തിരക്കുകള്‍ മാറ്റിവെച്ച് ഒരു ദിവസം ചെലവഴിക്കാൻ പറമ്പിക്കുളത്തേക്ക് പോകാം…

നഗരത്തിരക്കിലമര്‍ന്ന് ജീവിക്കുന്നവര്‍ക്ക് കാടിന്റെ സ്വച്ഛമായ അന്തരീക്ഷവും വന്യജീവിവിഹാരവും കണ്ടാസ്വദിച്ച് ഒരുദിനം ചിലവിടാനാഗ്രഹിക്കുന്നവര്‍ക്ക് പ്രകൃതി സമ്മാനിക്കുന്ന അവസരമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സങ്കേതം. ഈ വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ് പറമ്പികുളത്തിനടുത്താണ്. തുണക്കടവ് അണക്കെട്ട് പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്. 2010 ഫെബ്രുവരി 19-ന് ഈ വന്യജീവികേന്ദ്രം, കേരളത്തിലെ രണ്ടാമത്തെ കടുവാസം‌രക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു.

പറമ്പിക്കുളം ടൈഗര്‍ റിസര്‍വില്‍ മറ്റ് വന്യജീവിസങ്കേതങ്ങളെ അപേക്ഷിച്ച് മൃഗങ്ങളെ അടുത്ത് കാണാനാകും. ആനകളുടെ താവളം എന്നതിലുപരി പ്രധാനമായും കാട്ടുപോത്ത്, കടുവ, പുലി, മുതല, മ്ലാവ്, മാന്‍, കരിങ്കുരങ്ങ് എന്നീ വന്യജീവികളുടെ കേരളത്തിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയാണ് പറമ്പിക്കുളം വനമേഖല. കണക്ക് പ്രകാരം 28 കടുവകളും 77 പുലികളും ഈ കാട്ടില്‍ അധിവസിക്കുന്നു. കിഴക്ക് തമിഴ്‌നാട്ടിലെ ആനമല വന്യജീവിസങ്കേതവും തെക്ക് പടിഞ്ഞാറായി അതിരപ്പിള്ളി, പീച്ചി, ചിമ്മിണി വനമേഖലകളും വടക്ക് നെല്ലിയാമ്പതി മലനിരകളും അതിരിടുന്നു. നാല് തരം ആദിവാസി ഗോത്രവര്‍ഗ്ഗങ്ങളുടെ പാര്‍പ്പിടമേഖല കൂടിയാണ് പറമ്പിക്കുളം. വിവിധയിനത്തിലുള്ള സസ്യജാലങ്ങൾക്ക് വാസസ്ഥലമാണ് ഇവിടം. മുൻ‌കൂർ അനുവാദം വാങ്ങിയാൽ വനത്തിൽ സാഹസികയാത്രയ്ക്ക് പോവാം. ഇവിടത്തെ തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം ഇവിടെയുള്ള തുണക്കടവ് എന്ന സ്ഥലത്താണ്. ആറാളുകൾ വട്ടം പിടിച്ചാലും കയ്യെത്താത്രയും വലുപ്പമുള്ള ഈ തേക്കു മരത്തിനു 450 വർഷം പഴക്കമുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്.

കേരളത്തിലെ അപൂര്‍വ്വ പക്ഷിമൃഗാദികളും തരുലതാദികളുമാണ് ഇവിടെയുള്ളത്. മലയര്‍, കാടര്‍, മുതുവന്മാര്‍ തുടങ്ങിയ ഗിരിവര്‍ഗ ജനത ഈ കാടുകളില്‍ വസിക്കുന്നു. സിംഹവാലന്‍, കടുവ, വരയാട്, പുള്ളിമാന്‍, ആന, തുടങ്ങി ഒട്ടേറെ മൃഗങ്ങളെ ഈ സങ്കേതത്തില്‍ കാണാം. എണ്ണമറ്റ പക്ഷികളും ചിലന്തികളും ഉരഗ വര്‍ഗ ജീവികളും പറമ്പിക്കുളത്തുണ്ട്. തേക്ക്, ചന്ദനം, ഈട്ടി തുടങ്ങിയ വൃക്ഷങ്ങളാണ് പറമ്പിക്കുളത്തു പ്രധാനമായുള്ളത്. കന്നിമാരി എന്ന പഴക്കമേറിയ തേക്കുവൃക്ഷം ഇവിടെ തലയുയര്‍ത്തിനില്‍ക്കുന്നു.

Photo – Team BHP

പറമ്പിക്കുളം റിസര്‍വോയറില്‍ ബോട്ടു യാത്രയ്ക്ക് സൗകര്യമുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ട്രക്കിംഗ് നടത്തുകയും ചെയ്യാം. പറമ്പിക്കുളം സങ്കേതത്തിന്റെ ആസ്ഥാനമായ തൂണിക്കടവിനടുത്ത് ഒരു വ്യക്ഷഭവനം അഥവാ ട്രീ ഹൗസ് ഉണ്ട്. ഇവിടെ താമസിക്കാന്‍ നേരത്തെ ബുക്കിഗ് നടത്തേണ്ടതുണ്ട്. തൂണക്കടവ്, തെള്ളിക്കല്‍, ഇലത്തോട് എന്നിവിടങ്ങളില്‍ സംസ്ഥാന വനംവകുപ്പ് റസ്റ്റ് ഹൗസുകളിലും താമസസൗകര്യം ലഭ്യമാണ്. ഏറുമാടത്തിൽ താമസിക്കുകയും ജംഗിൾ സഫാരിയിൽ പങ്കെടുത്ത് പുലിയേയും കാട്ടാനയേയും മാനുകളെയുമൊക്കെ നേരിട്ടു കാണുകയും ചെയ്യുവാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. ഫോറസ്റ്റ് ഡെവലപ്മെന്റ് അഥോറിറ്റിയുടെ മിനി ബസ്സ് കാട്ടിലൂടെ സവാരി നടത്തുന്നുണ്ട്. കാടിന്റെ ഭംഗി സുരക്ഷിതമായി കണ്ടാസ്വദിക്കാവുന്ന രസകരമായ ട്രിപ്പാണ് പറമ്പിക്കുളം ജംഗിൾ സഫാരി.

പറമ്പിക്കുളം മേഖലയിൽ രണ്ടു സ്ഥലത്ത് ഏറുമാടങ്ങളുണ്ട്. ഭംഗിയായി കെട്ടിയിട്ടുള്ള മുറികളിൽ കുടുംബ സമേതം സുരക്ഷിതമായി താമസിക്കാം. പറമ്പിക്കുളം പട്ടണത്തിലാണ് ഒരു ഏറു മാടം. തടാകത്തിനു നടുവിലുള്ള ബാംബു ഐലന്റാണ് മറ്റൊന്ന്. തടാകത്തിന്റെ മധ്യത്തിലുള്ള തുരുത്തിൽ കെട്ടിയുണ്ടാക്കിയ ഏറുമാടത്തിന്റെ പേരാണ് ബാംബൂ ഐലന്റ്. പറമ്പിക്കുളം വന മേഖലയിലേക്ക് സന്ദർശകരെ എത്തിക്കാൻ വനം വകുപ്പ് ഏർപ്പാടാക്കിയ പദ്ധതികളെല്ലാം ഇതുപോലെ ആകർഷണമുണ്ടാക്കുന്നവയാണ്.

പാലക്കാട് ജില്ലയിലാണ് പറമ്പിക്കുളം. പക്ഷേ, കാടിനുള്ളിലേക്കുള്ള പ്രവേശന കവാടം തമിഴ്നാട്ടിലാണ്.പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ നിന്നു നെന്മാറ വഴി കൊല്ലങ്കോട്. കൊല്ലങ്കോടു നിന്നു കാമ്പ്രത്തുചള്ളയിലൂടെ ചെമ്മണാംപതി. ചെമ്മണാംപതി ചെക്പോസ്റ്റ് കടന്ന് തമിഴ്നാട്ടിലെ വേട്ടക്കാരൻ പുതൂർ. അവിടെ നിന്നു സേത്തുമട. സേത്തുമട ചെക്പോസ്റ്റിൽ സഞ്ചാരികൾ പേരു രജിസ്റ്റർ ചെയ്യുക. ആളുകൾക്കും വാഹനങ്ങൾക്കും പ്രത്യേകം പ്രവേശന ഫീസ് കൊടുക്കേണ്ടതായുണ്ട്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ഒരു ബസ് സർവ്വീസ് ഇവിടേക്ക് ലഭ്യമാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ദിവസത്തിൽ ഒരേയൊരു ബസ് സർവ്വീസ് മാത്രമേ ഇവിടെ നിന്നും പറമ്പിക്കുളത്തേക്ക് ഉള്ളൂ. ബസ്സിന്റെ സമയവിവരങ്ങളും റൂട്ടും അറിയുവാനായി – CLICK HERE.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply