കാറ്റാടികടവിലേക്കൊരു ട്രെക്കിങ്ങ്; മരണത്തെ മുന്നിൽക്കണ്ട നിമിഷങ്ങൾ…

വിവരണം – ജിതിൻ ജെ.കുമാർ.

മരണഭയത്താൽ വിറങ്ങലിച്ച ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ആ കുന്നിറങ്ങി താഴെ എത്തുമോ എന്നൊരു ചിന്ത നിഴലിച്ചിരുന്നു….അലറിവിളിച്ചാൽ ആ വിളികൾക്ക് കാതോർക്കാതിരിക്കാൻ ദൈവത്തിനാവില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്. അമ്മ വീട്ടിലേക്കു പോകാനുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു വീട്ടിൽ. ഇനി അമ്മയുടെ വീട്ടിൽ പോകുമ്പോൾ പോകാനുറപ്പിച്ച സ്ഥലങ്ങളിലൊന്നായിരുന്നു കാറ്റാടികടവ്..അത് കൊണ്ട് തന്നെ അധികം ആലോചനയില്ലാതെ ഞാനും മുവാറ്റുപുഴക്ക് വരാമെന്നു പറഞ്ഞു. അവിടെത്തിയപ്പോളാണ് മാമന്റെ ചോദ്യം..ഡാ ഭൂതത്താൻകെട്ട് പോയാലോന്ന്… “അതിലൊരു ത്രില്ലില്ലാ” ഞാൻ മനസ്സിൽ പറഞ്ഞു.നമുക്ക് കാറ്റാടികടവിലേക്ക് പോകാമെന്ന് പറഞ്ഞപ്പോൾ മാമനും റെഡി… അങ്ങനെ ഗൂഗിൾ അമ്മച്ചിയോടു വഴിയും തിരക്കി ഞങ്ങൾ വണ്ടിയെടുത്തു..

മുവാറ്റുപുഴയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ ദൂരമേ കാറ്റാടികടവിലേക്കുണ്ടായിരുന്നുള്ളു..അതിനിടയിൽ തന്നെ ആണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം.നേരെ ആനയടികുത്തും കണ്ടു കാറ്റാടികടവിലേക്ക് എത്താം എന്ന തീരുമാനത്തോടെ മാമന്റെ പടക്കുതിര മലകയറാൻ തയ്യാറായി….അങ്ങനെ വണ്ടിയുടെ പരിപ്പെടുത്തു ഞങ്ങൾ ആനയടിക്കുത്തിലെത്തി.സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടങ്ങൾ ചെറിയ തോതിൽ ഉണ്ടായിരുന്നു അവിടെ..മദ്യപിച്ചു വന്ന് നമുക്ക് വഴികാട്ടികളാകാൻ ശ്രമിക്കുന്ന പ്രവണതക്ക് ചെവികൊടുക്കാതെ ഞങ്ങൾ നേരെ താഴേക്കിറങ്ങി.

താനൊരു വെള്ളച്ചാട്ടമാണെന്ന് അറിയിക്കാൻ അവിടെയും ഇവിടെയുമൊക്കെ കുറച്ചു വെള്ളം താഴേക്കൊഴുക്കി തലയെടുപ്പോടെ നിൽക്കുകയാണ് ആനയടിക്കുത്ത്. ശെരിക്കും പറഞ്ഞാൽ വരൾച്ച എന്ന് തന്നെ നമുക്കതിനെ വിളിക്കാം. ആ അവസ്ഥയിലും കുളിക്കാൻ അവിടെ ആളുണ്ടായിരുന്നു. മഴക്കാലങ്ങളിലെ ആനയടിക്കുത്തിന്റെ പ്രൗഡിയെ മനസ്സിൽ ആലോചിച്ചപ്പോൾ പിന്നീട് അവിടെ നില്ക്കാൻ തോന്നിയില്ല. അവിടുന്ന് നേരെ കാറ്റാടികടവിലേക്ക് പോകാനായി മുകളിലേക്ക് കയറിയാൽ മെയിൻ റോഡിൽ എത്താമെന്ന് അവിടെ കണ്ടൊരു സമീപവാസിയിൽ നിന്ന് മനസിലാക്കിയ ഞങ്ങൾ പിന്നെ അമാന്തിച്ചില്ല..

ദയനീയ അവസ്ഥയിലെങ്കിലും മാമന്റെ HF Deluxe കയറ്റങ്ങളെല്ലാം വലിഞ്ഞു കയറിക്കൊണ്ടിരുന്നു..ഭീകരൻ ആണിവൻ കൊടും ഭീകരൻ..ആ സമയം സജിന്റെ പടക്കുതിരയെ ഒന്ന് മനസിലേക്ക് ഓർത്തു. ” ബുള്ളറ്റ് കയറുവോ ഇതുപോലെ.” അങ്ങനെ ഞങ്ങൾ മുണ്ടൻമുടി വഴി കയറ്റങ്ങളെ പിന്നിലാക്കി കാറ്റാടികടവിലെത്തി. വണ്ടി താഴെ വെച്ച് 2 കുപ്പി വെള്ളവും വാങ്ങി ഞങ്ങൾ കുന്ന് കയറാൻ തയ്യാറായി.അവിടെ ഒന്ന് രണ്ട് ഗ്യാങ്ങുകളും കയറാനായി നിൽപ്പുണ്ടായിരുന്നു. കാലത്തു 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം.പ്രത്യേകിച്ച് ഗൈഡുകളോ പ്രവേശന പാസോ ഒന്നും തന്നെ ഇവിടെ ഇല്ല. നമ്മളെ നമ്മൾ തന്നെ സൂക്ഷിക്കണം.

നടപ്പാതയുടെ വശങ്ങളിൽ ഒന്ന് രണ്ടു വീടുകൾ മാത്രമാണ് കാണപ്പെട്ടത്. തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാൽ ചെറിയ രീതിയിൽ വെയിലും ഉണ്ടായിരുന്നു.ഇവിടുത്തെ സൺ സെറ്റ് കാണുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്ന്.പഴയ നാട്ടുവഴികളെ ഓർമിപ്പിക്കും വിധമുള്ള പാതയിലൂടെ ഉയരത്തിലേക്ക് ഒന്നര കിലോമീറ്ററുകൾ താണ്ടിയാൽ നമുക്ക് കാറ്റാടികടവിലെത്താം. അങ്ങനെ ആ കുത്തനെ ഉള്ള കയറ്റം കയറി മുൻപോട്ടു നീങ്ങുമ്പോൾ വഴി രണ്ടാകുന്നു.മുകളിലേക്കാണ് നമുക്ക് പോകേണ്ടത്.ഞങ്ങൾ ആദ്യം നേരെ ഉള്ള വഴി പോയി വഴിയുടെ അവസാനം എത്തിയിരുന്നു. വഴി രണ്ടായി പിരിയുന്നിടത്ത് സൈൻ ബോർഡുകൾ ഒന്നും തന്നെ ഇല്ല.നമ്മുടെ വഴി നാം തന്നെ കണ്ടെത്തണം..

അങ്ങനെ പാറയിടുക്കുകൾക്കിടയിലൂടെ നീളുന്ന പാതകളെ പിന്നീട്ട് ഞങ്ങൾ ഒന്നാമത്തെ മലനിരയിലെത്തി. അവിടെ നിന്ന് താഴേക്കുള്ള കാഴ്ച്ച വാക്കുകളിൽ ഒതുക്കാൻ കഴിഞ്ഞില്ല.വലിയ പാറമുകളിലും കൈവരികൾ നിർമിച്ചിട്ടുണ്ട്.താഴേക്കുള്ള കൊക്കയുടെ അഗാധമായ വ്യൂ പേടിപെടുത്തുന്നതാണ്.ആ കാഴ്ചകളെ പതിയെ മറച്ചു കൊണ്ട് കൊടമഞ്ഞു കുന്നിറങ്ങുന്നുണ്ടായിരുന്നു. കാലാവസ്ഥ ശെരിക്കും മനോഹരം തന്നെ എന്ന് പറയാതിരിക്കാനാവില്ല.അങ്ങനെ ആദ്യത്തെ മലയിൽ നിന്നും രണ്ടാമത്തെ മലയിലേക്കുള്ള നടത്തം ആരംഭിച്ചു.
പാറയിടുക്കുകളെ മുറിച്ചു കടന്നും വള്ളിപ്പടർപ്പുകളിൽ തൂങ്ങിയിറങ്ങിയും ഞങ്ങൾ ആ നടത്തം ആസ്വദിച്ചു.അങ്ങനെ ആ വഴികൾ പിന്നിട്ട് ഞങ്ങൾ കുത്തനെയുള്ള ഒരു കയറ്റവും കയറി മുകളിലെത്തി.
മുകളിൽ നിന്നുള്ള കാഴ്ചക്ക് മാറ്റുകൂട്ടികൊണ്ടു അസ്തമയ സൂര്യന്റെ കിരണങ്ങൾ ഒരു മങ്ങലോടെ പ്രത്യേക്ഷപ്പെട്ടു തുടങ്ങിയിരുന്നു.

സമുദ്ര നിരപ്പിൽ നിന്ന് 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലനിരയാണ് കാറ്റാടികടവ്. ഒരേ ഉയരത്തിലുള്ള രണ്ട് മലനിരകൾ താണ്ടി മുകളിൽ എത്തിയാൽ കാണുന്ന കാഴ്ച്ചകൾ സ്വർഗ്ഗതുല്യം എന്നല്ലാതെ മറ്റൊന്നുമായും വിശേഷിപ്പിക്കാൻ കഴിയില്ല. കണ്ണിന് കുളിർമയേകുന്ന പച്ചപ്പിനെ കോട പൊതിയുന്നത് എത്രനോക്കിനിന്നിട്ടും ഞങ്ങൾക്ക് മതിവരുന്നില്ലായിരുന്നു. ഈ മലനിരകളിൽ ഒന്നും അധികം ആളുകൾ എത്തിയിട്ടില്ലെന്ന് പ്ലാസ്റ്റിക്കിന്റെ കുറവ് കൊണ്ട് നമുക്ക് മനസിലാക്കാൻ സാധിക്കും. അവിടെ ഞങ്ങളെ കൂടാതെ പുത്തൻകുരിശുകാരായ 4 പേർ കൂടി ഉണ്ടായിരുന്നു.അങ്ങനെ മലനിരകളെ കോടപൊതിയുന്നത് ഞങ്ങൾ മതിയാവോളം ആസ്വദിച്ചു.. ഇരുട്ടുന്നതിനു മുന്നേ മലയിറങ്ങാനായിരുന്നു ഞങ്ങളുടെ തീരുമാനം.അങ്ങനെ കാറ്റാടികടവിലെ അസ്തമയത്തോട് വിടപറഞ്ഞു ഞങ്ങൾ വന്ന വഴി തിരികെ നടന്നു.

അങ്ങനെ 2 മലകൾ പിന്നിട്ടു താഴോട്ടിറങ്ങുന്നതിനിടയിൽ കാലാവസ്ഥയിലെ വ്യെതിയാനം ഞങ്ങളുടെ നടത്തത്തിന്റെ വേഗത കൂട്ടി.. തെളിഞ്ഞ ആകാശത്തെ കാർമേഘം വിഴുങ്ങുന്ന കാഴ്ച ശെരിക്കും ഭയാനകം തന്നെയായിരുന്നു. പാതയുടെ ഇരുവശങ്ങങ്ങളെയും കടും വെളള നിറത്തിൽ കോട പൊതിഞ്ഞു ഭീകരമായൊരു അന്തരീക്ഷം സൃഷ്ടിച്ചു. ആ അന്തരീക്ഷത്തിനു കൂട്ടായി മഴയുടെ ആദ്യ തുള്ളികൾ ശരീരത്തെ നോവിച്ചുകൊണ്ടു മണ്ണിൽ പതിച്ചു. ഇടിച്ചു കുത്തി പെയ്യുന്ന മഴയിൽ നിന്ന് രക്ഷപെട്ടു ഞങ്ങൾ വഴിയിൽ ഒരു ഷീറ്റ് കെട്ടിയ സ്ഥലത്തു കയറി നിന്നു.പതിയെ വന്ന മിന്നൽ ശക്തിപ്രാപിച്ചു കൊണ്ട് വെട്ടിയ ഇടിയുടെ ശബ്ദം ഞങ്ങളെ ഭയത്തിലാഴ്ത്തി.
അവിടെ നിന്ന് ഞങ്ങൾ താഴെ കണ്ട കൽപടികൾ ഇറങ്ങി ഒരു വീടിന്റെ ചാർത്തിലേക്കു കയറി നിന്നു.ശെരിക്കും മഴ യുടെ ഭീകരത മനസിലാക്കിയ അവസരം ആയിരുന്നു അത്. അപ്പോൾ നേരത്തെ കണ്ട പുത്തന്കുരിശുകാർ കൂടി അവിടേക്കോടിയെത്തി. അവിടെ നിന്ന് ഞങ്ങൾ പരസ്പരം മഴയെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു..ഇടിയുടെ ശബ്ദം പാറക്കെട്ടുകളിൽ അലയടിച്ചു മുഴങ്ങി കേട്ടുകൊണ്ടിരുന്നു..

പൊടുന്നനെയാണ് ട്യൂബ് ലൈറ്റ് മിന്നുന്നത് പോലെയുള്ള വലിയ വെളിച്ചം ഞങ്ങൾ നിന്ന സ്ഥലത്തു വന്നു പതിച്ചത്..അതിന്റെ ആക്കം ഞങ്ങൾ വിചാരിച്ചതിലും അപ്പുറം ആയിരുന്നു.കൂടെ ഉണ്ടായിരുന്ന മൂന്നുപേർ മൂന്നു ദിശയിലേക്ക് തെറിച്ചു വീണു.മിന്നലിന്റെ ആക്കത്തിൽ ശരീരത്തിലൂടെ ഒരു തരിപ്പ് വേദനിപ്പിച്ചുകൊണ്ടു കടന്നു പോയി..ശെരിക്കും ഒരു ഭീകരാന്തരീക്ഷത്തിലായി ഞങ്ങൾ.ആ മിന്നലിന്റെ ആക്കം സൃഷ്‌ടിച്ച ഭീതിയിൽ ഞങ്ങൾ അവിടെ തന്നെ ചിതറിയോടി. ആ നിന്ന സ്ഥലത്തു നിന്ന് ഞങ്ങൾ ആ വീടിന്റെ പുറകിൽ കണ്ട ഒരു മൂടിക്കെട്ടിയ കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറി.

അവന്മാരും ആ കെട്ടിടത്തിനുള്ളിലേക്ക് വന്നു. ഇതിനിടയിൽ അതിൽ ഉണ്ടായിരുന്ന ഒരുത്തന്റെ വാക്കുകളിൽ ബോധം പോകുന്ന അവസ്ഥ പോലെ ആയി ഞങ്ങളെല്ലാരും. “ചേട്ടായി എന്റെ കണ്ണ് പോയി” എന്ന അവന്റെ വാക്കുകളെ ഞങ്ങൾ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.സത്യത്തിൽ അവൻ വീണ വീഴചയിൽ മുഖം താഴെ ഇടിച്ചു ഉണ്ടായതായിരുന്നു ആ അവസ്ഥ. ആ ഇടുങ്ങിയ കെട്ടിടത്തിനുള്ളിൽ പേടിച്ചു വിറച്ചു ഞങ്ങൾ അലറി വിളിച്ചുകൊണ്ടിരിന്നു. ഇതിനുള്ളിൽ നിന്നാൽ മിന്നൽ ഏൽക്കില്ല എന്ന ഒരുത്തന്റെ വാക്കുകൾ അവസാനിക്കുന്നതിനു മുൻപ് തന്നെ അടുത്ത മിന്നൽ ഞങ്ങളുടെ ശരീരത്തിലൂടെ ഇരച്ചു കയറി… ആദ്യത്തേതിനേക്കാൾ ശക്തി കുറവായിരുന്നു അതിന്..അത് കൂടി ഏറ്റപ്പോൾ എല്ലാവരുടെയും ഉള്ളിൽ ഒരേ വികാരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. “മരണഭയം” അവിടെ നിന്നൊരു തിരിച്ചു പോക്ക് ഉണ്ടാകുമോ എന്ന് വരെ ചിന്തിച്ചാണ് ഞങ്ങൾ ഓരോരുത്തരും ആ കെട്ടിടത്തിനുള്ളിൽ നിന്നത്.

പിന്നീടുള്ള ഓരോ നിമിഷവും ദൈവത്തെ വിളിക്കുക മാത്രമേ ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നുള്ളു. എല്ലാവരും മഴയുടെ ശക്തി കുറയാനും ഇടി നിൽക്കാനുമെല്ലാം പ്രാർത്ഥിച്ചു കൊണ്ടിരുന്നു. കുറച്ചു സമയത്തിന് ശേഷം ഇടിയും മഴയും പതിയെ ശമിച്ചു.അപ്പോൾ മുകളിൽ ഉണ്ടായിരുന്ന 3 പേരും കൂടി അവിടേക്ക് വന്നു.. അവർ മറ്റൊരു വീട്ടിൽ കയറി നിൽക്കുകയായിരുന്നു.

മിന്നലിനും മഴക്കും ശമനമായപ്പോൾ പതിയെ ആ കെട്ടിടത്തിൽ നിന്നും ഞങ്ങൾ പുറത്തേക്കിറങ്ങി. അപ്പോളും എല്ലാവരുടെയും മുഖത്തു നിന്ന് ആ ഭയം മാഞ്ഞിരുന്നില്ല. അങ്ങോട്ട് കയറിയപ്പോൾ മണിക്കുറുകൾ എടുത്ത് കയറിയ ആ മലയിൽ നിന്നും താഴേക്കിറങ്ങാൻ മിനിറ്റുകൾ മാത്രമേ ഞങ്ങൾക്ക് വേണ്ടിവന്നുള്ളൂ. തിരിച്ചു വണ്ടിക്കടുത്തു എത്തിയപ്പോൾ കാറ്റാടികടവിലേക്കുള്ള കവാടത്തിനു മുന്നിൽ ഞങ്ങൾ കുറച്ചു നേരം നിന്നു. ജീവൻ തിരിച്ചു കിട്ടിയല്ലോ എന്ന സന്തോഷത്തിൽ…

തിരിച്ചുള്ള യാത്രയിൽ മഞ്ഞുമൂടിയ അന്തരീക്ഷത്തിനു മോടി കൂട്ടാൻ അസ്തമയസൂര്യൻ മാനം മുഴുവൻ ചുവപ്പിച്ച കാഴ്‌ച്ച കണ്ണിനും മനസിനും കുളിരേകി…ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന ചോദ്യം ഇനി ആര് ചോദിച്ചാലും ധൈര്യമായി അവർക്കിനി പറഞ്ഞു കൊടുക്കാമെനിക്ക്….ഞാൻ ദൈവത്തെ കണ്ടിട്ടില്ല….ദൈവത്തിന്റെ സാന്നിധ്യം അറിഞ്ഞിട്ടുണ്ടെന്ന്…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply