കെഎസ്ആർടിസിയുടെ ഏറ്റവും പഴക്കമേറിയ സൂപ്പർ ഡീലക്സ് സർവ്വീസ് ഏതാണെന്ന് അറിയാമോ? ആലോചിച്ചു തല പുകയ്ക്കേണ്ട. അറിയാം. അതെ കണ്ണൂർ ഡീലക്സ് തന്നെയാണ് ആ വിശിഷ്ട സർവ്വീസ്. കേരളത്തിലെ റോഡ് ഗതാഗതത്തിനു 80 വർഷങ്ങൾ തികഞ്ഞ ഈ കാലഘട്ടത്തിലും മുടങ്ങാതെ ഓടിക്കൊണ്ടിരിക്കുന്ന ബസ് സർവീസാണ് തിരുവനന്തപുരം – കണ്ണൂർ റൂട്ടിലെ സൂപ്പർ ഡീലക്സ്.
1967ൽ ആരംഭിച്ച തിരുവനന്തപുരം – കണ്ണൂർ സർവീസ്. ഗതാഗത മന്ത്രി ഇമ്പിച്ചി ബാവയാണു കന്നിയാത്ര ഫ്ലാഗ്ഓഫ് ചെയ്തത്. കെഎസ്ആർടിസിയിൽ അക്കാലത്ത് മികച്ച സൗകര്യങ്ങൾ നൽകിയിരുന്ന ബസ് സർവ്വീസ് ആയിരുന്നതിനാൽ കണ്ണൂർ ഡീലക്സിന് ആളുകൾക്കിടയിൽ ഒരു സൂപ്പർസ്റ്റാർ പരിവേഷമായിരുന്നു അന്നൊക്കെ. 28 സീറ്റുള്ള പഴയ ബെന്‍സ് വണ്ടി ദേശീയ പാതയിലെ സഞ്ചാര സൗന്ദര്യമായിരുന്നു. ആദ്യകാലത്ത് തിരുവനന്തപുരം ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തിയിരുന്ന ഈ സർവ്വീസ് പിൽക്കാലത്ത് കണ്ണൂർ ഡിപ്പോ സ്ഥാപിതമായതോടെ അവിടേക്ക് ഓപ്പറേഷൻ മാറ്റി. ഉത്തരമലബാറിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് തിരുവിതാംകൂറുമായുള്ള ബന്ധം കൂടിയായിരുന്നു കണ്ണൂര്‍ ഡീലക്സ്.
കണ്ണൂർ ഡിപ്പോയിൽ നിന്ന് ദിവസവും വൈകിട്ട് 5.30ന് ആരംഭിക്കുന്ന കണ്ണൂർ – തിരുവനന്തപുരം ഡീലക്സ് സർവീസ് പിറ്റേന്നു രാവിലെ ആറിനു തിരുവനന്തപുരത്ത് എത്തും. അതേ പോലെ തിരുവനന്തപുരത്തു നിന്നു വൈകിട്ട് 6.30ന് ആരംഭിച്ച് പിറ്റേന്നു രാവിലെ കണ്ണൂരിലെത്തും. രണ്ടു ബസ്സുകളാണ് ഈ ഷെഡ്യൂളിൽ ഓടുന്നത്. ഒന്ന് കണ്ണൂരിൽ നിന്നും എടുക്കുമ്പോൾ മറ്റൊന്ന് തിരുവനന്തപുരത്തു നിന്നും യാത്ര തുടങ്ങും. കൃത്യതയാർന്ന സർവ്വീസും സമയനിഷ്ഠയുമാണ് ഇന്നും ഈ സർവ്വീസിനെ യാത്രക്കാർക്കിടയിൽ പ്രിയങ്കരമാക്കി നിലനിർത്തുന്നത്. മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുവാനുള്ള സൗകര്യവും ഈ സർവ്വീസിൽ ലഭ്യമാണ്.
ഒരുകാലത്തു കേരളത്തിലെ റോഡുകളിൽ താരമായിരുന്നു കണ്ണൂർ ഡീലക്സ്. സിനിമയിലെ സൂപ്പർതാരങ്ങളെ വരെ മോഹിപ്പിച്ച താരം. ഈ ബസ് കേന്ദ്രകഥാപാത്രമാക്കി ഒരു മലയാള സിനിമ വരെ ഇറങ്ങിയിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്ന വിശേഷണമുള്ള ആ സിനിമയുടെ പേരും ‘കണ്ണൂർ നീലക്സ് എന്നു തന്നെയാണ്. ജയമാരുതി പിക്ചേഴ്സിന്റെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമിച്ച ഈ ചിത്രം ഇറങ്ങിയത് 1969 ൽ ആയിരുന്നു. മലയാളത്തിലെ അക്കാലത്തെ മുൻ നിരയിലെ താരങ്ങളായ പ്രേംനസീർ, ഉമ്മർ, ഷീല , ജോസ് പ്രകാശ് തുടങ്ങിയവയായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഓടുന്ന ഒരു ബസ്സില്‍ സംഭവിക്കുന്ന കഥയായിരുന്നു കണ്ണൂർ ഡീലക്സ് പറഞ്ഞത്.
യാത്ര വേഗതയുടെ പുതിയ കാലത്തിലേക്ക് മാറിയപ്പോള്‍ കണ്ണൂര്‍ ഡീലക്സും മത്സരിച്ചോടി. സര്‍വ്വീസിലും സമയത്തിലും കൃത്യത പാലിച്ചാണ് കണ്ണൂര്‍ ഡീലക്സ് ഇന്നും ഓടുന്നത്. വോൾവോയും സ്കാനിയയും മിന്നലുമൊക്കെ റോഡ് കയ്യടക്കിയെങ്കിലും കണ്ണൂർ ഡീലക്സിന്റെ താരത്തിളക്കം ഒട്ടും കുറഞ്ഞില്ല. ദിവസവും വൈകിട്ട് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെത്തുന്ന യാത്രക്കാർ തന്നെയാണ് അതിനു തെളിവ്. “കണ്ണൂർ ഡീലക്സ്” എന്ന വാക്ക് കേൾക്കുമ്പോൾ ആ വാക്കിനോട് ഒരു പ്രത്യേക ആദരവ് തോന്നും, അത് ഏത് കാലഘട്ടത്തിലായാലും. ഈ വാക്കിന്റെ മഹിമ എന്നും കാത്തു സൂക്ഷിക്കുന്ന കണ്ണൂർ ഡിപ്പോയ്ക്ക് ഒരു ബിഗ് സല്യൂട്ട്..
കടപ്പാട് – ആന്റണി വർഗ്ഗീസ് (ആനവണ്ടി ബ്ലോഗ് അഡ്മിൻ), വിവിധ ഓൺലൈൻ മാധ്യമങ്ങൾ.