അപകട നഷ്ടപരിഹാരം വാങ്ങാന്‍ യാത്രക്കാര്‍ തയ്യാറാകാത്തതിനാല്‍ കെ.എസ്.ആര്.ടി.സി. ബോധവത്കരണത്തിനൊരുങ്ങുന്നു. സാമൂഹികസുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി യാത്രക്കാര്‍ക്കുള്ള വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ കുറഞ്ഞത്, പുതിയ പദ്ധതിയെക്കുറിച്ചുള്ള അജ്ഞതയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അപകടത്തില്‍ പരിക്കേല്‍ക്കുന്നവരെയും മരിക്കുന്നവരുടെ ആശ്രിതരെയും നേരിട്ട് ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് സഹായത്തിനുള്ള അപേക്ഷ കൈമാറാന്‍ വിവിധ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
പുറമെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകള്‍ ബസ്സുകളിലും സ്റ്റാന്‍ഡിലും പതിക്കും. ന്യൂ ഇന്ത്യാ അഷ്വറന്‍സുമായി ചേര്‍ന്നാണ് കെ.എസ്.ആര്.ടി.സി. നഷ്ടപരിഹാരം നല്‍കുന്നത്. പക്ഷേ, കഴിഞ്ഞ ഏപ്രില്‍ മുതല്‍ പദ്ധതി നടപ്പാക്കിയെങ്കിലും വളരെക്കുറച്ചുപേര്‍ മാത്രമേ ആനുകൂല്യത്തിന് അപേക്ഷിച്ചിട്ടുള്ളൂ. സപ്തംബര്‍ 30 വരെ 763 അപകടങ്ങളാണുണ്ടായത്. എന്നാല്‍, 160 പേര് മാത്രമാണ് ആനുകൂല്യം തേടിയത്. അപകടത്തില്‍പ്പെട്ട മിക്കവരും വാഹനാപകട നഷ്പപരിഹാര ട്രൈബ്യൂണലിനെ സമീപിക്കുകയാണ് ചെയ്യുന്നത്. ഇവര്‍ക്കെല്ലാം ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുമായിരുന്നു. പുതിയ പദ്ധതിയെക്കുറിച്ച് യാത്രക്കാരില്‍ അറിവുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍.യാത്രക്കാര്‍ രണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും അര്‍ഹരാണെന്ന് കെ.എസ്.ആര്.ടി.സി. നിയമവിഭാഗം പറയുന്നു. ആസ്പത്രിച്ചെലവ് ഉള്‍പ്പെടെയുള്ളവ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ലഭിക്കും.
റിസര്‍വ്വ്ഡ് യാത്രക്കാരന് അപകടമരണം സംഭവിച്ചാല്‍ അഞ്ചുലക്ഷം രൂപ വരെ കിട്ടും. കിടത്തിച്ചികിത്സാ ചെലവായി അരലക്ഷവും ഒ.പി. വിഭാഗത്തില്‍ പതിനായിരം രൂപയും ലഭിക്കും. അംഗഭംഗത്തിന് പരമാവധി ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പുനല്‍കുന്നുണ്ട്.മരിക്കുന്ന യാത്രക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായമായി പതിനായിരം രൂപയും ലഭിക്കും. പുറമെ അപകട നഷ്ടപരിഹാരത്തിന് ട്രൈബ്യൂണലിനെയും സമീപിക്കാം. ഇതില്‍ തീരുമാനമുണ്ടാകാന്‍ കാലതാമസം നേരിടും. അഭിഭാഷകനെ ഏര്‍പ്പെടുത്തുകയും വേണം.വ്യക്തിഗത ഇന്‍ഷുറന്‍സ് ആനുകൂല്യം നേടിയത് ട്രൈബ്യൂണല്‍ നഷ്ടപരിഹാരത്തെ ബാധിക്കില്ലെന്ന് കെ.എസ്.ആര്.ടി.സി. നിയമവിഭാഗം പറയുന്നു. രണ്ട് പദ്ധതിക്കും പ്രത്യേകം പ്രീമിയം അടയ്ക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടപടിക്രമം ലളിതമാണ്. അപകടത്തില്‍പ്പെട്ട ബസ്സിലെ യാത്രക്കാരനാണെന്ന് ഡിപ്പോ മേധാവി നല്കുന്ന സാക്ഷ്യപത്രം, ആസ്പത്രി ചികിത്സാരേഖകള്‍ തുടങ്ങിയവയുമായി നേരിട്ട് ഇന്‍ഷുറന്‍സ് കമ്പനിയില്‍ അപേക്ഷ നല്‍കാം. ബസ് ടിക്കറ്റാണ് ഹാജരാക്കേണ്ട പ്രധാന രേഖ.
News: Mathrubhumi
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog
