കേരളത്തിലെ കാസര്‍കോട് അതിര്‍ത്തിയിലെ എൻമകജെ പഞ്ചായത്തിലെ ഒരു സ്ഥലമാണ് മൈരെ. ആണ് എന്നല്ല ആയിരുന്നു എന്ന് പറയേണ്ടി വരും. കാരണം ആ സ്ഥലത്തിന്റെ പേര്, ‘ഷേണി’ എന്നാക്കിയിരിക്കുകയാണ് ഇപ്പോൾ. ആ തുളു പദം മലയാള ഭാഷയില്‍ അശ്ലീലമാണ് എന്ന് പറഞ്ഞാണ് പേര് മാറ്റിയത് . കാസർഗോഡ് പട്ടണത്തിൽനിന്നും 27 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
എങ്ങനെയാണ് ഈ സ്ഥലത്തിന് മൈരേ എന്ന പേര് വന്നത്? മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായതാണ് മൈരെ. ഇവിടെ മയിലുകൾ നൃത്തമാടിയിരുന്നതിനാലാണത്രെ ഈ സ്ഥലത്തിനു മയൂരപ്പാറ എന്നു വന്നത്. പ്രകൃതിരമണീയമായ ഈ സ്ഥലത്തിനു ഇങ്ങനെയൊരു പേര് വന്നതിൽ ചിലർക്കെങ്കിലും പിൽക്കാലത്തു വിഷമമുണ്ടാക്കി എന്നതാണ് യാഥാർഥ്യം..
എന്നാൽ ആ ഗ്രാമവാസികൾക്ക് ഇത് ഒരു തെറിവാക്കല്ല. തെളിനീരുപോലെ ഒരു കന്നട വാക്ക്. പ്രകൃതി എത്രത്തോളം സുന്ദരിയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന പദം. ആ ഓര്‍മ്മയില്‍ ചില ഭീകരർ തളിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. അതെ കേരളം എന്നും ഭീതിയോടെ കേൾക്കുന്ന എൻഡോസൾഫാൻ എന്ന കീടനാശിനി ദുരിതം വിതച്ച സ്ഥലങ്ങളിൽ ഒന്ന് ഷേണിയാണ്.
ഈ സ്ഥലത്തിൻ്റെ പേര് മാറ്റുന്നതിന് മുൻപ് ഇവിടേക്ക് സ്ഥലം മാറ്റം കിട്ടി വരുന്ന തെക്കൻ ജില്ലക്കാർക്കായിരുന്നു പെടാപ്പാട് അനുഭവിക്കേണ്ടി വന്നിരുന്നത്. ജോലി ചെയ്യുന്ന സ്ഥലം എവിടെയാണെന്ന് എങ്ങനെ മറ്റുള്ളവരോട് പറയും എന്നോർത്ത് അങ്ങനെ സ്ഥലം മാറി വന്നവരെല്ലാം കുറെ വെള്ളം കുടിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഗവണ്മെന്റ് ജോലിക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായത് കൊണ്ടാണ് സ്ഥലത്തിൻ്റെ പേര് മാറ്റുവാൻ ഉന്നതങ്ങളിൽ സമ്മർദ്ദം ഉയർന്നതെന്നാണ് കണ്ടെത്തൽ. അങ്ങനെ മലയാളത്തിന്റെ ഇടയില്‍ കിടന്ന് ശ്വാസം മുട്ടിയ ഒരു തുളു വാക്കിനെ ഗ്രാമത്തിനു പുറത്തുള്ള എല്ലാവരും ചേർന്ന് നാടുകടത്തി എന്ന് വേണമെങ്കിൽ പറയാം. 2013 ലാണ് മൈരേ എന്ന ഈ ഗ്രാമത്തിന്റെ പേര് മാറ്റി ഷേണി എന്നാക്കിയത്.

അവസാനം എടുത്ത സെൻസസ് കണക്കു പ്രകാരം 5080 പേർ മാത്രം താമസിക്കുന്ന ഈ സ്ഥലത്തു 2514 പുരുഷൻമാരും 2566 സ്ത്രീകളുമുണ്ട്. വിസ്തീർണ്ണം 1396 ഹെക്റ്റർ വരുന്ന ഇവിടെ മൊത്തത്തിൽ 936 വീടുകളാണ് ഉള്ളത്. മനുഷ്യനിർമ്മിതമായ ജലസേചനത്തിനുള്ള തുരങ്കങ്ങൾ ഇവിടെ കാണാൻ കഴിയും. എൻഡോസൾഫാൻ ദുരിതം ഈ ഗ്രാമത്തിലെ ജനങ്ങളും അനുഭവിച്ചിട്ടുണ്ട് എന്നത് വളരെ വേദനാജനകമാണ് തന്നെ പറയട്ടെ. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും ഒക്കെ മത്സരിച്ചഭിനയിച്ച ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമ കണ്ടിട്ടില്ലേ? അത് ഷൂട്ട് ചെയ്തത് ഷേണിയിലാണ്. കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത് എങ്കിലും ഇവിടത്തെ പ്രധാന ഭാഷ കന്നഡ, തുളു എന്നിവയാണ്. എങ്കിലും മലയാളം കുറേശ്ശെയായി ഉപയോഗിച്ചുവരുന്നുണ്ട്.
കടപ്പാട് – രവീന്ദ്രന് രാവണേശ്വരം , Wikipedia.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog