കോട്ടയം: വൈകിട്ട് ആറിനുശേഷം സ്ത്രീ യാത്രികര്‍ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആര്.ടി.സി. ബസുകള്‍ നിര്‍ത്തികൊടുക്കണമെന്ന അധികൃതരുടെ ഉത്തരവിനു പുല്ലുവില. സ്റ്റോപ്പില്ലെന്ന കാരണത്താല്‍ കൈക്കുഞ്ഞുമായി യാത്ര ചെയ്ത വീട്ടമ്മയെ ഇന്നലെ രാത്രിയില്‍ ഇറക്കിവിട്ടത് അവര്‍ ആവശ്യപ്പെട്ട സ്ഥലത്തുനിന്നും കിലോ മീറ്ററുകള്‍ അകലെ സ്റ്റോപ്പില്ലാത്ത മറ്റൊരിടത്ത്. പാലക്കാട് ഡിപ്പോയുടെ ആര്.എ.സി. 194 -ാം നമ്പര്‍ പാലക്കാട്-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസിലാണു സംഭവം.
തിരുവനന്തപുരത്തുനിന്നു കോട്ടയത്തേയ്ക്കു വരികയായിരുന്ന ബസ് നാട്ടകം ഗവ. കോളജിനു സമീപത്തെത്തിയപ്പോള്‍ വീട്ടമ്മ ഡ്രൈവറോട് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. കേട്ടഭാവം നടിക്കാത്ത ഡ്രൈവറാകട്ടെ സമീപത്തെ സീറ്റിലിരുന്ന യാത്രക്കാരനോട് സംസാരിച്ചുകൊണ്ടേയിരുന്നു. തുടര്‍ന്നു കൈക്കുഞ്ഞുമായി ഡ്രൈവറുടെ സമീപത്തെത്തിയ വീട്ടമ്മ തനിക്ക് നാട്ടകത്ത് ഇറങ്ങണമെന്നും ബസ് നിര്‍ത്തിത്തരണമെന്നും ആവശ്യപ്പെട്ടു. ഡ്രൈവര്‍ വിസമ്മതിച്ചതോടെ മറ്റ് യാത്രക്കാരും കണ്ടക്ടറും ഇടപെട്ടു. തുടര്‍ന്നു വീട്ടമ്മയെയും കുഞ്ഞിനെയും പള്ളിപ്പുറത്തുകാവിനു സമീപം സ്റ്റോപ്പില്ലാത്തിടത്ത് ഇറക്കിവിടുകയായിരുന്നു. എം പാനല്‍ ജീവനക്കാരനാണ് ബസ് ഓടിച്ചിരുന്നതെന്നു പാലക്കാട് കെ.എസ്.ആര്.ടി.സി. ഡിപ്പോ അധികൃതര്‍ വ്യക്തമാക്കി.
News: Mangalam