മഞ്ഞ് മൂടിയ കോട്ടഞ്ചേരിയും പച്ചവിരിച്ച താഴ്വരകളും

വിവരണം – ശരത് മാത്യു.

പിറന്ന മണ്ണിലേക്കുള്ള ഒരു തിരിച്ച് പോക്കായിരുന്നു ഈ യാത്ര. അതിന്റെ സ്നേഹവും ,സംസ്കാരവും അടുത്തറിഞ്ഞുള്ളൊരുയാത്ര. പിറന്നതും ,വളർന്നതും കാസർഗോഡ് ജില്ലയിലെ മാലോത്ത് എന്ന ഗ്രാമത്തിൽ ആയിരുന്നെങ്കിലും ,തുടർ പഠനങ്ങൾക്കും ജോലിക്കു വേണ്ടി പുറം നാട്ടുകാരൻ ആവേണ്ടി വന്നു. പ്രവാസകാലത്തിനിടയിൽ കിട്ടിയ ചെറിയൊരു ഇടവേളയിൽ എന്റെ നാടിനെ കണ്ടെത്താനും അടുത്തറിയാനുമായി പുറപ്പെട്ടു .

കാസർഗോഡ് എന്ന് പറയുമ്പോഴേ മിക്കവരുടെയും മനസിൽ ഒരു പുച്ഛമാണ്. എൻഡോസൾഫാൻ മുരടിപ്പിച്ച, വികസനം എത്തി നോക്കാത്ത, ഉദ്യോഗസ്ഥരുടെ പേടിസ്വപ്നമായ, രാഷ്ട്രീയ ജാഥകൾ തുടങ്ങാൻ മാത്രമുള്ളൊരു ജില്ല. ഇത്തരം മുൻധാരണകൾക്കുള്ളിൽ അകപ്പെട്ട, നൻമ നിറഞ്ഞ കടൽ തീരങ്ങൾ ഉള്ള, e – കോളി ബാക്ടീരിയകൾ കുറവുള്ള നദികൾ ഒഴുകുന്ന, ഒരു ഭാഗത്ത് മനുഷ്യനിർമിത കോട്ടകളും മറുഭാഗത്ത് പ്രകൃത്യായുള്ള വെസ്റ്റേൺ ഘട്ടുകളാലും നിറഞ്ഞ, സപ്തഭാഷ സംഗമഭൂമി. കാഞ്ഞങ്ങാടുനിന്ന് 30 km ദൂരത്തിൽ വടക്ക് – കിഴക്കായി സ്ഥിതി ചെയ്യുന്ന കോട്ടൻഞ്ചേരി മലനിരകളായിരുന്നു ആദ്യ ലക്ഷ്യം. തെക്ക് ആനമുടിയും വടക്ക് ഏഴിമലയും തല ഉയർത്തി നിൽക്കുന്ന സഹ്യന്റെ കുടുംബക്കാരനാണ് കോട്ടഞ്ചേരി. മഴക്കാടുകളാൽ സമ്പന്നമായ കോട്ടഞ്ചേരിക്ക് സമുദ്രനിരപ്പിൽ നിന്ന് 3500 അടിയോളം ഉയരമുണ്ട്.

എന്നെയും വഹിച്ചുള്ള ബസ് കോട്ടഞ്ചേരിക്ക് താഴെയുള്ള കൊന്നക്കാട് എന്ന കൊച്ച് ഗ്രാമം ലക്ഷ്യമാക്കി ഉരുണ്ട് തുടങ്ങി. കോഴിക്കോട്-കണ്ണൂർ ബസിൽ യാത്ര ചെയ്ത് വന്നതുകൊണ്ടാണൊ എന്നറിയില്ല, ഈ ബസ് പതിയെ ഉരുളുന്നത് പോലെയെ തോന്നിയുള്ളു. പട്ടണങ്ങളെ പിന്നിലാക്കി ബസ് ദൂരെ കാണുന്ന മലനിരകളിലേക്ക് ഓടികൊണ്ടിരുന്നു. കൊന്നക്കാട് എത്തുമ്പോൾ മഴയും ഒപ്പമെത്തി. ചുറ്റും മലനിരകൾ; അതിനെ തഴുകി ഒഴുകുന്ന മേഘങ്ങൾ, നഗരത്തിന് അന്യമായ തെളിഞ്ഞ വെള്ളമുള്ള ; പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വള്ളംകളി നടത്താത്ത ചെറിയൊരു പുഴ. കടകളിൽ പൊതുവെ ആളുകൾ കുറവായിരുന്നു, റബ്ബർ, കുരുമുളക്, കമുക്, തെങ്ങ് തുടങ്ങിയ കാർഷിക വിളകളാണ് ഈ കുടിയേറ്റ മേഖലയെ സമ്പന്നമാക്കുന്നത്.

സുഹൃത്തിന്റെ ജീപ്പിൽ കയറി ആദ്യം പോയത് അഛൻകല്ല് വെള്ളച്ചാട്ടത്തിലേക്കാണ്. അതിരപ്പള്ളിയുടെ ചെറിയൊരു പതിപ്പാണെന്ന് തോന്നിപ്പിക്കും വിധം ജലകണികകൾ പാറക്കെട്ടിലൂടെ പതഞ്ഞിറങ്ങുന്നു. ദൂരെ നിന്നുള്ള കാഴ്ച്ച തന്നെ അതിമനോഹരമായിരുന്നു. മദ്യക്കുപ്പികളും, പാറക്കെട്ടുകളിൽ അഭ്യാസ (ആഭാസ ) പ്രകടനം നടത്തുന്ന പോഴൻമാരും ഇല്ലാത്തത് കാഴ്ച്ചയെ കൂടുതൽ ആനന്ദകരമാക്കി. അവിടുന്ന് കോട്ടഞ്ചേരിക്ക് പോകുന്ന വഴിക്ക് പാമത്തട്ട് എന്ന സ്ഥലത്ത് മറ്റൊരു ചെറിയ വെള്ളച്ചാട്ടവും കാണാനായി.

പിന്നീട് ഈ പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ ചൈത്രവാഹിനിയുടെ ഉത്ഭവസ്ഥലത്തേക്ക് നടന്ന് പോകേണ്ടി വന്നത് അട്ടകൾക്കും ആനന്ദകരമായി. ചൈത്രതീരം എന്നറിയപ്പെടുന്നവിടത്തിന് മറുവശത്താണ് കാവേരിനദിയുടെ ഉത്ഭവമെന്നത് പുതിയ അറിവായിരുന്നു. കാടിനുള്ളിലൂടെ 20 km നടന്നാൽ തലക്കാവേരി എത്താം എന്നും അറിയുകയുണ്ടായി.

പോകുന്ന വഴിക്ക് ഒരുപാട് ആദിവാസി കോളനികൾ ഉണ്ടായിരുന്നു. തെയ്യവും, മംഗലം കളിയും, എന്തിന്!സ്വന്തമായി വാമൊഴിഭാഷ പോലും ഉള്ള എന്നാൽ പിന്നോക്കകാർ എന്ന വിളി കേൾക്കേണ്ടി വന്ന ഒരു സമൂഹം. തനതായ ചികിൽസാ രീതിക്ക് പേര്കേട്ടവരാണ് ഇവർ.പാമ്പിൻ കടിയേറ്റാൽ ഈ അടുത്ത പ്രദേശത്തുള്ളവർക്ക് പ്രധാന ആശ്രയവും ഇവരാണ്.

ഔഷധ സസ്യങ്ങളാലും; സ്വദേശമരങ്ങളാലും സമൃദ്ദമാണ് ഇവിടം. പോരാത്തതിന് സാധാരണയായി കാണാത്ത പല പക്ഷിമൃഗാദികളുടെ വിഹാരകേന്ദ്രം കൂടിയാണ്. ഡിസ്റ്റിലറികൾ ( വാറ്റ് കേന്ദ്രം എന്നും പറയും) ഈ പ്രദേശത്തെ മറ്റൊരു ആകർഷണമാണ്. കാടിനുള്ളിലൂടെയുള്ള യാത്രയിൽ അധികം പഴക്കമില്ലാത്ത ആന പിണ്ഡങ്ങൾ കണ്ടത് സന്തോഷിപ്പിച്ചെങ്കിലും, ആന നശിപ്പിച്ചിട്ടിരിക്കുന്ന ഫോറസ്റ്റ് ഓഫീസും മറ്റും കണ്ടപ്പേൾ സന്തോഷം ഭീതിയായി മാറി. ഭാഗ്യമുണ്ടെങ്കിൽ ആനയെക്കാണാം ,ചിലപ്പോൾ നിർഭാഗ്യമുണ്ടെങ്കിലും .

തേൻവാരിയാണ് പോകുന്ന വഴിയിലെ മറ്റൊരു ആകർഷണം.പറക്കൂട്ടങ്ങൾക്കിടയിൽ ,തേനീച്ചക്കൂടുകൾ അവയിൽ നിന്നും തേനൊഴുകുന്നത് കാണാനായില്ല എങ്കിലും കണ്ടുവെന്ന് വരുത്തി മുന്നോട്ട്. കാന്തൻപാറ അഥവാ ആത്മഹത്യാപാറ എന്നറിയപ്പെടുന്ന ഒറ്റക്കല്ലാണ് അടുത്തതായി കണ്ടത്.മീറ്ററുകളോളം ഉയരത്തിൽ ദുരൂഹത ഉണർത്തി മൈസൂർ ഫോറസ്റ്റിന്റെ മടിത്തട്ടിൽ അവനങ്ങിനെ ഇരിക്കുന്നു. അവിടുന്ന് നോക്കിയാൽ ബ്രഹ്മഗിരിശൃംഗങ്ങൾ കുടക് ജില്ലക്ക് കാവൽ നിൽക്കുന്നത് കാണാം.

പിന്നീട് സമുദ്രനിരപ്പിൽ നിന്ന് 3500 അടിയോളം ഉയരത്തിൽ നിൽക്കുന്ന കൂമ്പൻമലയിലേക്ക്. അതിന് മുകളിൽ നിന്നാൽ തളിപ്പറമ്പ് നഗരം വരെ കാണാമെന്ന് സുഹൃത്ത് പറഞ്ഞെങ്കിലും കോട അതനുവദിച്ച് തന്നില്ല. ഈ മലയ്ക്ക് എന്തൊ ഒരു ഐതിഹ്യമുണ്ടെന്നും ഇതൊരു ദേവസ്ഥാനമാണെന്നും, ഏഴിമലയുമായി ഉയരത്തിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും അവൻ പറയുന്നുണ്ടായിരുന്നു.

ഇനി ഇതിന് എതിർവശമുള്ള പന്നിയാർമാനിയിലേക്ക്. ഉച്ചവെയിൽ ശക്തമായിരുന്നെങ്കിലും കോടയുടെ കുടക്കീഴിൽ സംരക്ഷിക്കപ്പെട്ടു. പന്നിയാർമാനി പുൽമേടുകൾ നിറഞ്ഞ മുട്ടക്കുന്നാണ്, ഒരേ ഉയരത്തിലുള്ള പുൽനാമ്പുകൾ സൂര്യന് നേരെ സല്യൂട്ട് ചെയ്ത് നിൽക്കുന്നു. പുല്ലിനിടയിലെ ഒറ്റപ്പെട്ട കല്ലുകൾ;കുട്ടിയാനകൾ മേഞ്ഞ് നാടക്കുന്നത് പോലെ തോന്നിപ്പിച്ചു.ഈ മലനിരകളോട് ചേർന്നാണ് കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം സ്ഥിതി ചെയ്യുന്നത്. മീശപ്പുലിമലയിൽ മഞ്ഞ് വീഴുന്നത് കാണാൻ പറ്റാത്തവർക്ക് ഇവിടെ വന്ന് മഞ്ഞ് പെയ്യുന്നത് കണ്ട് സംതൃപ്തി അണയാവുന്നതാണ്.

ഇരുട്ട് വീണ് തുടങ്ങിയപ്പോഴേക്കും ഞങ്ങൾ തിരിച്ചിറങ്ങി. കഴിഞ്ഞ ദിവസം ഇവിടെ അടുത്ത് പുലിയെ പിടിച്ച വാർത്ത മനസ്സിലേക്ക് വന്നു. അല്ലെങ്കിലും ഇത്തരം അവസരങ്ങളിൽ ഇങ്ങനത്തെ സംഭവങ്ങളെ മനസിലേക്ക് വരൂ.
നടത്തത്തിന് സ്പീഡ് കൂടി, അടുത്ത ലക്ഷ്യം റാണിപുരമാണ് പോകുന്ന വഴിക്ക് മാലോം എന്ന ചെറുപട്ടണവും, പിന്നെ ചുള്ളി എന്ന മലയുടെ ചെരുവിലെ ചെറുവെള്ളച്ചാട്ടവും കാണണം. പറ്റിയാൽ മരുതോംതട്ടിലെ കോടമഞ്ഞിനിടയിൽ വണ്ടി നിർത്തി ചൂട് ചായയും, ഉള്ളിവടയും കഴിക്കണം.

കോട്ടഞ്ചേരി ഒരു കാഴ്ച്ച അല്ല; മറിച്ച് ഒരനുഭവമാണ്.

വാൽക്കഷ്ണം: കോട്ടഞ്ചേരി പ്രദേശത്ത് താമസ സൗകര്യങ്ങളൊ റെസ്റ്റോന്റുകളൊ തീരെയില്ല.സമീപ പ്രദേശങ്ങളായ മാലോം, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളെ ആശ്രയിക്കണം. കാട്ടിനുള്ളിലേക്ക് കയറാൻ ഫോറസ്റ്റ് പെർമിഷൻ ആവശ്യമാണ്. പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവയാണ് അടുത്തുള്ള റെയിൽവെ സ്റ്റേഷനുകൾ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply