KSRTC ജീവനക്കാരുടെ കുറ്റങ്ങൾ മാത്രം കേട്ടിട്ടുള്ള ഒരാൾക്ക് അതെ KSRTC യിലെ ഒരു ജീവനക്കാരനിൽ നിന്നും അത്യാവശ്യ സമയത്ത് ഒരു സഹായം ലഭിക്കുന്നു. ഇത് ഒരു കഥയല്ല, നടന്ന സംഭവമാണ്. ആ സംഭവം വിവരിക്കുകയാണ് അയിര Govt: KVHS ലെ അധ്യാപകനായ പ്രദീപ് ആനന്ദ്. അദ്ദേഹം ഫേസ്ബുക്കിൽ കണ്ടക്ടർക്കായി എഴുതിയ ഒരു കത്ത് ഇപ്പോൾ വൈറലായിരിക്കുകയാണ്. ആ കത്ത് നമുക്കൊന്ന് വായിക്കാം.
“KSRTC കണ്ടക്ടർക്ക്, സ്നേഹപൂർവം… ഇരുണ്ട അന്തരീക്ഷമായിരുന്നു ഇന്ന്; ഇടവിട്ട് മഴയും. മാനം തെളിയുന്നത് അപൂർവം. സ്കൂളിലെ റെഡ് ക്രോസ്സുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു, ചാല ഗവ. HS ൽ വച്ച്.
12.40 ന് ഊണ് കഴിച്ചെന്നു വരുത്തി ധൃതിപ്പെട്ട് എന്റെ സ്കൂളിൽ നിന്ന് ഇറങ്ങുമ്പോൾ 12.55 ആയി. മങ്ങിയ വെയിൽ ഉണ്ട്. ടൂ വീലറിലായിരുന്നു യാത്ര. 50-55 കി.മീ വേഗത്തിൽ പോയാൽ 2.00 മണിക്കു തന്നെ ചാലയിൽ എത്തിച്ചേരാമെന്നായിരുന്നു കണക്കുകൂട്ടൽ.
നെയ്യാറ്റിൻകര വരെ വലിയ ട്രാഫിക് ഒന്നും ഉണ്ടായില്ല. വെള്ളിയാഴ്ചയായതിനാൽ പള്ളികളുടെ മുന്നിൽ അല്പസ്വൽപം വാഹനത്തിരക്ക് അനുഭവപ്പെട്ടതൊഴിച്ചാൽ റോഡ് ശൂന്യം. നെയ്യാറ്റിൻകര കഴിഞ്ഞതും അന്തരീക്ഷം അൽപ്പം മാറിത്തുടങ്ങി. ആകാശം നന്നേ ഇരുണ്ടു. ചാറ്റൽ മഴ തുടങ്ങി. ഉടൻ മഴ തീരും എന്ന് പ്രതീക്ഷിച്ചു. പക്ഷേ,
പ്രതീക്ഷകൾ അസ്ഥാനത്താക്കി മഴ ശക്തി പ്രാപിച്ചു. ഒതുങ്ങി നിൽക്കാൻ പറ്റിയ ഇടങ്ങൾ കുറവായതിനാൽ നന്നേ നനഞ്ഞു. “മൂന്നു കല്ലിൻമൂട് ” ബസ്റ്റോപ്പിൽ അഭയം തേടി. നനഞ്ഞു കുതിർന്നിരുന്നു. ഏകദേശം 1.30 ആയി അപ്പോൾ .
മഴ തോരാനുള്ള ലക്ഷണമില്ലെന്നു തോന്നിയപ്പോൾ ബസിൽ പോകുന്ന കാര്യം ആലോചിച്ചു. ബൈക്ക് ലോക്ക് ചെയ്ത് വച്ചു. തിരികെ വരുമ്പോൾ എടുത്താൽ മതിയല്ലോ. ദൂരെ നിന്ന് ” നെയ്യാറ്റിൻകര – കിഴക്കേകോട്ട “ബോർഡ് വച്ച അനന്തപുരി ബസ് വരുന്നതു കണ്ടു. രണ്ടു പേർ ഇറങ്ങി. അവർ ഓടി വെയിറ്റിംഗ് ഷെഡിൽ കയറി. ഞാനും പരമാവധി നനയാതിരിക്കാൻ ശ്രമിച്ചുകൊണ്ട് ബസിൽ കയറി.
കിളളിപ്പാലത്തിനപ്പുറം ഇറങ്ങണമെന്നാവശ്യപ്പെട്ടപ്പോൾ കണ്ടക്ടർ 20 രൂപയുടെ ടിക്കറ്റ് നൽകി. ടിക്കറ്റ് നനഞ്ഞു കുതിർന്ന ഷർട്ടിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. രൂപ നൽകാൻ പേഴ്സ് നോക്കിയ ഞാൻ പെട്ടെന്നൊന്ന് നടുങ്ങി..
പേഴ്സ് കാണുന്നില്ല! എല്ലാ പോക്കറ്റിലും നോക്കി..ദയനീയമായി കണ്ടക്ടറെയും. എന്റെ പേഴ്സ് ബൈക്കിന്റെ ടാങ്ക് കവറിൽ വച്ചിരിക്കുന്ന കാര്യം ഓർമ വന്നപ്പോഴേയ്ക്കും കണ്ടക്ടർക്ക് ഒരു “പന്തികേട് ” തോന്നുന്ന അവസ്ഥയിലെത്തിയിരുന്നു ഞാൻ.
അനവസരത്തിലുള്ള പൊട്ടിത്തെറിയോ അമർത്തിപ്പിടിച്ച പച്ചത്തെറിയോ പ്രതീക്ഷിച്ചു കൊണ്ട് കണ്ടക്ടറോട് കാര്യം പറഞ്ഞു. മറ്റു യാത്രക്കാരുടെ മുന്നിൽ അപഹാസ്യനാവുന്ന രംഗം മനസ്സിൽ തിക്കിത്തിരക്കി കടന്നു വന്നു. ധർമസങ്കടവും അപമാനവുമൊക്കെ കൂടിക്കലർന്ന് നിൽക്കുന്ന എന്നെ അമ്പരപ്പിച്ചു കൊണ്ട് കണ്ടക്ടറുടെ ശബ്ദം വന്നു.. – “സാരമില്ല. അടുത്ത സ്റ്റോപ്പിൽ ഇറങ്ങിക്കോളൂ. വണ്ടിയിൽ നിന്ന് പേഴ്സ് എടുക്കണ്ടേ?”
നന്ദിയോടെ ഞാൻ ആ മനുഷ്യനെ നോക്കി.. ഇരുണ്ട നിറത്തിലുള്ള ആ മനുഷ്യ സ്നേഹിയുടെ മുഖത്ത് തെളിഞ്ഞ ചിരി! അടുത്ത സ്റ്റോപ്പിൽ ബെൽ മുഴങ്ങി. പെരുമഴയത്ത് ഒരു രൂപ പോലും കൈയിലില്ലാതെ എന്തു ചെയ്യുമെന്ന ചിന്ത ഉണ്ടായെങ്കിലും ഞാൻ ബസിൽ നിന്നിറങ്ങാൻ ഡോറിൽ എത്തി. വീണ്ടും എന്നെ അമ്പരപ്പിച്ചു കൊണ്ട് – “ദാ വച്ചോളൂ, ബൈക്കിനടുത്തു വരെ പോകാൻ രൂപ വേണ്ടേ?” എന്ന സ്നേഹമസൃണമായ ശബ്ദവും പിന്നാലെ നീട്ടിയ പത്തു രൂപയുടെ പുതിയ നോട്ടുമായി ആ കണ്ടക്ടർ .മുഖത്ത് അതേ ചിരി. സ്നേഹം. എന്റെ മനസ് സങ്കടം കൊണ്ടും സന്തോഷം കൊണ്ടും നന്ദി കൊണ്ടും കടപ്പാടു കൊണ്ടും തുളുമ്പിപ്പോയി… ഹൃദയത്തിൽ നിന്ന് ഉറവെടുത്ത ”നന്ദി” എന്ന വാക്ക് ഉയിരാർന്ന് നാവിലൂടെ പുറത്തെത്തുന്നതിനു മുൻപേ ബസ് നീങ്ങി. പെരുമഴയിലേയ്ക്ക് പദമൂന്നുമ്പോഴും ഹൃദയം നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു.
പ്രിയ സോദരാ, മതിയായ ടിക്കറ്റോ രൂപയോ ഇല്ലാത്ത യാത്രക്കാരനെ അടുത്ത സ്റ്റോപ്പിൽ നിഷ്ക്കരുണം ഇറക്കി വിടുന്നതു പോലും “മാന്യമായ മാന്യതയായ” ഇക്കാലത്ത്, എന്നെ ശകാരിക്കാതെ, സ്നേഹത്തോടെ അടുത്ത സ്റ്റോപ്പിൽ ഇറക്കുകയും തിരിച്ചു പോകാനുള്ള രൂപ തരുകയും ചെയ്ത താങ്കളെ ഞാൻ സഹോദരനെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? ഈശ്വര തുല്യനാണ് താങ്കൾ എന്ന് പറയാൻ തോന്നുന്നു. വർഷങ്ങളായി റോഡിൽ KSRTC എന്ന സംരംഭം നേരിട്ടു കൊണ്ടിരുന്ന എല്ലാ വിമർശനങ്ങൾക്കും താങ്കളെപ്പോലുള്ളവർ നൻമ നിറഞ്ഞ പ്രവൃത്തികളിലൂടെ മറുപടി പറഞ്ഞു കൊണ്ടിരിക്കുന്നു.
ഞാൻ നന്ദി പറയുന്നില്ല. ഇനി കാണുമ്പോഴും ഞാൻ ആ രൂപ തിരികെത്തരില്ല. താങ്കളുടെ സ്നേഹ സ്മേരത്തോടൊപ്പം, നൻമയോടൊപ്പം, ഞാൻ അത് എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഒപ്പം KSRTC യെപ്പറ്റി മുൻപ് മോശമായി ഞാൻ പറഞ്ഞിട്ടുള്ള വാക്കുകൾ ഇന്ന് എന്നെ വല്ലാതെ പൊള്ളിക്കുകയും ചെയ്യുന്നു. താങ്കൾ എന്നെങ്കിലും ഇത് വായിക്കുമെന്ന പ്രതീക്ഷയോടെ, പ്രദീപ് ആനന്ദ് ( Govt: KVHS, അയിര).”