കുളിർമലയിലെ ഹനുമാൻ പാദം തേടി കൂട്ടുകാരുമൊത്തൊരു യാത്ര…

യാത്രാവിവരണം – Muhammed Rafeeq Anamangad.

അങ്ങനെ ഞമ്മടെ ആ ദിവസം വന്നെത്തി ശനിയാഴ്ച്ച രാത്രി….അത് പലപ്പോഴും ഉറക്കം കളയുന്ന രാത്രിയാണ്…എങ്ങനെ ഉറങ്ങാൻ നോക്കിയാലും ഉറക്കം വരാത്ത രാത്രികൾ, ഓരോ മണിക്കൂറിലും വാച്ചിൽ അല്ലെങ്കിൽ മൊബൈൽ ഫോണിൽ സമയം നോക്കുന്ന രാത്രികൾ… ഇതിനെല്ലാം കാരണം അവനാണ് ‘ഞായർ’ അതൊരു ജിന്നാണ്‌, എന്നെ ഏതങ്കിലും മലയുടെ മുകളിൽ എത്തിക്കുന്ന ജിന്ന്..

അങ്ങനെ ആ ജിന്നിന്റെ കൽപ്പന പ്രകാരം എന്റെ വാട്ട്സ്ആപ് സ്റ്റാറ്റസ് ഞാൻ അപ്ഡേറ്റ ചെയ്തു, “നാളെ കുളിർ മലയിലെ സൂര്യോദയം കാണാൻ ഇറങ്ങുന്നുണ്ട്, ആരെങ്കിലും കൂടുന്നോ…” സ്റ്റാറ്റസ് ഇട്ട് സെക്കൻഡുകൾ ആയില്ല ,യാത്രാ ചങ്ക്കുകളും അല്ലാത്തവരും ആയി ഒരുപാട് മെസ്സേജുകൾ, എല്ലാർക്കും അറിയേണ്ടത് ഇതെവിടെ സ്ഥലം എന്നായിരുന്നു, സംഭവം ഞാനും ഇൗ മലയുടെ പേര് ഇതാണ് എന്നത് ഈ അടുത്താണ് അറിയുന്നത്.. പക്ഷേ മഴക്കാലത്ത് പച്ച കുപ്പായം അണിഞ്ഞ് എന്നെ ഒരുപാട് കൊതിപ്പിച്ചു കളഞ്ഞിട്ടുണ്ട്, പക്ഷേ വേനൽ ആയാൽ പടച്ചോൻ ആ കുപ്പായം അങ്ങ് കത്തിച്ചു കളയാറാണ് പതിവ്, പതിവ് തെറ്റിയില്ല ഇൗ വർഷവും അത് തന്നെ സംഭവിച്ചു. പക്ഷേ വേനൽ മഴ തകർത്തതോടെ അതിക നാൾ കാത്തിരിക്കേണ്ടി വന്നില്ല, അവൽ വീണ്ടു അവളുടെ പച്ച കുപ്പായം എടുത്ത് അണിഞ്ഞു.

മുമ്പ് കുളിർ മല നമുക്കൊന്ന് കയറണം എന്ന് പ്ലാൻ ഇട്ട ഷബീബ് ന് വിളിച്ച്, ആശാൻ റെഡി, കൂടെ പോസ്റ്റ് മാൻ അഫ്സൽ ഉം ഉണ്ട് എന്ന് പറഞ്ഞപ്പോ ഉള്ളിൽ ചെറിയ ഒരു പേടി, സൂര്യോദയം കാണൽ സൂര്യാസ്തമയം ആക്കാൻ കഴിവുള്ള ആളാണ്.. പിന്നെ നമ്മുടെ ത്രിമൂർത്തികൾ ഉദീഷ്,രാജേഷ്, സുനേഷ് ഉണ്ട് എന്ന് ഷബീബ് പറഞ്ഞിരുന്നു, കൂടാതെ സ്റ്റാറ്റസ് കണ്ട അജിഷ്‌ ന്റെ മറുപടി ഇതയിരുന്നു, ഞാൻ എപ്പോ, എവിടെ എത്തണം..എല്ലാവരോടും രാവിലെ 5.30 ക്ക് പെരിന്തൽമണ്ണ മനഴി സ്റ്റാൻഡിൽ എത്താൻ പറഞ്ഞ് ഉറക്കം കെടുത്തുന്ന അ രാത്രി ഞാൻ തള്ളി നീക്കി.

പുലർച്ച അത്താഴത്തിന് എണീറ്റ് ഫോൺ നോക്കിയപ്പോൾ 2 മിസ്സ്കോൾ , സ്റ്റാറ്റസ് കണ്ട് രാത്രി വിളിച്ച മുസ്തഫ ആണ്, തിരിച്ച് വിളിച്ചു ‘ഞാനും പോരട്ടെ” എന്ന് ചോദിച്ചപ്പോൾ അഞ്ച് മണിക്ക് റോട്ടിൽ വരാൻ പറഞ്ഞ് ഞാൻ അത്താഴം കഴിച്ച് ഇറങ്ങി. അങ്ങനെ 5 മണിക്ക് മുസ്തഫയെ എടുത്തു മനഴി സ്റ്റാൻഡ് ലക്ഷ്യമാക്കി നീങ്ങി, 5.30 ന് ഞങ്ങൾ സ്റ്റാൻഡിൽ എത്തി, കൂടെ കൂട്ടിന് ചന്ദ്രനും ഒപ്പം ഒരു നക്ഷത്രവും, 5.45 ആയിട്ടും ആരും വരാത്തത് കൊണ്ട് ഞങ്ങൾ മല കയറാൻ തുടങ്ങി, സത്യത്തിൽ എനിക്ക് വഴി അറിയില്ല…സ്റ്റാൻഡിന് ചേർന്ന് കുത്തനെ ഉള്ള മലയാണ്, അത് കൊണ്ട് കയറാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതി വന്നതാണ് പക്ഷേ കുറച്ച് മുമ്പോട്ട് പോയപ്പോൾ വഴി ഇല്ല, പോരാത്തതിന് ഒരു തരം മുൾ ചെടിയും കൂടെ കൊച്ചിയിൽ എത്തിയോ എന്ന് സംശയം ഉയർത്തിയ കൊതുക് കടിയും. ആ വഴി നടപടി ഇല്ല എന്ന് കണ്ടപ്പോൾ ഞങ്ങൾ തിരിച്ചു പോന്നു, ഉടൻ അജിശ്‌ന്റെ കോൾ അവൻ പെരിന്തൽമണ്ണ എത്തിയിട്ടുണ്ട്, അങ്ങനെ അവനെം കൂട്ടി ഞങ്ങൾ മൂന്ന് പേരും കൂടി മറ്റൊരു വഴി തേടി ഇറങ്ങി.

അവിടെ അടുത്ത് ഒരു പള്ളിയുണ്ട്, അതിന് ഒരു വശത്ത് കൂടി ഒരു വഴി കണ്ട് അതിലൂടെ കയറി…ഇൗ വഴി ഞങ്ങളെ ലക്ഷ്യം കാണിക്കും എന്ന് കരുതി നടക്കുമ്പോൾ ആണ്, ദാണ്ടെ മുമ്പിൽ ഒരു കമ്പി വേലി, ഭാഗ്യത്തിന് വയ്യാ വേലി ആയില്ല… ഒരു വശം പൊളിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു അതിലൂടെ ഞങൾ കയറി… ഇനിയങ്ങോട്ട് കുത്തനെ ഉള്ള കയറ്റമാണ്, കയറുമ്പോൾ അതേ സ്പീഡിൽ താഴെ പോരുന്നു, പാറയിൽ ചരൽ ഉള്ളത് കൊണ്ട് കുത്തനെ മല കയറാൻ നല്ല വണ്ണം ബുദ്ധിമുട്ടി, പിന്നെ മ്മടെ താമരശ്ശേരി ചുരം കയറുന്ന പോലെ വളഞ്ഞു തിരിഞ്ഞു ഞങൾ കയറി, പകുതി എത്തിയപ്പോൾ മുകളിൽ കോട മഞ്ഞ് കുളിർ മലയെ തഴുകി നീങ്ങുന്ന കാഴ്ച്ച, കൂടെ ദൂരെ കൊടികുത്തി മല തലയുയർത്തി നിക്കുന്നു. വീണ്ടും മല കയറി ഞങൾ കുളിർ മലയുടെ മുകളിൽ എത്തി.

കോട മഞ്ഞിന്റെ താഴെ പെരിന്തൽമണ്ണ നഗരത്തിന്റെ കാഴ്ച്ച വളരെ മനോഹരമാണ്. നല്ല മഴക്കാർ ഉള്ളത് കൊണ്ട് ഇന്ന് സൂര്യൻ പണി മുടക്കും എന്ന് ഉറപ്പായി, കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ വന്നു, ബാക്കിയുള്ളവർ താഴെ എത്തിയിട്ടുണ്ട് ഞാൻ വഴി പറഞ്ഞു കൊടുത്ത്, പിന്നെ കുളിർ മല ഞങ്ങളെ അങ്ങ് കുളിരണിയിച്ചു , കോട മഞ്ഞ് വന്നു ഞങളെ തലോടി കൊണ്ടിരുന്നു, കിഴക്ക് കൊടികുത്തി മലയുടെ മുകളിൽ നിന്ന് സൂര്യൻ ഉദിക്കും എന്ന പ്രദീക്ഷയിൽ ഞാൻ സ്ഥിരം കലാ പരിപാടി ആയ ടൈം ലപ്സ് വീഡിയോ സെറ്റ് ആക്കി വെച്ചു, അങ്ങനെ ലേറ്റ് കമേഴ്സ് ഓരോരുത്തരായി മല മുകളിൽ എത്തി, പക്ഷേ സൂര്യൻ മാത്രം വന്നില്ല… ഞാൻ വീഡിയോ ഓഫ് ആക്കി, ഇവരെ കൂടാതെ പുതിയ ഓരാൾ കൂടി വന്നിട്ടുണ്ട് പേര് റമീസ് ഞങൾ കുളിർ മലയുടെ മുകളിലൂടെ നടന്നു, മുകളിൽ നിരപ്പായ സ്ഥലം ആണ്, മഞ്ഞ് തുള്ളികൾ വീണ പച്ചപ്പുല്ലും വകഞ്ഞു മാറ്റി ഞങ്ങൾ നടന്നു.

നമ്മടെ ത്രിമൂർത്തികൾ മുമ്പ് സ്കൂൾ പഠന കാലത്ത് സ്കൂൾ കട്ട്‌ ചെയ്ത് ഇതിന് മുകളിൽ കയറിയ കഥയൊക്കെ ഇടക്ക് തള്ളുന്നുണ്ട്… ശരിക്കും കുളിർ മല ഇതല്ല അപ്പുറത്ത് കാണുന്ന മലയാണ്, അവിടെ ഹനുമാന്റെ കാൽപാദം ഉണ്ട് എന്നും പറഞ്ഞു ഉദീഷ്‌ ഞങ്ങൾ അങ്ങോട്ട് കൊണ്ട് പോയി. പെരിന്തൽമണ്ണ പാലക്കാട് ഹൈവേയുടെയും പെരിന്തൽമണ്ണ പാലക്കാട് ബൈപാസിന്റെയും ഇടയിൽ ആണ് കുളിർ മല സ്ഥിതി ചെയ്യുന്നത്. മുകളിൽ നിന്നും പെരിന്തൽമണ്ണയിലെ എല്ലാ ഭാഗവും കാണാം.

അങ്ങനെ ഹനുമാന്റെ കാൽപാദം തേടി ഞങ്ങൾ കുളിർ മലയുടെ രണ്ടാമത്തെ ഭാഗത്തിലേക്ക് നീങ്ങി, ഒരു ഭാഗം നല്ല പുൽമേടുകൾ ആണെങ്കിൽ ഇത് ഫുൾ കാടാണ്, ഇൗ അടുത്ത കാലത്തൊന്നും മനുഷ്യർ കാലുകുത്തിയിട്ടില്ല എന്ന് മനസ്സിലായി, കാരണം വഴിയൊന്നും ഇല്ല, മുന്നിൽ അഫ്സൽ വഴി ഉണ്ടാക്കി പോകുന്നുണ്ട് പിന്നാലെ ഞങ്ങളും, ഉദ്ധീഷിന്റെ ഹനുമാൻ കാൽപാദം ആണ് മുമ്പോട്ടുള്ള ഊർജ്ജം, പകുതി എത്തിയപ്പോൾ വഴി മുട്ടി വഴികാട്ടി അഫ്സൽ അവിടെ നിന്നു, പിന്നെ പുറകിൽ നിന്നും സുനേഷിന്റെ മാസ്സ് എൻട്രി ,ഇതൊക്കെ പണ്ട് നമ്മൾ എത്ര കയറിയതാണ് എന്ന മട്ടിൽ ആശാൻ പുതിയ വഴികൾ തെളിച്ച് ഞങളെ മുമ്പോട്ട് നയിച്ച്, അങ്ങനെ പെരിന്തൽമണ്ണ നഗരം മുഴുവൻ കാണാവുന്ന ഒരു പാറയിൽ ഞങ്ങൾ ഇരിപ്പുറപ്പിച്ചു. പക്ഷേ ഞങ്ങളെ നിരാശപ്പെടുത്തിയത് മറ്റൊന്നും അല്ല ഹനുമാൻ കഥയിലെ കൽപാട് കണ്ടെത്താന് ഞങ്ങൾക്കായില്ല.പിന്നെ അത് ഉദ്ധീഷ് തള്ളിയതാണ് എന്ന് പറഞ്ഞു മുസ്തഫ മക്കരാക്കാൻ തുടങ്ങി…

എന്തായാലും മലമുകളിൽ നിന്നുള്ള നഗര കാഴ്ച്ച പുതിയ ഒരു അനുഭവം ആയിരുന്നു, നമുക്ക് അറിയാവുന്ന നഗരം ആയതിനാൽ ഓരോ ബിൽഡിംഗ് നോക്കി ഓരോരുത്തരും നന്നായി തള്ളി മറിക്കുന്നുണ്ട്… ഹോസ്പിറ്റൽ സിറ്റിയുടെ യശസ്സ് ഉയർത്തി മൗലാനയും,അൽഷിഫയും കൂടെ സിറ്റിയിലെ ഉയരം കൂടിയ ബിൽഡിംഗ് ഹോട്ടൽ ഹൈട്ടനും , വാവാസ് മാളും, ടൗൺ ജുമാ മസ്ജിദും , കാദർ അലി ഫുട്ബാൾ അരങ്ങ് വാഴുന്ന നെഹ്റു സ്റ്റേഡിയം, ദൂരെ മാലാപ്പറമ്പിലെ MES മെഡിക്കൽ കോളേജും, അങ്ങാടിപ്പുറം B &G Centre , രാമപുരം Gems college.. അങ്ങനെ ഒരുപാട് കാഴ്ചകൾ…ഒരിക്കൽ രാത്രി ഇവിടെ വരണം എന്നിട്ട് പ്രകശപൂരിതമായ പെരിന്തൽമണ്ണ നഗരം കാണണം എന്ന് മനസ്സിൽ ഉറപ്പിച്ചു.

ത്രിമൂർത്തികൾ സമയപരിമിധി മൂലം നേരത്തെ മലയിറങ്ങി…വന്ന വഴി അല്ല ഇറങ്ങുന്നത് പെരിന്തൽമണ്ണ ഹൗസിംഗ് കോളനിയിലെ ക്ക്‌ ആണ്.. അവിടെ നിന്നു മനഴി സ്റ്റാൻഡ് വരെ നടക്കണം , നാട്ടിൽ കാണാൻ കിട്ടാത്ത തുമ്പപ്പൂ ഇവിടെ ധാരാളം ഉണ്ട്, കുറച്ച് ഫോട്ടോ പിരാന്ത്‌ ഉള്ളത് കൊണ്ട് കൊറേ തുമ്പപ്പൂ പറിച്ച് ഞാൻ ഫോട്ടോ പിടുത്തം തുടങ്ങി . കുറച്ച് കഴിഞ്ഞ് ഞങ്ങളും ഇറങ്ങാൻ തുടങ്ങി, വന്ന വഴി തിരിച്ച് പോകാൻ കുറച്ച് ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഞങ്ങളും കോളനിയിലേക്ക് ഇറങ്ങി, പിന്നെ അങ്ങോട്ട് സ്റ്റാൻഡിലേക്ക് 1 km നടക്കാനുണ്ട്. നഗര മധ്യത്തിൽ കുളിരണിയിക്കുന്ന കുളിർ മല കയറാൻ വൈകിയത് വലിയ നഷ്ട്ടം ആയി തോന്നി, എന്നാലും കുളിർ മല സമ്മാനിച്ച കാഴ്ചകളും കൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു.

ഇനി കാത്തിരിപ്പാണ് ആറു ദിവസത്തെ ഇടവേള കഴിഞ്ഞുള്ള ജിന്നിന്റെ വരവിനായുള്ള കാത്തിരിപ്പ്.

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply