കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഡിറ്റക്ടീവ് ആയപ്പോള്‍ കള്ളന്‍ പിടിയില്‍…

രണ്ട് വര്‍ഷം മുമ്പ് തന്റെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചോടിയ കള്ളനെ കയ്യോടെ പിടികൂടി കണ്ടക്ടര്‍. കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടറാണ് രണ്ട് വര്‍ഷം മുമ്പ് ജോലിക്കിടെ തന്നെ കബളിപ്പിച്ച് 11,500 രൂപ തട്ടിയെടുത്ത് കടന്ന് കളഞ്ഞ കള്ളനെ തന്ത്രപൂര്‍വ്വം കുടുക്കിയത്.

2016 മാര്‍ച്ച് 16നാണ് മോഷ്ടാവ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ പണം തട്ടി കടന്നത്. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ രാത്രി സര്‍വീസ് നടത്തിയ ബസില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് കയറിയ ഇയാള്‍ തിരക്കൊഴിഞ്ഞ സമയം കണ്ടക്ടറുടെ സമീപത്ത് ഇരിക്കുകയും കുശലാന്വേഷണത്തിലൂടെ വിശ്വാസമാര്‍ജിക്കുകയും ചെയ്തു.

Representative Image

തുടര്‍ന്ന് കണ്ടക്ടര്‍ മയങ്ങിയതോടെ ഇയാള്‍ ബാഗില്‍ നിന്ന് പണം മോഷ്ടിച്ച് മുങ്ങുകയായിരുന്നു. പിന്നീട് ഈ കണ്ടക്ടര്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കള്ളനെ പിടികൂടാനായില്ല. മോഷ്ടിച്ച പണം കണ്ടക്ടര്‍ സ്വന്തം കയ്യില്‍ നിന്നും ഡിപ്പോയില്‍ അടക്കേണ്ടിയും വന്നു. അങ്ങനെ ആ സംഭവം അവിടെ തീര്‍ന്നു.

എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഇതേ കണ്ടക്ടര്‍ ജോലിചെയ്യുന്ന ബസില്‍ പഴയ കളളന്‍ കയറുന്നു. അന്ന് ചെയ്തത് പോലത്തന്നെ കണ്ടക്ടറുടെ സീറ്റില്‍ ഇരിക്കുന്നു. സൗഹൃദ സംഭാഷണത്തിലൂടെ കണ്ടക്ടറോട് അടുക്കുന്നു. സംശയം തോന്നിയ കണ്ടക്ടര്‍ സെല്‍ഫിയെടുക്കുകയും അന്ന് തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ആള്‍ തന്നെയാണൊ എന്ന് ഉറപ്പു വരുത്താനായി ബാഗ് തുറന്നു വെച്ച് ഉറങ്ങുന്നത് പോലെ അഭിനയിച്ചു.

കാര്യം പിടികിട്ടാതെ ഇയാള്‍ ബാഗിനുള്ളിലേക്ക് കൈ കടത്താന്‍ ശ്രമിച്ചക്കുകയും കൈയ്യോടെ കണ്ടക്ടര്‍ പിടിക്കുകയും ചെയ്യുന്നു. ചോദ്യം ചെയ്തപ്പോള്‍ അന്ന് താനാണ് പണം മോഷ്ടിച്ചതെന്നും ഇന്നും മോഷ്ടിക്കാനായിരുന്നു പദ്ധതി എന്നും സമ്മതിച്ചു. തുടര്‍ന്ന് യാത്രക്കാരുടെ സാഹായത്തോടെ നാട്ടുക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. അന്ന് നഷ്ടപ്പെട്ട പണം ഇയാള്‍ കണ്ടക്ടര്‍ക്ക് തിരികെ നല്‍കി. അത് കൊണ്ട് സംഭവം കേസാക്കാതെ പ്രശ്‌നം തീര്‍ത്തു.

അതുകൊണ്ട് യാത്രക്കാരെപ്പോലെ തന്നെ ബസ് കണ്ടക്ടര്‍മാരും തങ്ങളുടെ ബാഗും പണവും സൂക്ഷിക്കുക. ഇതുപോലുള്ള കള്ളന്മാര്‍ ബസ്സിനുള്ളില്‍ തക്കം പാര്‍ത്ത് നില്‍ക്കുന്നുണ്ടാകാം.

Source – http://www.doolnews.com/ksrtc-bus-theft-kerala-calicut-to-palakkad.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply