ബാംഗ്ലൂർ – ജോഗ് – കുടജാദ്രി – മുരുഡേശ്വർ – ഗോകർണ; ഒരു സ്വപ്ന യാത്ര..

യാത്രാവിവരണം – മനോജ് മനു.

ഏതാണ്ട് 2 മാസ്സത്തോളം ആയിക്കാണും എനിക്ക് “ജോഗ്” നോടുള്ള പ്രണയം തോന്നിയിട്ട്.പണ്ട് എവിടെയോ വച്ച് വായിച്ചിരുന്നെങ്കിലും fb യിലെ ഒരു യാത്രാ ഗ്രൂപ്പിലെ പോസ്റ്റ് കണ്ടാണ് ഞാൻ കൂടുതലായി ശ്രദ്ധിക്കുന്നത്.കണ്ട മാത്രയിൽ തന്നെ എന്തോ ഒരു പ്രത്യേക ഇഷ്ടം ഉള്ളിൽ തോന്നിയിരുന്നു.അതു കൊണ്ടാണ് ഗൂഗിളിൽ സെർച്ച് ചെയ്ത് കൂടുതൽ കാര്യങ്ങൾ അറിഞ്ഞത്.അന്നേ വലിയൊരു ആവേശമായി ജോഗ് എന്ന യാത്ര എന്റെ യാത്രാ സ്വപ്നങ്ങളിലെ നീണ്ട നിരയുടെ ഏറ്റവും മുന്നിലായി തന്നെ ഇടം പിടിച്ചു നിന്നിരുന്നു.അങ്ങനെയാണ് ഈ യാത്രയുടെ വിത്ത് ഉള്ളിൽ പാകിയിട്ടത്.പക്ഷെ യാത്രയ്ക്കിറങ്ങാൻ അനുകൂലമായ സാഹചര്യങ്ങൾ വീണു കിട്ടാഞ്ഞതിനാൽ ദിനരാത്രങ്ങൾ അങ്ങനെ കടന്നു പോയി.

പല രാത്രികളിലും ജോഗ് എന്നിലെ സ്വപ്നങ്ങളിൽ കൂട്ടായി വന്ന് മോഹിപ്പിച്ചു കൊണ്ടിരുന്നിരുന്നു.ഇനിയും കാത്തിരിക്കാൻ വയ്യ,യാത്രയ്ക്കിറങ്ങണം എന്ന് മനസ്സ് പലയാവർത്തി എന്നോട് പറയുന്നുണ്ടായിരുന്നു.പക്ഷെ ഓഫീസിൽ നിന്ന് ലീവ് കിട്ടാതെ അക്ഷമനായി ഞാൻ കാത്തിരിപ്പ് തുടർന്നു.ഒടുവിൽ ‘രോഗി ഇച്ഛിച്ചതും പാല്,വൈദ്യൻ കല്പിച്ചതും പാല്’ എന്ന് പറഞ്ഞ പോലെ എന്റെ മുന്നിൽ ഒരു വഴി തെളിഞ്ഞു വന്നു.സെപ്റ്റംബർ 5 തിങ്കൾ- വിനായക ചതുർഥി,ഓഫീസ് അവധി.3,4,5 ഈ ദിവസ്സം ഞാൻ എന്റെ മനസ്സിൽ കുറിച്ചിട്ടു.
ഇങ്ങനെയൊരു യാത്ര,അത് ഞാൻ തനിയെ പോകാൻ തീരുമാനിച്ചതായിരുന്നു.’ഞാനും കൂടെ വന്നോട്ടേ’ എന്നും,’എന്നെയും കൊണ്ടു പോകുമോ കൂടെ’ എന്നൊക്കെ പലരും ചോദിച്ചിരുന്നുവെങ്കിലും അവരോടെല്ലാം അടുത്ത യാത്രയിൽ നോക്കാം എന്ന് പറഞ്ഞ് തലയൂരുകയായിരുന്നു.അത് കേട്ടപ്പോ വേറെ ചിലർക്ക് അറിയാനുണ്ടായിരുന്നത് ‘കാമുകിയുടെ കൂടെയാണോ എന്റെ യാത്ര’ എന്നായിരുന്നു.അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ ‘അതെ’ എന്നു തന്നെ മറുപടി പറഞ്ഞു.എന്നിട്ട് ‘അമ്പടാ കള്ളാ’ എന്ന ഭാവത്തിൽ നിൽക്കുന്ന അവർക്ക് എന്റെ ബൈക്കിനു നേരെ വിരൽ ചൂണ്ടി കാണിച്ച് “ദേ നോക്ക് അവളാണ് എന്റെ കാമുകി” എന്ന് പറയുമായിരുന്നു.

ജോഗ്-കുടജാദ്രി-മൂകാംബിക-ഉഡുപ്പി-ആകുമ്പേ-ചിക്മംഗ്ലൂർ വഴി ബാംഗ്ലൂർ എന്നായിരുന്നു ആദ്യം ഉദേശിച്ചിരുന്ന റൂട്ട്. യാത്രയുടെ തലേ ദിവസ്സം ആണ് പ്ലാൻ മാറ്റിയെഴുതിയത്. ഈ യാത്രയിലെ എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച വില്ലൻ കഥാപാത്രം 2 ആഴ്ച്ചയോളമായി എന്നെ വിടാതെ പിന്തുടർന്നിരുന്ന ചുമ ആയിരുന്നു. യാത്രയ്ക്കിറങ്ങുന്നതിന് മുൻപുള്ള 1 ആഴ്ച്ചയോളം രാത്രിയിൽ ചുമച്ച് ഉറക്കമില്ലാതെ ഞാൻ കിടന്നിന്നു.മരുന്ന് കഴിച്ചിട്ടൊന്നും കുറയുന്നില്ല,രാത്രിയാകുമ്പോഴേക്കും വീണ്ടും ചുമ വരുന്നു.ഒടുവിൽ തൊണ്ട മുറിഞ്ഞ് ചോര വന്നു തുടങ്ങിയപ്പോഴാണ് ഒരു ഡോക്ടറെ ചെന്ന് കണ്ടത്.മരുന്നെല്ലാം കുറിച്ച് തന്ന് റസ്റ്റ് എടുക്കാൻ പറഞ്ഞപ്പോഴാ ഞാൻ ഇങ്ങനെ ഒരു യാത്ര ഉണ്ടെന്ന് പറയുന്നത്.വയ്യ എന്നുണ്ടെങ്കിൽ ഈ യാത്ര മറ്റൊരു ദിവസ്സത്തേക്ക് മാറ്റി വയ്ക്കാൻ ആ ഡോക്ടർ ഉൾപ്പെടെ കൂടെയുണ്ടായിരുന്നവരിൽ പലരും നിർദ്ദേശിച്ചു.പക്ഷെ എന്തോ,ഞാൻ പിന്മാറാൻ തയ്യാറല്ലായിരുന്നു..

03.09.16 വൈകുന്നേരം 5 മണിയോടെയാണ് ഞാൻ ഓഫീസിൽ നിന്നെത്തി കിട്ടിയാതെല്ലാം ബാഗിൽ എടുത്തിട്ട് റൂമിൽ നിന്നും ഇറങ്ങുന്നത്.നേരം ഒരുപാട് ഇരുട്ടുന്നതിനു മുമ്പ് യാത്ര അവസ്സാനിപ്പിക്കാം എന്നു കരുതിയായിരുന്നു തുടക്കം.പക്ഷെ ബാംഗ്ലൂർ സിറ്റിയിലെ ട്രാഫിക്കിൽ നിന്നെല്ലാം രക്ഷപ്പെട്ട് പുറത്തെത്തിയപ്പോഴേക്കും സമയം 2 മണിക്കൂർ കഴിഞ്ഞിരുന്നു.പിന്നീട്ട് അങ്ങോട്ട് ബാംഗ്ലൂർ-പൂനെ SH 136/SH I42 ആറുവരിപാതയിലൂടെ ഉള്ള യാത്ര ശരിക്കും ആസ്വദിച്ച് തന്നെയായിരുന്നു പോയത്.ആദ്യ ദിവസ്സം കഴിയുന്നത്രയും ജോഗിന്റെ അടുത്ത് ചെന്നെത്തി യാത്ര അവസാനിപ്പിക്കണമെന്ന് കരുതിയിരുന്നു.പിന്നെ വേഗത ഒരിക്കലും 90 നു മുകളിൽ വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.കാരണം തനിച്ചുള്ള എന്റെ പല യാത്രകളിലും വേഗതയ്ക്ക് കടിഞ്ഞാണിടാൻ എനിക്ക് കഴിയാതെ വരാറുണ്ട്.വിശപ്പിന്റെ വിളി വന്ന സമയത്ത് ഞാൻ ഒരു ധാബയുടെ മുന്നിൽ ചെന്ന് നിർത്തി ചൂട് തന്തുരി റൊട്ടിയും നല്ല കിടിലൻ ദാൽ കറിയും കഴിച്ചു.സമയം 10 മണി ആകുന്നു. 300+ km അത് വരെ പിന്നിട്ട് കഴിഞ്ഞിരുന്നു.ഇനിയും ഒരു 120+ km ലക്ഷ്യസ്ഥാനത്തേക്ക് ഉണ്ട് താനും.എന്തായാലും ഭക്ഷണം കഴിച്ച് അല്പ സമയം വിശ്രമിച്ച ശേഷം വീണ്ടും യാത്രയ്ക്കിറങ്ങി.

വഴി പിന്നീടങ്ങോട്ട് അത്ര വശമില്ലായിരുന്നതിനാൽ ഗൂഗിൾ മാപ്പ് തന്നെ ആയിരുന്നു ശരണം.അവിടെ നിന്ന് കുറച്ച് ദൂരം കൂടി മുന്നോട്ട് ചെന്ന് SH ൽ നിന്നും ഇടത്തോട്ട് മാറി സഞ്ചരിക്കാനാണ് ഗൂഗിൾ മാപ്പ് കാണിച്ചു തരുന്നത്. ഇതിനിടയിൽ വച്ച് അത് വരെ ഉറങ്ങിക്കിടക്കുകയായിരുന്ന ചുമ വീണ്ടും തലപൊക്കിത്തുടങ്ങി.അത് വക വയ്ക്കാതെ ഞാൻ മാപ്പ് പറഞ്ഞ വഴിയെ സഞ്ചരിച്ച് ഹൈവേയിൽ നിന്ന് വേറൊരു റോഡിൽ ചെന്ന് കയറി.അധികം വീതിയില്ലാത്ത ഒഴിഞ്ഞ റോഡ്,ഇടയ്ക്കിടയ്ക്ക് നിറയെ ഘട്ടറുകൾ,എവിടെയും ഒരു വീടോ വെളിച്ചമോ ആളനക്കാമോ ഒന്നും ഒരു കാണുന്നില്ല.വല്ലപ്പോഴും മാത്രം ചില വാഹനങ്ങൾ എതിരെ വരുന്നു.വഴി തെറ്റിയോ എന്ന് സംശയിച്ച് ഞാൻ വീണ്ടും ഗൂഗിൾ മാപ്പ് എടുത്തു നോക്കി,വഴി അതു തന്നെയാണ് കാണിച്ച് തരുന്നത്.ഒടുവിൽ ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് ഞാൻ വീണ്ടും മുന്നോട്ട് തന്നെ നീങ്ങി.നല്ല മഞ്ഞ് ഉണ്ടായിരുന്നു.കുറെ ദൂരം അങ്ങനെ തന്നെ സഞ്ചരിച്ചു.സമയം 2 മണിയോടടുക്കാറായിരുന്നു,ചുമ വീണ്ടും കനക്കാൻ തുടങ്ങി.ഇനിയും ഇങ്ങനെ ചുമച്ച് യാത്ര തുടരാൻ കഴിയില്ലെന്ന് സ്വയം വിളിച്ചു പറയുന്ന പോലെ തോന്നി.പക്ഷെ റോഡിന്റെ സൈടെല്ലാം അലഞ്ഞു നടക്കുന്ന കുറേ നായ്ക്കളെ അല്ലാതെ ഒരു വീടോ,കെട്ടിടമോ, എന്തിന് ഒരുമനുഷ്യകുഞ്ഞിനെ പോലും കാണാനില്ലായിരുന്നു.

വീണ്ടും ഒരു 6-7 കിലോമീറ്ററോളം അങ്ങനെ സഞ്ചരിച്ച ശേഷമാണ് മനുഷ്യവാസ്സമുള്ള സ്ഥലത്ത് എത്തിച്ചേർന്നത്. അവിടെ ആദ്യം കണ്ട ആളോട് അടുത്തെവിടെയെങ്കിലും ഒരു റൂം കിട്ടുമോ എന്ന് അന്വേക്ഷിച്ചെങ്കിലും ‘ഇല്ല’ എന്നായിരുന്നു മറുപടി.വീണ്ടും മുന്നോട്ട് പോയി 1-2 ജംഗ്ഷനുകളിൽ വണ്ടി നിർത്തി റോഡിൽ കണ്ട ആളുകളോടെല്ലാം അടുത്തെവിടെയെങ്കിലും റൂം കിട്ടുമോ എന്ന് അന്വേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.ഒടുവിൽ യാത്ര തുടർന്ന് സാമാന്യം കുഴപ്പമില്ലാത്ത ഒരു ജംഗ്ഷനിൽ എത്തി,സ്ഥലത്തിന്റെ പേര് നോക്കിയപ്പോൾ Shirakoppa എന്ന് കണ്ടു.അപ്പാഴേക്കും ചെറുതായി മഴയും ചാറാൻ തുടങ്ങി.അടിപൊളി,അപ്പൊ ഇനി ഏതായാലും യാത്ര തുടരാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു.ഞാൻ അവിടെ പട്രോളിംഗിന് നിന്നിരുന്ന ഒരു പോലീസുകാരനോട് റൂമിനെക്കുറിച്ച് ചോദിച്ചപ്പോൾ തൊട്ടപ്പുറത്തായി ഒരു ലോഡ്ജ് ഉണ്ടെന്ന് പറഞ്ഞു.അത് കേട്ടപ്പോഴാണ് ശരിക്കും ഒന്ന് സമാധാനമായത്.ഞാൻ നേരെ ലോഡ്ജിലേക്ക് വണ്ടി വിട്ടു.

‘SRI SRINIVASA LODGE’ എന്ന ബോർഡ് കണ്ടു.1st floor ലാണ് recrption.ഞാൻ വണ്ടി ഒതുക്കി മുകളിലേക്ക് ചെന്നു.പക്ഷെ ഷട്ടർ താഴ്ത്തി ലോക്ക് ചെയ്തിരിക്കുകയാണ്,ആരെയും കാണുന്നില്ല,വെളിച്ചവും കുറവ്.പുറത്ത് മഴ തകർത്ത് പെയ്യാൻ തുടങ്ങി.പോരാത്തതിന് എനിക്കാണേൽ നല്ല ചുമയും.ഇനി ഏതായാലും യാത്ര ഇല്ലെന്ന് ഉറപ്പിച്ച് അങ്ങനെ സങ്കടപ്പെട്ട് നിൽക്കുന്ന നേരത്താണ് reception ന്റെ ചുവരിലായി ഒരു മൊബൈൽ നമ്പർ എഴുതിയിരിക്കുന്നത് കണ്ടത്.ഉടനെ ഞാൻ ഫോണെടുത്ത് ആ നമ്പറിൽ വിളിച്ചു നോക്കി.ആദ്യം മുഴുവനായി റിംഗ് ചെയ്തെങ്കിലും ആരും എടുക്കാതെ കട്ട് ആയി.വീണ്ടും വിളിച്ചു,ഇത്തവണ മറുതലയ്ക്കൽ ഒരു പ്രായം ചെന്ന ‘ഹലോ’ കേട്ടു. ഞാൻ എനിക്ക് അറിയാവുന്ന മുറി കന്നഡയും തമിഴും എല്ലാം കൂടി കൂട്ടിക്കലർത്തി ഇവിടെ റിസപ്ഷനു മുന്നിൽ നിൽക്കുന്നുണ്ടെന്നും ഒരു റൂം വേണമെന്നും പറഞ്ഞൊപ്പിച്ചു.

ഫോൺ കട്ട് ആയി,കുറച്ച് നേരം കഴിഞ്ഞപ്പോൾ മുകളിലെ കോണിപ്പടിയിലെ വാതിൽ തുറന്ന് കണ്ണും തിരുമ്മി കോട്ടു വാ ഇട്ടു കൊണ്ട് ഒരു 60-65 വയസ്സ് തോന്നിക്കുന്ന ഒരാൾ ഇറങ്ങി വന്നു. അയാൾ എന്റെ വേഷവും ചുമലിലെ ബാഗും എല്ലാം കണ്ട് അടിമുടി ഒന്ന് നോക്കി ‘എത് ബസ്സിലാ ഇപ്പൊ ഇവിടെ വന്നത്’ എന്ന് ചോദിച്ചു.’ഞാൻ ബസ്സിലല്ല ബൈക്കിലാ വന്നേ ജോഗ് പോവുകയാണ് ഒരു റൂം വേണം എന്ന് പറഞ്ഞു.അയാൾ ഒന്നമർത്തി മൂളിയ ശേഷം നിലത്ത് കുത്തിയിരുന്ന് പതിയെ ലോക്ക് തുറന്ന് ഷട്ടർ പൊക്കാൻ തുടങ്ങി.അയാളുടെ പ്രയാസം കണ്ട് ഞാനും ആ ഷട്ടർ തുറക്കാൻ വേണ്ടി ഹെൽപ്പ് ചെയ്തു.350/- രൂപ റേറ്റ്,കുറയില്ലെന്ന് പറഞ്ഞു.ഞാൻ തർക്കിക്കാനും നിന്നില്ല,നോർമൽ റേറ്റ് തന്നെ.വണ്ടി എവിടെ വയ്ക്കണം എന്ന് ചോദിച്ചപ്പോൾ താഴെ വയ്ക്കാൻ സൗകര്യം ഉണ്ടെന് പറഞ്ഞ് എനിക്ക് ഒരു കീ തന്നു.ബൈക്ക് അകത്തു കയറ്റി വച്ച് ഗേറ്റ് ലോക്ക് ചെയ്ത് കീ തിരികെ ഏല്പിച്ച് ഒരു good ni8 ഒക്കെ പറഞ്ഞ ശേഷം ഞാൻ റൂമിലേക്ക് പോയി.സമയം 3 മണി ആയിരുന്നു.രാവിലെ കഴിയുന്നത്ര നേരത്തെ പോകണം,62 km ദൂരം ഇനിയും കിടക്കുന്നു ജോഗിലേക്ക്.ആടയാഭരണങ്ങൾ (riding gears) എല്ലാം അഴിച്ച് വച്ച് വസ്ത്രം മാറി ഫോണിൽ 6.45 ന് അലാറവും സെറ്റ് ചെയത് ചാർജ് ചെയ്യാനിട്ട് വേഗം ഉറങ്ങാൻ കിടന്നു.

04.09.16 രാവിലെ അലാറം അടിച്ചപ്പോൾ അത് ഓഫ് ചെയത് വീണ്ടും ഒരു 15 മിനുറ്റ് കൂടെ അങ്ങനെ കിടന്നു. എന്തായാലും 7.30 ആയപ്പോഴേക്കും എല്ലാം കഴിഞ്ഞ് പോകാൻ റെഡിയായി ഞാൻ റൂം പൂട്ടി പുറത്തിറങ്ങി. റിസപ്ഷനിൽ പുലർച്ചെ കണ്ട വൃദ്ധൻ കുളിയെല്ലാം കഴിഞ്ഞ് ഫുൾ സെറ്റപ്പായി ഇരിക്കുന്നു.എന്നെ കണ്ടപ്പോൾ പുഞ്ചിരിച്ചു കൊണ്ട് Gd mrng പറഞ്ഞു. പരസ്പരം പരിചയപ്പെട്ട് ഞാൻ ഇത്രയും ദൂരം തനിയെ ബൈക്ക് ഓടിച്ച് വരികയാണെന്ന് പറഞ്ഞപ്പോൾ മുഖത്ത് തിരിച്ചറിയാനാകാത്ത ചില ഭാവങ്ങൾ വരുത്തി ആ മനുഷ്യൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.500 രൂപയുടെ ഒരു നോട്ടാണ് ഞാൻ എടുത്തു കൊടുത്തത്.150 ബാലൻസ് തന്നതിൽ 50 രൂപ ഞാൻ ആ മനുഷ്യന്റെ കൈയ്യിൽ വച്ചു കൊടുത്ത് ഒരു ചായ കുടിച്ചോളു എന്ന് പറഞ്ഞു.അയാൾക്ക് ഒരുപാട് സന്തോഷമായെന്ന് തോന്നുന്നു, എന്നോട് നന്ദി പറഞ്ഞ് എന്റെ കൂടെ താഴെ വരെ ഇറങ്ങി വന്ന് ശുഭയാത്ര നേർന്ന് ഞാൻ പോകുമ്പോൾ കൈ വീശി കാണിക്കുകയും ചെയ്തു.

അവിടെ നിന്നും ജോഗിലേക്ക് 2 വഴികൾ ഉണ്ടായിരുന്നു.1-സാഗർ-തലഗുപ്പ വഴി, 2-സിദ്ധപുർ-കൊടകണി വഴിയും. അതിൽ ദൂരക്കുറവ് 2 മത് പറഞ്ഞ വഴി ആയിരുന്നതിനാൽ ഞാൻ അതു തന്നെ തിരഞ്ഞെടുത്തു.ഇരു വശവും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽവയലുകൾക്കും,പൂവിട്ട് കിടക്കുന്ന ചോളപ്പാടങ്ങൾക്കും,മഞ്ഞ പൂക്കളാൽ പരന്നു കിടക്കുന്ന കടുകിൻ പാടങ്ങൾക്കും ഇടയിലൂടെയുള്ള പുലർകാല യാത്ര ശരിക്കും നമുക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കുന്നവയാണ്.9 മണിയോടു കൂടി ഞാൻ ജോഗിന്റെ ഒരു വ്യൂ പോയിന്റിനു മുന്നിൽ എത്തിച്ചേർന്നു.’WELCOME TO WORLD FAMOUS JOG FALLS’ എന്ന ബോർഡ് കണ്ടപ്പോൾ ശരിക്കും എന്നിലുണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നു.ആളുകൾ അധികം എത്തിയിട്ടില്ല,ഞാൻ വേഗം ബൈക്ക് പാർക്ക് ചെയ്ത് വ്യൂ പോയിന്റിലേക്ക് ഓടി.

മലമുകളിൽ നിന്നും താഴേക്ക് പതിക്കുന്ന ജോഗ് എന്ന അപ്സര സുന്ദരി.താഴെ എങ്ങും കോടമഞ് പരന്നൊഴുകി നടക്കുന്നു.അതി മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു അത്.കുറെ നേരം ജോഗിന്റെ ഭംഗി ആസ്വദിച്ച് അവിടങ്ങനെ നിന്നു.പക്ഷേ അതായിരുന്നില്ല പ്രധാന വ്യൂ പോയിന്റ്,അവിടേക്ക് വീണ്ടും 3 km കൂടി സഞ്ചരിക്കാനുണ്ട്.ഇവിടെ നിന്നും നോക്കിയാൽ കാണാമായിരുന്നു മറുകരയിലെ ആൾക്കൂട്ടങ്ങളെ.ഞാൻ വണ്ടിയെടുത്ത് നേരെ അങ്ങോട്ട് വിട്ടു.10 രൂപ ബൈക്കിന് ടിക്കറ്റ് എടുത്ത് അകത്തേക്ക് പോയി. കുരങ്ങന്മാരുടെ ശല്ല്യം ആവശ്യത്തിനുണ്ട്.ഹെൽമറ്റ് ലോക്ക് ചെയ്ത് ഞാൻ വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിലേക്ക് നടന്നു.അതായിരുന്നു യഥാർത്ഥത്തിൽ ഞാൻ കാണാൻ കൊതിച്ചെത്തിയ കാഴ്ച്ച.വെള്ളം കുറച്ച് കുറവായിരുന്നെങ്കിലും ആരെയും മോഹിപ്പിച്ചു കൊണ്ട് ജോഗ് മുകളിൽ നിന്നും താഴേക്ക് വന്ന് പതിച്ച് പാറകളിൽ തട്ടി ചിന്നിച്ചിതറി ഒഴുകി മറയുന്നു.

ജോഗിന്റെ താഴെ വരെ സഞ്ചാരികൾക്ക് ചെല്ലാൻ കഴിയും. അതിനായി താഴെ വരെ മലയടിവാരത്തിലൂടെ പ്രത്യക സെറ്റപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഞാനും അതിലൂടെ താഴേക്കിറങ്ങി.പടവുകൾ ഇറങ്ങി ചെല്ലും തോറും ജോഗ് തന്റെ പൂർണ്ണ സൗന്ദര്യത്തെ വെളിപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷെ താഴേക്ക് ഇറങ്ങി ചെല്ലുക എന്നത് അത്ര എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിയുന്ന ഒന്നല്ലെന്ന് പകുതിയോളം ദൂരം ചെന്ന ശേഷമാണ് ഞാനും തിരിച്ചറിഞ്ഞ് തുടങ്ങിയത്.കാലുകൾക്ക് ഭാരം തോന്നുന്നു,ശരീരം തളർന്നു പോകുന്നു.സ്റ്റെപ്പ് തിരികെ കയറി വരുന്നവരിൽ ഭൂരിഭാഗം പേരും പലയിടത്തായി കിതച്ച് ഇരുന്ന് വിശ്രമിക്കുന്നു.എന്റെ ബാഗിൽ വെള്ളക്കുപ്പി കണ്ടിട്ടാകണം ഒരു ചേച്ചി എന്നോട് കുറച്ച് വെളളം തരുമോ എന്ന് ചോദിച്ചു.ഞാൻ മടി കാണിക്കാതെ ബാഗ് താഴെ വച്ച് വെള്ളക്കുപ്പി എടുത്ത് അവർക്ക് കൊടുത്തു.അവർ അത് വാങ്ങി കുടിച്ച് എന്നോട് ഒരുപാട് നന്ദി പറഞ്ഞു.ഏതാണ്ട് 2 കിലോമീറ്ററിലധികം 1000 നു മുകളിൽ പടികൾ ഇറങ്ങി വേണം താഴെയെത്താൻ.താഴെ നിന്നുള്ള ജോഗിന്റെ വ്യൂ തീർത്തും വാക്കുകൾക്കധീതമാണ്.വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് പോകുന്നതിന് വിലക്കുണ്ട്,ഒരാൾക്ക് മുകളിൽ ഉയരത്തി സ്റ്റീൽ കമ്പികൾ കൊണ്ട് വേലി കെട്ടിയിട്ടുണ്ട്.പലരും അതിന്റെ ഒരു വശത്തിലൂടെ ഒഴുകുന്ന നീരുറവയിൽ കളിച്ച് തിമർത്ത് ആഘോഷിക്കുന്നു.മറ്റ് ചിലർ സെൽഫി എടുക്കാൻ മത്സരിക്കുന്നു.

ഇതിനിടയിൽ വീണ്ടും നേരിയ മഴ തുടങ്ങി.മഴ മാറി കുറച്ച് സമയത്തിനു ശേഷം ഞാൻ തിരികെ കയറാൻ തുടങ്ങി.എത്ര കയറിയിട്ടും തീരുന്നില്ല,വെയിലിന്റെ ശക്തി കൂടി കൂടി വരുന്നു.വിശക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ രാവിലെ ഒന്നും കഴിച്ചിട്ടില്ലല്ലോ എന്ന അവബോധം ഉണ്ടായത്.ശരിക്കും ഞാനാകെ വിയർത്തു കുളിച്ചിരുന്നു.തോളിലെ ബാഗിന്റെ ഭാരം കൂടുന്നുണ്ടോ എന്ന് വരെ എനിക്ക് തോന്നിപ്പോയി.കുറേ നേരം ഇരുന്നും നിന്നും ഒക്കെയായി ഒരു വിധം ഞാൻ മുകളിലെത്തി.സമയം 1 മണിയോടുക്കുന്നു.ജോഗി നോട് യാത്ര പറയാൻ നേരമായി,അടുത്ത ലക്ഷ്യം ഇനി കുടജാദ്രി ആണ്.കുറച്ച് നേരം ഒന്ന് ഇരുന്ന് വിയർപ്പും ക്ഷീണവും എല്ലാം അകറ്റി, അവിടെയുള്ള റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു.ഒരു മലയാളി ചേട്ടനാണ് റസ്റ്റോറന്റ് നടത്തുന്നത്, ചേട്ടൻ നല്ല തിരക്കായതിനാൽ പേരും നാടും ഒന്നും ചോദിച്ച് ഞാൻ ബുദ്ധിമുട്ടിക്കാൻ നിന്നില്ല.1-2 മലയാളി സംഘത്തെ ഞാൻ അവിടെയും കണ്ടിരുന്നു,ഫാമിലിയായി വന്നവർ വേറെയും.ഭക്ഷണം കഴിഞ്ഞ് 2 മണിയോടെ ഞാൻ വീണ്ടും യാത്ര തുടങ്ങാൻ നിന്നപ്പോഴാണ് ബൈക്കിൽ പെട്രോൾ വേണ്ടത്ര ഇല്ലെന്ന് ശ്രദ്ധിക്കുന്നത്.

ഞാൻ അവിടെ സൊറ പറഞ്ഞിരുന്ന ആളുകളോട് കുടജാദ്രി/മൂകാംബിക പോകാനുള്ള വഴി ചോദിച്ചു.സ്ഥിരമായി ഒരുപാട് മലയാളികൾ വരുന്ന ഇടമായത് കൊണ്ടായിരിക്കണം അവർക്കും കുറേയൊക്കെ മലയാളം അറിയാമായിരുന്നു.ജോഗിൽ നിന്ന് മൂകാംബികയ്ക്ക് 3 റൂട്ടുകൾ ഉണ്ട്.അതിലൊരെണ്ണം കുറച്ച് ലോംഗ് ആണ്(119 km).2 മത്തെ വഴി ആദ്യം പറഞ്ഞ വഴിയിലൂടെ തന്നെ പോയി കാട്ടിലൂടെയുള്ള ഒരു ഷോർട്ട് കട്ട് ആണ്(92 Km),3 മത്തെ വഴി സാഗർ ചെന്ന് സിഗന്ദുർ ഒരു പുഴ കടന്ന് ആടുകുടി വഴിയും(94 km ).2 മത് പറഞ്ഞ കാട്ടിലൂടെയുള്ള ‘വഴി എങ്ങനെയെന്നും,വഴിക്ക് പെട്രോൾ പമ്പ് ഉണ്ടോ,കാട്ടിലൂടെയുള്ള യാത്രയിൽ വന്യമൃഗങ്ങളെ കാണുമോ?’ എന്ന് ചോദിച്ചപ്പോൾ ‘കുഴപ്പമില്ല,റോഡ് കുറച്ച് മോശമാണ്, പിന്നെ പെട്രോൾ പോകുന്ന വഴിക്ക് ബ്ലാക്കിൽ കിട്ടുന്ന ഇടം ഉണ്ടെന്നും, മൃഗങ്ങളെ കാണാൻ സാദ്ധ്യത കുറവാണ്’ എന്നായിരുന്നു മറുപടി. സാഗർ വഴി പോയാൽ ഇടയ്ക്ക് ഒരുപാട് പമ്പ് ഉണ്ടെന്നും പുഴ കടക്കാൻ ജങ്കാർ സർവ്വീസ് ഉണ്ടെന്നും അറിഞ്ഞപ്പോൾ ഞാൻ ആ വഴി തന്നെ പിടിച്ചു.അങ്ങനെ സാഗർ എത്തുന്നതിനു മുമ്പ് ആദ്യം കണ്ട പമ്പിൽ നിന്നും ഞാൻ വീണ്ടും ടാങ്ക് ഫുൾ ചെയ്തത് നേരെ സിഗന്ദുർ വിട്ടു.

3 വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ഒരു ചെറു ഗ്രാമം ആണ് സിഗന്ദുർ.അവിടെ നിന്ന് ശരാവദി നദി കടന്ന് വേണം മൂകാംബിക ചെല്ലാൻ.പുഴ കടക്കുന്നതിന് ഒരു ജങ്കാർ സർവീസ് മാത്രമാണുള്ളത്. അങ്ങനെ ഞാൻ ബൈക്ക് ജങ്കാറിൽ കയറ്റി മറുകരയിലേക്ക് പോയി.ഇതിനിടയിൽ കണ്ണൂർ തലശ്ശേരിക്കാരൻ ബിജു ചേട്ടനെ ഞാൻ പരിചയപ്പെട്ടു.KL രജിസ്ട്രേഷൻ വണ്ടി കണ്ട് ആവേശത്തോടെ എന്നെ പരിചയപ്പടാൻ വന്നതാണ്.ഞാൻ ഇത്രയും ദൂരം തനിയെ ഓടിച്ച് വന്നത് കേട്ടപ്പോൾ ബിജു ചേട്ടന് വലിയ അത്ഭുതം.അദ്ദേഹം ജങ്കാറിൽ ഉള്ളവരോടെല്ലാം എന്നെക്കുറിച്ച് പറഞ്ഞു.എല്ലാവരും എന്നെ അഭിനന്ദിച്ച് ശുഭ യാത്ര പറഞ്ഞ് യാത്രയാക്കി.കുടജാദ്രി മലമുകളിലേക്ക് വൈകുന്നേരം 4.30 വരെയേ ജീപ്പ് സർവ്വീസ് ഉള്ളൂ. അപ്പോൾ സമയം 3 മണി,40 കിലോമീറ്ററോളം ഇനിയും സഞ്ചരിക്കണം.റോഡ് ഒരൽപ്പം മോശമായിരുന്നു.എന്നിരുന്നാലും ഞാൻ ഒരു 60 km സ്പീൽ തന്നെ പിടിച്ചു.ആടുഗുടി യിൽ നിന്നും വീണ്ടും മൂകാംബിക 29 km.ഇതിനിടയ്ക്ക് ഞാൻ ഒരിടത്ത് കുടജാദ്രി ഹിൽസ് – 13 km എന്നൊരു ബോർഡ് ഉണ്ട്.സാബെക്കാട്ടെ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവിട നിന്നും കുടജാദ്രി മല മുകളിലേക്ക് ജീപ്പ് സർവ്വീസ് പോകുന്നത് കണ്ടു.

സമയം 3.30 കഴിഞ്ഞിരുന്നു,ഞാൻ മൂകാംബികയിൽ നിന്ന് തന്നെ പോകാം എന്ന് കരുതി വണ്ടി മുന്നോട്ടെടുത്തു.ഏതാണ്ട് 1 km പോയപ്പോൾ എനിക്ക് മൂകാംബികയിൽ ചെന്ന് കൃത്യ സമയത്തിന് ജീപ്പ് കിട്ടിയില്ലയെങ്കിൽ കുടജാദ്രിയെന്ന സ്വപ്നം നഷ്ടമായാലോ എന്ന് കരുതി വണ്ടി തിരിച്ച് വീണ്ടും സാബെക്കാട്ടെ തന്നെ എത്തി.ആദ്യം കണ്ട ജീപ്പിലെ ഡ്രൈവർ എന്റെ അത്ര തന്നെ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ ആണ്. അവനോട് ഞാൻ മലമുകളിൽ പോകുമോ എന്ന് ചോദിച്ചപ്പോൾ അവൻ അവിടെ നിന്ന് തിരിച്ച് വരികയാണെന്ന് പറഞ്ഞു. പിന്നീടാണ് അവന് ഞാൻ മലയാളി ആണെന്ന് മനസ്സിലായത്.അവൻ മലയാളത്തിൽ സംസാരിച്ച് തുടങ്ങിയപ്പോൾ ശരിക്കും ഞാനൊന്ന് അമ്പരന്നു പോയി! ഗൗതം,അതാണവന്റെ പേര്. അവനോട് മുകളിലേക്ക് ബൈക്ക് പോകുമോ എന്ന് ചോദിച്ചു.എന്റെ മനസ്സ് വായിച്ചിട്ടാകണം,അവൻ ‘ ബൈക്ക് പോകും,പക്ഷെ ശരിക്കും റിസ്ക് എടുക്കണം’ എന്ന് പറഞ്ഞ് ഒരു കൈ നോക്കുന്നോ? എന്നൊരു ഭാവത്തിൽ എന്നെയൊന്ന് നോക്കി. എനിക്ക് ‘നോ’ പറയാൻ താല്പര്യമില്ലായിരുന്നു.അവനോട് വഴി ചോദിച്ചു,അവൻ എനിക്ക് ജീപ്പ് പോകുന്ന വഴി കൃത്യമായി അടയാള സഹിതം പറഞ്ഞു തന്നു.ഒരു രാത്രി മുകളിൽ താമസ്സിക്കണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ കുടജാദ്രിയെ തേടി വന്നിരിക്കുന്നത്,അതിനു വല്ല മാർഗവും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ മുകളിൽ ‘ഗസ്റ്റ് ഹൗസ് ഉണ്ട്’ എന്ന് പറഞ്ഞു.വന്ന വഴി വീണ്ടും ഒരു 4 km തിരിച്ച് പോകണം,ഞാൻ പോകാൻ തന്നെ തീരുമാനിച്ചിരുന്നു.അങ്ങനെ ഞാൻ അവനോട് നന്ദി പറഞ്ഞത് വണ്ടിയെടുത്തു.

തുടക്കത്തിൽ അത്ര വലിയ കുഴപ്പമൊന്നും ഇല്ലായിരുന്നു. ഏതാണ്ട് ഒരു 2 km കഴിഞ്ഞാൽ ഒരു ചെക്ക് പോസ്റ്റുണ്ട്. അവിടെ നിന്നും 25 രൂപയുടെ ടിക്കറ്റെടുത്തു.ബാഗ് ഒന്ന് പരിശോധിച്ച ശേഷം എന്നോട് അയാൾ പൊയ്ക്കോളാൻ പറഞ്ഞു.അവിടെ നിന്നായിരുന്നു ശരിക്കുള്ള ഓഫ് റോഡിന്റെ തുടക്കം.എന്റെ പൊന്നേ,കണ്ടപ്പോൾ സത്യം പറഞ്ഞാൽ എന്റെ കണ്ണ് തളളിപ്പോയിരുന്നു!ഓഫ് റോഡ് എന്ന് പറഞ്ഞാൽ ശരിക്കും നല്ല പക്കാ ഓഫ് റോഡ്.ഞാൻ 2 മിനുറ്റ് വണ്ടി നിർത്തി ശരിക്കും ഒന്നു കൂടെ ആലോചിച്ചു,വേണോ?????? പിന്മാറാൻ മനസ്സ് സമ്മതിച്ചില്ല,വണ്ടി മുന്നോട്ട് തന്നെ എടുത്തു. ജീപ്പ് പോയി കുഴിയായ വഴിയിലെ ഉരുളൻ കല്ലുകളും,പാറച്ചീള്ളുകളും,കുത്തനെയുള്ള Z വളവുകളും ചളിയും എല്ലാം നിറഞ്ഞ പക്കാ ഓഫ് റോഡ്.വളവുകളിൽ ഹോൺ മുഴക്കി ഇടയ്ക്ക് ഇറങ്ങി വരുന്ന ജീപ്പുകളെ പോകാൻ അനുവദിച്ച് ഞാൻ മുന്നോട്ട് തന്നെ നീങ്ങി.ചിലയിടത്ത് ജീപ്പുകൾ വരുന്നതു കണ്ടാൽ പേടിയായിരുന്നു.ഒരു പാറയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി ഇളകിയാടി അവ വരുന്നത് കണ്ട് ഞാൻ കഴിയുന്നത്ര വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തിക്കൊടുത്തിരുന്നു.

ഞാൻ മുകളിലേക്ക് ബൈക്കിൽ കയറുന്നതു കണ്ട് പലരും ജീപ്പിലിരുന്ന് എനിക്ക് നേരെ കൈ വീശിക്കാണിച്ച് തരികയും ‘ഓൾ ദി ബെസ്റ്റ്’ പറയുകയും ചെയ്തു.ഞാൻ തിരിച്ച് അവർക്കും നേരെയും കൈ വീശിക്കാണിച്ച് മുകളിലേക്ക് തെന്നിയും നിരങ്ങിയും കയറിക്കൊണ്ടിരുന്നു.മലയുടെ ഏറ്റവും മുകളിൽ എത്തുന്നതിന്റെ തൊട്ടു മുമ്പുള്ള കുറച്ച് ദൂരം ആയിരുന്നു ശരിക്കും ഹെവി.എന്തോ,വണ്ടി അവിടെ നിന്ന് മുന്നോട്ട് കയറാൻ ഒന്ന് മടിച്ചു നിന്നു.ഇതിനിടയിൽ എന്റെ പിറകിലായി ഒരു ജീപ്പ് വന്നു നിന്നു. കുത്തനെയുള്ള കല്ലുകളും ചെളിയും നിറഞ്ഞ കയറ്റമാണ്,ജീപ്പിന് സൈഡ് കൊടുക്കാനും നിവൃത്തിയില്ലാതായി.നേരിയ മഴയും പിറകെ എത്തിയിരുന്നു.തോറ്റു പിൻമാറാൻ തയ്യാറല്ലായിരുന്നതിനാൽ ഞാൻ നന്നായി തോട്ടിൽ കൊടുത്തു.പിൻചക്രം കുറേ കിടന്ന് കറങ്ങി സൈലൻസർ മൺതിട്ടയിൽ ചെന്ന് ഇടിച്ച് തെല്ല് പരിഭവത്തോടെ എഞ്ചിൻ ഓഫ് ആയി.എങ്കിലും ഒടുവിൽ അതും തരണം ചെയ്ത് വണ്ടി മുകളിലേക്ക് കുതിച്ചു.എല്ലാം കീഴടക്കി മലയുടെ മുകളിൽ എത്തിയപ്പോഴേക്കും സമയം 6 മണിയാകാറായിരുന്നു.

എല്ലായിടത്തും കോടയുടെ പുതപ്പ് മൂടി നിൽക്കുന്ന കുടജാദ്രി മലനിരകൾ.എന്റെ ഉള്ളിൽ പുത്തനൊരുണർവ്വ് വന്ന പോലെ തോന്നി.ഞാൻ അടുത്തു കണ്ട കുന്നിൻ മുകളിലേക്ക് നേരെ ബൈക്ക് ഓടിച്ച് കയറ്റി.കൺമുന്നിലെ കാഴ്ച്ചകൾ മറയ്ക്കാൻ തക്ക കോടമഞ്ഞ്.മുകളിൽ എത്തിയപ്പോൾ ശരിക്കും നേരിയ തോതിൽ മഞ്ഞു പെയ്യുന്നത് അനുഭവിച്ചറിയാൻ കഴിഞ്ഞു.ഞാൻ എല്ലാം മറന്ന് കൂകി വിളിച്ച് സ്വയം ആഹ്ലാദിച്ചു.ഞാൻ മാത്രമേ അപ്പൊ ആ കുന്നിൻ മുകളിൽ ഉണ്ടായിരുന്നുള്ളു.മുകളിൽ എന്നെ കണ്ടതു കൊണ്ടാകണം,ഒരുത്തൻ അവന്റെ കാമുകിയുമായി മുകളിലേക്ക് കയറി വന്നു.അവർ കോടയിൽ പരസ്പരം പ്രണയം പങ്കിടാൻ തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയത് ആ മനോഹരമായ വരികൾ ആയിരുന്നു. “കുടജാദ്രിയില് കുട ചൂടുമാ കോടമഞ്ഞു പൊലെയീ പ്രണയം തഴുകുന്നു എന്നെ പുണരുന്നു രാഗ സന്ദ്രമാണീ പ്രണയം…..”

ഞാൻ അവരെ ശല്ല്യം ചെയ്യാതെ വണ്ടിയുമായി താഴേക്കിറങ്ങി.മുകളിൽ ഒരു gust house ന്റെ കാര്യം ഗൗതം പറഞ്ഞിരുന്നു,എന്നാൽ അത് എവിടെയെന്ന് എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.ഞാൻ വണ്ടി നിർത്തി,അതിലെ വന്ന ജീപ്പ് ഡ്രൈവറോട് gust house എവിടെയെന്ന് ചോദിച്ചു.അവനും മറുപടി നല്ല പച്ച മലയാളത്തിൽ തന്നെ എനിക്ക് പറഞ്ഞു തന്നു.അവൻ മാത്രമല്ല,ജീപ്പിൽ ഉണ്ടായിരുന്ന 4 യാത്രക്കാരും മലയാളി ചെറുപ്പക്കാർ.അവൻ എന്നോട് അവന്റെ ജീപ്പിന്റെ പിറകെ പോന്നോളാൻ പറഞ്ഞു.അങ്ങനെ അവന്റെ പിറകെ ഞാനും വച്ച് പിടിച്ചു,വീണ്ടും ഒരു 2 കിലോമീറ്റർ കൂടെ സാഹസ്സപ്പെട്ട് ഒടുവിൽ മുകളിലെ ഗസ്റ്റ് ഹൗസി ന് മുന്നിലെത്തി.അത്യാവശ്യം വലിയ കെട്ടിടം,കർണാടക ഗവൺമെന്റ് വക ഗസ്റ്റ് ഹൗസ് തന്നെയാണ്. 2 പേരാണ് അതിന്റെ മേൽനോട്ടക്കാർ.ഞാൻ വലിയ സന്തോഷത്തോടെ ആകാംഷ നിറഞ്ഞ മനസ്സുമായി അകത്ത് ചെന്ന് അവിടെ കണ്ട ചേട്ടനോട് ഉദ്ദേശ കാര്യം വെളിപ്പെടുത്തി.എന്നാൽ എന്നെ നിരാശപ്പെടുത്തിക്കൊണ്ട് ആ ചേട്ടൻ തനിച്ചാണെങ്കിൽ പറ്റില്ലെന്ന് എടുത്ത് പറഞ്ഞു.ഞാൻ വിടുന്നില്ലെന്ന് കണ്ടപ്പോൾ തൊട്ടപ്പുറത്തെ ബിൽഡിംഗിൽ ഒരാളുണ്ട്, അയാളോട് ചെന്ന് ചോദിക്കാൻ പറഞ്ഞു.

ഞാൻ പ്രതീക്ഷ കൈവിടാതെ ആ ചേട്ടന്റടുത്ത് ചെന്ന് കാര്യം പറഞ്ഞു.തനിച്ചേ ഉള്ളൂ,രാവിലെ നേരത്തെ പോകും സൂര്യോദയം കാണണം എന്നൊക്കെ പറഞ്ഞപ്പോൾ ആ ചേട്ടൻ എന്നോട് OK പറഞ്ഞു.അപ്പൊ എന്റെ ഉള്ളിൽ തോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു. അദ്ദേഹം എന്നെ അകത്തേക്ക് വിളിച്ച് ബെഡ് കാണിച്ചു തന്നു.വലിയ ബെഡ് ആണ് 3 പേർക്ക് സുഖമായിട്ട് കിടക്കാം,പുതിയ ബെഡും ബെഡ് ഷീറ്റും കട്ടിയുള്ള പുതപ്പും.നല്ല സാമാന്യം വലിയ റൂം,വൃത്തിയുള്ള അറ്റാച്ച്ഡ് ബാത്ത് റൂം.ഒരാൾക്ക് ഒരു ദിവസ്സത്തേക്ക് 200 രൂപയാണ് നിരക്ക്.ഭക്ഷണത്തിന് ചാർജ് വേറെയാണ്,ഒരു നേരത്തിന് 60 രൂപ.ഇതിനിടയ്ക്ക് അവിടെ നേരത്തെ ബുക്ക് ചെയ്തിരുന്ന ഒരു ടീം വന്നു.അവർക്ക് മറ്റൊരു റൂം ആണ് കൊടുത്തത്. ഞാൻ എന്റെ ബാഗും മറ്റ് സാധനങ്ങളും റൂമിൽ വച്ച് വീണ്ടും പുറത്തേക്കിറങ്ങി.ഈ ഗസ്റ്റ് ഹൗസിന്റെ തൊട്ടു താഴെ വരെയാണ് ജീപ്പ് വരിക. അവിടെ ഒരു ചെറിയ ദേവി ക്ഷേത്രവും അടുത്തായി ഒരു കുഞ്ഞു പെട്ടിക്കടയും മാത്രം. soft drinks ഉം biscut ഉം പിന്നെ തണുപ്പത് ഒന്ന് പുക വലിച്ചു വിടാനുള്ളതും എല്ലാം അവിടെ കിട്ടും.പക്ഷെ എല്ലാത്തിനും അതിന്റെ ഇരട്ടി വില കൊടുക്കണം എന്ന് മാത്രം.

വൈകുന്നേരം 6.30 വരെയാണ് ജീപ്പിൽ വരുന്ന സഞ്ചാരികൾക്ക് മുകളിൽ ചെലവിടാനുള്ള സമയം.ശേഷിച്ച ടീമുമായി അവസാന ജീപ്പും പോകുന്നത് ഞാൻ നോക്കി നിന്നു.സമയം കടന്ന് പോകും തോറും തണുപ്പ് കൂടി കൂടി വരുന്നു.ദൂരെ ചക്രവാളത്തിൽ അസ്തമയ സൂര്യന്റെ ചായങ്ങൾ കാണാൻ തുടങ്ങിയിരുന്നു.പക്ഷെ വളരെ കുറച്ച് നിമിഷങ്ങൾ മാത്രമേ ആ കാഴ്ചയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളു,എല്ലാ കാഴ്ചകളും മറച്ചു കൊണ്ട് എങ്ങും കോട വന്നു മൂടിക്കൊണ്ടിരുന്നു.തണുപ്പ് പതിയെ ശരീരത്തെ കീഴ്പ്പെടുത്താൻ തുടങ്ങിയപ്പോൾ ഞാൻ മെല്ലെ മുകളിലേക്ക് നടന്നു.gust house ന്റെ നേരിയ വെളിച്ചം മാത്രം കോടയുടെ പുതപ്പിനിടയിലൂടെ കാണാം. എങ്ങും നിശ്ശബ്ദ.തണുപ്പ് കാരണം അധിക നേരം എനിക്ക് പുറത്ത് നില്ക്കാൻ കഴിഞ്ഞില്ല,വേഗം അകത്തു കയറി ബെഡിൽ പുതച്ചു മൂടി ചുരുണ്ടു കൂടി കിടന്നു.ഒരു 8.15 ആയപ്പോൾ ആ ചേട്ടൻ എന്നെ വന്ന് വിളിച്ച് ഭക്ഷണം റെഡിയായിട്ടുണ്ട് വന്ന് കഴിച്ചോളാൻ പറഞ്ഞു.തൊട്ടപ്പുറത്തെ ബിൽഡിംഗിലാണ് ഭക്ഷണം.ഞാൻ പതിയെ പുറത്തിറങ്ങി,നല്ല മഞ്ഞാണ് ഒന്നും കാണുന്നില്ല.ഞാൻ തണുത്ത് വിറച്ച് ഭക്ഷണം കഴിക്കാനിരുന്നു.നല്ല വിശപ്പുണ്ടായിരുന്നു,ഗണപതി ചേട്ടൻ എനിക്ക് നല്ല ചൂടു ചോറും സാമ്പാറും കാബേജ് തോരനും അച്ചാറും എല്ലാം വിളമ്പി തന്നു.വളരെ വേഗത്തിൽ ഞങ്ങൾ പരസ്പരം പരിചയക്കാരായി.സാമ്പാറിന് കുറച്ച് എരിവ് കൂടുതലായിരുന്നു.അതോടെ ചുമ വീണ്ടും എന്നെ വേട്ടയാടാൻ തുടങ്ങി.ഞാൻ വേഗം കഴിച്ചു കഴിഞ്ഞ് മൊത്തം 260 രൂപ വാടകയും കൊടുത്ത് രാവിലെ നേരത്തെ പോകും എന്നും, കൂട്ടത്തിൽ ശുഭരാത്രിയും പറഞ്ഞ് റൂമിലേക്ക് തിരികെ പോന്നു.ചുമ വിടുന്ന ലക്ഷണമില്ല,ഞാൻ കൈയ്യിലെ മരുന്നു കുപ്പിയിൽ അവശേഷിച്ചിരുന്ന മരുന്ന് മുഴുവനായും വായയിലൊഴിച്ച് ഉറങ്ങാൻ കിടന്നു.

ചുമച്ച് രാത്രിയിൽ എപ്പോഴാ ഉറങ്ങിയതെന്ന് അറിയില്ല,രാവിലെ അലാം അടിക്കുന്ന ശബ്ദം കേട്ടാണ് എണീറ്റത്,5 മണി.വീണ്ടും ഉറക്കം വരുന്നു,പക്ഷെ കിടന്നാൽ പിന്നെ എണീക്കില്ലെന്ന് നന്നായി അറിയാമായിരുന്നതിനാൽ കണ്ണും തിരുമ്മി എണീറ്റു.പല്ലു തേപ്പും മറ്റും കഴിഞ്ഞ് ബാഗെല്ലാം എടുത്ത് പോകാൻ തയ്യാറായി റൂമിന്റെ വാതിൽ തുറന്ന് മെല്ല പുറത്തിറങ്ങി.നല്ല മഞ്ഞാണ്,ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ല.തണുപ്പ് കാരണം എന്റെ പല്ലുകളും കാൽ മുട്ടുകളും തമ്മിൽ ഒരുപോലെ മൽത്സരിച്ച് കൂട്ടിയിടിക്കാൻ തുടങ്ങി.ഒടുക്കത്തെ തണുപ്പ് തന്നെ,സഹിക്കാൻ പറ്റുന്നില്ല.സമയം 5.40 ആകുന്നു,എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു.കുടജാദ്രി മലമുകളിലെ അസ്തമയം കണ്ടു. ഇനി സൂര്യോദയം കൂടി കാണണം,അതിനാ ഇത്രയും സാഹസ്സപ്പെട്ട് മല കയറി വന്നത്.കഴിഞ്ഞ ദിവസ്സം പോയ കുന്ന് തന്നെയായിരുന്നു എന്റെയുള്ളിൽ.വണ്ടിയിൽ എല്ലായിടത്തും മഞ്ഞിൻ കണങ്ങൾ പറ്റിപ്പിടിച്ച് കിടക്കുന്നു.കൈയ്യിൽ കരുതിയിരുന്ന ടൗവ്വൽ ഉപയോഗിച്ച് അതെല്ലാം തുടച്ച് കളഞ്ഞ് ഞാൻ സ്റ്റാർട്ട് ചെയ്തു.തണുപ്പിൽ ആദ്യം 1-2 തവണ ഒന്ന് ഓഫ് ആയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ അവനും ഉണർന്ന് പോകാൻ തയ്യാറായി.gust house നോട് tata പറഞ്ഞ് വണ്ടി മെല്ലെ മുന്നോട്ടെടുത്തു.

എന്റെ പോന്നാ,ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിലൊന്നും ഒന്നും കാണുന്നില്ല.നേരിയ കാഴ്ച്ച മാത്രമേ ഉള്ളൂ,അതും ഒന്ന് കൈ നീട്ടിയാൽ കിട്ടുന്നത്ര ദൂരം വരെ മാത്രം.ബൈക്കിൽ ഉണ്ടായിരുന്ന ഫോഗ് ലാബ് നഷ്ടപ്പെട്ടതോർത്ത് അന്നേരം ഞാനൊന്ന് നെടുവീർപ്പിട്ടു.എന്നാലും എങ്ങനെയൊക്കെയോ ഒരു വിധം തപ്പിയും തടഞ്ഞും സകല കുണ്ടിലും കുഴിയിയും ചാടിച്ച് ഒരു വിധം ഞാൻ ആ കുന്നിന്റെ താഴെ എത്തി.ആഹാ,മുകളിൽ ഉണ്ടായിരുന്ന കുന്ന് എവിടെ എന്ന് പോലും കാണുന്നില്ല.മുകളിലേക്കുള്ള വഴി മാത്രം നേരിയ വെളിച്ചത്തിൽ കാണുന്നുണ്ട്.ചരൽ നിറഞ്ഞ ആ വഴിയിലൂടെ അരിച്ചരിച്ച് ഞാൻ വണ്ടി മുകളിലേക്ക് കയറ്റി.ഏറ്റവും മുകളിൽ എത്താറായപ്പോഴാണ് അവിടെയായി എന്തോ ഒരു നിഴലനക്കം ഉള്ള പോലെ ശ്രദ്ധയിൽ പെട്ടത്.ഉടനെ വണ്ടി അവിടെ നിർത്തി.മുകളിൽ എന്തോ ഉണ്ട്,പക്ഷെ മഞ്ഞ് കാരണം ഒന്നും ശരിക്ക് വ്യക്തമാകുന്നില്ല.ഹെഡ് ലൈറ്റ് ബ്രൈറ്റ് മോഡിലിട്ട് ശരിക്കും ഒന്നു കൂടി മുകളിലെ ആ നിഴലിനെ ഫോക്കസ് ചെയ്ത് സൂക്ഷിച്ചു നോക്കിയപ്പോഴാണ് മുകളിലേക്ക് വളഞ്ഞ് ഉയർന്ന് നിൽക്കുന്ന 2 വലിയ കൊമ്പുകൾ കണ്ടത്.

കാട്ടുപോത്ത്,ഒന്നല്ല 5-6 എണ്ണം വേറേം ഉണ്ട്.എല്ലാം എന്നെയും തുറിച്ചു നോക്കി എന്തിനും തയ്യാറായി അങ്ങനെ നിൽപ്പാണ്.ഞാനും അവറ്റയും തമ്മിൽ കഷ്ടിച്ച് ഏതാണ്ട് ഒരു 100-120 മീറ്റർ ദൂരം മാത്രമേ കാണൂ..അപ്പോഴാണ് കഴിഞ്ഞ ദിവസ്സം രാത്രിയിൽ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഗണപതി ചേട്ടനോട് ഞാൻ ‘ഇവിടെ മൃഗങ്ങൾ എന്തെങ്കിലും ഉണ്ടോ?’ എന്ന് ചോദിച്ചതിന്റെ മറുപടിയായി ‘#ആനയും_സിംഹവും ഒഴികെ ബാക്കിയുള്ളവയെല്ലാം ഈ കുടജാദ്രി മലനിരകളിൽ ഉണ്ടെന്ന്’ മറുപടി പറഞ്ഞതോർത്തത്. #ദൈവമേ_പണി_പാളി!! എന്ന് തോന്നിയ നിമിഷം.എന്ത് ചെയ്യണമെന്നറിയാതെ കുറച്ച് നേരം അങ്ങനെ പകച്ച് നിന്നു പോയി.വണ്ടി തിരിച്ചെടുത്ത് ഓടിച്ച് പോകുക തീർത്തും ശ്രമകരമായ ഒന്നായിരുന്നു.വഴി മുഴുവൻ ചരൽ നിറഞ്ഞ ഇറക്കം,വേഗത്തിൽ ഓടിക്കുക അപകടമാണ്.അവറ്റയാണെങ്കിൽ എന്നൊക്കെയോ ശബ്ദങ്ങൾ ഉണ്ടാക്കിക്കൊണ്ട് എന്നെത്തന്നെ നോക്കി അങ്ങനെ നിൽക്കുകയാണ്.പടച്ചോനേ നീ കാത്തോണേ…ന്നും പറഞ്ഞ് ഞാൻ വണ്ടി ഓഫ് ചെയ്ത് അനങ്ങാതിരുന്നു.

അതിനിടയിൽ ആ കൂട്ടത്തിൽ ഉണ്ടായിരുന്ന കൊമ്പു മുളയ്ക്കാത്ത ഒരു കുറുമ്പൻ തുള്ളിച്ചാടി 4-5 അടി എന്റെ അടുത്തേക്ക് വന്നു.ശരിക്കും പേടിച്ച് പോയി,സീൻ എങ്ങാനും ഡാർക്ക് ആയാലോ എന്ന് കരുതി ഞാൻ വേഗം വന്ന വഴിയുടെ കുറുകെയായി വണ്ടി ഒരു വിധം സ്റ്റാന്റിലിട്ട് വണ്ടിയിൽ നിന്ന് ഇറങ്ങി ബാഗെല്ലാം താഴെ വച്ച് എന്തിനും തയ്യാറായി തന്നെ നിന്നു.ഉള്ളിൽ നല്ല പേടി ഉണ്ടായിരുന്നു.കാരണം ഇവറ്റ നന്മുടെ ബന്ദിപ്പൂരും മുത്തങ്ങയിലും റോഡ് സൈഡിൽ അതിലേ പോകുന്ന വണ്ടികളും ആളുകളേയും ബഹളവും എല്ലാം കണ്ട് കൂസലില്ലാതെ നിന്ന് പുല്ലു തിന്ന് ശീലിച്ചവയല്ല,ആരുടെയും ശല്യമില്ലാതെ സ്വൈര്യവിഹാരം നടത്തുന്നവയാണ്.അവർക്കിടയിലേക്കാണ് ഞാനിപ്പൊ അതിക്രമിച്ച് കടന്ന് ചെന്നിരിക്കുന്നത്. ‘ഞാൻ നിങ്ങളുടെ ശത്രു അല്ല,നിങ്ങളെ ആരേയും ഉപദ്രവിക്കാനും വന്നതല്ല’ എന്ന് അവരെ നോക്കി സകല ദൈവങ്ങളെയും വിളിച്ച് ഞാനെന്റ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.ഭാഗ്യം,ഞാൻ കുഴപ്പക്കാരനല്ലെന്ന് മനസ്സിലായതിനാലാവണം കുറച്ചു കഴിഞ്ഞപ്പോൾ അവർ എന്നെ വിട്ട് വീണ്ടും പുല്ല് തിന്നാൻ തുടങ്ങി.സത്യം പറയാലോ,അപ്പോഴാണ് എനിക്കൊന്ന് ശ്വാസ്സം നേരെ വീണത്.

ഞാൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ക്യാമറ ഫ്ലാഷ് ഓഫ് ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം നൈസായിട്ട് 1-2 ഫോട്ടോസ് ഒക്കെ എടുത്തു.ഒരു 8 -10 മിനുറ്റോളം അവറ്റ മുകളിൽ തന്നെ നിന്ന് പുല്ല് തിന്ന ശേഷം പതിയെ കുന്നിന്റെ മറ്റേ ചെരിവിലേക്ക് നടക്കാൻ തുടങ്ങി.എന്നാലും കൂട്ടത്തിലെ ഏറ്റവും വലിയ ഒരുത്തൻ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞ് നിന്ന് എന്നെ തലയുയർത്തി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അപ്പോഴൊക്കെ ഞാൻ അനങ്ങാതെ അറ്റൻഷൻ ആയി നിന്നു കൊടുത്തു.അവ കണ്ണിൽ നിന്നും മറയുന്നതു വരെ വീണ്ടും ഒരു 10 മിനുറ്റോളം ഞാൻ അവിടെ തന്നെ നിന്നു.അതിനു ശേഷം എല്ലാം പോയെന്ന് ഉറപ്പു വരുത്തി പതുക്കെ വണ്ടിയെടുത്ത് മുകളിലേക്ക് കയറി.കോടയുടെ പുതപ്പ് മൂടി തണുത്ത് വിറച്ച് കിടക്കുന്ന കുടജാദ്രി മലനിരകളുടെ അവ്യക്തമായ ദൃശ്യം.താഴെ താഴ്‌വരയിൽ നിന്നും ചീവീടുകൾ നിർത്താത്തെ ശബദിച്ചു കൊണ്ടിരിക്കുന്നു.കൂട്ടത്തിൽ മറ്റേതൊക്കെയോ തിരിച്ചറിയാനാവാത്ത ശബ്ദങ്ങളും മുഴങ്ങി കേൾക്കുന്നുണ്ട്.ഞാൻ സ്വയം മറന്ന് കുറേ നേരം നിശബ്ദനായി ആ മഞ്ഞിന്റെ താഴ്‌വരയെ പ്രണയിച്ചങ്ങനെ നിന്നു.താഴെ നിന്നും വരുന്ന മഞ്ഞ് എന്നെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു.മനസ്സ് ശരിക്കും ശാന്തമായിരുന്നു.ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായി ഞാൻ ബൈക്കിനു മുകളിൽ കുറച്ച് നേരം മലർന്നങ്ങനെ കിടന്നു,ആഹാ എന്താ സുഖം.

സമയം 7 മണിയേടടുക്കുന്നു,സൂര്യന്റെ entry ഇതുവരെയായിട്ടും കാണുന്നില്ല.കിഴക്ക് ചെറിയ വെളിച്ചം ഒക്കെ കാണുന്നുണ്ടെങ്കിലും മഞ്ഞ് വീണ്ടും വന്ന് അതെല്ലാം മായ്ച്ച് കളയുന്നു.ഒടുവിൽ കുറച്ച് വൈകിയാണെങ്കിലും സൂര്യേട്ടൻ ഹാജരായി.കുറച്ച് നേരം വെയിൽ ആസ്വദിച്ച ശേഷം കുടജാദ്രിയോട് യാത്ര പറഞ്ഞ് തിരിച്ചിറങ്ങാൻ തുടങ്ങി.അടുത്ത ലക്ഷ്യം ഇനി മൂകാംബിക ആണ്.കയറിയതിനേക്കാൾ റിസ്ക് ആയിരുന്നു ഇറക്കം എന്ന് തോന്നിപ്പോയി.ബ്രേക്ക് പിടിച്ചിട്ടൊന്നും വണ്ടി നിൽക്കുന്നില്ല, താഴേക്ക് നിരങ്ങി പോരുകയാണ്.ഇടയ്ക്ക് 1-2 ജീപ്പുകൾ സഞ്ചാരികളെയും കൊണ്ട് മല കയറി വന്നു, അതിലുള്ള എല്ലാവരും എന്നെ ഒരു അത്ഭുത ജീവിയെ നോക്കുന്നതു പോലെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.മലയിറങ്ങി താഴെ എത്താറായപ്പോഴാണ് എതിരെ ഒരു ജീപ്പ് എനിക്ക് നേരെ പാസ്സ് ലൈറ്റ് തെളിയിച്ച് വരുന്നതു കണ്ടത്.അടുത്തെത്തി നിർത്തിയപ്പോഴാണ് ഞാൻ ആളെ തിരിച്ചറിഞ്ഞത്,തലേന്ന് എനിക്ക് വഴി പറഞ്ഞു തന്ന ഗൗതം ആണ്.കക്ഷിക്ക് എന്നെ വീണ്ടും കണ്ടപ്പോൾ ഭയങ്കര സന്തോഷം.അവൻ എങ്ങനെയുണ്ടായിരുന്നു കുടജാദ്രി എന്ന് ചോദിച്ചപ്പോൾ ‘മനോഹരം, ഞാൻ ഇനിയും വരും’ എന്ന് പറഞ്ഞു. ഇത്രയ്ക്കൊന്നും അവൻ എന്നിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവന്റെ മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു.എന്തായാലും അവനൊന്ന് പുഞ്ചിരിച്ചു.അവന് നന്ദി പറഞ്ഞ് പരസ്പരം കൈ കൊടുത്ത് അടുത്ത വരവിൽ കാണാമെന്ന ഉറപ്പും നൽകി ഞാൻ യാത്ര തുടർന്നു.

മൂകാംബികയിലേക്ക് 30 km കൂടി സഞ്ചരിക്കണം.അതിൽ ഒരു 7 km ‘Mookambika Wildlife Sanctury’ യിലൂടെയാണ് കടന്നു പോകുന്നത്. അധികം വീതിയില്ലാത്ത കോൺക്രീറ്റ് ചെയ്ത പോലുള്ള റോഡാണ്.9 മണിയോടു കൂടി മൂകാംബിക അമ്പലത്തിനടുത്തെത്തി. വിചാരിച്ചത്ര തിരക്കൊന്നും കാണാനില്ല.രാവിലെ എണീറ്റ് കുളിച്ചിട്ടില്ലായിരുന്നതിനാൽ അമ്പലത്തിനകത്ത് കയറും മുന്നെ ഒന്ന് കുളിക്കണം.അവിടെ കണ്ട കടയിലെ ചേട്ടനോട് ഞാൻ കുറഞ്ഞ റേറ്റിൽ ഒരു റൂം എവിടെ കിട്ടും എന്ന് ചോദിച്ചു,ദൈവമേ അയാളും മലയാളി!എന്തായാലും അയാൾ അയാളുടെ ഒരു പരിചയക്കാരന്റെ ലോഡ്ജ് കാണിച്ച് തന്ന് 200/- രൂപ റേറ്റ് വരും എന്ന് പറഞ്ഞു.ഞാൻ OK പറഞ്ഞ് വണ്ടി പാർക്കിംഗിൽ പാർക്ക് ചെയ്ത് നേരെ അങ്ങോട്ട് പോയി.കുളി കഴിഞ്ഞ് വേഗം അമ്പലത്തിൽ പോയി.അന്ന് തീരെ തിരക്കില്ലാത്ത ദിവസമായിരുന്നു.ഞാൻ 2 തവണ അകത്തുകയറി നന്നായി പ്രാർത്ഥിച്ച് വഴിപാടെല്ലാം കഴിപ്പിച്ച് തൊഴുതിറങ്ങി. അവിടെ അങ്ങനെ നിൽക്കുമ്പോൾ നമുക്ക് കിട്ടുന്ന ആ ഒരു ഉന്മേഷവും,ഉള്ളിൽ വന്ന് നിറയുന്ന പോസിറ്റീവ് എനർജിയും ഉണ്ടല്ലോ,എന്റമ്മേ അതൊന്നും പറഞ്ഞറിയിക്കാൻ അറിയില്ല.ഒക്കെ ശരിക്കും അവിടെ ചെന്ന് നേരിൽ അനുഭവിച്ചറിയുക തന്നെ വേണം.

കുറച്ച് നേരം ഞാനവിടങ്ങനെ ഇരുന്ന ശേഷം പുറത്തിറങ്ങി ഒരു കടയിൽ നിന്ന് ചായയും കുടിച്ച് 11 മണിയോടെ നേരെ മുരുഡേശ്വരത്തേക്ക് വച്ചു പിടിച്ചു.മൂകാംബികയിൽ നിന്നും 65 km ആണ് മുരുഡേശ്വരത്തേക്ക്.(മൂകാംബിക പോയി നേരെ ഉടുപ്പി വഴി അഗുബെ ചെന്ന് മംഗലാപുരത്തിലൂടെ ബാംഗ്ലൂരിലേക്ക് തിരിച്ച് വരാന്നായിരുന്നു ഞാൻ ആദ്യം യാത്ര പ്ലാൻ ചെയ്തിരുന്നത്.ഇടയ്ക്ക് ഒരു ട്വിസ്റ്റ് സംഭവിച്ചത് കൊണ്ടാണ് പ്ലാൻ ഒന്ന് മാറ്റിപ്പിടിച്ചത് ).വലിയ കുഴപ്പമില്ലാത്ത റോഡ് ആയിരുന്നതിനാൽ 12.15 ഓടെ ഞാൻ മുരുഡേശ്വരത്തെത്തി.ദൂരെ നിന്നേ ഉയർന്നു നിൽക്കുന്ന ആ ശിവരൂപം കാണാമായിരുന്നു.അവിടെയും തിരക്ക് കുറവാണ്.മലയാളികൾ അമ്പലത്തിലും ബീച്ചിലും മറ്റുമായി ഒരുപാടുണ്ട്.അമ്പലത്തിന്റെ മുൻ വശത്തെ നിറയെ ചെറിയ ജാലകങ്ങൾ നിറഞ്ഞ ഉയരമുള്ള പ്രവേശന ഗോപുരം കാണാൻ നല്ല ഭംഗിയാണ്.അതിനു മുകളിലേക്ക് നമുക്ക് ടിക്കറ്റെടുത്ത് കയറി കാഴ്ച്ചകൾ കാണാൻ കഴിയും.ഞാൻ ഷൂ അഴിച്ച് സൂക്ഷിക്കാൻ ഏൽപ്പിച്ച് കവാടത്തിലൂടെ അകത്തു കടന്നു.തൊഴുത് തിരികെ വന്ന് ഗോപുരത്തിന് മുകളിലേക്ക് കയറി കടലോര ഭംഗി ആവോളം ആസ്വദിച്ച് ചറ പറാന്ന് ഫോട്ടോസ് ഒക്കെ എടുക്കാം എന്ന് കരുതീട്ടാ വേഗം കൈയ്യും കാലും കഴുകി ഞാൻ കോവിലിനകത്തേക്ക് കടന്നത്. ശിവലിംഗത്തോട് രൂപമുള്ള സ്വർണ്ണം പൂശിയ ദേവ വിഗ്രഹം.ങ്ങേ,വിഗ്രഹത്തിൽ നല്ല കട്ടിയുള്ള മീശ കാണുന്നുണ്ട്.ആദ്യമായിട്ടാണ് മീശ വച്ചൊരു ദൈവ പ്രതിഷ്ഠ കാണുന്നത്.കുറച്ച് നേരം അത്ഭുതത്തോടെ ഞാനത് നോക്കി നിന്നു.

ഉച്ചയ്ക്ക് അവിടെ നിന്നാണ് നിന്നാണ് ഭക്ഷണം (അന്നദാനം)കഴിച്ചത്.നല്ല രുചിയുള്ള ഭക്ഷണം. കഴിച്ച് പുറത്തിറങ്ങിയപ്പോഴേക്കും പ്രവേശന ഗോപുരത്തിന് മുകളിലേക്കുള്ള പ്രവേശന സമയം കഴിഞ്ഞിരുന്നു.വീണ്ടും 3 മണിക്കേ ഇനി അവിടേക്ക് കയറാൻ സാധിക്കയുള്ളു എന്നറിഞ്ഞപ്പൊൾ ചെറിയൊരു നിരാശ തോന്നി.വീണ്ടും വരുമ്പോൾ കയറാം എന്ന് കരുതി സ്വയം സമാധാനിക്കാൻ ശ്രമിച്ച് ഞാൻ പുറത്തിറങ്ങി.അവിടെ വച്ച് 4 പേരടങ്ങിയ ഒരു ബൈക്കേർസ് ടീമിനെ പരിചയപ്പെട്ടു. അവരും ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ടവരാണ്,ഗോർണ പോയി വരുന്ന വരവാണ്.ഗോഗർണ യെക്കുറിച്ച് ഞാൻ കുറേയേറെ കേട്ടിട്ടുണ്ട്.ഇനിയും സമയമുണ്ട്,ബാംഗ്ലൂർക്ക് തന്നെ തിരിച്ച് പോരണോ അതോ നേരെ ഗോഗർണ വച്ചു പിടിക്കണോ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു.ഗൂഗിൾ മാപ്പിൽ ദൂരം സെർച്ച് ചെയ്തപ്പോൾ വെറും 60 km.രാത്രിയിൽ ഉറങ്ങാതെ ഡ്രൈവ് ചെയ്യാനായിരുന്നു എന്റെ പ്ലാൻ.പിന്നെ മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല,അടുത്തത് ഗോഗർണ തന്നെയെന്നുറപ്പിച്ചു.സമയം 2 മണി ആയിട്ടേ ഉള്ളൂ,കുറച്ച് നേരം അവിടെ ബീച്ചിനടുത്ത് കറങ്ങി നടന്നു.ഇതിനിടയിൽ വീണ്ടും മഴ ചാറി എന്നെ ചെറുതായൊന്ന് നനച്ച് കടന്നു പോയി.

മഴ മാറിയപ്പോൾ വീണ്ടും യാത്ര തുടങ്ങി.നല്ല റോഡ് തന്നെ,പക്ഷെ വീതി കൂട്ടുന്ന വർക്ക് നടന്നു കൊണ്ടിരിക്കുന്നതിനാൽ പലയിടത്തും ഡൈവേർഷൻ ഉണ്ട്.പോകുന്ന വഴിക്ക് ഗോഗർണ എത്തുന്നതിന്റെ ഒരു 6 km മുന്നെയായി റോഡ് സൈഡിലായി ‘#മിർജാൻ_ഫോർട്ട്’ 1.5 km എന്ന ഒരു ബോർഡ് കണ്ടു.ഒന്നും നോക്കിയില്ല വണ്ടി നേരെ അങ്ങോട്ട് വിട്ടു.കുറച്ച് ദൂരമേ ഉള്ളുവെങ്കിലും റോഡ് മോശമാണ്.16-ാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ ജെറുസോപ്പ(Gerusoppa) രാജാക്കന്മാരുടെ ഭരണ കാലത്ത് പണി കഴിപ്പിച്ച പഴയൊരു കോട്ട.ഒന്ന് രണ്ട് പേർ അവിടെയിവിടെയായി സംസാരിച്ചിരിക്കുന്നുണ്ടെന്നല്ലാതെ മറ്റാരെയും കാണാനില്ല.അടുത്തായി ഇളനീരും മറ്റും വില്ക്കുന്ന ചെറിയൊരു പെട്ടിക്കട മാത്രം. കോട്ടയ്ക്ക് നല്ല വലിപ്പം ഉണ്ടായിരുന്നു.ഇളം പച്ച പരവതാനി വിരിച്ച പോലെ പുല്ല് നിറഞ്ഞ അകത്തളം കാണാൻ നല്ല ഭംഗിയുണ്ട്.കോട്ടയുടെ പല ഭാഗത്തായി 8 – ൽ അധികം വലിയ കിണറുകളും അവയ്ക്കരികിലായി താഴേക്കിറങ്ങി ചെല്ലുന്ന ഒരോ തുരങ്കവും കാണാം.താഴേക്കുള്ള വഴിയുടെ ഇരുമ്പു വാതിലുകൾ എല്ലാം താഴിട്ട് പൂട്ടിയിരിക്കുകയാണ്,ഇരുട്ട് നിറഞ്ഞ വഴി മാത്രം കാണാം.കോട്ടയുടെ ചിലയിടത്തെല്ലാം തകർന്നു കിടക്കുന്നു.ഏറ്റവും മുകളിൽ കയറി നിന്ന് നോക്കിയപ്പോൾ കോട്ടയ്ക്കപ്പുറം പരന്ന് കിടക്കുന്ന നെൽപ്പാടങ്ങൾ.

ഇതിനിടയിൽ കുറച്ചു പേർ കൂടി കോട്ട കാണാനെത്തി.അൽപ്പ നേരം അവിടെ ചുറ്റിക്കറങ്ങി ഒന്ന് വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടർന്നു.4 മണിയോടെ ഗോഗർണയിൽ എത്തി.അന്വേഷിച്ചപ്പോൾ അവിടെ 5-ൽ അധികം ബീച്ചുകൾ ഉണ്ടെന്നും അതിൽ പ്രധാനപെട്ടത് ‘OM’ ബീച്ച് ആണെന്നും അറിഞ്ഞ് നേരെ അങ്ങോട്ട് വിട്ടു.നല്ല റോഡ്,ബീച്ചിൽ എത്തും മുന്നെയുള്ള ദൂര കാഴ്ച്ച ശരിക്കും കിടു ആണ്.ബീച്ചിന് മുന്നിലായി ഓട്ടോ സ്റ്റാന്റുണ്ട്. ഡ്രൈവർമാർ ഓരോരുത്തരും സഞ്ചാരികളെ വലവീശി പിടിയ്ക്കാൻ തയ്യാറായി നിൽക്കുന്ന കാഴ്ച്ച രസകരമായിരുന്നു.ബീച്ചിൽ നിന്നും ആരെങ്കിലും കയറി വന്നാൽ ഉടനെ എല്ലാവരും കൂടി ചേർന്ന് വളയും,വിദേശ സഞ്ചാരികൾ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട!.കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ഒരുപാട് പാറക്കൂട്ടങ്ങൾ OM ബീച്ചിലുണ്ട്.പലരും അതിനു മുകളിൽ ചെന്ന് സൊറ പറഞ്ഞ് കളിച്ച് ചിരിച്ച് ഇരിക്കുന്നു.കുറേ പേർ കടലിൽ ഇറങ്ങി കുളിക്കുന്നു.ചിലർ മണലിൽ തുണി വിരിച്ച് വെയിൽ ആസ്വദിച്ച് മലർന്ന് കിടക്കുന്നു.ഒരുപാട് മദ്യശാലകൾ അരികിലായുണ്ട്,എല്ലാത്തിനും അവർ പറയുന്ന വിലയാണ്.

പല ദേശത്ത് നിന്നുള്ള സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ അവിടെയുണ്ട്.കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ഒരു പാറക്കൂട്ടത്തിലേക്ക് ഞാനും കുറച്ച് സാഹസ്സപ്പെട്ടാണങ്കിലും ചെന്ന് കടലിന് അഭിമുഖമായിരുന്നു.പാറക്കൂട്ടങ്ങളിൽ തട്ടി ചിതറി പതഞ്ഞൊഴുകുന്ന തിരകളെ കാണാൻ പ്രത്യേക ചന്തമായിരുന്നു.ചുറ്റിലും ചെറുതും വലുതുമായ അനേകായിരം ഞണ്ടിൻ കൂട്ടങ്ങൾ ഓടിക്കളിക്കുന്നു.#ഓം എന്ന ആ ആ ആകൃതി ഉള്ളതു കൊണ്ടാണത്രെ ഈ ബീച്ചിന് OM ബീച്ച് എന്ന പേരു വന്നത്.ഏതാണ്ട് 5.45 വരെ ഞാനവിടെ ചിലവഴിച്ച ശേഷം നേരെ 2 മത്തെ പ്രധാന ബീച്ച് ആയ ‘kw kudle beach’ ലേക്ക് വിട്ടു, ഒരു 5 Km.അവിടെ ഒരു കുന്നിന്റെ മുകളിൽ ഒരു കാർ കിടക്കുന്നതു കണ്ട് ഞാനും അങ്ങോട്ട് വിട്ടു, പിന്നേം ചെറിയൊരു ഓഫ് റോഡ്.അവിടെ നിന്നുള്ള ബീച്ചിന്റെ കാഴ്ച്ച ശരിക്കും മനോഹരം ആയിരുന്നു.കുറച്ച് നേരം ഞാനവിടെ നിന്ന് കടലിന്റെ ഭംഗി ആസ്വദിച്ചിരുന്നു.ഇതിനിടയിൽ എന്റെ ബൈക്കിനടുത്തായി Goa രജിസ്ട്രേഷനിലുള്ള ഒരു കാർ വന്ന് നിർത്തി 5 പേർ പുറത്തിറങ്ങി. ദൈവമേ അവരും നുമ്മ #മല്ലൂസ്.. അവർ ഗോവയിൽ നിന്നും വരുന്ന വഴിയാണ്.എവിടെ ചെന്നാലും മല്ലൂസിനെ കാണാത്ത ഇടം ഉണ്ടാകില്ലെന്ന് ഉറപ്പായി.അവിടെ നിന്ന് #ഗോവ യ്ക്ക് വെറും 160 km ആണുളളത്.ഒരു ദിവസ്സം കൂടി ലീവ് കിട്ടിയിരുന്നെങ്കിൽ എന്ന് അറിയാതെ ചിന്തിച്ച് പോയി.

വൈകീട്ട് 7 മണിയോടെ ഞാൻ അവരോട് യാത്ര പറഞ്ഞ് ബാംഗ്ലൂരിലേക്കുള്ള മടക്കയാത്ര തുടങ്ങി,497 km ഉണ്ട് തിരിച്ച് ബാംഗ്ലൂരിലേക്ക്.വീണ്ടും ജോഗ് – സാഗർ വഴി തന്നെ വേണം വരാൻ.ഞാൻ പതിയെ യാത്ര തുടങ്ങി,ഇനി പുലരും മുന്നെ റൂമിൽ എത്തിയാൽ മതി.വിനായക ചതുർത്ഥി ആയതിനാൽ പലയിടത്തും അതിന്റെ ആഘോഷങ്ങൾ കാണാമായിരുന്നു.വണ്ടിയിൽ പെട്രോൾ കുറവായിരുന്നു,credit card എടുക്കുന്ന ഒറ്റ പമ്പ് പോലും എവിടെയും ഇല്ല.എന്റെ കൈയ്യിൽ ശേഷിച്ചിരുന്നത് ആണേൽ ആകെ 500 രൂപയും ആയിരുന്നു.ഒടുവിൽ മറ്റു വഴിയൊന്നും ഇല്ലെന്ന് മനസ്സിലായപ്പോൾ ഒരു പമ്പിൽ കയറി 300 രൂപ ക്യാഷ് കൊടുത്ത് ഞാൻ എണ്ണ അടിച്ചു.പിന്നെ ഒരു ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ച് യാത്ര തുടർന്നു.ജോഗ്-സാഗർ റൂട്ടിൽ അങ്ങോട്ട് കുറേ ദൂരം വീണ്ടും വെട്ടവും വെളിച്ചവും ഇല്ലാത്ത പട്ടിക്കാട് റൂട്ട് ആണ്.പലയിടത്തും റോഡ് നിറയെ കുണ്ടും കുഴിയും, പോരാത്തതിന് നായ്ക്കളും പശുക്കളും ഒക്കെ വേറെയും.കുറേ ദൂരം ചെന്നാണ് ഒരു ചെറിയ ടൗണിൽ എത്തിയത്.അവിടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന 3-4 ചെറിയ ചായക്കടകളും മറ്റും ഉണ്ട്, അടുത്തായി ഒരു ബസ്സ് സ്റ്റാന്റും. ഞാൻ വണ്ടി നിർത്തി ഒരു കടയിൽ കയറി ഒരു ചൂടൻ ചായ കുടിച്ചു.

ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ബാഗിന്റെ ഭാരം കാരണം തോളിന് ചെറിയൊരു വേദന വരുന്നു.ഞാൻ ആ കടയിലെ ചേട്ടനോട് അനുവാദചോദിച്ച് ഒരു 10 മിനുറ്റോളം അവിടെ വിശ്രമിച്ചു. ശേഷം തണുത്ത വെള്ളത്തിൽ കൈയ്യും മുഖവും കഴുകി ചേട്ടനോട് നന്ദിയും പറഞ്ഞ് യാത്ര തുടർന്നു.10 മണിയോടു കൂടി സാഗർ എത്തി. സാഗർ എപ്പോഴും തിരക്കുള്ള സ്ഥലം ആണ്.ബാംഗ്ലൂർ,ഷിമോഗ,ഹുബ്ളി തുടങ്ങിയ എല്ലായിടത്തേക്കും അവിടെ നിന്നും ബസ്സ് കിട്ടും. അവിടെ നിന്ന് കുറച്ച് ദൂരം കൂടി മുന്നോട്ട് പോയ ശേഷം ഒരു ചെറിയ ബ്രേക്ക് എടുക്കാനായി ഞാൻ വണ്ടി റോഡിൽ വെളിച്ചം കണ്ട ഒരിടത്ത് സൈഡാക്കി നിർത്തി.2 മിനുറ്റ് കഴിഞ്ഞപ്പോൾ പിറകിൽ നിന്നും ദൂരെയായി ഒരു ബുള്ളറ്റിന്റെ പട പട ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.ഒരു thunder bird 500 പിറകെ ഒരു discover 150, ഒരു honda shine 110 & ഒരു R1 5 അങ്ങനെ 4 ബൈക്കുകളിലായി 6 പേർ എന്നെ കടന്നു പോയി.ഞാൻ വേഗം വണ്ടിയെടുത്ത് അവരുടെ പിറകെ പിടിച്ചു.ഏറ്റവും പിറകിൽ പോകുന്ന R1 5 ലെ ആളോട് നിങ്ങൾ എവിടേക്കാണ് എന്ന് ചോദിച്ചപ്പോൾ ബാംഗ്ലൂർ എന്ന് മറുപടി കിട്ടി.ഞാനും അവർക്കൊപ്പം Join ചെയ്തതോടെ എന്ന് ചോദിച്ചപ്പോൾ അവർ ok പറഞ്ഞു.അങ്ങനെ അവിടെ നിന്നങ്ങോട്ട് ഒരുമിച്ചായി യാത്ര.ഇടയ്ക്ക് വച്ച് വണ്ടി നിർത്തി ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. ബൈക്കേർസ് എല്ലാവരും ഒരേ തരക്കാർ,യാത്രികർ തന്നെ.ഞങ്ങൾ വളരെ പെട്ടന്ന് പരിചയക്കാരായി. തനിയെ ഇത്രയും ദൂരം സഞ്ചരിച്ചെന്നറിഞ്ഞപ്പോൾ അവരെന്നെ ഒരുപാട് പ്രശംസിച്ചു. അവർ ഗോഗർണ-മുരുഡേശ്വര- ജോഗ് പേയി തിരികെ വരുന്ന വഴിയാണ്.

ഷിമോഗയിൽ നിന്ന് ധാവങ്കരെ സ്റ്റേറ്റ് ഹൈവേ വഴി ബാംഗ്ലൂർ പിടിക്കാർ ആയിരുന്നു അവരുടെ പ്ലാൻ.എന്നാൽ അത് കുറച്ച് ലോംഗ് ആണെന്ന് അറിയാമായിരുനതിനാൽ വേറെ ഷോർട്ട് കട്ട് ഉണ്ടെന്ന് ഞാൻ പറഞ്ഞെങ്കിലും അവർ അവരുടെ വഴി തന്നെ മതിയെന്ന് തറപ്പിച്ചു പറഞ്ഞു.ഞാൻ പിന്നെ എതിരൊന്നും പറഞ്ഞില്ല,അവരുടെ കൂടെ യാത്ര തുടർന്നു.കൂട്ടിന് ആളുണ്ടെകിൽ തളർച്ചയോ ഉറക്കമോ തേടി വരിലല്ലോ!.പുലർച്ചെ 3 മണിയോടെയാണ് ഹൈവേയുടെ അരികിലെത്തിയത്.ഒരു ധാഭയിൽ കയറി ഞങ്ങൾ ഒരുമിച്ചിരുന്ന് തമാശ ഓക്കെ പറഞ്ഞ് കളിച്ച് ചിരിച്ച് ഭക്ഷണം കഴിച്ചു.ബാംഗ്ലൂരിലേക്ക് ഇനിയും 250 km അടുത്ത് സഞ്ചരിക്കണം.ഹൈവേയിൽ കയറിയാൽ പിന്നെ Speed എത്ര കൂട്ടാൻ കഴിയുമോ അത്രയും കൂട്ടി പൊയ്ക്കോളാനാണ് അവർ പറയുന്നത്,എന്നാൽ മാത്രമേ തിരക്ക് കൂടും മുമ്പ് റൂം പിടിക്കാൻ കഴിയുമായിരുന്നുള്ളു.കഴിച്ച് കഴിഞ്ഞ് ഹൈവേയിൽ കയറിതും തണ്ടർ ബിർഡ് നിമിഷ നേരം കൊണ്ട് പറന്ന് കണ്ണിൽ നിന്നും മാഞ്ഞു പോയി. ഞാൻ അപ്പാഴും ഒരു 90 ആണ് മാക്സിമം Speed keep ചെയ്തിരുന്നത്.ഓരോരുത്തരായി എന്നെ ഓവർടേക്ക് ചെയ്ത് കടന്നു പോയപ്പോൾ ഞാൻ പിന്നെ ഒന്നും നോക്കിയില്ല,ആക്സിലേറ്റർ വീണ്ടും കൊടുത്തു.

നിമിഷ നേരം കൊണ്ട് വണ്ടി 100 കടന്ന് മുന്നെ പോയ 2 ബെക്കിനെയും(Shine & Discover)കവർ ചെയ്ത് മുന്നോട്ട് കുതിച്ചു.110 ആയിരുന്നു എന്റെ വണ്ടിയുടെ ഇതിനു മുന്നെയുള്ള top speed(Bangalore-Hyderabad Route).അന്ന് ഞാൻ വിചാരിച്ചിരുന്നത് ആയിരുന്നു ബൈക്കിന്റെ മാക്സിമം സ്പീഡ് എന്നായിരുന്നു,കാരണം അന്ന് എത്ര ആക്സിലേറ്റർ കൊടുത്തിട്ടും വണ്ടി 110 ന് മുകളിൽ കയറിയിരുന്നില്ല.എന്നാൽ davankare-tumkur 6 വരിപ്പാതയിൽ വണ്ടി 110 – ൽ നിന്നും 111 എത്തിയപ്പോൾ ഞാനൊന്ന് അമ്പരന്നു.വീണ്ടും ആക്സിലേറ്റർ കൊടുത്തു നോക്കി,വണ്ടി 115- ഉം കടന്ന് 116 ലെത്തി നിന്നു.പിന്നെ മുന്നിൽ ഒരു ചരക്ക് ലോറി കണ്ടതിനാൽ വണ്ടി ഒന്ന് slow ആക്കി.കുറച്ച് ദൂരം കഴിഞ്ഞപ്പോൾ വണ്ടിക്ക് പെട്ടന്ന് മിസ്സിംഗ് വരാൻ തുടങ്ങിയപ്പോഴാണ് മീറ്റിലേക്ക് നോക്കുന്നത്.ദൈവമേ,3 Point ഉണ്ടായിരുന്ന എണ്ണ മുഴുവൻ കത്തി പോയിരിക്കുന്നു.ഞാൻ പതിയെ വണ്ടിയുടെ വേഗത കുറച്ച് 50 ലായി യാത്ര.കുറേ കഴിഞ്ഞപ്പോൾ ദൂരെയായി ഒരു പമ്പ് കണ്ട് അങ്ങോട്ട് ഓടിച്ച് കയറ്റി.പമ്പിൽ ലൈറ്റ് എല്ലാം ഇട്ടിട്ടുണ്ട്,പക്ഷെ ആരെയും കാണാനില്ല.കുറച്ച് നേരം നിന്ന് ഹോൺ അടിച്ച് നോക്കിയെങ്കിലും ആരും വരുന്നില്ല.എല്ലാവരും അകത്തെ ക്യാബിനകത്ത് മൂടിപ്പുതച്ച് കിടക്കുകയാണ്.

ഞാൻ തിരിച്ച് പോരാൻ തുടങ്ങിയപ്പോഴാണ് discover bike കാരൻ അങ്ങോട്ട് വന്നത്.അവന്റെയും എണ്ണ റിസർവ് ആയിട്ടുണ്ട്.ഞങ്ങൾ 2 പേരും ചേർന്ന് അവരെ കുറേ തട്ടി വിളിച്ചെങ്കിലും ആരും എഴുന്നേൽക്കുന്നില്ല. ഒരുത്തൻ തല പൊക്കി കൈ കൊണ്ട് ഇല്ല എന്ന് ആംഗ്യം കാണിച്ച് വീണ്ടും കിടന്നു.ശരിക്കും ഞങ്ങൾക്ക് ദേഷ്യം വന്നിരുന്നു.പിന്നെ അവിടെ നിന്ന് ഞങ്ങൾ 2 പേരും ചേർന്ന് പതുക്കെയായി യാത്ര.3 പമ്പുകളിൽ കയറിയെങ്കിലും ഒന്നിലും എണ്ണ ഇല്ല,വൃത്തികെട്ടവന്മാർ ലൈറ്റ്സ് എല്ലാം ഓൺ ചെയ്തിട്ട് റൂമിൽ കയറിക്കിടന്ന് കൂർക്കം വലിച്ചുറങ്ങുകയാണ്.പെട്ടു പോയോയെന്ന് വിചാരിച്ചിരുന്ന സമയത്താണ് ദൂരെയായി മറ്റൊരു പമ്പ് കൂടെ കണ്ടത്.ഭാഗ്യത്തിന് അത് വർക്കിംഗ് ആയിരുന്നു.ഞാൻ ഫുൾ ടാങ്ക് അടിച്ച് വീണ്ടും പറന്നു.ഒരു ടോൾ ഗേറ്റിൽ വച്ച് എല്ലാവരും ഒരു തവണ കൂടി മീറ്റ് ചെയ്തു.ഓരോ ചായ കുടിച്ച് എല്ലാവർക്കും കൈ കൊടുത്ത് സലാം പറഞ്ഞ് ഞാൻ അവിടെ നിന്നും പിരിഞ്ഞു. സിറ്റിയിലെ തിരക്ക് കൂടി വരുന്നു. കത്തിച്ച് തന്നെ വിട്ടു,8.45 ആയപ്പോഴാണ് റൂമിൽ എത്തിയത്. ഉടനെ കുളിച്ച് റെഡിയായി ഓഫീസിലേക്ക് ഓടി!

(ഈ യാത്രയിൽ എനിക്ക് ചെലവായത് 3000 രൂപയിൽ താഴെ ആണ്. പെട്രോൾ-1800,താമസ്സം-750,പിന്നെ ഭക്ഷണവും മറ്റു ചിലവുകളും 500 രൂപയിൽ താഴെ..).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply