പ്രൈവറ്റ് ബസ്സുകാര്‍ക്കും പറയാനുണ്ട് ചില ജീവിതകഥകള്‍…

പ്രൈവറ്റ് ബസ്സുകള്‍ക്ക് എന്നും ഒരു വില്ലന്‍ പരിവേഷമാണ്. എന്നാല്‍ ഒത്തിരി നല്ല മുതലാളിമാരും ജീവനക്കാരുമുള്ള പ്രൈവറ്റ് ബസ് മേഖലയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. അല്ലെങ്കില്‍ അറിയാന്‍ ശ്രമിച്ചിട്ടില്ല. കെഎസ്ആര്‍ടിസി നമ്മുടെയെല്ലാം സ്വത്താണ്. അത് വളരുക തന്നെ വേണം. പക്ഷെ അതുപോലെതന്നെ നമുക്ക് സ്വകാര്യ ബസ്സുകളും വേണ്ടേ? ഓരോ മാസവും നിര്‍ത്തിപ്പോകുന്ന സ്വകാര്യ ബസ്സുകളുടെ എണ്ണം കൂടിവരികയാണ്. ചില വമ്പന്‍ മുതലാളിമാര്‍ മാത്രം കുറേ ബസ്സുകളുമായി പിടിച്ചു നില്‍ക്കുന്നു. എന്നാല്‍ ഒരു ബസ് കൊണ്ട് ജീവിക്കുന്ന സാധാരണക്കാരായ ജീവനക്കാരുടെയും മുതലാളിമാരുടെയും അവസ്ഥ എന്താകും? അത്തരത്തില്‍ ഒരു പ്രൈവറ്റ് ബസ് ഡ്രൈവറുടെ ചങ്ക് പിടയുന്ന ജീവിതകഥയാണ് താഴെ കൊടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കഥ നമുക്ക് ഒന്ന് വായിക്കാം…

“വൈകിട്ട് അവസാനത്തെ ട്രിപ്പും കഴിഞ്ഞു ബസ് പമ്പിൽ കയറ്റിടാൻ വന്നപ്പോൾ പതിവില്ലാതെ മുതലാളി പമ്പിൽ ഉണ്ട്.. പത്തനാപുരത്താണ് വണ്ടിയുടെ ഹാൾട്… വൈകിട്ട് പത്തനാപുരത്തിനുള്ള ലാസ്റ്റ് ട്രിപ്പ് ആകുമ്പോൾ മുതലാളി വന്ന് കളക്ഷൻ വാങ്ങി ഞങ്ങളുടെ ശമ്പളവും തരാറാണ് പതിവ്… പക്ഷെ ഇന്ന് എന്തോ മുതലാളി വന്നില്ല…വണ്ടി ഒതുക്കി പാർക്ക് ചെയ്തപ്പോഴേക്കും മുതലാളി അടുത്തുവന്നു… അദ്ദേഹം വല്ലാതെ വിഷമിച്ചിരുന്നു…. കഴിഞ്ഞ കുറച്ചുമാസങ്ങളായിട്ട് കളക്ഷൻ ഭയങ്കര മോശമായിരുന്നു….എന്നെ നോക്കികൊണ്ട് സംസാരിച്ചു തുടങ്ങി…

‘എടാ ബാബുവേ നീ….. നീ നാളെ തൊട്ട് പണിക്ക് വരണ്ടടാ…..’  ‘മുതലാളി..’ ‘വണ്ടി കൊടുത്തെടാ…………’ ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു… കണ്ണുകൾ നിറയാൻ തുടങ്ങുന്നത് പോലെ…. ‘എന്ത് ചെയ്യാനാടാ…കഴിഞ്ഞ 25 വർഷമായി കൊണ്ടുനടന്നത പൊന്നുപോലെ…. പക്ഷെ ഇനി വയ്യ…മിനിറ്റുകളുടെ ഗാപ് ഉണ്ടായാലും തലക്കലും പിന്നിലുമായി 1 മിനുട്ടും അരമിനിട്ടും ഗ്യാപ്പിൽ കെഎസ്ആർടിസിയുടെ ചങ്ങല ഓട്ടം അല്ലേടാ….മടുത്തു തുടങ്ങി……’

‘മുതലാളി .. കഴിഞ്ഞ 5 കൊല്ലമായി ഈ വളയം നെഞ്ചോട് ചേർത്തുവെക്കാൻ തുടങ്ങിയിട്ട്…. ഇത് അല്ലാതെ വേറെ ജോലിയൊന്നും ചെയ്യാൻ അറിയില്ല മുതലാളി…’ അവൻ ചാവി എന്റെ നേരെ നീട്ടി…അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു…ഒരു ചെറിയ പൊതി ഞാൻ അവനെ ഏൽപ്പിച്ചു… ‘എല്ലാവര്ക്കും ഉണ്ട് ഓരോന്ന് വീതം…. ഇവന്റെ വിലയുടെ ഒരു പങ്ക്..’

മറുപടി ഒന്നും പറയാതെ അവൻ നടന്ന് നീങ്ങി.ഞാൻ ബസ് ഒന്ന് നോക്കി. ഡോർ തുറന്നു ഡ്രൈവർ ക്യാബിനിൽ കയറി സീറ്റിൽ ഇരുന്നു. സ്നേഹത്തോടെ ഈ സീറ്റിനെ എല്ലാരും ഹോട്ട് സീറ്റ് എന്ന് വിളിക്കും. ശരിയാണ് 50 പേരുടെ ജീവൻ ആ വളയത്തിൽ ആണ്. അത് ഇങ്ങനെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.

23 കൊല്ലം മുന്നേ ദേവിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയപ്പോഴും നാട്ടുകാരും വീട്ടുകാരും ഒറ്റപെടുത്തിയപ്പോഴും എല്ലാം കൂടെ നിന്നത് ഇവനാ.കാലപ്പഴക്കം കാരണം ആ ബസ് മാറേണ്ടി വന്നെങ്കിലും കഴിഞ്ഞ 6 വർഷമായി ഇവൻ കൂടെയുണ്ട്.പക്ഷെ ഇന്ന്കൂടെ മാത്രം.നാളെ രാവിലെ പുതിയ മുതലാളി വന്ന് കൊണ്ടുപോകും.

മൂന്നുമാസം കൂടുബോൾ 30000രൂപ ടാക്സ്.. വർഷാവർഷം 1 ലക്ഷം രൂപക്ക് ഇൻഷുറൻസ്. വാർഷിക അറ്റകുറ്റപ്പണിക്ക് 50000രൂപ. പിന്നെ ക്ഷേമനിധി അത് ഇത് എന്നൊക്കെ പറഞ്ഞു വേറെയും. ഡീസൽ, ജോലിക്കാരുടെ ശമ്പളം, പിന്നെ സ്പെയര്‍ പാര്‍ട്സ്, വർക്ഷോപ്പിലെ ചിലവ് എല്ലാം കൂടി കൂട്ടിനോക്കിയാൽ മിച്ചം ഒന്നും കാണില്ല. അങ്ങനെ ഒരു ദിവസം കിട്ടുന്ന 5000 രൂപയിൽ ഒരു ഡ്രൈവർക്ക് കിട്ടുന്ന ശമ്പളത്തിന്റെ അത്ര പോലും ഒരു മുതലാളിക്ക് കിട്ടാത്ത ദിവസം ഉണ്ട്. ഈ കണക്കുകൾ ഒന്നും ആർക്കും കേൾക്കണ്ട.

ഞാൻ വാച്ചിൽ നോക്കി സമയം 7.30 ആയി.താക്കോലിട്ട് ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി.അവൻ മടി ഒന്നുംകൂടാതെ ഓൺ ആയി.പുതിയ മുതലാളിമാർക്ക് വിട്ടുകൊടുക്കുന്നതിന് മുന്നേ ഇവന്റെ വളയം എനിക്ക് ഒരുവട്ടം കൂടി പിടിക്കണം. വണ്ടി പമ്പിൽ നിന്നുമിറക്കി. വീട്ടിലേക്ക് വണ്ടി ഓടിച്ചു. രാത്രി തിരക്ക് കുറവാണ്. ആ വളയം എന്റെ കയ്യിൽ പിടിക്കുമ്പോൾ ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് പോയി.

3 വർഷം നീണ്ട പ്രണയമുണ്ടായിരുന്നു എനിക്ക് എന്റെ ദേവിയോട്.പതിവായി ഈ വണ്ടിയിലാണ് അവൾ കോളേജിൽ പോയിരുന്നത്…. അന്നൊക്കെ അവളെ കാണാൻ വേണ്ടി ദിവസവും ഞാൻ വണ്ടിയിൽ കയറും. അങ്ങനെ ഒരു ദിവസം എന്റെയും അവളുടെയും വീട്ടുകാരുടെ എല്ലാം എതിർപ്പുകൾക്കൊടുവിൽ അവളെ ഞാൻ സ്വന്തമാക്കി.അന്ന് തൊട്ട് ഇവൻ ആണ് എന്റെ കൂടെ നിന്നത്. ജീവിക്കാൻ ശക്തി തന്നത്. ഇപ്പോഴും.

 

ഇപ്പൊ മുന്നിലും പിന്നിലും എല്ലാം കെഎസ്ആര്‍ടിസി കൂടി കൂടി വരുന്നുണ്ട്.. പിന്നെ ദിവസേന കുതിക്കുന്ന ഡീസൽ വിലയും. 5000 രൂപ കിട്ടിയാൽ 3500 ഡീസൽന് ചിലവാകും 750 വീതം ജോലിക്കാർക്കും പിന്നെ ബാക്കി വൈകിട്ട് ഒരു ഒഴിഞ്ഞ പേഴ്‌സ് മാത്രം.

ഞാൻ വണ്ടി വീടിന്റെ മുന്നിലുള്ള ഷെഡിലേക്ക് കയറ്റി. വീടിന്റെ വാതിലിൽ ദേവിയും മോളും നോക്കിനിൽപ്പുണ്ടായിരുന്നു. ആ വളയത്തിലേക്ക് ഞാൻ നെഞ്ച് ചേർത്ത് വെച്ചു. ആ ഹൃദയം തേങ്ങി കരയുന്നത് പോലെ.”

കടപ്പാട് – വാട്സ് ആപ്പ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply