കെ.എസ്.ആർ.ടി.സി.ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നത് ഓൺലൈൻ റിസർവേഷൻ സംവിധാനം വഴി പരിഷ്കരിക്കപ്പെട്ടെങ്കിലും സാധാരണക്കാർക്ക് ഇത് എത്രത്തോളം പ്രയോജനകരമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നേരിട്ടുള്ള ടിക്കറ്റ് റിസർവ്വേഷൻ സൗകര്യം വളരെ കുറച്ച് ഡിപ്പോകളിൽ നിന്നു മാത്രമേ ഇപ്പോൾ ലഭ്യമാകുന്നുള്ളൂ.

ഇതിനൊരു പരിഹാരമാകുമെന്ന് പ്രതീക്ഷിച്ച സ്വകാര്യ ഏജൻസികൾ മുഖേന ടിക്കറ്റ് വിതരണം എന്ന പദ്ധതി ഏതാണ്ട് പൂർണ്ണമായി പാളിയ മട്ടാണ്. ഡിപ്പോകളിൽ ഓരോ കമ്പ്യൂട്ടർ മേടിച്ച് വച്ചാൽ തീരുന്ന പ്രശ്നമാണിതെങ്കിലും അത് KSRTC യിൽ നടക്കുമെന്ന് തോന്നുന്നില്ല. അപ്പോൾ ഇതിനൊരു സുതാര്യമായ പരിഹാരമെന്ന നിലയിൽ കേരളത്തിന്റെ അങ്ങോളം ഇങ്ങോളം മുക്കിലും മൂലയിലും വരെയുള്ള അക്ഷയ e-കേന്ദ്രങ്ങൾ വഴി ടിക്കറ്റ് വിൽപ്പന എന്ന പദ്ധതിയേപ്പറ്റി ചിന്തിക്കാവുന്നതല്ലേ?
പ്രധാനപ്പെട്ട അക്ഷയ കേന്ദ്രങ്ങൾ മാത്രം കോർത്തിണക്കി ടിക്കറ്റ് വിൽപ്പന എന്ന തന്ത്രം ആവിഷ്കരിച്ചാൽ പോലും വൻതോതിൽ ജനങ്ങളിലേക്കെത്താൻ കെ.എസ്.ആർ.ടി.സി.ക്ക് എളുപ്പത്തിൽ സാധിക്കും. മുടക്ക് മുതലും വേണ്ട. ആകെ വേണ്ടത് യാഥാർത്ഥ്യബോധത്തോടെ ഈ പദ്ധതി നടത്തിയെടുക്കുക മാത്രമാണ്.
ഇപ്പോൾത്തന്നെ ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റുകൾ അക്ഷയ കേന്ദ്രങ്ങൾ വഴി വിൽക്കുന്നുണ്ട്. അക്ഷയ ഒരു സർക്കാർ മുഖേനയുള്ള സംവിധാനമാകയാൽ കെ.എസ്.ആർ.ടി.സി.യും അക്ഷയയും തമ്മിലുള്ള കൈകോർക്കൽ വളരെ എളുപ്പമാകും – അധികാരികൾ ഒന്ന് മനസ്സ് വച്ചാൽ മാത്രം മതി. കെ.എസ്.ആർ.ടി.സി.ക്കും അക്ഷയയ്ക്കും യാത്രക്കാർക്കും ഗുണമുണ്ടെന്നിരിക്കെ, ഇതേപ്പറ്റി ചർച്ചകളും തീരുമാനങ്ങളും വരേണ്ടത് ഉചിതമല്ലേ? see more http://goo.gl/0fb2pf
എഴുതിയത് : അഖില് ജോയ് പി.
ചിത്രം : ജോജു സക്കറിയ കോട്ടയം
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog