില്ലെങ്കിലും സാധാരണ കുറഞ്ഞ ബഡ്ജറ്റിൽ യാത്ര ഇഷ്ടപ്പെടുന്നhവർക്ക് ഈ സർക്കാർ ബോട്ടുകൾ എന്നെന്നും ഓർത്തിരിക്കാനുള്ള കുറെ നല്ല ഓർമ്മകൾ സമ്മാനിക്കുമെന്ന് ഉറപ്പുണ്ട്.

ആലപ്പുഴ ബോട്ട് ജെട്ടി : 0477 2232510
ബോട്ടുകളുടെ സമയവിവരത്തിനു സന്ദർശിക്കുക: www.swtd.kerala.gov.in

Credit : Gopan kumar

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply