ഒരു പാട് തവണ വയനാടും, ഇടുക്കിയും, പാലക്കാടും, ആലപ്പുഴയും എല്ലാം കേരളത്തിന്റെയും സഹ്യന്റെയും സൗന്ദര്യം തേടി നടന്നപ്പോൾ മറന്നു പോയി മുറ്റത്തെ മുല്ല എടുത്തു മണക്കാൻ, കുറ്റിയാടിക്കടുത്തുള്ള വാണിമേൽ എന്ന അനുഗ്രഹീത ഗ്രാമത്തിലേക്കു…. ഇതൊരു പരാജയത്തിന്റെ കഥയാണ്, കണ്ണീരിന്റെ കഥയാണ്
ആനയും, കോടമഞ്ഞും ചേർന്ന് ഒരു കൂട്ടം യുവാക്കളുടെ ലക്ഷ്യം തകർത്തെറിഞ്ഞ കഥ…. അതെ ഒരു കദന കഥ.
കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലകളിൽ ഒന്നാമനായ കോഴിക്കോടിന്റെ ഇനിയും പുറം ലോകം അറിയപ്പെടാത്ത എന്നാൽ തീർച്ചയായും അറിയപ്പെടേണ്ടതുമായ സ്ഥലങ്ങൾ അനേഷിച്ചുള്ള മഴയാത്ര ആയിരുന്നു ഇന്നലത്തേതു. വടക്കൻ പാട്ടിന്റെ ഇറ്റില്ലമായ വാണിമേൽ ഗ്രാമത്തിലേക്കുള്ള യാത്ര യാതൊരുവിധ മുന്നൊരുക്കവും ഇല്ലാതെയായിരുന്നു…. ചുരുക്കി പറഞ്ഞാൽ ഒളിഞ്ഞിരിക്കുന്ന സ്വർഗം തേടിയുള്ള ഈ യാത്ര ഓൺലൈൻ സൗഹൃദത്തിന്റെ കെട്ടുപാടുകൾ തകർത്തെറിഞ്ഞു Liju Cheruvannur C Suneesh Ttk എന്നിവരോടുള്ള സൗഹൃദത്തിന്റെ വാതായനം മലകേ തുറക്കൽ കൂടിയായിരുന്നു.
രാവിലെതന്നെ കോഴിക്കോട് നിന്നു ഞാൻ പനിയെ വകവെക്കാതെ കല്ലാച്ചിയിലേക്കു യാത്ര തുടങ്ങി, പേരാമ്പ്ര വെച്ചു ലിജുവിനെ കൂടെകൂട്ടണം സന്തത സഹചാരി eon തന്നെ കൂടെ, കല്ലാച്ചി ഞങ്ങൾ എത്തുമ്പോഴേക്കും കണ്ണൂരിൽ നിന്നു സുനീഷേട്ടനും അജിത്ബ്രോയും സ്ഥലത്തെത്തി ഞങ്ങൾക്ക് വേണ്ടി കാത്തുനിൽക്കാതെ കൊത്തി കൊറിക്കാനുള്ള സാധനങ്ങൾ സ്വരുക്കൂട്ടുന്ന തിരക്കിൽ ആയിരുന്നു. കല്ലാച്ചി നമ്മുടെ രാഷ്ട്രിയ കലാപങ്ങൾകൊണ്ട് കുപ്രസിദ്ധി നേടിയ കല്ലാച്ചി.

കോരിച്ചൊരിയുന്ന മഴയത്തു കല്ലാച്ചി ഇറങ്ങുമ്പോൾ, ഈ നാടിന്റെ വികലമായ മുഖമായിരുന്നു മനസ്സിൽ, ഇപ്പോൾ ആണെങ്കിൽ ഞങ്ങൾ 4 പേർക്കും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഈറ്റില്ലമാണ് ഈ നാട് ഒരുപകൽ കൊണ്ടു വന്ന ആ മാറ്റത്തിന്റെ ആകഥ അവസാനം പറയാം ഇപ്പോൾ നമുക്ക് ഒരുപാടു ദൂരം യാത്ര ചെയ്യാനുണ്ട്…
ആദ്യം മറ്റുവണ്ടികൾ ഭദ്രമായി പാർക്ക് ചെയ്തു…. എല്ലാവരുടെയും യാത്ര ഒരു വണ്ടിയിലേക്കു മാറ്റി… ആദ്യം ഞങ്ങൾ പുറപ്പെട്ടത് വെളിയോട് തങ്ങളുടെ മഖാമിലേക്കാണ്.. 800 വർഷത്തോളം പഴക്കമുള്ള മഖാം, ചരിത്രത്തിന്റെ ശേഷിപ്പുകൾ അധികമൊന്നുമില്ലാത്ത തങ്ങളുടെ യഥാർത്ഥ പേരും പോലും ഇന്നും അറിവില്ല എന്ന് അവിടുത്തെ ഉസ്താദ് സാക്ഷ്യ പെടുത്തുന്നു.
അവിടെ നിന്നു ഞങ്ങൾ പോയത് ചിരപുരാതനമായ ചേലേലക്കര ക്ഷേത്രത്തിലേക്കായിരുന്നു, പഴക്കം തിട്ട പെടുത്താതെ അവിടുത്തെ പ്രതിഷ്ഠയരുന്നു ലക്ഷ്യം, ഞങ്ങൾ ചെല്ലുമ്പോൾ മാസപൂജ നടക്കുകയായിരുന്നു, അബ്രാഹ്മിണനായ തന്ത്രിയെ കണ്ടു ക്ഷേത്രത്തിന്റെ ചരിത്രം അനേഷിച്ചപ്പോൾ… ” പ്രാദേശിക ടിപ്പുവിന്റെ” കടും പിടുത്തവും കേസും പുലിവാലുമായി കൂറെ നാളുകൾക്കു ശേഷമാണു അമ്പലം ഇന്നത്തെ അവസ്ഥയിൽ എത്തിയത്…. മറ്റുള്ള അമ്പലങ്ങളിൽ നിന്നു വ്യതസ്തമായി വളരെ കുറച്ചു നിർമിതികൾ മാത്രമേ ഇവിടെ ഉള്ളു പിന്നെ ഒരു വലിയ പുൽമൈതാനവും അത് തന്നെയാണ് ഇവിടുത്തെ ഭംഗിയും.

അമ്പലത്തിനോട് ചേർന്നുള്ള ഒരു മനോഹരമായ കാഴ്ചയാണ് പത്തായ കുഴി. ചതുരത്തിൽ ഉള്ള ഒരു ഭൂഗർത്തത്തിലേക്കു വെള്ളം പതിക്കുന്ന കാഴ്ച അപൂർവം തന്നെയാണ്, അവിടെ നിന്നും ഞങ്ങൾ നേരെ പുറപ്പെട്ടത്… ഐതിഹ്യങ്ങൾ ഒളിഞ്ഞു കിടക്കുന്ന ചക്കര കുണ്ടിലേക്കാണ്, അവിടെ ഒരു വലിയ അടുപ്പ് പോലെ പാറകൾ കൂട്ടി വെച്ചത് കാണാം, അതും പുഴയോരത്, എത്ര തന്നെ പുഴയിൽ വെള്ളം കയറിയാലും ആ അടുപ്പിൽ വെള്ളം കയറില്ല എന്നത് അത്ഭുദം തന്നെയാണ്.. പഞ്ചപാണ്ഡവന്മാർ വനവാസ കാലത്തു കൂട്ടിയ അടുപ്പണതെന്നു വിശ്വാസം
ഭീമാകാരന്മാരയ പാനോം പാറകൾ ആണ് ഇവിടുത്തെ മറ്റൊരു ആകർഷണീയത. അതിൽ നിന്നു ഇറ്റിറ്റു വീഴുന്നത് വെള്ളത്തുള്ളികൾ ആണോ തേൻ ആണോ എന്ന് സംശയിച്ചുപോകും.

പിനീട് ഞങ്ങൾ ഒരു ചായ കുടിക്കാൻ കയറി നല്ല നാടൻ ചായയതും വെളിച്ചെണ്ണയിൽ പിരിച്ചെടുത്ത പഴം പൊരിയും അതിന്റെ ടേസ്റ്റ് ആലോചിക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളമൂറുന്നു. വിലങ്ങാട് മലയോരത്ത് കരുകുളത്തിനടുത്താണ് പ്രകൃതിരമണീയമായ ഈ സ്ഥലം.. വിനോദസഞ്ചാരത്തിന് ഏറ്റവും സാധ്യതയിള്ള പ്രദേശമായിട്ടും അറിയപ്പെടാതെ കിടക്കുന്ന ഇവിടെ 50 മീ. ഉയരത്തിൽ നിന്നും താഴേക്കു വെള്ളം പതിക്കുന്ന അനുഗ്രഹീതമായ കാഴ്ചയുള്ള നാട്. വെള്ളം പതിക്കുന്നിടത്തെ വലിയ പാറ ഇടുക്കും അതിനുളിലൂടെ ഊർന്നു ഇറങ്ങി നീന്തുന്നതും, അടിയിലെ ഗുഹാമുഖത്തൂടെയുള്ള നീന്തലും അത്യന്തം ഹ്ര്യദ്യമാണ്…അല്പം സാഹസപ്രിയർക്ക് വെള്ളച്ചാട്ടത്തിനു മുകളിലേക്ക് വലിഞ്ഞു കയറി…. മുകളിൽ നിന്നുള്ള കാഴ്ചയും ആസ്വദിക്കാം.

ഇതിനെല്ലാം ശേഷമാണു ഞങ്ങളുടെ യഥാർത്ഥ ആഗമനോദ്ദേശം നടപ്പാക്കാനുള്ള പുറപ്പാട് തുടങ്ങിയത്….. കൊടും കാട്, മരങ്ങൾ ഇടതൂർന്നു, നട്ടുച്ചക്കുപോലും സൂര്യ പ്രകാശം എത്തിനോക്കാൻ മടിക്കുന്ന, ഭീമാകാരന്മാരായ അട്ടകളെയും കാവൽ നിറുത്തി 3800 ft ഉയരത്തിന്റെ തലയെടുപ്പുമായി കോടമഞ്ഞും പുതച്ചുറങ്ങുന്ന നിത്യ കന്യക ചിറ്റാരിമല… ചിറ്റാരിമലയിലെ അര ഏക്കറിൽ അധികം സ്ഥലത്തു പരന്നു കിടക്കുന്ന ഏതു കൊടും വേനലിലും വെള്ളം നിറഞ്ഞു നിന്നു, കടവയും പുലിയും, ആനയും,കാട്ടുപോത്തുകളും അടങ്ങുന്ന സകല ചർചാരങ്ങളും ആശ്രയമാകുന്ന ചന്ദനത്തിന്റെ മണം പരത്തുന്ന ചന്ദനതാം തടാകവും, പാണിയേരിയും അതെ അതാണ് ഞങ്ങളുടെ ലക്ഷ്യം സ്ഥാനം, ചിറ്റാരിയിൽ നിന്നു ഗൈഡും ജീപ്പും കിട്ടുമെന്നറിഞ്ഞു അവിടെ എത്തിയപ്പോൾ രണ്ടും ഇല്ലായിരുന്നു, വഴിയിൽ കണ്ട ആദിവാസികളോട് ചോദിച്ചു മനസിലാക്കിയ അറിയവുമായി നേരെ ചെങ്കുത്തായ മല നടന്നു കയറാൻ തീരുമാനിച്ചു (പിന്നിൽ നിന്നു ആരുടെയോ അശരീരി കേട്ടു ഇവർ തടാകത്തിൽ എത്തില്ല എന്ന്, എത്ര കേട്ടേക്കുന്നു നമ്മൾ ഇത് ).

ഒരു തോടിന്റെ ഓരം ചേർന്നാണ് നടത്തം, കാതു തുളയ്ക്കുന്ന ശബ്ദത്തിൽ ചീവീട് ഞങ്ങളുടെ വരവ് വിളിച്ചോതുന്നുണ്ട്,… ആദ്യം ഒരു തോട്ടത്തിലൂടെ ആണ് യാത്ര…. യാത്രയിൽ ഉടനീളം വിശ്രമിക്കാനായി വലിയ പാറക്കെട്ടുകൾ കാണാം, അതിന്റെ മുകളിൽ നിന്നും വടകര താലൂക് ഏറെക്കുറെ മുഴുവനായും 360°യിലുള്ള കാഴ്ച വരണാതീതമാണ്. ക്ഷീണമകറ്റാനാണെങ്കിൽ തേനൊഴുകുന്ന അരുവികളും, കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും ഏറെക്കുറെ വഴിയിലുടനീളമുണ്ട്, അടി കാടിന്റെ ഘടന നമുക്ക് നെല്ലിയാമ്പതികാടിനോട് സാദ്രിശ്യം തോനിക്കുമെങ്കിലും മുകളിലേക്കു കയറും തോറും നട്ടുച്ചക്കുപോലും വെളിച്ചം കടന്നെത്താൻ ബുദ്ധിമുട്ടുന്ന രീതിയിൽ കാടിന്റെ കാഠിന്യം കൂടി കൂടി വന്നു…

വഴിയിലുടനീളം ഉരുൾ പൊട്ടി ഒലിച്ചതിന്റെ ലക്ഷണങ്ങൾ. ഒരുകിലോ ഉപ്പിലധികം വേണ്ടിവന്നു അട്ടയെ പ്രതിരോധിക്കാൻ ഞങ്ങൾക്ക്. ഉൾ കാട്ടിലെ ഒരു കാഴ്ച കുറിച്ചധികം ഞങ്ങളെ അലോസരപ്പെടുത്തുകയും സങ്കടപെടുത്തുകയും ചെയ്തു. കൊടും കാടിനു നടുവിൽ ഒരു വലിയ എസ്റ്റേറ്റും ഒരു മൺവീട് (, ആൾതാമസമില) പക്ഷെ ഒരു കുടുംബത്തിനു വേണ്ട എല്ലാ സജ്ജീകരങ്ങളും അവിടെ ഉണ്ടായിരുന്നു. തൊടിയിലെ ഒട്ടു മിക്ക പ്ലാവും, കവുങ്ങും, തെങ്ങും എല്ലാം ആന അടിച്ചു തകർത്തിരുന്നു, ആ കാഴ്ച ഞങ്ങൾക്കിടയിൽ വല്ലാത്ത ഒരു ഭീതി പരതിയെങ്കിലും ഒരേസമയം ആ കാഴ്ച ഞങ്ങൾക്ക് സഹ്യപുത്രന്റെ പ്രേതിഷേധവും അതി ജീവനത്തിനു വേണ്ടിയുള്ള അവസാന ചെറുത്തുനില്പായും തോന്നി… അത്രയധികം മരങ്ങൾ അവിടെ നിന്നു മുറിച്ചു മാറ്റ പെട്ടു കഴിഞ്ഞിരുന്നു, കൈക്കു കൈ എന്ന് പറയുന്നപോലെ… സഹ്യപുത്രൻ അവനാലാവും വിധം തെങ്ങും കവുങ്ങും എല്ലാം പിഴുതെറിഞ്ഞിട്ടുണ്ടായിരുന്നു.
മഞ്ഞൊന്നു മാറിയപ്പോൾ കൊടൈക്കനാലിൽ പിലാർ റോക്കിനെ അനുസ്മരിപ്പിക്കും വിധം ഒരു വലിയ പറക്കുന്നു തൊട്ടുമുന്നിലായി തെളിഞ്ഞുവന്നു… പിനീട് മുന്നോട് യാത്ര ചെയ്യാൻ വഴികൾ ഒന്നും കണ്ടില്ല, നിഴൽ പോലും കൂട്ടിനില്ലാത്ത ഇരുട്ടു ഇടതൂർന്ന മരങ്ങൾ… പലതരത്തിലുള്ള ശബ്ദങ്ങൾ… ഒരാളുടെ ഉയരത്തിൽ വളർന്നു നില്കുന്ന പുല്ലുകളും കളകളും വകഞ്ഞു മാറ്റി ദൂരെയായി വെളിച്ചം കണ്ട ഭാഗത്തേക്കു നടന്നു…. തുടങ്ങിയപ്പോൾ തന്നെ അതൊരു ആനത്താര ആണെന് ഞങ്ങൾ ഞെട്ടലോടെ (എനിക്കില്ല ) മനസിലാക്കിയിരുന്നു. പുല്ല്നുളിൽ തലപൊക്കി നില്കുന്ന പാറയിൽ കയറി നിന്നു GPS പരിശോധിച്ചപ്പോൾ മനസിലായി, കോഴിക്കോട്, കണ്ണൂർ, വയനാട് അതിർത്തിയിൽ ആണ് ഞങ്ങൾ എന്നും 4127 ft ഉയരത്തിൽ ആണ് ഈ സ്ഥലമെന്നും.

വീണ്ടും പുൽമേട്ടിലൂടെ നടത്തം.. പിന്നിലുള്ള ആളെ കാണാൻ വയ്യാത്ത ഉയരത്തിൽ വളർന്ന് നില്കുന്ന കളകൾ ആണു ചുറ്റും പെട്ടന്ന് പെയ്ത ശതമായ മഴ ഞങ്ങളെ നനച്ചെങ്കിലും… ഒരു കുടകീഴിലിരുന്നു അവരും മഴ നനഞ്ഞു ഞാനും മഴ ആസ്വദിച്ചു.. മഴ മാറി മാനം തെളിഞ്ഞപ്പോൾ മുന്നിലെ കാഴ്ച എന്നെ മത്തു പിടിപ്പിച്ചു നോക്കെത്താ ദൂരത്തോളം പുൽമൈതാനങ്ങൾ… അങ്ങിങ്ങായി ഷോല കാടുകൾ… കൂട്ടുകാരുടെ ശബ്ദം കേൾക്കാനില്ല ഞാൻകരുതി അവരും ഈ ഭംഗി ആസ്വദിക്കുകയായിരിക്കുമെന്നു… മഴകാരണം ഫോട്ടോ എടുക്കാൻപോലും പറ്റുന്നില്ലാലോ എന്നോർത്ത് കൂട്ടുകാരെ നോക്കിയപ്പോൾ അവർ നിശബ്ദരായി എന്തോ നോക്കികൊണ്ടിരിക്കുന്നു…

അവരുടെ നോട്ടം ചെല്ലുന്നിടത് എന്റെ ദൃഷ്ടി എത്തിയപ്പോൾ ഉളിലേക്കെടുത്ത ശാസം പോലും അവിടെ നിന്നുപോയി ഒരു കൊമ്പൻ ഞങ്ങളെ തന്നെ നോക്കി കൊണ്ടിരിക്കുന്നു കൂട്ടത്തിൽ ഒരുത്തന്റെ കമന്റും ഇനി ഒന്നും നമ്മൾ ചെയണ്ടല്ലോ എല്ലാം അവൻ ചെയ്തുകൊളിലെ എന്നു… അവൻ ചെവി ആട്ടുകയല്ലാതെ വേറെ ഒന്നും ചെയ്യുന്നില്ല അവനു ഒരു ഭാവമാറ്റവും ഇല്ല എന്നു കണ്ടപ്പോൾ ഞങ്ങൾ പതിയെ തിരിഞ്ഞു നടന്നു… പിനീട് അവിടെ ഒരു ഒളിമ്പിക്സ് ഓട്ട മത്സരം ആയിരുന്നു കൂട്ടത്തിലെ തല മുതിരുന്നാള്ണെങ്കിലും ഓട്ടത്തിൽ മിടുക്കൻ സുനീഷ് ഭായ് ആയിരുന്നു. ഭയം കൊണ്ടല്ല സമയ കുറവുകൊണ്ടാണ് ഞങ്ങൾ ഓടിയതുകേട്ടോ…. കയറാൻ 5 മണിക്കൂർ എടുത്തത് ഒന്നര മണിക്കൂർ കൊണ്ട് താഴെ കാറിനടുത്ത് എത്തിയപ്പോൾ ചെറിയ ഒരാൾക്കൂട്ടം… കുറച്ചു നേരം സംസാരിച്ചപ്പോൾ അവരും നല്ല ഫ്രണ്ട്ലി….

നനഞ്ഞോട്ടിയ എന്റെ ഡ്രസ്സ് മാറാൻ ഒരുങ്ങുമ്പോൾ നാടുകാർ ഒരുപാമ്പിനെ കണ്ടു അതിനെ പറ്റി സംസാരിച്ചു കൊണ്ടിരിക്കയാണ്.. ഒരാൾ അതിനെ കുടകൊണ്ട് താഴെ തളിയിടാൻ നോക്കുന്നു… ഞാൻ ചോദിച്ചു ചേട്ടാ പച്ചിലപ്പാമ്പാണോ അല്ല അണലി ആണെന്ന് ചേട്ടന്മാർ ഒരേ സ്വരത്തിൽ. ഞാൻ അടിവസ്ത്രം പോലും മാറ്റാതെ വണ്ടിയിലേക്കോടി. അപ്പോൾ അവർ പറയുന്നതുകേട്ടു പാമ്പുകൾ ഇണ ചേരുകയാണ് ഉപദ്രവിക്കേണ്ട എന്നു…. ആ കാടിന്റെ മക്കളോട് ഒരുപാടു ബഹുമാനം തോന്നിയ നിമിഷങ്ങൾ…
അവിടെ നിന്നു നേരെ കല്ലാച്ചി ഭക്ഷണം കഴിച്ചു അടുത്ത യാത്രയെ പറ്റി ചർച്ച ചെയ്തു ആർക്കും രണ്ടാമതൊരു അഭിപ്രായം ഉണ്ടായിരുന്നില്ല തടാകം കണ്ടെത്തണം എന്നുറപ്പിച്ചു .. നേരെ എന്റെ eon മോന്റെ അടുത്തേക്ക്…. അവിടെ എത്തിയപ്പോൾ സമയം രാത്രി 10 ഞാൻ പാർക്ക് ലൈറ്റ് ഓഫ് ചെയ്യാൻ മറന്നിരുന്നു… വണ്ടിയുടെ ബാറ്ററി മുഴുവനിറങ്ങി… കുറെ തള്ളിനോക്കി പോയവർ തിരിച്ചുവന്നുതള്ളി… ഒരു രക്ഷയുമില്ല eon മോൻ ആദ്യമായി പണി തന്നോ എന്നു കരുതി നിൽകുമ്പോൾ ബൈക്കിൽ വന്ന രണ്ടു പയ്യന്മാർ ഇങ്ങോട്ട് വന്നു വണ്ടി തള്ളാൻ കൂടി ഒരു രക്ഷയുമില്ല.. അതുകണ്ടു കാറിൽ വന്ന ഒരാൾ കാറ് നിറുത്തി കുറെ ശ്രെമിച്ചു ഒരു രക്ഷയുമില്ല… പിന്നെ ബൈക്കിൽ വന്ന പയ്യന്മാരെയും കൂട്ടി അദ്ദേഹം അങ്ങേരുടെ വീട്ടിലേക്കുപോയി ഒരു ചാർജിങ് വയറുമായി വന്നു മറ്റൊരു കാറിന്റെ ബാറ്ററിയിൽ നിന്നു എന്റെ കാർ സ്റ്റാർട്ടാക്കി… സ്നേഹപൂർവ്വം ഞങ്ങൾക്ക് വിടനൽകി….
വിവരണം – Jamsheer Karimbanakal Edakadan.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog