സോളാങ് വാലിയിൽ പോകാം..മഞ്ഞില്‍ കളിക്കാം…

മനാലിയിലെ ഞങ്ങളുടെ രണ്ടാമത്തെ ദിവസം. രാവിലെതന്നെ ഞങ്ങള്‍ എഴുന്നേറ്റു റെഡിയായി. നല്ല തണുപ്പ് ഉണ്ടായിരുന്നുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. സോളാങ് വാലി എന്ന സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങള്‍ക്ക് പോകേണ്ടത്. മണാലിയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ആകര്‍ഷണങ്ങളിലൊന്നാണ് ഇത്. മണാലിയില്‍നിന്നു 13 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. സ്‌നോ പോയിന്റ് എന്നറിയപ്പെടുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 8400 അടി ഉയരത്തിലാണ്. സോളാങ് വാലിയിലേക്ക് പോകുന്ന വഴിയില്‍ ഷൂസ്, ജാക്കറ്റ് മുതലായ സാധനങ്ങള്‍ വില്‍ക്കുന്നതും വാടകയ്ക്ക് കൊടുക്കുന്നതുമായ ധാരാളം കടകള്‍ കാണാം. ഒരു കടയില്‍ കയറി ഞങ്ങള്‍ രണ്ടു ജോഡി ഷൂസ് വാങ്ങി.അങ്ങനെ ഞങ്ങളുടെ യാത്ര തുടര്‍ന്നു. പോകുന്ന വഴിയില്‍ ചുറ്റിനും മഞ്ഞുമലകള്‍ ആയിരുന്നു ഞങ്ങളെ വരവേറ്റത്.

ആ മഞ്ഞുമലകളുടെ അടുത്ത് എത്തിയപ്പോള്‍ത്തന്നെ അരികില്‍ ഐസ് കട്ടകള്‍ കാണാമായിരുന്നു. അനിയന്‍ അഭിജിത്ത് ഐസ് കട്ടകള്‍ എടുത്തു കളിക്കുകയായിരുന്നു. ഇത്രയും ഐസുകള്‍ അവിടെ കിടക്കുന്നുണ്ടായിരുന്നുവെങ്കിലും വലിയ തണുപ്പ ഒന്നും ഉണ്ടായിരുന്നില്ല. ഇവിടെ വരുന്നവര്‍ക്കായി ധാരാളം ആക്ടിവിറ്റികള്‍ ലഭ്യമാണ്. കുതിര സവാരി, മൌണ്ടന്‍ ബൈക്കുകള്‍ എന്നിവയും ലഭ്യമാണ്. ഒരു ദിവസം മുഴുവനും നന്നായി ആസടിക്കുവാന്‍ പറ്റിയ ഒരു സ്ഥലമാണ് ഇത്. ബൈക്ക് സവാരിക്ക് ഒരു couple നു 1500 രൂപയാണ് നിരക്ക്. കുതിരസവാരിക്ക് ആണെങ്കില്‍ 500 രൂപയും. ഹണിമൂണ്‍ ആക്ഹോഷിക്കുവാന്‍ വരുന്നവര്‍ക്ക് നന്നായി എന്ജോയ്‌ ചെയ്യുവാന്‍ പറ്റിയ ഒരിടം കൂടിയാണ് സോളാങ് വാലി.

മഞ്ഞു കാണുവാനായി വേറെവിടെയും പോകേണ്ട നേരെ ഇവിടെ വന്നാല്‍ മതി. വളരെ ശാന്തമായിരുന്നു അവിടെയൊക്കെ. മാരുതി ആള്‍ട്ടോ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. നമ്മുടെ നാട്ടിലാണെങ്കില്‍ കുണ്ടും കുഴിയും നിറഞ്ഞ ഈ വഴികളിലൂടെ ജീപ്പ് മാത്രമേ ഓടിക്കുകയുള്ളൂ. മാരുതി ആള്‍ട്ടോ ഒക്കെ ഇതുവഴി സിംപിളായി കയറിപ്പോകുന്നത്‌ കണ്ടപ്പോള്‍ ശരിക്കും ഞങ്ങള്‍ക്ക് അത്ഭുതമാണ് തോന്നിയത്. ബുള്ളറ്റും ബൈക്കുകളും ഒക്കെയായി ചിലര്‍ അവിടേക്ക് കയറി വരുന്നത് കണ്ടിരുന്നു.

കണ്ടാല്‍ പേടിയാകുന്ന ഭീമന്‍ യാക്കുകളുടെ മുകളില്‍ ഇരുന്നു ഫോട്ടോയെടുക്കുകയും സവാരി നടത്തുകയും ചെയ്യുവാനുള്ള സൌകര്യങ്ങള്‍ അവിടെ മുകളില്‍ കാണാമായിരുന്നു. മുകളിലേക്ക് കയറിയപ്പോളാണ് രസം. അവിടെ ഫുള്‍ മഞ്ഞാണ്. ഐസ് കട്ടകള്‍ എന്നുവേണം പറയാന്‍. മഞ്ഞിലൂടെ തെന്നിപ്പായുന്ന സംഭവത്തിലൊക്കെ ഞാനും അനിയനും ഒരുമിച്ച് കയറി. വീഗാലാന്‍ഡിലും മറ്റ് പാര്‍ക്കുകളിലും കാണുന്ന ചില റൈഡുകളെ അനുസ്മരിപ്പിക്കും ഇതൊക്കെ. സ്കേറ്റിംഗ് ചെയ്ത് ശീലമുള്ളവര്‍ക്ക് ഇതൊന്നും വലിയ സംഭവമായി തോന്നുകയില്ല. കംപ്ലീറ്റ്‌ ഐസിലൂടെയാണ് ഞങ്ങളുടെ നടത്തം. പുതിയ ഗ്രിപ്പുള്ള ഷൂസ് വാങ്ങിയതിനാല്‍ തെന്നാതെ രക്ഷപ്പെട്ടു. ഇവിടെ വരുന്ന എല്ലാവരും നല്ല ഗ്രിപ്പ് ഉള്ള ഷൂസ് ധരിക്കേണ്ടതാണ്.

മഞ്ഞിലൂടെയുള്ള നടത്തത്തിനിടെ കോട്ടയത്ത് നിന്നും വന്ന ഒരു മലയാളിയെ പരിചയപ്പെട്ടു. എന്റെ വീഡിയോസ് ഒക്കെ കാണുന്നതാണ് എന്നും ഉഗ്രനായിട്ടുണ്ട് എന്നുമൊക്കെ ആശംസിക്കാന്‍ അദ്ദേഹം മറന്നില്ല. മഞ്ഞുകൂട്ടത്തിനു മുകളിലായി ഒരു ശിവലിംഗം ഉണ്ടെന്നു അവിടുള്ളവര്‍ വഴി ഞങ്ങള്‍ക്ക് അറിയുവാന്‍ കഴിഞ്ഞു. കുറേസമയത്തെ അടിച്ചുപൊളിക്കു ശേഷം ഞങ്ങള്‍ താഴേക്ക് ഇറങ്ങി. പോകുന്നതിനു മുന്‍പായി അവിടെ നിന്നും ഞങ്ങള്‍ നല്ല ചൂട് മാഗി ന്യൂഡില്‍സ് കഴിച്ചു. ആ തണുപ്പത്ത് ചൂടുള്ള ന്യൂഡില്‍സ് കഴിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം വേറൊന്നു തന്നെ. അങ്ങനെ സോളാങ് വാലിയിലെ ഞങ്ങളുടെ യാത്ര ഇവിടെ അവസാനിക്കുകയാണ്. ഇനി വ്യത്യസ്തമായ മറ്റു ഹിമാചല്‍ കാഴ്ച്ചകള്‍ തേടി അടുത്ത സ്ഥലത്തേക്ക്…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply