‘വഴിമാറിക്കൊടുത്ത് ‘പാസഞ്ചര്‍ തീവണ്ടി; വിദ്യാര്‍ഥികള്‍ വീട്ടിലെത്തുന്നത് രാത്രി

നൂറുകണക്കിന് വിദ്യാര്‍ഥികളെയും അവരെ കാത്തുനില്‍ക്കുന്ന രക്ഷിതാക്കളെയും ആശങ്കയിലാക്കി മംഗളൂരു-കണ്ണൂര്‍ പാസഞ്ചര്‍ വീണ്ടും ക്രൂരത കാട്ടി.

ചരക്കുവണ്ടിക്കും എന്‍ജിനും ദീര്‍ഘദൂരവണ്ടിക്കും വഴിമാറിക്കൊടുത്ത് പാസഞ്ചര്‍ മണിക്കൂറുകള്‍ വഴിയില്‍ നിര്‍ത്തിയിട്ടു. വൈകീട്ട് ആറരയ്ക്ക് പള്ളിക്കരയിലെ വീട്ടിലെത്തേണ്ട കോളേജ് വിദ്യാര്‍ഥിനി നിതുന നീലേശ്വരത്തിറങ്ങിയത് രാത്രി എട്ടു മണിക്ക്. മഞ്ചേശ്വരം കോളേജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥി വിവേക് തമ്പാന്‍ വാഴക്കുന്നിലെ വീട്ടിലെത്തിയത് ഒന്‍പത് മണിക്ക് ശേഷം.

കോളേജ് വിദ്യാര്‍ഥികള്‍ അവരുടെ ദുരിതം പറയുന്നു: വ്യാഴാഴ്ച വൈകീട്ട് 5.10ന് വണ്ടി മഞ്ചേശ്വരം എത്തി. കണ്ണൂര്‍ ഭാഗത്തേക്കുള്ള നൂറിലധികം വിദ്യാര്‍ഥികള്‍ കയറി. കൃത്യസമയം പാലിച്ച് കുമ്പളയിലേക്ക്. പാസഞ്ചര്‍ കുമ്പളയില്‍ പിടിച്ചിട്ടു. ആദ്യം ഒരു ചരക്ക് വണ്ടി പോയി. പിന്നീട് ബിക്കാനീര്‍ എക്‌സ്​പ്രസിന് വഴിമാറിക്കൊടുത്തു. 5.20ന് കുമ്പള വിടേണ്ട വണ്ടി വിട്ടത് ആറരയ്ക്ക്.

വണ്ടി കാസര്‍കോട് എത്തി പുറപ്പെടുമ്പോള്‍ ഉള്ളില്‍ നേരിയ ആശ്വാസം. 6.10ന് കാഞ്ഞങ്ങാട് എത്തേണ്ട വണ്ടി എത്തിയത് 7.10ന്. പക്ഷേ കാഞ്ഞങ്ങാട് ഔട്ടറില്‍ പിടിച്ചിട്ടപ്പോള്‍, അപകടം മണത്തു. മാവേലി എക്‌സ്​പ്രസിന് പോകാന്‍ പാസഞ്ചര്‍ പിടിച്ചിട്ടത് 40 മിനുട്ട്. ചെറിയ സ്റ്റേഷനില്‍ ഇറങ്ങേണ്ടവരായിരുന്നു അധികവും. 40 മിനുട്ട് കഴിഞ്ഞ് വിടുമ്പോള്‍ മിക്കവരും അവശരായിരുന്നു.

മഞ്ചേശ്വരം കോളേജില്‍ പഠിക്കുന്ന ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ആശ്രയിക്കുന്നത് 5.10നു മഞ്ചേശ്വരം എത്തുന്ന ഈ പാസഞ്ചറിനെയാണ്. പയ്യന്നൂര്‍ വരെ എത്തേണ്ട വിദ്യാര്‍ഥികളുണ്ട് ഇതില്‍. അധികവും പെണ്‍കുട്ടികളുമാണ്.

അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ വിവേക് തമ്പാന്‍ രാത്രി ഒന്‍പതു മണിക്കാണ് വീട്ടിലെത്തിയത്. തൃക്കരിപ്പൂരിലിറങ്ങിയ നിസാദി ഹനീഫ്, അഖില്‍ പിലിക്കോട്, ജിതിന്‍ തുടങ്ങിയവരും ദുരിതം നന്നായി അനുഭവിച്ചവരാണ്.

നീലേശ്വരം ചായ്യോം സ്വദേശിയായ ആതിര വളരെ വിഷമിച്ചുപോയി. കാരണം രാത്രി എട്ടു മണിക്ക് ശേഷം ബസില്ലാത്തതിന്റെ ദുരിതവും ഈ വിദ്യാര്‍ഥിനി ഏറ്റുവാങ്ങി. ഏഴാംമൈല്‍ തട്ടുമ്മല്‍ സ്വദേശിയായ ജയനാഥിനെക്കാള്‍ വിഷമിച്ചത് വീട്ടുകാരാണ്. വളരെ വൈകിയാണ് ജയനാഥ് എത്തിയത്.

വളരെ വൈകിയതിനാല്‍ വിദ്യാര്‍ഥികളുടെ വീട്ടില്‍ നിന്ന് രക്ഷിതാക്കള്‍ നിരന്തരം വിളിച്ചതായി കോളേജിലെ കോമേഴ്‌സ് വിഭാഗം അധ്യാപകന്‍ സജിത് പലേരി പറഞ്ഞു. പാസഞ്ചര്‍ ദുരിതത്തില്‍ കുടുങ്ങി രാത്രി ഒന്‍പത് മണിക്കാണ് ഈ അധ്യാപകന്‍ തൃക്കരിപ്പൂരില്‍ ഇറങ്ങി വീട്ടിലെത്തിയത്.

Source – http://www.mathrubhumi.com/kasaragod/malayalam-news/kasargode-1.2141166

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply