ശമ്പളത്തിനും നിത്യ ചെലവിനുംവേണ്ടി കെ.എസ്.ആർ.ടി.സി ഡിപ്പോകൾ പലതും പണയപ്പെടുത്തിത്തുടങ്ങി. ഇതുവരെ നാൽപതോളം ഡിപ്പോകളാണ് വിവിധ ബാങ്കുകളിൽ പണയംവച്ച് വായ്പയെടുത്തത്. ഓണത്തിന് ബോണസും അഡ്വാൻസും കൊടുക്കാൻ രണ്ടു ഡിപ്പോകളാണ് പണയപ്പെടുത്തേണ്ടിവന്നത്. എറണാകുളം, തേവര ഡിപ്പോകളാണ് 100 കോടി രൂപയ്ക്ക് ജില്ലാ സഹകരണ ബാങ്കിൽ പണയപ്പെടുത്തി ബോണസ് കൊടുത്തത്. കഴിഞ്ഞ 20നാണ് ഈ ഡിപ്പോകളുടെ പട്ടയ രേഖകൾ ശരിയായത്. അടുത്തദിവസംതന്നെ ഇത് ജില്ലാ ബാങ്കിൽ പണയപ്പെടുത്തുകയായിരുന്നു.
ഇതുവരെ ഭൂമി സംബന്ധമായ രേഖകൾ കൃത്യമായ മിക്ക ഡിപ്പോകളും കെ.എസ്.ആർ.ടി.സി പണയപ്പെടുത്തിക്കഴിഞ്ഞു. ശേഷിക്കുന്ന ഡിപ്പോകളുടെ ആസ്തി നിർണയത്തിനും പട്ടയ രേഖകൾ ശരിയാക്കാനുമായി ഒരു റിട്ട. ആർ.ഡി.ഒയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രേഖകൾ ശരിപ്പെടുത്തി ഡിപ്പോകൾ ഒന്നൊന്നായി പണയപ്പെടുത്തി കടം വാങ്ങുകയാണ് കെ.എസ്.ആർ.ടി.സിയുടെ ഉദ്ദേശ്യം. അത്രയ്ക്ക് കഷ്ടാവസ്ഥയിലാണ് കെ.എസ്.ആർ.ടി.സി ഇപ്പോൾ. എന്നാൽ, ഇത് എവിടെചെന്നുനിൽക്കും എന്ന കാര്യത്തിൽ ജീവനക്കാർക്ക് ആശങ്കയുണ്ട്. കടംകേറി മുടിയുന്ന തറവാടുപോലെ കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്നാണ് ജീവനക്കാരുടെ പരാതി. വായ്പ വാങ്ങി ഗതികേടിലായ കെ.എസ്.ആർ.ടി.സിക്ക് ധനകാര്യ സ്ഥാപനങ്ങളൊന്നും കടംകൊടുക്കാൻ തയാറല്ല. ആ അവസ്ഥയിലാണ് ഡിപ്പോകൾ പണയപ്പെടുത്തി വായ്പ എടുക്കുന്ന പുതിയ തന്ത്രം സ്ഥാപനം പരീക്ഷിക്കുന്നത്.
നിലവിൽ പല ഡിപ്പോകളിലെയും പ്രതിദിന വരുമാനം വായ്പ എടുത്ത വകയിൽ കെ.ടി.ഡി.എഫ്.സി അടക്കമുള്ള സ്ഥാപനങ്ങൾ കൊണ്ടുപോകുന്നുണ്ട്. 27 ഡിപ്പോകളിലെ വരുമാനമാണ് കെ.ടി.ഡി.എഫ്.സിക്ക് മാത്രം നൽകുന്നത്. ഏഴു ഡിപ്പോകളിലെ വരുമാനം പെൻഷൻ ഫണ്ടിലേക്ക് മാറ്റുന്നു. നാല് ഡിപ്പോകളിലെ വരുമാനം ഹഡ്കോയും ഒരു ഡിപ്പോയിലെ വരുമാനം ഒരു ജില്ലാ സഹകരണ ബാങ്കും മറ്റൊരു ഡിപ്പോയിലെ വരുമാനം കെ.എസ്.ആർ.ടി.സിയിലെതന്നെ സൊസൈറ്റിയും കൊണ്ടുപോകുന്നുണ്ട്. ഇതുകൂടാതെയാണ് ഡിപ്പോകൾ പണയപ്പെടുത്തി കടമെടുക്കുന്നത്.
ഈ പോക്കുപോയാൽ അധികം താമസിയാതെ കെ.എസ്.ആർ.ടി.സി ഡിപ്പോകളെല്ലാം പണയത്തിലാകും. തുടർന്ന് എന്തു ചെയ്യുമെന്ന് ഒരു തിട്ടവുമില്ല. നിലവിൽ കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും വായ്പാ തിരിച്ചടവിനാണ് ഉപയോഗിക്കുന്നത്. ശേഷിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും ഡീസൽ ചെലവിനായി മാറ്റിയാൽ എംപാനലുകാർക്കുപോലും ശമ്പളം കൊടുക്കാൻ തികയുന്നില്ല. ഈ അവസ്ഥയിലാണ് ഡിപ്പോകൾ പണപ്പെടുത്തി നിത്യചെലവുകൾ നടത്തുന്നത്.
കഴിഞ്ഞ ഡിസംബർ മുതൽ 50 കോടി വീതം കടമെടുത്താണ് ശമ്പളം കൊടുക്കുന്നത്. അതുകൊണ്ടുതന്നെ ഡിപ്പോകൾ പണയപ്പെടുത്താതെ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ് സ്ഥാപനത്തിന്. 1760 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയുടെ മൊത്തം ബാധ്യത. അതിൽ കെ.ടി.ഡി.എഫ്.സിക്ക് നൽകാനുള്ളത് 1,160 കോടി രൂപ. ഹഡ്കോയ്ക്ക് 140 കോടിയും എൽ.ഐ.സിക്ക് 65 കോടിയും ജില്ലാ സഹകരണ ബാങ്കിന് 180 കോടിയും കെ.എസ്.ആർ.ടി.സി സൊസൈറ്റിക്ക് ഒൻപതുകോടിയും നൽകാനുണ്ട്.
News: Kerala Kaumudi
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog
