ഇരിട്ടി സബ് ഡിപ്പോ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ നീക്കം

ഉദ്ഘാടനം കഴിഞ്ഞ ഉടനെ അടച്ചു പൂട്ടിയ ഇരിട്ടി കെഎസ്ആര്‍ടിസി സബ് ഡിപ്പോ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സംഘം ഡിപ്പോയുടെ സ്ഥലം സന്ദര്‍ശിച്ചു.


കെഎസ്ആര്‍ടിസിയിലെ ഇന്‍സ്‌പെക്ടര്‍ മാരായ പി വി ലക്ഷ്മണന്‍, സജിത്ത് സദാനന്ദന്‍, ലീഗല്‍ അസിസ്റ്റന്റ്‌റ് ദിലീപ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീധരന്‍, രാഷ്ട്രീയ പാര്‍ട്ടിനേതാക്കളായ അജയന്‍ പായം, പി പ്രശാന്തന്‍, കെ മുഹമ്മദലി, സി ബാബു, ബിനോയ് കുര്യന്‍, പായം ബാബുരാജ്, കെ പി നാരായണന്‍, വ്യാപാരി നേതാവ് പി കെ മുസ്തഫ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
വി എസ് സര്‍ക്കാരിന്‍റെ അവസാന കാലത്ത് 2011 ഫെബ്രുവരിയില്‍ ആയിരുന്നു ഡിപ്പോ ഉദ്ഘാടനം. അന്ന് പേരാവൂര്‍ എംഎല്‍എ ആയിരുന്ന കെ കെ ശൈലജ ടീച്ചര്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്ന പദ്ധതി ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയില്‍ ആണ് ഉദ്ഘാടനം ചെയ്തത്. പയഞ്ചേരി മുക്കില്‍ ബ്ലോക്ക് ഓഫിസിനോട് ചേര്‍ന്ന് പഴശ്ശി പദ്ധതിയില്‍ നിന്നും വിട്ടു നല്‍കിയ സ്ഥലത്തായിരുന്നു സബ് ഡിപ്പോ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനം നടന്നതല്ലാതെ ഒരു ബസ്സുപോലും പിന്നീട് ഇവിടെ നിന്നും സര്‍വീസ് നടത്തിയില്ല.
പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ പത്ത് ലക്ഷത്തിലേറെ രൂപ കീഴൂര്‍ ചാവശ്ശേരി പഞ്ചായത്തും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തും ഇവിടെ ചെലവഴിച്ചതല്ലാതെ മറ്റു പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിനു ശേഷം യുഡിഎഫ് ഗവര്‍മെന്റും എംഎല്‍എ സണ്ണി ജോസഫിനും പല സാങ്കേതിക പ്രശ്‌നങ്ങളില്‍പ്പെട്ട ഡിപ്പോവിന്റെ കുരുക്കഴിക്കാന്‍ കഴിഞ്ഞില്ല.
അതോടെ ഡിപ്പോയുടെ പ്രവര്‍ത്തനം നിലച്ചു. ഇപ്പോള്‍ സ്ഥലം മുഴുവന്‍ കാടുകയറി സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. ഡിപ്പോ വരുന്നതോടെ ഇരിട്ടിയുടെയും മലയോര മേഖലക്കും പൊതുഗതാഗത മേഖലയില്‍ ഏറെ പ്രധാന്യം ലഭിക്കുമായിരുന്നു. കര്‍ണാടകയോടും വയാനാടിനോടും മറ്റും ചേര്‍ന്ന് കിടക്കുന്ന പ്രദേശമെന്ന നിലയില്‍ ഒട്ടേറെ സര്‍വീസുകള്‍ ഇവിടെ നിന്നും തുടങ്ങാനാവും.
കര്‍ണാടകത്തിലെ വീരാജ്‌പേട്ട, മൈസൂര്‍, ബാംഗ്ലൂര്‍, കുശാല്‍നഗര്‍ തുടങ്ങിയ പട്ടണങ്ങളിലേക്കും വയനാട്ടിലെ മാനന്തവാടി അടക്കമുള്ള പട്ടണങ്ങളിലേക്കും വയനാട് വഴി ഊട്ടി, നിലമ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും ഇവിടെ നിന്നും സര്‍വീസ് തുടങ്ങാനാവും. കൂടാതെ മലയോര മേഖലയിലെ ഒട്ടേറെ ചെറു പട്ടണങ്ങളെ ബന്ധിപ്പിക്കാനും ഡിപ്പോയ്ക്ക് സാധിക്കും എന്നു വിലയിരുത്തപ്പെടുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply