നിങ്ങള്‍ക്കറിയാമോ ‘ഇന്ത്യന്‍ കോഫി ഹൗസി’ന്‍റെ ചരിത്രം?

പട്ടണത്തിലെത്തിയാൽ ഭക്ഷണത്തിനായി ഹോട്ടലിന്റെ ബോർഡ് തിരയുന്നതിനിടയിൽ ഒരിക്കലെങ്കിലും നമ്മുടെ കണ്ണിലുടക്കിയ പേരാകും ”ഇന്ത്യൻ കോഫി ഹൗസ്” എന്നത്. നമ്മുടെ കൂട്ടത്തിൽ സ്ഥിരമായി അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നവരുണ്ടാകും, അതുമല്ലെങ്കിൽ ഒരിക്കലെങ്കിലും അവിടെ നിന്ന് ഭക്ഷണം കഴിച്ചവരുമുണ്ടാകും. ഇന്ത്യൻ കോഫി ഹൗസിന് ഒരു ചരിത്രമുണ്ട്. തൊഴിലാളികളിൽ നിന്ന് ഒരു ദിവസം തൊഴിലുടമകളായ ചരിത്രം, തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ അതി ജീവനത്തിന്റെ ചരിത്രം. വിജയകരമായി ഒരു പ്രസ്ഥാനത്തെ മുൻപോട്ട് നയിക്കുന്ന കഠിനാധ്വാനികളായ ഒരു കൂട്ടം തൊഴിലാളികളുടെ ചരിത്രം.

ഇന്ത്യൻ കോഫി ഹൗസിന്റെ ചരിത്ര വേരുകൾ തേടിപ്പോയാൽ ചെന്നെത്തുന്നത് കൊൽക്കത്തയിലാണ്. 1780ൽ കൽക്കട്ടയിലാണ് ആദ്യത്തെ കോഫിഹൗസ് പിറവി കൊള്ളുന്നത്. കൃത്യം പന്ത്രണ്ട് വർഷത്തിന് ശേഷം രണ്ടാമത്തെ കോഫിഹൗസ് തുടങ്ങുന്നത് മദ്രാസിലാണ്. പിന്നീട് പതിനേഴ് വർഷത്തിന് ശേഷം 1909 ൽ ബാഗ്ലൂരിൽ മൂന്നാമത്തെ കോഫി ഹൗസ് പിറവി കൊള്ളുന്നു.

കാപ്പി വ്യവസായത്തിന് വൻ പ്രതിസന്ധി നേരിട്ട നാൽപതുകളിൽ, ആ പ്രതിസന്ധിയിൽ നിന്നും കരകയറ്റുക എന്ന ഉദ്ദേശത്തോട് കൂടിയാണ് “ഇന്ത്യ കോഫിമാർക്കറ്റ് എക്സ് പാൻഷൻ ബോർഡ്” രൂപീകൃതമാകുന്നത്. ഈ സംവിധാനം പിന്നീട് രണ്ട് വർഷത്തിന് ശേഷം 1942ൽ കോഫി ബോർഡായി രൂപാന്തരപ്പെട്ടതോടെ കോഫീ ഹൗസുകൾക്ക് തുടക്കമായി. സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് ശേഷം തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ബോർഡിൽ ചെറുതല്ലാത്ത പ്രാതിനിധ്യം കിട്ടിത്തുടങ്ങി. അതിന്റെ ഫലമായി ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും കോഫി ഹൗസുകൾ നിലവിൽ വന്നു.

എന്നാൽ 1957ൽ നല്ല രീതിയിൽ മുൻപോട്ടു പോയിരുന്ന കോഫീ ഹൗസുകൾ “ബോർഡ്” അടച്ചു പൂട്ടാൻ തീരുമാനിച്ചു. ഈ അടച്ചുപൂട്ടൽ മൂലം അതിൽ ജോലി ചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികൾ ദുരിതത്തിലായി. 1958ൽ ഈ ആയിരത്തോളം തൊഴിലാളികളെ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചു വിടപ്പെട്ടു. അന്ന് ആകെ നിലവിലുണ്ടായിരുന്ന കോഫീ ഹൗസുകളുടെ എണ്ണം 43 ആയിരുന്നു.

സഖാവ് എ കെ ജിയുടെ നേതൃത്വത്തിൽ ബോർഡുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. തൊഴിലാളികളുടെ വാദങ്ങളെല്ലാം തന്നെ നിരാകരിച്ചു കൊണ്ട് ബോർഡ് അവരുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. തൊഴിലാളികളുടെ ഇടയിൽ വൻ സ്വാധീനമുണ്ടായിരുന്ന എ കെ ജിയുടെ കടുത്ത എതിർപ്പും പ്രതിഷേധവും വകവെക്കാതെയായിരുന്നു ബോർഡിന്റെ ഈ തീരുമാനം. എ കെ ജി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവുമായി സംസാരിക്കുകയും ഒരു നിർദേശം വെക്കുകയും ചെയ്തു. എ കെ ജി വെച്ച നിർദേശം നെഹ്രു അംഗീകരിക്കുകയും എല്ലാവിധ സഹായ സഹകരണങ്ങളും ഉറപ്പ് നൽകുകയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ അണിനിരത്തി ഭൂരിഭാഗം സംസ്ഥാനങ്ങളിലും “ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ’ രൂപവൽക്കരിച്ചു. ഈ പേരിലുള്ള ആദ്യ സംഘം ബാംഗ്ലൂരിലാണ് നിലവിൽ വന്നത്. ഇതിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് സമാനമായ രീതിയിൽ കേരളത്തിൽ ബോർഡുകൾ രൂപീകരിക്കാൻ എ കെ ജി മുന്നിട്ടിറങ്ങി.

കേരളത്തിൽ ‘ഇന്ത്യൻ കോഫി ഹൗസിന്റെ’ ജൻമദേശം എന്നറിയപ്പെടുന്നത് തൃശൂരാണ്. കേരളത്തിലെ ഉന്നത കമ്യൂണിസ്റ്റ് നേതാവായിരുന്ന എ കെ ജിയുടെ നേതൃത്വത്തിൽ 1958ൽ തൃശൂരിൽ വെച്ച് രൂപം നൽകിയ ” ഇന്ത്യൻ കോഫി വർക്കേഴ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷൻ” എന്ന തൊഴിലാളി സഹകരണ സംഘമാണ് ഇന്ത്യൻ കോഫി ഹൗസ് ശൃംഖല കേരളത്തിൽ നടത്തുന്നത്.

കേരളത്തിലെ എല്ലാ പ്രധാന പട്ടണങ്ങളിലും ഏതാണ്ട് അമ്പതിലേറെ ഇന്ത്യൻ കോഫീ ഹൗസുകൾ ഇന്ന് നിലവിലുണ്ട്. കൂടാതെ ഇന്ത്യയിലെ വൻ നഗരങ്ങളിലും ഇവർ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തൃശൂരിലെ അറിയപ്പെടുന്ന ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് അഡ്വ: ടി.കെ കൃഷ്ണനെയാണ് ആദ്യ പ്രസിഡണ്ടായി തെരെഞ്ഞെടുത്തത്. സെക്രട്ടറിയായി ‘ ഇന്ത്യൻ കോഫിബോർഡ് ലേബർ യൂണിയൻ’ സംസ്ഥാന സെക്രട്ടറി ആയിരുന്ന എൻ. എസ് പരമേശ്വര പിള്ളയും തിരഞ്ഞെടുക്കപ്പെട്ടു.

അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യന്‍ കോഫിഹൗസുകളുടെ രുചി മാറിയിട്ടില്ല, ആളുകള്‍ക്ക് അതിനോടുള്ള ഇഷ്ടവും. വീട്ടിലേക്ക് വരുന്ന അതിഥിയെപ്പോലെ ‘രാജകീയമായി’ സ്വീകരിച്ചിരുത്തി ഭക്ഷണംവിളമ്പുന്ന വേറിട്ട സംസ്‌കാരം, ഇത്രകാലം പിന്നിട്ടിട്ടും കൈവിടാത്ത ഗുണമേന്‍മ ഇതുതന്നെയാണ് കോഫിഹൗസുകളെ ഇത്രമേല്‍ പ്രിയങ്കരമാക്കുന്നത്. ബീറ്റ്റൂട്ടും കാരറ്റും കിഴങ്ങുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന മസാലദോശയാണ് ഇന്നും ഇന്ത്യന്‍ കോഫി ഹൗസുകളിലെ താരം. വൈകുന്നേരങ്ങളില്‍  എത്തുന്നവരുടെ  നാവില്‍  ആദ്യം  ഓടിയെത്തുന്ന മെനുവും ഇതുതന്നെ. കോഫിഹൗസുകള്‍ തുടങ്ങിയ കാലം മുതല്‍ മസാലദോശയുടെ രുചിയൊട്ടും കുറഞ്ഞിട്ടില്ല.മസാലദോശ പോലെ സവിശേഷമാണ് കട്ലറ്റും. ബീറ്റ്റൂട്ട് ചേര്‍ത്ത ഇത്ര രുചിയുള്ള വെജിറ്റബിള്‍ കട്ലറ്റ് മറ്റൊരിടത്തും കാണാറില്ല.ആദ്യകാലത്ത് വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്ക് മാത്രമാണ് പ്രശസ്തമെങ്കിലും ഇപ്പോള്‍ ബീഫ് ഉള്‍പ്പെടെയുള്ള നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും ധാരാളമുണ്ട്. സാധനവില ഉയരുന്നതിനനുസരിച്ച് മറ്റു ഹോട്ടലുകാരെപ്പോലെ ഇന്ത്യന്‍ കോഫി ഹൗസുകളില്‍ വിലകൂട്ടാറില്ല. ഇന്ത്യന്‍ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയോഗം വിളിച്ച് ഗത്യന്തരമില്ലാത്ത ഘട്ടത്തിലേ വില കൂട്ടാറുള്ളൂ.

തൊഴിലാളി സമരങ്ങൾക്കും, വ്യവസായസ്ഥാപനകളുടെ അടച്ചു പൂട്ടലുകളുടേയും പേരിൽ വിമർശനങ്ങൾ എക്കാലത്തും ഏറ്റുവാങ്ങിയ കേരളത്തിൽ തൊഴിലാളികൾ നേരിട്ട് സംരഭകരായ ഈ പ്രസ്ഥാനം അമ്പതാണ്ട് പിന്നിട്ട് ഇന്നും വിജയകരമായി മുൻപോട്ട് പോകുന്നു. കൃത്രിമ നിറക്കൂട്ടുകൾ ചേർക്കാതെ, മായം കലർന്ന രുചിക്കൂട്ടുകൾ ചേർത്ത് ഉപഭോക്താവിന്റെ ആരോഗ്യത്തെ അപകടത്തിൽപ്പെടുത്താതെ വിശ്വസിച്ച് ഭക്ഷണം കഴിക്കാൻ പറ്റുന്ന ഒരു സ്ഥാപനമുണ്ടെങ്കിൽ അത് “ഇന്ത്യൻ കോഫിഹൗസ്” തന്നെയാണ്. അത് കൊണ്ട് തന്നെയാണ് അർദ്ധശതകം പിന്നിട്ടിട്ടും ഈ കാപ്പി കേരളമണ്ണിൽ ഇന്നും ജനപ്രിയ ബ്രാൻഡായി നില നിൽക്കുന്നതും.

കടപ്പാട്  –  ഷറഫുദ്ദീന്‍ മുല്ലപ്പള്ളി, വിക്കിപീഡിയ, മാതൃഭൂമി.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply