ഓപ്പറേഷൻ പവനും രാജീവ്‌ ഗാന്ധി വധവും…

വിവരണം – റജീബ് ആലത്തൂർ (ചരിത്രാന്വേഷികൾ  ഗ്രൂപ്പ്).

ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. ഇന്ദിരാ ഗാന്ധിയുടെ മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചിരുന്നു. ഇന്ദിരാഗാന്ധി, സിഖുകളായ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചപ്പോൾ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും രാജീവ് ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് നിർബന്ധിച്ചാനയിച്ചു. രാജീവിന് ഇന്ത്യയെ നയിക്കാനുള്ള കഴിവുണ്ടാവുമെന്ന് കോൺഗ്രസ്സ് പ്രവർത്തകർ വിശ്വസിച്ചു. പ്രധാനമന്ത്രി പദം സ്വീകരിച്ച രാജീവ് ഗാന്ധി കോൺഗ്രസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയായ അദ്ദേഹം പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ഇന്ദിരാ ഗാന്ധിയുടെ മരണം ഉണർത്തിവിട്ട സഹതാപ തരംഗത്തിൽ, 1984ലെ ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇന്ത്യൻ പാർലമെന്റിലെ എക്കാലത്തെയും വലിയ ഭൂരിപക്ഷമായ 540 അംഗ സഭയിൽ 405 സീറ്റുകൾ ലഭിച്ചു. ഇന്ദിരയുടെ മരണത്തിനും സിഖ് വിരുദ്ധ കലാപങ്ങൾക്കും പിന്നാലെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നു. ഇന്ദിരയുടെ മരണം ഉണർത്തിവിട്ട ഞെട്ടലിലും രാജീവ് തരംഗത്തിലും നടന്ന ആ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് രണ്ടു സീറ്റുകൾ മാത്രമേ ലഭിച്ചിരുന്നുളളൂ.

ഭരണരംഗത്ത് രാജീവ് ഗാന്ധിയുടെ പല നടപടികളും ഇന്ദിര തിരഞ്ഞെടുത്ത പാതയിൽനിന്നു വേറിട്ടതായിരുന്നു. ഇന്ദിരയുടെ കാലത്ത് റഷ്യയുമായുള്ള അടുത്ത സൗഹൃദത്തിന്റെ പേരിലും സോഷ്യലിസ്റ്റ് ഭരണരീതികളുടെ പേരിലും ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം ഒട്ടുംതന്നെ സൗഹാർദ്ദപരമായിരുന്നില്ല. പക്ഷെ രാജീവ് അമേരിക്കയുമായുള്ള ബന്ധം ഊഷ്മളമാക്കി. നെഹ്രുവിനു ശേഷം ചൈന സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി ഇന്ത്യാ-ചൈന ബന്ധത്തിലെ സംശയങ്ങളും വിശ്വാസമില്ലായ്മയും ഒരളവുവരെ പരിഹരിച്ചു.

1984 ലെ സിഖു-വിരുദ്ധ കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാനുള്ള അഭ്യർത്ഥനകളെല്ലാം തന്നെ രാജീവ് തള്ളിക്കളഞ്ഞു. പഞ്ചാബിൽ വീണ്ടും സംഘർഷങ്ങൾ ഉണ്ടായിക്കാണാൻ രാജീവ് ഇഷ്ടപ്പെട്ടിരുന്നില്ല. പഞ്ചാബിലെ തീവ്രവാദത്തെ അടിച്ചമർത്തുന്നതിനായി രാജീവ് ഗാന്ധി സൈന്യത്തിനും പൊലീസിനും വിശാലമായ അധികാരങ്ങൾ നൽകിയിരുന്നു. ഈ കാലയളവിൽ പഞ്ചാബ് നിയന്ത്രിച്ച കെ.പി.എസ് ഗില്ലിന്റെ കീഴിലുള്ള പൊലീസിനെതിരെ ഒരുപാട് മനുഷ്യാവകാശ ലംഘന പരാതികൾ ആരോപിക്കപ്പെട്ടിരുന്നു കാരണം, കസ്റ്റഡി മരണങ്ങളും ‘ഏറ്റുമുട്ടൽ മരണങ്ങളും’ യുവാക്കളെ കാണാതാവുന്നതും ആ കാലയളവിൽ അവിടെ സാധാരണമായിരുന്നു. എങ്കിലും പിന്നീട് പതിയെ തീവ്രവാദം നിയന്ത്രണത്തിലാവുകയും ഒടുവിൽ കെട്ടടങ്ങുകയും ചെയ്തു.

1948 ഫെബ്രുവരി 4 നാണ്‌ ശ്രീലങ്ക, കോമൺവെൽത്ത് ഓഫ് സിലോൺ എന്ന പേരിൽ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായത്. 1972ൽ ശ്രീലങ്ക എന്നാക്കി മാറ്റുന്നത് വരെ ‘സിലോൺ’ എന്നായിരുന്നു ശ്രീലങ്കയുടെ ഔദ്യോഗിക നാമം. ശ്രീലങ്കയിലെ ഭൂരിപക്ഷ ജനവിഭാഗമായ സിംഹളരും ന്യൂനപക്ഷരായ കുടിയേറ്റ ഇന്ത്യൻ വംശജരായ തമിഴരും തമ്മിൽ വർഷങ്ങളായി നടക്കുന്ന ആഭ്യന്തര സംഘർഷമാണ് ശ്രീലങ്കയിലെ വംശീയ കലാപം. തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം വേണമെന്നു വാദിക്കുന്ന തമിഴ് ഈഴം വിമോചന പുലികളും ( Liberation Tigers of Tamil Eelam – LTTE, തമിഴ് പുലികൾ) ശ്രീലങ്കൻ സർക്കാരും തമ്മിലുള്ള ആഭ്യന്തരയുദ്ധമാണ് ഈ വംശീയ കലാപത്തിന്റെ അടിസ്ഥാനം. എൽ.ടി.ടി.ഇ (LTTE) എന്ന് പൊതുവെ അറിയപ്പെടുന്ന സൈനിക സംഘടനയുടെ സ്വഭാവമുള്ള ഈ തീവ്രവാദ രാഷ്ട്രീയ കക്ഷി, 1976ൽ ശ്രീലങ്കയിൽ പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ വേലുപ്പിള്ള പ്രഭാകരൻ എന്നയാൾ സ്ഥാപിച്ചതാണ്.

ബ്രിട്ടീഷ് കോളോണിയൽ ഭരണത്തിൽ നിന്നും ശ്രീലങ്ക മോചിതമായ 1948 മുതൽ ഈ ചെറുദ്വീപ് രാജ്യത്തിൽ വംശീയ സംഘർഷങ്ങൾ തലപൊക്കിയിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഭൂരിപക്ഷ ജനതയായ സിംഹളർക്ക് കൂടുതൽ പരിഗണനകൾ ലഭിക്കുന്നതായി പരാതിയുയർന്നു. തുടക്കത്തിൽ ഇത്തരം പരാതികൾ പരിഹരിക്കുവാൻ ശ്രമം നടത്തിയിരുന്നുവെന്നത് വാസ്തവമാണ്. എന്നാൽ പിന്നീട് സുപ്രധാന സർക്കാർ തസ്തികകൾ പലതും സിംഹള ഭൂരിപക്ഷം, സർക്കാരിന്റെ മൗനാനുവാദത്തോടെ കയ്യടക്കി. എല്ലാ രംഗത്തും സിംഹളരെയും സിംഹള ഭാഷയും അവരോധിക്കാനുള്ള ശ്രമം തമിഴർക്കും തമിഴ് ഭാഷക്കും അവസരങ്ങൾ ഇല്ലാതാക്കി. തൊഴിലവസരങ്ങളും ഉപരിപഠനാവസരങ്ങളും നഷ്ടപ്പെട്ടതും കടുത്ത വിവേചനങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നതും തമിഴ് ജനതയുടെ ഹൃദയത്തെ വളരെയധികം വൃണപ്പെടുത്തുവാൻ തുടങ്ങി.

എന്നാൽ ഭൂരിപക്ഷ പരിഗണന എന്ന ആരോപണത്തെ സിംഹളർ ന്യായീകരിച്ചു. ബ്രിട്ടീഷ് കോളോണിയൽ ഭരണകാലത്ത് സജീവമായിരുന്ന വിദേശ മിഷണറിമാരുടെ സ്ഥാപനങ്ങൾ അധികവും തമിഴർക്ക് ഭൂരിപക്ഷമുള്ള വടക്കു കിഴക്കൻ മേഖലയിലായിരുന്നുവെന്നും ഇതുമൂലം സിംഹളരേക്കാൾ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ തമിഴർക്കു ലഭിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സിവിൽ സർവീസ്, നിയമനിർമ്മാണ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം ലഭിച്ച തമിഴരായിരുന്നു ആധിപത്യം പുലർത്തിയതെന്നും സിംഹള ജനതയുടെ വക്താക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ പ്രത്യേക പരിഗണനകളൊന്നും ലഭിക്കാതെ കഠിനാധ്വാനത്തിലൂടെയാണ് തങ്ങൾ ഉന്നതങ്ങളിലെത്തിയതെന്നു തമിഴരും വാദിച്ചു.

1956ൽ പാസാക്കിയ സിംഹള നിയമമാണ് (Sinhala Only Act) തമിഴ്-സിംഹള സംഘർഷങ്ങളുടെ തീവ്രത കൂട്ടാൻ പ്രധാന കാരണമായത്. സിംഹള ഭാഷയെ ശ്രീലങ്കയുടെ ഏക ഔദ്യോഗിക ഭാഷയാക്കുക, സിംഹള ഭാഷക്കാർക്ക് സർക്കാർ ജോലികൾ സംവരണം ചെയ്യുക, സർവ്വകലാശാലകളിലെ പ്രവേശന മാനദണ്ഡങ്ങളിൽ സിംഹള ജ്ഞാനം കർശനമാക്കുക എന്നിവയായിരുന്നു ഈ നിയമത്തിന്റെ പ്രധാന സവിശേഷതകൾ. തങ്ങളുടെ തൊഴിലവസരങ്ങളും വിദ്യാഭ്യാസ അവസരങ്ങളും തകർക്കുന്ന നിയമത്തിനെതിരെ തമിഴരുടെ എതിർപ്പ് വളരെ ശക്തമായി.

ശ്രീലങ്കയിൽ തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യമെന്ന വാദം ആദ്യമായി അവതരിപ്പിച്ചത് തമിഴ് ഐക്യ വിമോചന മുന്നണി അഥവാ ടുൾഫ് ( Tamil United Liberation Front – TULF) ആണ്. 1976ലായിരുന്നു ഇത്. വിവിധ തമിഴ് പാർട്ടികളുടെ മുന്നണിയായിരുന്നു ടുൾഫ്. 1977ലെ പൊതുതിരഞ്ഞെടുപ്പിൽ ഇവർ മത്സരിക്കുകയും ശ്രീലങ്കൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ പാർലമെന്റിനുള്ളിൽ വിഘടനവാദം ഉയർത്തുവാൻ ഇവരെ അനുവദിച്ചില്ല. എന്തിനേറെ തമിഴ് രാജ്യവാ‍ദികളെ അയോഗ്യരാക്കുക വരെ ചെയ്തു.

സിംഹള ഭൂരിപക്ഷ രാഷ്ട്രീയത്തിൽ മനം‌മടുത്ത തമിഴ് യുവാക്കൾ ക്രമേണ തീവ്രവാദത്തിലേക്കു നീങ്ങുവാൻ തുടങ്ങി. പുതുതായി രൂപവൽക്കരിച്ച തമിഴ് ഈഴം വിമോചന പുലികൾ (എൽ.ടി.ടി.ഇ) എന്ന തീവ്രവാദ സംഘടനയിലേക്ക് കൂടുതൽ യുവാക്കൾ ആകർഷിക്കപ്പെട്ടു. 1983 ജൂലൈ 23 ആം തീയതി, എൽ.ടി.ടി.ഇ യുടെ മുതിർന്ന നേതാവായിരുന്ന ചാൾസ് ആന്റണിയെ ശ്രീലങ്കൻ സൈന്യം വധിച്ചതിന് പ്രതികാരമായി തമിഴ് പുലികൾ ശ്രീലങ്കയിലെ ജാഫ്നയിലുള്ള ശ്രീലങ്കൻ സൈനിക ക്യാമ്പ് ആക്രമിക്കുകയും പതിമൂന്ന് സൈനികരെ വധിക്കുകയും ചെയ്തു. മരണമടഞ്ഞ വിമതരുൾപ്പടെ മൊത്തം മരണസംഖ്യ പതിനഞ്ചായിരുന്നു. എൽ.ടി.ടി.ഇ യുടെ പ്രാദേശിക കമാൻഡറായിരുന്ന കിട്ടുവിന്റെ നേതൃത്വത്തിലായിരുന്നു ഈ ആക്രമണം. ഈ സംഭവത്തിൽ രോഷാകുലരായ സിംഹളർ തമിഴ് വംശജർക്കെതിരേ കലാപം അഴിച്ചുവിടാൻ തുടങ്ങി.

1983 ജൂലൈ 24നു രാത്രി തലസ്ഥാന നഗരമായ കൊളംബോയിൽ പൊട്ടിപ്പുറപ്പെട്ട കലാപം പിന്നീട് രാജ്യമൊട്ടാകെ കത്തിപ്പടരുകയായിരുന്നു. സിംഹള പൗരന്മാർ, തമിഴരെ എവിടെ കണ്ടാലും അക്രമിക്കാൻ തുടങ്ങി. ഏഴു ദിവസത്തോളം നീണ്ടു നിന്ന കലാപത്തിൽ 3000 ത്തോളം ആളുകൾ മരിച്ചുവെന്ന് കണക്കാക്കപ്പെടുന്നു. എണ്ണായിരത്തോളം വീടുകളും, അയ്യായിരത്തോളം വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. 1,50,000 ത്തോളം ആളുകൾ ഭവനരഹിതരായി. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന ഈ കലാപമാണ് ശ്രീലങ്കയിലെ വംശീയ കലഹം ആളിക്കത്തിച്ചത്. ഇതിനെത്തുടർന്ന് ധാരാളം ശ്രീലങ്കൻ തമിഴ് വംശജർ മറ്റു രാജ്യങ്ങളിലേക്കു ഗദ്യന്തരമില്ലാതെ കുടിയേറാൻ തുടങ്ങുകയും അക്രമങ്ങൾക്കിരയായ നിരവധി ചെറുപ്പക്കാർ, തീവ്രവാദി സംഘടനയായ എൽ.ടി.ടി.ഇ യുടെ ഭാഗമാവുകയും ചെയ്തു.

ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് കുടിയേറിപ്പാർത്ത തമിഴ് വംശജരോടും അവരുടെ ആവശ്യങ്ങളോടും ഇന്ത്യ ചരിത്രപരമായും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദം മൂലവും സഹതാപവും ഒപ്പം ഐക്യദാർഢ്യവും പുലർത്തിയിരുന്നു. തമിഴ് പുലികൾക്ക് ഇന്ത്യ ആയുധവും പരിശീലനവും നൽകുന്നുവെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ഇന്റലിജൻസ് ഏജൻസിയായ റിസർച്ച് ആന്റ് അനാലിസിസ് വിങ് (RAW) തമിഴ് തീവ്രവാദഗ്രൂപ്പുകൾക്ക്, അവരുടെ അഭ്യർത്ഥന പ്രകാരം സൈനിക പരിശീലനവും നൽകിയിരുന്നു. ഇത് ശ്രീലങ്കൻ സിംഹള ജനതയ്ക്കിടയിൽ ഇന്ത്യയോടുള്ള രോഷത്തിനു കാരണമായി.

ശ്രീലങ്കയിൽ സൈന്യവും പുലികളും തമ്മിലുള്ള ഏറ്റുമുട്ടൽ പതിവായതോടെ ജനജീവിതം താറുമാറായി. 1987-ൽ ഇൻഡ്യൻ വ്യോമസേന വിമാനങ്ങൾ ജാഫ്നയിൽ ഭഷ്യസാധനങ്ങൾ ആകാശത്തു നിന്ന് നിക്ഷേപിച്ച് തമിഴരെ സഹായിച്ചു. തമിഴ് പുലികൾക്കുള്ള സഹായവും ഇന്ത്യ തുടർന്നുകൊണ്ടിരുന്നു. ഇതോടെ ശ്രീലങ്ക ഇന്ത്യയുമായി ചർച്ചയാരംഭിച്ചു.1987 ജൂലൈ 29-ന് ഇന്ത്യൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയും, ശ്രീലങ്കൻ പ്രസിഡൻറ് ജയവർധനെയും തമ്മിൽ കരാറുണ്ടാക്കി. ഇതിന്റെ ഫലമായി തമിഴരുടെ പല ആവശ്യങ്ങളും ശ്രീലങ്ക അംഗീകരിച്ചു. തമിഴ് ഔദ്യോഗിക ഭാഷയാക്കി. വടക്കൻ ശ്രീലങ്കയിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഇന്ത്യ സൈന്യത്തെയും (Indian peace keeping force) അയച്ചു. തമിഴ്പുലികളെ ആയുധം വയ്പ്പിക്കുക എന്നതായിരുന്നു ഇതുകൊണ്ടുള്ള ലക്ഷ്യം.

ശ്രീലങ്കൻ പ്രസിഡന്റ് ജയവർധനെയുടെ ആവശ്യപ്രകാരമാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് സമാധാന സംരക്ഷണ സേനയെ അയക്കാൻ തയ്യാറായത്. ഇന്ത്യൻ സൈന്യത്തിന് ശ്രീലങ്കയിൽ നിസ്സാരമായ വിജയം നേടാനാവുമെന്ന് ഇന്റലിജൻസ് സംവിധാനം തെറ്റിദ്ധരിച്ചു. വേലുപ്പിള്ള പ്രഭാകരനെ 72 മണിക്കൂറിനുള്ളിൽ പിടികൂടാം എന്ന് അവർ രാജീവിന് ആത്മവിശ്വാസം നൽകിയിരുന്നു. ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ അനുസരിച്ച് എൽ.ടി.ടി.ഇ, രാജീവ് ഗാന്ധി അയച്ച ഇന്ത്യൻ സമാധാന സൈന്യത്തിനു മുൻപിൽ സമാധാനപരമായി ആയുധങ്ങൾ അടിയറവെയ്ക്കണമായിരുന്നു. എന്നാൽ ഈ നീക്കം തിരിച്ചടിയായി അവർ കീഴടങ്ങാൻ തയ്യാറാവാതെ സ്വതന്ത്ര തമിഴ് രാഷ്ട്രം ഉണ്ടാക്കുക എന്നതിൽ തന്നെ അടിയുറച്ചു നിന്നു, അത് ഒടുവിൽ ഇന്ത്യൻ സൈന്യവും എൽ.ടി.ടി.ഇ. യും തമ്മിൽ ഒരു തുറന്ന യുദ്ധത്തിന് വഴിവെക്കുകയാണ് ചെയ്തത്. ഓപ്പറേഷൻ പവൻ (Operation Pawan) എന്നു പേരിട്ടു വിളിച്ച ഈ യുദ്ധത്തിൽ ആയിരത്തോളം ഇന്ത്യൻ ഭടന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒട്ടേറെ തമിഴ് വംശജർ കൊല്ലപ്പെടുകയും സ്ത്രീകൾ മാനഭംഗത്തിന് ഇരയാവുകയും ചെയ്തു.

ഇന്ത്യൻ സമാധാന സേന എൽ.ടി.ടി.ഇ. യിൽ നിന്ന് പല പ്രദേശങ്ങളും തിരിച്ചുപിടിക്കുകയും എൽ.ടി.ടി.ഇ.യുടെ നിയന്ത്രണത്തിലുള്ള പ്രദേശം ജാഫ്നയിലെ വളരെ ചുരുക്കം ഭാഗങ്ങളായി ചുരുങ്ങുകയും ചെയ്തു. എന്നാൽ ഈ സമയത്ത് ഇന്ത്യൻ സൈനിക നടപടിയോടുള്ള എതിർപ്പ് ശ്രീലങ്കയിൽ ശക്തമാവുകയും ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വവും സർക്കാരും ഇന്ത്യയോട് വെടിനിർത്താൻ ആവശ്യപ്പെടുകയും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഇന്ത്യയെ പിന്മാറാൻ നിർബന്ധിക്കുകയും ചെയ്തു.

1989 ൽ വി.പി.സിങ് സർക്കാർ ഇന്ത്യൻ സമാധാന സംരക്ഷണസേനയെ പിൻവലിക്കുന്നത് വരെ നിർണ്ണയിക്കപ്പെട്ട ലക്ഷ്യത്തിലേക്കെത്താനാകാതെ ഇന്ത്യൻ സൈന്യം അവിടെ പൊരുതുകയായിരുന്നു. ഇന്ത്യയിൽ ജനിച്ച തമിഴ് വംശജർക്കെതിരേ ഇന്ത്യൻ സർക്കാരും ശ്രീലങ്കൻ സർക്കാരും കൂടിച്ചേർന്നു നയിച്ച ഈ സൈനിക നീക്കം പരക്കെ വിമർശിക്കപ്പെട്ടു. ശ്രീലങ്കയിൽ ഇന്ത്യൻ താൽപര്യങ്ങൾക്കെതിരേ ഇസ്രായേൽ-പാകിസ്താൻ സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും, അത് തടയേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും രാജീവ് ഗാന്ധി ലോക സഭയിൽ ഒരു പ്രസ്താവന നടത്തുകയുണ്ടായി. ശ്രീലങ്കയിലെ ഇന്ത്യൻ സമാധാന സംരക്ഷണ സേനയുടെ ഇടപെടലിനെ ന്യായീകരിക്കാനായിരുന്നു ഇതെന്നു പറയപ്പെടുന്നു. ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിന് തമിഴ് പുലികളുടെ പകവീട്ടലായിരുന്നു 1991ലെ രാജീവ്‌ ഗാന്ധി വധത്തിൽ കലാശിച്ചത്.

ശിവരശൻ എന്ന എൽ.ടി.ടി.ഇ. നേതാവാണ് രാജീവ്‌ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരൻ. 1991ലെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി വിശാഖപട്ടണത്തിലെ തിരഞ്ഞെടുപ്പ് പ്രചാരത്തിനു ശേഷം 1991 മേയ് 21-ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലായിരുന്നു അടുത്ത ജാഥ. മദ്രാസിൽ (ചെന്നൈ) എത്തിയ അദ്ദേഹം വാഹനമാർഗ്ഗം ശ്രീപെരുമ്പത്തൂരിലേക്കു പുറപ്പെട്ടു. നിരവധി പ്രചാരണ വേദികളിൽ നിർത്തുകയും പ്രസംഗിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം പെരുമ്പത്തൂരിലെത്തുന്നത്. വേദിക്കകലെ അദ്ദേഹം കാറിൽ നിന്നിറങ്ങുകയും, വേദിക്കരികിലേക്കു നടന്നു പോകാൻ തീരുമാനിക്കുകയും ചെയ്തു. ജനങ്ങൾ നൽകിയ പൂച്ചെണ്ടുകളും, പൂമാലകളും സ്വീകരിച്ചായിരുന്നു അദ്ദേഹം വേദിക്കരികിലേക്കു നടന്നത്. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി ഗായത്രി രാജരത്നം എന്ന “തനു” എന്ന സ്ത്രീ സ്വയം ആത്മഹത്യാ ബോംബാറായി കൂട്ടാളികളുമൊത്ത് കാത്തുനിന്നത്.

രാജീവിനെ സ്വീകരിക്കാൻ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാൽ രാജീവ് ഗാന്ധി വരുന്ന തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, തനു തന്റെ ശരീരത്തിൽ ചേർത്തു കെട്ടിയ ബോംബുമായി രാജീവിനരികിലേക്ക് എത്തുകയായിരുന്നു. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയർത്തി അനസൂയയെ തടയുകയായിരുന്നു. സമയം ഏകദേശം രാത്രി 10:20 ന് രാജീവിന്റെ കഴുത്തിൽ പൂമാല അണിയിച്ചശേഷം, കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട് തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തി. പിന്നീട് ശക്തമായ സ്ഫോടനമായിരുന്നു. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേർ മരിച്ചു. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്.

താൻ വീണ്ടും അധികാരത്തിലെത്തിയാൽ ശ്രീലങ്കയിൽ സമാധാനം പുനസ്ഥാപിക്കാൻ വീണ്ടും സമാധാന സംരക്ഷണ സേനയെ അയക്കുമെന്ന് 1990 ഓഗസ്റ്റ് 21 ന് സൺഡേ മാസികക്കു നൽകിയ ഒരു അഭിമുഖത്തിൽ രാജീവ്‌ പ്രസ്താവിച്ചിരുന്നു. ഇതുകൊണ്ടാണ്, രാജീവ് ഗാന്ധിയെ വധിക്കാൻ തമിഴീഴ വിടുതലൈപ്പുലികൾ തീരുമാനിച്ചതെന്ന് കേസിന്റെ വിചാരണവേളയിൽ സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. ശ്രീപെരുമ്പത്തൂരിൽ രാജീവ് ഗാന്ധിക്കായി ഏർപ്പെടുത്തിയ സുരക്ഷാ നടപടികൾ തികച്ചും തൃപ്തികരമായിരുന്നുവെന്നും, എന്നാൽ പ്രാദേശിക കോൺഗ്രസ്സ് നേതാക്കളുടെ ചില ഇടപെടലുകൾ സുരക്ഷാ വീഴ്ചകൾ ഉണ്ടാക്കിയെന്നും ഇതേക്കുറിച്ചന്വേഷിച്ച ജസ്റ്റീസ് ജെ.എസ്.വർമ്മ കമ്മീഷൻ കണ്ടെത്തി. തമിഴ്നാട് സന്ദർശനത്തിനിടെ രാജീവിന്റെ ജീവന് ഭീഷണിയുണ്ടായേക്കാമെന്ന് അദ്ദേഹത്തിനു നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു. തമിഴ്നാട് ഗവർണറായിരുന്ന ഭീഷ്മ നാരായൺ സിങ്, രാജീവ് ഗാന്ധിയുടെ ജീവനു നേരേയുള്ള ഭീഷണിയെക്കുറിച്ച് അദ്ദേഹത്തെ മുൻകൂട്ടി അറിയിച്ചിരുന്നു.

പിന്നീട് അധികാരത്തിലെത്തിയ ചന്ദ്രശേഖർ സർക്കാർ, അന്വേഷണം സി.ബി.ഐ ക്കു വിടുകയുണ്ടായി. ഡി.ആർ.കാർത്തികേയന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. കൊലപാതകത്തിന്റെ ആസൂത്രണവും നടത്തിപ്പും എൽ.ടി.ടി.ഇ ആണെന്നു അന്വേഷണ സംഘം കണ്ടെത്തി. സുപ്രീം കോടതി ഈ കണ്ടെത്തൽ സ്ഥിരീകരിക്കുകയും ചെയ്തു. 1999 മേയ് 11-ന് ഇന്ത്യൻ സുപ്രീം കോടതി, രാജീവ്‌ ഗാന്ധി വധക്കേസിലെ 26 പേരിൽ നാലു പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് വിവിധ കാലയളവിലുള്ള ജയിൽ വാസവും വിധിച്ചു. 2006 വരെ എൽ.ടി.ടി.ഇ രാജീവ്‌ ഗാന്ധി വധത്തിന്റെ ഉത്തരവദിത്ത്വം ഏറ്റെടുത്തിരുന്നില്ല. 2006-ൽ എൽ.ടി.ടി.ഇ സമാധാന മധ്യസ്ഥൻ ആന്റൺ ബാലസിൻഗ്ഗം, രാജിവ് ഗാന്ധി വധത്തിൽ ഖേദിക്കുന്നതായി സ്വകാര്യ ഇന്ത്യൻ ടെലിവിഷൻ ചാനലിനുള്ള ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. വർഷങ്ങൾക്കു ശേഷം 2010 ഡിസംബർ 13-ന് മുൻ എൽ.ടി.ടി.ഇ പ്രവർത്തകനും മുൻ ശ്രീലങ്കൻ വൈസ് പ്രെസിഡന്റുമായ വിനായകമൂർത്തി മുരളീധരൻ കുറ്റസമ്മതം നടത്തുകയുണ്ടായി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply