നൂർജഹാൻ – കിരീടമില്ലാത്ത മുഗൾ റാണി

ഈ ലേഖനം എഴുതിയത് – മഹേഷ് വിഎസ്.

അസാധാരണ കഴിവും രാജ്യതന്ത്രജ്ഞതയും തികഞ്ഞ സമർത്ഥയായ ഒരു സ്ത്രീയായിരുന്നു നൂർജഹാൻ. ഭർത്താവിൻെറ സ്വകാര്യ ജീവിതത്തിലെന്നപോലെ രാജ്യ ഭരണകാര്യങ്ങളിലും മേധാവിത്വം സ്ഥാപിക്കാൻ അവർക്ക് കഴിഞ്ഞു എന്നുള്ളതാണ് മുഗൾ ചരിത്രത്തിൽ നൂർജഹാൻെറ നാമം എന്നും ഓർമിക്കപ്പെടുന്നത്. മെഹറുന്നീസ എന്ന പേരിലാണ് നൂർജഹാൻ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് . ടെഹ്റാനിൽ നിന്നും ഒരു അഭയാർത്ഥിയായി വന്ന് അക്ബറുടെ രാജധാനിയിൽ ഉദ്യോഗം സ്വീകരിച്ച പേഴ്സ്യൻ വംശജനായ മിർസാഘിയാസ് ബെഗിൻെറ പുത്രിയായിരുന്നു മെഹറുന്നീസ. പതിനേഴാമത്തെ വയസ്സിൽ മെഹറുന്നീസയെ ഷേർ അഫ്ഘാൻ എന്ന ഒരു പേഴ്സ്യൻ യുവാവിന് വിവാഹം ചെയ്തു കൊടുക്കുകയും, അതിനെ തുടർന്ന് അയാളുടെ ജോലിസ്ഥലമായ ബംഗാളിലേക്ക് അയയ്ക്കുകയും ചെയ്തു. അക്ബറുടെ പുത്രനായ സലിം രാജകുമാരൻ (ജഹാംഗീർ) മെഹറുന്നീസയുമായി പ്രേമബന്ധത്തിൽ ആയിരുന്നെന്നും ഇതിൽ അസന്തുഷ്ടനായ അക്ബറാണ് മെഹറുന്നീസയെ ഈ വിവാഹബന്ധത്തിൽ ഏർപ്പെടുത്തിയതെന്നും ഒരു അഭിപ്രായമുണ്ട്.

1607-ൽ ഷേർ അഫ്ഗാൻെറ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു മുഗൾ രാജധാനിയിലേക്ക് അയയ്ക്കാൻ ബംഗാൾ ഗവർണർ ഉത്തരവിട്ടു. ഇതേത്തുടർന്ന് ഗവർണറും ഷേർ അഫ്ഗാനും തമ്മിലുണ്ടായ വാക്കു തർക്കം മൂത്ത് ഷേർ അഫ്ഗാൻ വധിക്കപ്പെട്ടു. വിധവയായ മെഹറുന്നീസ മുഗൾ രാജധാനിയിൽ തിരിച്ചെത്തി. 1611-ൽ ജഹാംഗീർ അവരെ വിവാഹം കഴിച്ചു. വിവാഹത്തിന് ശേഷമാണ് മെഹറുന്നീസയ്ക്ക് നൂർജഹാൻ ( നൂർ- തേജസ്സ്, ദീപം. ജഹാൻ- ഭൂലോകം) എന്ന പേര് നൽകപ്പെട്ടത്. നൂർജഹാനെ വിവാഹം ചെയ്യാനുള്ള നിഗൂഢ ഉദ്ദേശ്യത്തോടുകൂടിയാണ് ജഹാംഗീർ, ഷേർ അഫ്ഗാനെ വധിക്കുവാൻ പരിപാടിയിട്ടതെന്ന് ഒരു ആരോപണം ചില ചരിത്രകാരന്മാർ ഉന്നയിച്ചിട്ടുണ്ട്. ഈ കഥ ചരിത്ര സത്യങ്ങൾക്ക് നിരക്കാത്തതാണെന്നും പിൽക്കാലത്ത് ചില ഗ്രന്ഥകാരന്മാരുടെ ഭാവനാവിലാസത്തിൽ നിന്നുടലെടുത്തതാണ് എന്നുമാണ് ചരിത്രകാരനായ ഡോ.ബെനി പ്രസാദിൻെറ അഭിപ്രായം. മുഗൾ രാജധാനിയിലെ സുന്ദരികളായ സ്ത്രീകളുമായി രമിക്കുക എന്നത് ജഹാംഗീറിനെ സംബന്ധിച്ചിടത്തോളം ഒരു നിത്യ സംഭവം മാത്രമായിരുന്നു. അനാർക്കലിയുടെ കഥ വളരെ പ്രസിദ്ധമാണ്. ജഹാംഗീറിന് ഷേർ അഫ്ഗാൻെറ മരണത്തിൽ കൈ ഉണ്ടായിരുന്നു എന്നുള്ളതിന് സംശയരഹിതമായ തെളിവൊന്നുമില്ല. എങ്കിലും ആ സംഭവത്തിന് ഇടയാക്കിയ സാഹചര്യങ്ങൾ അങ്ങേയറ്റം സംശയാസ്പദമാണ്.

ജഹാംഗീറിനെ വിവാഹം ചെയ്യുമ്പോൾ നൂർജഹാന് 35 വയസ്സായിരുന്നു എങ്കിലും അപ്പോഴും അവർ ഒരു സൗന്ദര്യറാണി തന്നെയായിരുന്നു. വളരെ ബുദ്ധിമതിയും കൂടിയായിരുന്ന നൂർജഹാൻ പേർഷ്യൻ ഭാഷയിൽ സാമാന്യം നല്ലൊരു കവയിത്രിയുമായിരുന്നു. വസ്ത്രധാരണത്തിലും ആഭരണങ്ങളിലും അവർ നവീന രീതികൾ ആവിഷ്കരിച്ചു. കുതിരസ്സവാരിയിലും നായാട്ടിലും അവർ വളരെ തൽപരനായിരുന്നു. ഭരണകാര്യങ്ങളിൽ ഉദാരമായ വീക്ഷണഗതി പുലർത്തിയിരുന്ന നൂർജഹാൻ ധൈര്യത്തിലും കാര്യശേഷിയിലും സുൽത്താന റസിയ അനുസ്മരിപ്പിക്കുന്നു. ഏറ്റവും സങ്കീർണ്ണമായ രാഷ്ട്രീയ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്നതിലും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും അവർക്കുണ്ടായിരുന്ന കഴിവ് അത്ഭുതകരമായിരുന്നു. സമകാലീനരായ രാജ്യതന്ത്രജ്ഞൻമാരും ഭരണാധികാരികളുമെല്ലാം നൂർജഹാൻെറ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധാലുക്കളായിരുന്നു. ആനപ്പുറത്തിരുന്ന് നേരിട്ട് സൈന്യങ്ങളെ നയിക്കുന്നതിൽ അവർ കാണിച്ച ധൈര്യം സേനാധിപരെ അത്ഭുതസ്തബ്ധരാക്കി. ഭരണത്തിൻറെ എല്ലാ വിശദാംശങ്ങളിലും നൂർജഹാൻ തൻെറ ശ്രദ്ധ പതിപ്പിച്ചു.
ദരിദ്രരോടും അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളോടും അവർ പ്രത്യേകം സൗജന്യം കാണിച്ചു.

ഇപ്രകാരം പ്രശംസനീയമായ പല ഗുണങ്ങളും ഉണ്ടായിരുന്നുവെങ്കിലും നൂർജഹാൻെറ സ്വഭാവത്തിൽ പല ന്യൂനതകളും ഉണ്ടായിരുന്നു. അധികാര വാഞ്ഛ, അഭിമാനഗർവ്വം, തത്ത്വദീക്ഷയില്ലായ്മ, സ്വജനപക്ഷപാതം എന്നീ സഹജമായ ദോഷങ്ങൾ നൂർജഹാൻെറ പരാജയത്തിന് വഴിതെളിച്ചു. ജഹാംഗീറിൻെറ മേൽ അവർക്കുണ്ടായിരുന്ന സ്വാധീനം രാജ്യ ഭരണകാര്യങ്ങളിൽ ഗുണത്തേക്കാളധികം ദോഷമാണ് വരുത്തിവെച്ചത്. ജഹാംഗീർ തന്നിൽ നിക്ഷിപ്തമായിരുന്ന സകല അധികാരങ്ങളും നൂർജഹാന് വിട്ടുകൊടുത്തു. രാജ്യഭാരം പൂർണ്ണമായും നൂർജഹാനാണ് നിർവഹിച്ചിരുന്നത്. നൂർജഹാൻ സ്വന്തം ദർബാറുകൾ നടത്തുകയും നാണയങ്ങളിൽ തൻെറ പേര് അച്ചടിക്കുകയും ചെയ്തു.

നൂർജഹാൻ തൻറെ പിതാവായ ഘിയാസ് ബെഗിനെ പ്രധാനമന്ത്രിയായും സഹോദരനായ ആസഫ്ഖാനെ മറ്റൊരു ഉയർന്ന ഉദ്യോഗസ്ഥനായും നിയമിച്ചു. നൂർജഹാൻ തൻെറ ആദ്യത്തെ ഭർത്താവിൽ ജനിച്ച മകളുടെ ഭർത്താവായ ഷഹരിയാറിനെ ജഹാംഗീറിൻെറ മരണാനന്തരം ചക്രവർത്തിയാക്കുവാൻ ഉപജാപങ്ങൾ നടത്തി. ഇതേത്തുടർന്ന് മുഗൾരാജധാനിയും അന്ത:പുരവും ഉപജാപങ്ങളുടെയും പ്രത്യുപജാപങ്ങളുടെയും സിരാകേന്ദ്രമായി അധപതിച്ചു.

രാഷ്ട്രീയരംഗത്ത് നൂർജഹാൻ നടത്തിയ ഈ ഉപജാപങ്ങൾ അവരെ വിവാദങ്ങളുടെയും മാത്സര്യങ്ങളുടെയും നീർച്ചുഴിയിലേക്ക് വലിച്ചിഴച്ചു. മുഗൾ സാമ്രാജ്യത്തിലെ പ്രഭുക്കന്മാരും പ്രമാണിമാരും അവരെ വെറുത്തു. നൂർജഹാൻ പലപ്പോഴും അവരോട് അപമര്യാദയായി പെരുമാറിയിരുന്നു. പ്രഭുക്കന്മാരുടെ ഗർവ്വു ശമിപ്പിക്കാൻ നൂർജഹാനെടുത്ത സേച്ഛാധിപത്യപരമായ നടപടികൾ അവരെയെല്ലാം ശത്രുക്കളാക്കിത്തീർത്തു. പലരും ലഹളയ്ക്കൊരുങ്ങുകയും ചെയ്തു ഇക്കൂട്ടത്തിൽ മുഖ്യൻ ആയിരുന്നു മഹാബത്ഖാൻ. മഹാബത്ഖാനും ഷാജഹാനുമായുള്ള ഐക്യം ഭരണരംഗത്ത് നൂർജഹാൻെറ ആധിപത്യത്തിൻെറ അന്ത്യം കുറിച്ചു.

1627-ൽ ജഹാംഗീറിൻെറ മരണത്തോടുകൂടി നൂർജഹാൻ പൊതു ജീവിതം അവസാനിച്ചു. ജഹാംഗീറിനെ തുടർന്ന് ഭരണാധികാരമേറ്റ ഷാജഹാൻ, നൂർജഹാന് രണ്ട് ലക്ഷം രൂപ വാർഷിക വേതനം കൊടുത്ത് ഒരു രാജ്യഭാരത്തിൽ നിന്ന് വിമുക്തമാക്കി. 1645-ൽ അവരുടെ മരണത്തോടെ സംഭവബഹുലമായ ആ ജീവിതം അവസാനിച്ചു.

Ref: ഇന്ത്യയിലെ മുഗൾ ഭരണം, ഇന്ത്യാചരിത്രം ; ചിത്രങ്ങൾ: ഗൂഗിൾ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply