മൂന്നാറിലെ തണുപ്പറിഞ്ഞ് കാന്തല്ലൂർ മല കയറി ഒരു ഫാമിലി ട്രിപ്പ്…

പെട്ടെന്നെടുത്ത തീരുമാനമായിരുന്നു . കുടുംബസമേതം രണ്ടു ദിവസം ഏതെങ്കിലും കാടുകളിലേക്ക് ചേക്കേറുക .പതിവു യാത്രാപഥങ്ങൾ വിട്ടുള്ള മാർഗ്ഗങ്ങൾ തീരുമാനിച്ചുറപ്പിച്ചു. കേട്ടറിഞ്ഞു അളിയനും അളിയന്റെ അനിയനും കുടുംബസമേതം ഒപ്പം കൂടി. പൊള്ളാച്ചി പാതയിൽ ഗോവിന്ദാപുരം കഴിഞ്ഞു അമ്പ്രംപാളയം വച്ച് ആനമലയിലേക്കു തിരിഞ്ഞു . പുളിമരങ്ങൾ തീർത്ത ഇളംപച്ച കമാനങ്ങൾക്കുള്ളിലൂടെയായി യാത്ര . ആനമലയിലെത്തി ദാളി പാതയിലേക്ക് കയറി. ചുറ്റിലും വിശാലമായ വയലേലകൾ. ഇനിയുള്ള മുപ്പതു കിലോമീറ്ററും പശ്ചിമഘട്ടത്തിനു സമാന്തരമായി മലയടിവാരങ്ങളിലേക്കു ലയിക്കുന്ന കൃഷിയിടങ്ങളിലൂടെയാണ് യാത്ര .

വർഷം വിതച്ച സമൃദ്ധിയിൽ പച്ചപ്പിന്റെ കാന്തി കാണാം . അതിരിട്ടു നിൽക്കുന്ന ആനമല പറമ്പിക്കുളം മലനിരകൾ. കറുത്ത് കുഴഞ്ഞ മണ്ണിൽ നിലകടലയും മുതിരയും എള്ളും കടുകും ഉള്ളിയും വിളവെടുപ്പിനായി ഒരുങ്ങുന്നു . ഉച്ചവെയിലിൽ തിളങ്ങി അനന്തമായ കരിമ്പിൻ തോട്ടങ്ങളും ചോളവയലുകളും . സിനിമയിലും മറ്റും കാണുന്ന ടിപ്പിക്കൽ തമിഴു ഗ്രാമങ്ങൾ . പാതയുടെ വീതിയും രൂപവും മാറുമ്പോൾ ഗൂഗിൾ വഴികൾ ഉറപ്പിക്കുവാൻ ഇടയ്ക്കു വഴി ചോദിക്കേണ്ടി വന്നു . സംഖംപാളയവും കാരാട്ടുമാടവും ശാന്തയ്പേട്ടയും ദാളിയും പിന്നിട്ടു കുറിച്ചിക്കോട്ടയിലെത്തി . മറയൂർ പാതയിലേക്ക് തിരിഞ്ഞു .

ചെക്ക്പോസ്റ്റിലെത്തിയപ്പോൾ അമരാവതി കാണുവാനൊരു പൂതി . ആറു കിലോമീറ്റർ ദൂരം . നേരം നല്ല നട്ടുച്ചയായി . വലിയൊരു മണ്ണണക്കെട്ടും പൂന്തോട്ടവും മുതലവളർത്തു കേന്ദ്രവുമാണ് അമരാവതിയിലെ കാഴ്ചകൾ . വിരൽ വലിപ്പമുള്ള മുതലകുഞ്ഞുങ്ങൾ മുതൽ ഭീമാകാരങ്ങളായ രാക്ഷസ മുതലകൾ വരെ വളരെ അടുത്ത് നിന്ന് കാണാം . മുതലവളർത്തു കേന്ദ്രവും അണക്കെട്ടും കണ്ടു തിരിച്ചിറങ്ങിയപ്പോൾ നല്ല വിശപ്പ്. അണക്കെട്ടിൽ നിന്നും പിടിക്കുന്ന പെടക്കുന്ന മീനിനെ അപ്പോൾ തന്നെ പൊരിച്ചു തരുന്ന കടകൾ ധാരാളമുണ്ട് അമരാവതിയിൽ . നിന്ന നിൽപ്പിൽ ഒന്നും രണ്ടും മീനുകൾ ഓരോരുത്തരും അകത്താക്കി തുടങ്ങി .

തിരിച്ചു ചെക്പോസ്റ്റിലെത്തി മറഞ്ഞിരിക്കുന്നവരുടെ നാടായ മറയൂർ ലക്ഷ്യമാക്കി മല കയറുവാൻ തുടങ്ങി . രണ്ടു വന്യജീവി സങ്കേതങ്ങൾ കടന്നാണ് മറയൂരിലെത്തുക .ആദ്യം ആനമല ടൈഗർ റിസേർവ് .തുടർന്ന് കേരളത്തിലെ ചിന്നാർ വൈൽഡ് ലൈഫ് സാങ്ച്യുറി. വെയിലിനെ മറച്ചു പതുക്കെ പരക്കുന്ന കാർമേഘങ്ങൾ .പകൽച്ചൂട് ഉഷ്ണത്തിലേക്കു വഴി മാറുകയാണ് .ഏറെ വ്യത്യസ്തമാണ് സഹ്യപർവ്വതത്തിന്റെ കിഴക്കേ ചരിവിലെ ഭൂപ്രകൃതി . അടിക്കാടുകൾ ദുർബലം . നിബിഢമല്ലാത്ത വനമേഖല . ഉയരം കുറഞ്ഞ പന്തലിച്ച മരങ്ങൾ. വിളറിയ ചാരനിറമുള്ള പാറകൾ .. കേരളത്തിലേക്ക് കടന്നപ്പോൾ കാടിന്റെ രൂപം മാറി. ഹരിതം തുടിച്ചു . ചാറി വീഴുന്ന മഴത്തുള്ളികൾ . അറബിക്കടലിൽ നിന്നെത്തുന്ന നീരാവിപടലങ്ങളിൽ സിംഹഭാഗവും സഹ്യന്റെ പടിഞ്ഞാറേ ചരിവിലാണ് ഘനീഭവിച്ചു വീഴുന്നത് . മലകടന്നെത്തുന്ന മിച്ചമുള്ളവ മാത്രം മഴനിഴൽ പ്രദേശമായ കിഴക്കേ ചരിവിൽ. മറയൂരിനോടടുത്തപ്പോൾ തുള്ളിക്കൊരുകുടമായി മഴ തകർത്തു തുടങ്ങി.

മറയൂരിൽ നിന്നുമാണ് കാന്തല്ലൂരിലേക്കു തിരിയേണ്ടത് . നേരെയുള്ള പാത മുന്നാറിലേക്കാണ് . കാന്തല്ലൂരിലേക്കുള്ള വഴിയിൽ ആദ്യമെത്തുന്നത് കോവിൽക്കടവ് എന്ന അടിവാര പട്ടണം . കോവിൽക്കടവ് നിന്നും പാത ഉയർന്നുയർന്നു പോകുന്നു . പാതക്കിരുവശവും കരിമ്പിൻ തോട്ടങ്ങൾ . ഈ കരിമ്പിൻ തണ്ടുകളിൽ നിന്നുമാണ് ലോകപ്രശസ്തമായ കാന്തല്ലൂർ ചക്കരയുടെ ഉൽപാദനം . വളവുകളോരോന്നും പിന്നിടുമ്പോഴും പ്രകൃതി കൂടുതൽ സുന്ദരിയായികൊണ്ടിരുന്നു . റിസോർട്ടുകളുടെയും കോട്ടേജുകളുടെയും പരസ്യപ്പലകകൾ കാണാം .

പണ്ട് പണ്ട് മുതുവാന്മാരും മലപുലയരും കുറുമ്പപുലയരും മാത്രമടങ്ങുന്ന ആദിവാസി സമൂഹമായിരുന്നു കാന്തല്ലൂരിൽ . പ്രധാന കൃഷി കൊമ്പുനെല്ലും ഗോതമ്പും റാഗിയും. പൂഞ്ഞാർ രാജാവിന് കീഴിലായിരുന്നു ഭരണം . കാന്തല്ലൂർ മറയൂർ കോവിലൂർ കാരയൂർ ചന്ദുർ എന്നീ ഗ്രാമങ്ങളെ അഞ്ചു ഗ്രാമങ്ങൾ എന്നപേരിലറിയപെട്ടു . പെരിയതനം മന്ത്രി മണ്ണടി എന്നീ വിഭാഗങ്ങളിലായിരുന്നു നാട്ടു ഭരണം . ഇപ്പോഴും ഇവിടെ ഊരുകളിൽ ഇതേ ഭരണ സമ്പ്രദായ0 നില നില്കുന്നു .

കാന്തല്ലൂർ കവലയും കഴിഞ്ഞു ഞങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന കോട്ടേജിന്റെ മുന്നിലെത്തി . മുറ്റത്തു തന്നെ കായ്ച്ചു നിൽക്കുന്ന ഒരു ആപ്പിൾ മരം . തൊടിയിൽ കാട്ടുവള്ളിപോലെ പടർന്നു കിടക്കുന്ന വള്ളി പടർപ്പുകളിൽ സൂക്ഷിച്ചു നോക്കിയപ്പോൾ തുങ്ങി കിടക്കുന്ന മുന്തിരിക്കുലകൾ . പഴങ്ങളുടെയും പച്ചക്കറികളുടെയും നാടാണ് കാന്തല്ലൂർ . കാറ്റിലുലയുന്ന ചുകന്ന തുടുത്ത ആപ്പിൾ കുലകളും ചില്ലകളിൽ നിറഞ്ഞ പിച്ചീസ് പഴങ്ങളും ശോണിമ തുടിച്ച സ്ട്രോബറി പഴങ്ങളും കണ്ടാൽ നിൽക്കുന്നത് ഹിമാലയൻ താഴുവാരയിലാണോ എന്ന് തോന്നി പോകും . കോട്ടജിന്റെ സൂക്ഷിപ്പുകാരൻ അനീഷെത്തി . മുറികൾ തുറന്നു തന്നു . നാലു കിടപ്പുമുറിയും അടുക്കളയും സ്വീകരണ മുറിയും . പഴയ കെട്ടിടമാണെങ്കിലും സൗകര്യങ്ങൾ ധാരാളം .

പെട്ടന്ന് കുളികഴിഞ്ഞു പുറത്തിറങ്ങി . നേരിയ നൂൽ മഴയുണ്ട് . മിക്ക ദിവസങ്ങളിലും ഉച്ച കഴിഞ്ഞാൽ കാന്തല്ലൂരിൽ മഴയാണ്. കോട്ട പോലെ ഉയർന്നു നിൽക്കുന്ന മലനിരകളിൽ നിന്നും മഴ മേഘങ്ങൾ ഇറങ്ങി വരും . ടാർ പാതയിൽ നിന്നും വഴി പിരിഞ്ഞു മൺ വഴികളിലൂടെ അടുത്ത് കണ്ട കുന്നിന്മുകളിലേക്കു നടന്നു . ഒന്നുരണ്ടു പഴ പച്ചക്കറി ഫാമുകൾ വഴിയിൽ കണ്ടു . അപ്പോൾ പറിച്ചെടുത്ത കരാറ്റ് ഒഴുക്കു വെള്ളത്തിൽ കഴുകി വൃത്തിയാക്കുന്ന ജോലിക്കാർ .

ഫാമിനടുത്തുള്ള വീട്ടിൽ നിന്നും ഓമനത്തം നിറഞ്ഞ ഒരു പൂച്ചക്കുട്ടി ചാടിയിറങ്ങി . കൂടെ അതിന്റെ ഉടമസ്ഥയും . വേണമെങ്കിൽ പൂച്ചകുട്ടിയെ എടുത്തുകൊള്ളുവാനാണ് അവൾ പറയുന്നത് . യാത്ര ഒരുദിവസം ബാക്കിയുള്ളതിനാൽ ആകപ്പാടെ ചിന്തയായി . തല്ക്കാലം പൂച്ചകുട്ടിയെ തിരിച്ചു കൊടുത്തു . കുന്നിൻമുകളിലെത്തിയപ്പോൾ സന്ധ്യ മയങ്ങി . ത്രിസന്ധ്യയിലെ ഇരുട്ടിലേക്ക് മഴ പിന്നെയും ചിണുങ്ങി ചിണുങ്ങിയെത്തി . കൂട്ടിനു മൂടൽ മഞ്ഞും .

മഴ നനഞ്ഞു കുന്നിറങ്ങുമ്പോൾ കർഷക മാടങ്ങളിൽ മുനിഞ്ഞു കത്തുന്ന വിളക്കുകൾ . അടിവാരത്തു നിന്നും ജലധാരയുടെ പ്രത്യേക ശബ്ദം . കൃഷി നശിപ്പിക്കുവാനെത്തുന്ന പന്നികളെയും കാട്ടുപോത്തുകളെയും ഭയപ്പെടുത്തി ഓടിക്കുവാനുള്ള ഉപകാരണമാണത്രെ . കാന്തല്ലൂർ നിശബ്ദതയുടെ സുഷുപ്തിയിൽ ആണ്ടു കഴിഞ്ഞു . ശീത കാറ്റിന്റെ ശീൽക്കാരമോ കാട്ടുപക്ഷിയുടെ ചിറകടികളോ മാത്രം . പാതകൾ എല്ലാം കാന്തല്ലൂരിൽ അവസാനിക്കുന്നതിനാൽ വാഹനങ്ങളുടെ ഒച്ചയും തീരെയില്ല . മഴ നിലച്ചു മാനത്തു അമ്പിളി തെളിഞ്ഞു . നിശാഗന്ധികളുടെ സുഗന്ധം ശ്വസിച്ചു രാത്രി മഞ്ഞിലൂടെ ഞങ്ങൾ കോട്ടേജിൽ തിരിച്ചെത്തി.

സ്വർണ്ണവെയിലിന്റെ ശോഭയിലേക്കാണ് പ്രഭാതമുണർന്നത്. കൃഷിയിടങ്ങളിലേക്ക് നീങ്ങുന്ന കർഷകർ . മരച്ചില്ലകളിലിരുന്നു കുശലം പറയുന്ന കാട്ടുകിളിക്കൂട്ടം .ഗ്രാമം പതുക്കെ ഉണരുകയാണ്. അനീഷ് ഫോർവീൽ ഡ്രൈവ് ഉള്ള ജീപ്പുമായെത്തി .കൊളത്താൻമല കയറുവാൻ . വാഹനമെത്തുന്ന കാന്തല്ലൂരിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് കൊളത്താൻമല . കവലയിൽ നിന്നും ജീപ്പ് ചരൽവഴിയിലേക്കു തിരിഞ്ഞു . വലിയ കുഴികളും വെള്ളകെട്ടുമാണ് ദുർഘടമായ പാതയിൽ .ശ്വാസം നിലച്ചു പോകുന്ന കുത്തനെയുള്ള കയറ്റവും .ഗ്രാന്റിസ് തോട്ടങ്ങൾ കടന്നു പോയി . തലക്കു മുകളിൽ മറന്നു പോയതെന്തോ ഉറക്കെ വിളിച്ചു പറയുവാൻ ഏന്തി വലിയുന്ന ആണിവരപ്പാറയെ കാണാം . ചങ്കിടിപ്പോടെ കൊളത്താൻമാലയുടെ മുകളിലെത്തി.

നയനമനോഹരമായിരുന്നു ചുറ്റിലുമുള്ള കാഴ്ചകൾ . മലകൾ കൊണ്ടുള്ള തളികക്കുള്ളിൽ കാന്തല്ലൂർ ഗ്രാമം . ഗ്രാമത്തിലേക്ക് ചാഞ്ഞിറങ്ങുന്ന പച്ചപ്പിന്റെ ചരിവുകൾ . പടിഞ്ഞാറു ഭാഗത്തെ കട്ടിങ്ങിലേക്കു ഇറങ്ങി നിന്നാൽ മറയൂർ മുതലുള്ള കാന്തല്ലൂരിന്റെ ഭംഗി പൂർണമായി ലഭിക്കും .വളഞ്ഞു തിരിയുന്ന മറയൂരിൽ നിന്നുള്ള പാത .ചുകപ്പും വെള്ളയും കലർന്ന വീടുകളുടെ നിരകൾ . രാത്രികളിൽ കാട്ടുപോത്തുകളുടെ വിഹാര ഭൂമിയാണ് ഇവിടെ.

മൂന്നാറിനേക്കാൾ ഉയരമുണ്ടെങ്കിലും തണുപ്പ് അത്രത്തോളമില്ല കാന്തല്ലൂരിൽ .മിതശൈത്യ കാലാവസ്ഥയിൽ എല്ലാ തരം പച്ചക്കറികളും നല്ല വണ്ണം വിളയുന്നു . ചെരിവുകളെ ചെറിയ തട്ടുകളാക്കിയാണ് കൃഷി ചെയ്യുന്നത് . വെളുത്തുള്ളിയാണ് മറ്റൊരു പ്രധാന കൃഷി . വീടുകളിലെ ഉണക്കൽ തട്ടുകളിൽ തൂങ്ങിക്കിടക്കുന്ന വെളുത്തുള്ളി കെട്ടുകൾ പലയിടത്തും കണ്ടു . പഴ വർഗ്ഗങ്ങളുടെ ഉൽപ്പാദനമാണ് കാന്തല്ലൂരിനെ പ്രശസ്തിയിലേക്കുയർത്തിയത് . കൊളത്താൻ മലയിറങ്ങി ഞങ്ങൾ പഴങ്ങളുടെ എസ്റ്റേറ്റായ തോപ്പൻസ് ഓർച്ചാർഡിലേക്കു നീങ്ങി.

അധ്യാപകരായ ജോർജ് ജോസഫും ഭാര്യയും ചേർന്ന് പരിപാലിക്കുന്ന തോപ്പൻസ് ഓർച്ചാർഡ് ശരിക്കുമൊരു പുങ്കാവനമാണ് . പല ഫാമുകളും സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തുമ്പോൾ ജോർജ് മാസ്റ്റർ എല്ലാവർക്കും സ്വാഗതം അരുളുന്നു . ആപ്പിളിന്റെ മാത്രം പന്ത്രണ്ടോളം ഇനങ്ങളുണ്ട് തോട്ടത്തിൽ . കശ്മീരിൽ നിന്നുമാണ് ആപ്പിൾ തൈകൾ എത്തിക്കുന്നത് . സീതപഴ൦ മാതളം പ്ലം പിച്ചീസ് മരത്തക്കാളി സബർജിൽ ഓറഞ്ചു ന്യൂസീലൻഡ്ക്വിവി സ്ട്രോബറി തുടങ്ങി ഒരു താഴുവാരം മുഴുവൻ പഴങ്ങളുടെ ഏദൻതോട്ടം . ഓരോന്നിന്റെയും തൈച്ചെടികളും ഇവിടെ നിന്നും ലഭിക്കും . രണ്ടു കിലോ സ്ട്രോബറി പഴങ്ങളും വേടിച്ചാണ് തോപ്പൻസ് ഓർച്ചാർഡിൽ നിന്നും മടങ്ങിയത് .

കാന്തനല്ലൂരിനോട് വിട പറയുവാൻ സമയമായി. ഉച്ചഭക്ഷണം കഴിച്ചു യാത്ര പുറപ്പെട്ടു . വനപാതയിലൂടെ കുണ്ടലഡാമിലേക്കെത്തി . അവധി ദിവസമായതിനാൽ ടുറിസ്റ്റുകളുടെ തിരക്കുണ്ട് ഡാമിൽ. വഴിവാണിഭക്കാരും കുതിര സവാരിക്കാരും .തണുപ്പുള്ള സ്ഥലമായിട്ടും ഐസ്ക്രീം കച്ചവടക്കാരുടെ ലഹള . കാന്തല്ലൂരിലെ ഏകാന്തതയിൽ നിന്നും പെട്ടെന്ന് തിരക്കിലേക്ക് വന്നു വീണപോലെ . ഒന്ന് കറങ്ങിയടിച്ചു നേരെ ടോപ്സ്റ്റേഷനിലേക്കു വിട്ടു. ടോപ്സ്റ്റേഷനിലെ കാഴ്ചകൾക്ക് സംസ്ഥാനം കടക്കണം.അതിർത്തി നിർണയ രേഖ പ്രകാരം തമിഴുനാട്ടിലാണ് ടോപ് സ്റ്റേഷൻ . ഫീസടച്ചു മലയിറങ്ങി .

വഴിയോരങ്ങളിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന പലതരം കാട്ടുപഴങ്ങൾ. ആയാസപ്പെട്ടെങ്കിലും നടത്തം ആസ്വാദ്യകരമാണ് . ടോപ് സ്റ്റേഷനിലെ മുനമ്പിൽ നിന്നും പ്രകൃതിയുടെ വിസ്മയത്തിലേക്കാണ് കണ്ണുകൾ തുറക്കുന്നത് . ചുറ്റിലുമുള്ള മലനിരകൾക്കുള്ളിൽ പോക്കുവെയിലേറ്റ് തിളങ്ങുന്ന ചാരുതയാർന്ന പച്ചപ്പിന്റെ മലഞ്ചരിവുകൾ . വലിയൊരു പാറമുകളിലേക്കു വലിഞ്ഞു കയറി കുറെ ചിത്രങ്ങൾ എടുത്തു . അടിത്തട്ടിൽ വട്ടവടയിലെ കൃഷിയിടങ്ങൾ . മാട്ടുപെട്ടിയും എക്കോപോയിന്റും കണ്ടു തിരിച്ചു മൂന്നാർ പട്ടണത്തിലെത്തിയപ്പോൾ രാത്രിയായി . ലോഡ്ജുകളെല്ലാം നിറഞ്ഞു തുടങ്ങി . രാത്രി സൗന്ദര്യം നുകർന്ന് മൂന്നാർ പട്ടണത്തിലൂടെ തലങ്ങും വിലങ്ങും വണ്ടിയോടിച്ചു നടന്നു . മഴ തുടങ്ങിയപ്പോൾ പെട്ടന്ന് മുറിയെടുത്തു കൂടി.

രാജമലയാണ് സമയം മുഴുവൻ കളഞ്ഞത് . വരയാടുകളെ കാണുവാനുള്ള സഫാരി വാഹനങ്ങൾക്കായി തിരക്കോടു തിരക്ക് . മണിക്കൂറുകൾ വരിയിൽ നിന്നാണ് ടിക്കറ്റ് കിട്ടിയത് . പക്ഷെ ദേശീയോദ്യാനത്തിലേക്കു കടന്നപ്പോൾ സ്ഥിതിയാകെ മാറി . മൂന്നാർ പട്ടണത്തിൽ നിന്നും തികച്ചും വിഭിന്നമാണ് രാജമലയിലെ കാലാവസ്ഥ . മൂടൽ മഞ്ഞും കാടിന്റെ വിജനതയും . സഫാരി വാഹനങ്ങളിൽ നിന്നിറങ്ങി രാജമലയിലേക്കു നടന്നു കയറണം . ഉയരം കുടുന്നതിനനുസരിച്ചു കാറ്റിന്റെ ശക്തിയേറി .

പെട്ടെന്നാണ് പാറക്കൂട്ടങ്ങളിലൂടെ ചാടി കളിക്കുന്ന വരയാടിൻ പറ്റങ്ങൾ ദൃഷ്ടിയിൽ പെട്ടത് . വരയാടുകൾ മാത്രമല്ല ചിലപ്പോൾ പുള്ളിപുലികളെയും ഈ ഭാഗങ്ങളിൽ കാണാറുണ്ടത്രെ .വനംവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള വനമേഖലയാണിത് . മലമുകളിൽ നിന്നുള്ള പ്രകൃതി ഭംഗിയും അപൂർവ കാഴ്ചയാകുന്നു . മൂടൽ മഞ്ഞിനിടയിലൂടെ ഞങ്ങൾ മലയിറങ്ങി പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിച്ചേർന്നു . ആദ്യം വന്ന വണ്ടിക്കു മൂന്നാർ പട്ടണത്തിലേക്ക്. രണ്ടു ദിവസത്തെ കാനനവാസത്തിനു പരിസമാപ്തി ആയി കൊണ്ടിരുന്നു.

വരികൾ : @Sabu Manjaly Jacob

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply