വിശക്കുന്നവർക്ക് ഇവിടെ വന്നാൽ ഊണു ലഭിക്കും; പൈസയുണ്ടേല്‍ കൊടുക്കാം

സ്നേഹജാലകത്തിന്റെ ജനകീയ ഭക്ഷണശാല മാർച്ച് 3 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് തുറക്കുന്നു. ദേശീയ പാതയോരത്ത് ആലപ്പുഴ-ചേര്‍ത്തല റൂട്ടില്‍ പാതിരപ്പള്ളിക്കു സമീപമാണ് ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. വിശക്കുന്നവർക്ക് ഇവിടെ വന്നാൽ ഊണു ലഭിക്കും. കൈകഴുകി മടങ്ങുമ്പോള്‍ പൂട്ടുള്ള പണപ്പെട്ടിയോ, കാഷ്യറോ ഭക്ഷണം കഴിക്കാന്‍ വരുന്നവരെ കാത്തിരിപ്പുണ്ടാവില്ല. ഓരോരുത്തരുടെയും മനസ്സാക്ഷിയാണ് ഇവിടുത്തെ കാഷ്യര്‍. കൗണ്ടറില്‍ ഒരു ബോക്സ് ഉണ്ടാവും. ഉള്ളറിഞ്ഞ് ഇഷ്ടമുള്ളത് ഇടാം. ഒന്നും ഇടാന്‍ വകയില്ലാത്തവര്‍ക്കും നിറഞ്ഞ സംതൃപ്തിയോടെ സന്തോഷത്തോടെ മടങ്ങാം. ഈ നിലയിലാവും ഭക്ഷണശാല പ്രവര്‍ത്തിക്കുക. ഓരോരുത്തർക്കും അവരുടെ ആവശ്യത്തിന് കഴിക്കുക, ഓരോരുത്തരും അവരുടെ കഴിവ് അനുസരിച്ച് നൽകുക എന്നതാണ് ആദര്‍ശം .

സാമ്പ്രദായിക രീതിയില്‍നിന്നു മാറിയാണ് ജനകീയ ഭക്ഷണശാലയുടെ ഉദ്ഘാടനവും സംഘടിപ്പിക്കുന്നത്. ഈ ആശയത്തെ പിന്‍തുണയ്ക്കുന്നവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടാവും ഉദ്ഘാടനം നിര്‍വ്വഹിക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കലാസാംസ്കാരികരംഗത്തെ പ്രമുഖരും സാന്ത്വന പ്രവർത്തകരും പങ്കാളികളാകും.

2000- ലധികം ആളുകള്‍ക്ക് ഒരേസമയം ഭക്ഷണം പാകംചെയ്യാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റീം കിച്ചണ്‍ സംവിധാനം പതിനൊന്നേകാല്‍ ലക്ഷംരൂപ മുടക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്. ഐ ആര്‍ ടി സി യുടെ സഹായത്തോടെ ഏറ്റവും കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്ക്കരണ സംവിധാനവും ഏറ്റവും ആധുനികമായ വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റും 6 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടുനിലകളുള്ള ഭക്ഷണശാലയില്‍ താഴെ സ്റ്റീം കിച്ചണും മുകളില്‍ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും, ഭക്ഷണം മുകളില്‍ എത്തിക്കാന്‍ ലിഫ്റ്റ് സംവിധാനവുമുണ്ട്. കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് ഈ സജ്ജീകരണങ്ങൾക്കുള്ള പണം കണ്ടെത്തിയത്.

ഭക്ഷണശാലയുടെ ചുവരുകളിൽ പാതിരപ്പള്ളി ഹാര്‍മണി ആര്‍ട്ട് ഗ്രൂപ്പിലെ ചിത്രകാരന്മാര്‍ വരച്ച രേഖാചിത്രങ്ങളാണ്. സ്നേഹജാലകം പ്രവര്‍ത്തകന്‍ കൂടിയായ സവിന്‍ചന്ദ്രയാണ് ഭക്ഷണശാലയുടെ രൂപകല്പനയും നിര്‍മ്മാണമേല്‍നോട്ടവും നിര്‍വ്വഹിച്ചിട്ടുള്ളത്. സ്നേഹജാലകം പ്രവര്‍ത്തകന്‍കൂടിയായ എ. രാജു, വെളിയില്‍ ആണ് ഭക്ഷണശാല നിര്‍മ്മിക്കുന്നതിനായി ദേശീയപാതയോരത്ത് സ്ഥലം വിട്ടുതന്നിട്ടുള്ളത്. ഭക്ഷണശാലയോട് ചേര്‍ന്ന് ശ്രീ. സജീവന്‍റെ രണ്ടരയേക്കര്‍ പുരയിടത്തില്‍ ഭക്ഷണശാലയ്ക്കാവശ്യമായ പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിനായി ജൈവകൃഷിത്തോട്ടം ഒരുക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കൃഷിത്തോട്ടം സന്ദര്‍ശിക്കാനും പച്ചക്കറികള്‍ വാങ്ങാനും ഉള്ള സൗകര്യവും ഒരുക്കും.

പ്രദേശത്തെ വീടുകളിലെ ആഘോഷങ്ങളിലും സ്മരണദിനങ്ങളിലും ഭക്ഷണം സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള സന്നദ്ധതാഫോറം പൂരിപ്പിച്ചുവാങ്ങി ആ പണം സമാഹരിച്ച് ഭക്ഷണശാലയുടെ ദൈനംദിന പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുവാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇതിനകംതന്നെ സ്നേഹജാലകം പ്രദേശത്തെ 10 വാര്‍ഡുകളില്‍നിന്നായി ഇരുപത്തിരണ്ട് ലക്ഷത്തി എഴുപത്താറായിരം രൂപയ്ക്കുള്ള 1576 സന്നദ്ധതാഫോറം ഫെബ്രുവരി 4 ന് വാര്‍ഡുകളില്‍ ചെന്ന് നേരിട്ട് ഏറ്റുവാങ്ങി. സ്നേഹജാലകം മേഖല ഗവേണിംഗ് ബോഡി അംഗങ്ങളുടെ വ്യക്തിപരമായ സംഭാവനകളും ചേര്‍ത്ത് ഭക്ഷണശാല പരമാവധി ഭംഗിയാക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. വിശക്കുന്നവര്‍ക്ക് വിരുന്നൊരുക്കാന്‍ ഓരോദിവസവും കൂടുതല്‍ കൂടുതല്‍ ആളുകള്‍ സ്നേഹജാലകം പ്രവര്‍ത്തകരെ സമീപിക്കുന്നത് ഈ പ്രവര്‍ത്തനത്തിന്‍റെ നൈനന്തര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റുന്നു.

സാന്ത്വന പരിചരണരംഗത്ത് മാരാരിക്കുളത്ത് നടന്നുവരുന്ന വേറിട്ട ജനകീയ ഇടപെടലുകൾക്ക് തുടക്കം കുറിച്ചത് സ്നേഹജാലകമാണ്. രോഗനിര്‍ണ്ണയരംഗത്തെ കഴുത്തറുപ്പന്‍ പ്രവണതകളെ പ്രതിരോധിക്കാന്‍ മൂന്നിലൊന്ന് ഫീസ് മാത്രം സ്വീകരിച്ചുകൊണ്ട് 4 വര്‍ഷംമുന്‍പ് ചെട്ടികാട് ആശുപത്രിക്ക് സമീപം സ്നേഹജാലകം ‘ജനകീയ ലബോറട്ടറി’ ആരംഭിച്ചു. ഇപ്പോൾ പി. കൃഷ്ണപിള്ള സ്മാരകട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ മണ്ണഞ്ചേരിയിലും എസ്. ദാമോദരന്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ കോമളപുരത്തും ജനകീയ ലാബുകളുണ്ട്. സ്നേഹജാലകം ഒരു വർഷത്തിനു മുമ്പാണ് വിശപ്പുരഹിത ഗ്രാമം പരിപാടിയ്ക്കു തുടക്കം കുറിച്ചത്. തുടർന്ന് പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റും കിടപ്പുരോഗികൾക്ക് വീടുകളിൽ ഭക്ഷണം എത്തിച്ചുകൊടുക്കാനുള്ള പ്രവർത്തനം ഏറ്റെടുത്തു. കഴിഞ്ഞ 3 മാസമായി മണ്ണഞ്ചേരി പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്‍റെ അടുക്കളയില്‍നിന്നും മാരാരിക്കുളം തെക്ക്, മുഹമ്മ, ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലായി 400 കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ ഭക്ഷണം എത്തിക്കുന്നുണ്ട്. ജനകീയ ഭക്ഷണശാല ആരംഭിക്കുന്നതോടെ ആലപ്പുഴ പട്ടണത്തിലെയും മാരാരിക്കുളം തെക്ക്-വടക്ക് ഗ്രാമപഞ്ചായത്തുകളിലെയും ഭക്ഷണം കഴിക്കാന്‍ നിര്‍വ്വാഹമില്ലാത്ത 400 വീടുകളില്‍ ജനകീയ ഭക്ഷണശാലയില്‍നിന്ന് ആഹാരം എത്തിച്ചുനല്‍കാന്‍ കഴിയും. ആലപ്പുഴ മണ്ഡലത്തിലെ മുഴുവന്‍ അഗതികളായ പാലിയേറ്റീവ് രോഗികളും ഇതില്‍ ഉള്‍പ്പെടും.

കേവലം ഭക്ഷണം കിടപ്പുരോഗികൾക്ക് എത്തിച്ചുകൊടുക്കുക മാത്രമല്ല, ഭക്ഷണം എത്തിച്ചുകൊടുക്കുന്നവർ മുഖേന രോഗവിവരങ്ങൾ മൊബൈൽ ആപ്പുവഴി ഡോക്ടർക്ക് എത്തിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പാലിയേറ്റീവ് സംഘടനയുടെ പ്രവർത്തകർ നടപ്പാക്കുകയും ചെയ്യും. ഭക്ഷണം എത്തിക്കുന്നത് സമഗ്ര സാന്ത്വനപരിചരണത്തിന്റെ ഭാഗമായിട്ടാണ്. ഇതിനു പുറമെയാണ് പൊതുജനങ്ങൾക്കു വേണ്ടിയുള്ള ജനകീയ ഭക്ഷണശാല. അടുത്ത ദിവസങ്ങളിൽ ഇതുപോലുള്ള ഭക്ഷണശാലകൾ മാരാരിക്കുളത്ത് മറ്റു ചില കേന്ദ്രങ്ങളിലും ആലപ്പുഴ പട്ടണത്തിലും ആരംഭിക്കാനാവും. 2010ലെ ബജറ്റു മുതൽ വിശപ്പുരഹിത പദ്ധതി പലവട്ടം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇതാദ്യമായി പ്രായോഗികതലത്തിൽ ആവിഷ്കരിക്കപ്പെടുന്നത് ആലപ്പുഴയിലാണ്. ഈ മാതൃക കേരളമെമ്പാടും വ്യാപിപ്പിക്കുമെന്ന് 2018-19ലെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കടപ്പാട് – Dr.T.M Thomas Isaac.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply