രണ്ടു ദിവസം…28 കിലോമീറ്റർ ട്രക്കിങ്ങ്…5700 + അടി ഉയരം; കുമാര പർവ്വതം…

ആദ്യമായി കുമാരപർവ്വതത്തെ പറ്റി അറിയുന്നത് സഞ്ചാരി യിലെ ഒരു യാത്രാവിവരണ കുറിപ്പു വഴിയാണ് . അന്നു തന്നെ നാഷണൽ ഇൻഷുറൻസിൽ വെച്ചു പരിചയപ്പെട്ട പ്രിയ സുഹൃത്ത് സുനീഷേട്ടനെ വിളിച്ചു ഈ സ്ഥലത്തേപ്പറ്റി പറഞ്ഞു. അപ്പോ അദ്ധേഹവും പറഞ്ഞു, അബ്ദൂ നല്ല ഒരു എക്സ്പീരിയൻസ് ആയിരിക്കും, നമുക്ക് പോവാം എന്ന്. അങ്ങനെ അന്നു മുതൽ കുമാരപർവ്വതത്തെ പറ്റിയും അവിടേക്കുള്ള വഴിയേപ്പറ്റിയും ഒക്കെ ഗൂഗിളിൽ തിരഞ്ഞു തുടങ്ങി. എല്ലാ യാത്രകളിലും കൂടെ വരുന്ന ചില സുഹൃത്തുക്കളോടും പറഞ്ഞു. അവരും റെഡി.
അങ്ങനെ ദക്ഷിണേന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ ട്രെക്കിങ്ങ് പാത്തായ കുമാരപർവ്വതം കയറാൻ നവംബർ 11 ന് പോകാമെന്നു തീരുമാനിച്ചു.

എല്ലാവരെയും വിളിച്ചു ഡേറ്റ് പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു ട്രെയിനിങ്ങിന്റെ രൂപത്തിൽ പണി വരുന്നു! നവംബർ 13 ന് രാവിലെ 8.30 ന് മണിപ്പാലിൽ റിപ്പോർട്ടു ചെയ്യണമത്രെ . എങ്ങനെ നോക്കിയാലും 2 ദിവസത്തെ ട്രെക്കിങ്ങ് കഴിഞ്ഞു വന്നിട്ട് തൊട്ടടുത്ത ദിവസം ആ സമയത്ത് മണിപ്പാലിൽ എത്താൻ പറ്റില്ല. അങ്ങനെ എല്ലാവരെയും വിളിച്ചു പറഞ്ഞു ഡേറ്റ് മാറ്റി ഡിസംബർ 9 ന് പോകാമെന്ന് ഫിക്സ് ചെയ്തു. ഞാൻ കഴിഞ്ഞ രണ്ടാഴ്ച്ചയായി കുന്ദാദ്രി മലയിൽ കൊച്ചു വെളുപ്പാൻ കാലത്ത് സൂര്യോദയം കാണാൻ പോയതിന്റെ ഗിഫ്റ്റായി കിട്ടിയ ചുമയ്ക്കും കഫക്കെട്ടിനും മരുന്നു കഴിച്ചിട്ടും കുറവില്ലാതെ കഷ്ടപ്പെടുകയായിരുന്നെങ്കിലും ഒരിക്കൽ കൂടെ ഡേറ്റ് മാറ്റാൻ മനസു വന്നില്ല.

കോഴിക്കോടു നിന്നു സുനീഷ് ചേട്ടൻ, തിരുവനന്തപുരത്തു നിന്നു ഹരിലാൽ , തൃശ്ശൂരു നിന്നു വൈശാഖ്, പിന്നെ എന്റെ കൂടെ ബാങ്കിൽ ജോലി ചെയ്യുന്ന ദീപക്, ഇത്ര പേരാണ് കൂടെ. കൂട്ടത്തിലെ പുലി സുനീഷേട്ടനാണ്. പുള്ളി ഗംഗോത്രി, ഗോമുഖ്, കേദർനാഥ് അങ്ങനെ പോകാത്ത സ്ഥലങ്ങളൊന്നുമില്ല. ഹരിലാലും വൈശാഖും ദീപക്കും ആദ്യമായാണ് ട്രക്കിങ്ങിന്. ഈ യാത്രയുടെ ഒരു പ്രത്യേകത എന്താന്നു വെച്ചാൽ ബാക്കി നാലു പേരും ആദ്യമായി പരിചയപ്പെടുന്നത് ഈ യാത്രയിൽ വെച്ചാണ് എന്നതാണ്. ഉറ്റ ചങ്ങാതിമാരായാണ് അവർ പിരിഞ്ഞതെന്നുള്ളത് സന്തോഷകരമായ യാഥാർത്ഥ്യം.

ഹരിലാൽ തിരുവനന്തപുരത്തു നിന്നും സുളളിയ യിലോട്ടു സർവീസു നടത്തുന്ന കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് ബസിൽ ടിക്കറ്റു ബുക്ക് ചെയ്തു . വൈശാഖ് അതേ ബസിൽ തൃശൂരു നിന്നു കേറി. സുനിഷേട്ടൻ തലേന്നു തന്നെ ബൈക്കിൽ സുള്ളിയ – സുബ്രഹ്മണ്യ റൂട്ടിൽ ഞാൻ താമസിക്കുന്ന സ്ഥലത്ത് എത്തി. വൈശാഖിനോടും ഹരിലാലിനോടും സുളളിയ ഇറങ്ങി ഫ്രഷ് ആയി ഭക്ഷണവും കഴിച്ചു രാവിലെ 10 മണിക്ക് സുബ്രഹ്മണ്യ എത്താൻ പറഞ്ഞു. (രണ്ടു പേർക്കും മറ്റേയാളുടെ നമ്പരും വാട്സാപ്പ് ചെയ്തു കൊടുത്തു). ഞാനും സുനിഷേട്ടനും രാവിലെ 9 മണിയോടു കൂടി സുബ്രഹ്മണ്യ എത്തി. ദീപക്ക് അവിടെ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ബസ് ലേറ്റായതു കാരണം ഹരിലാലും വൈശാഖും സുബ്രമണ്യ എത്തിയപ്പോൾ 11 മണി ആവാറായി. ആദ്യം തന്നെ വിചാരിച്ച ടൈം ഷെഡ്യൂൾ ഒരു മണിക്കൂർ തെറ്റി.

സുബ്രഹ്മണ്യ വെച്ചു ബാക്കി 4 പേരും പരസ്പരം പരിചയപ്പെട്ടതിന്നു ശേഷം ട്രക്കിങ്ങ് പാത്ത് തുടങ്ങുന്ന പോയന്റിലേക്കു നടന്നു. ആ വഴിയിൽ തന്നെയാണ് ഞാൻ ഓൺ ലൈനിൽ വാടകയ്ക്കു ടെൻറു ബുക്ക് ചെയ്തത് ഡെലിവറി നടത്തുന്ന വീട്. അവിടുന്നു ടെന്റും കളക്ട് ചെയ്തു ഞങ്ങൾ 11.30 ഓടെ സ്റ്റാർട്ടിങ്ങ് പോയന്റിലെത്തി. ആദ്യ ലക്ഷ്യമായ ബട്ടറുമനയിലോട്ട് ഇവിടുന്നു 6.5 – 7 കിലോമീറ്റർ ദൂരമുണ്ട്. രണ്ടു ദിവസമായി ഭക്ഷണത്തിന് പറയാൻ അവിടുത്തെ മൊബൈൽ നമ്പറിൽ വിളിച്ചിട്ടും കിട്ടാത്തത കാരണം ആ നമ്പറിലേക്ക് ഒരു മെസേജ് അയച്ചു. 5 പേർക്ക് ഉച്ചയ്ക്കും രാത്രിയും ഭക്ഷണം വേണമെന്ന് ‘ . (കുമാര പർവ്വതം ട്രെക്കിങ്ങി നിടക്കു ഭക്ഷണം കിട്ടാൻ ഉള്ള ഒരേയൊരു ആശ്രയം ബട്ടറു മന മാത്രമാണ്) .

തുടക്കത്തിലെ 4 കിലോമീറ്ററോളമുള്ള യാത്ര കാട്ടിലൂടെയാണ്. കയറ്റമാണെങ്കിലും ഒരു പാടു ആയാസപ്പെടാതെ ഈ സ്ട്രെച്ച് നമുക്ക് കവർ ചെയ്യാം. നിറയെ മരങ്ങളും വള്ളിപ്പടർപ്പുകളും കാട്ടു ചെടികയും ഉള്ളതുകൊണ്ട് ഒട്ടും വെയിലില്ല . കല്ലുകളിൽ ചവിട്ടുമ്പോൾ കാലു മടങ്ങി പരിക്കു പറ്റാതെ ശ്രദ്ധിക്കണമെന്നു മാത്രം. ഈ വഴിയിൽ വെച്ചു നിറയേ പൂമ്പാറ്റകളും തേനീച്ചകളും ഉള്ള ഒരു സ്ഥലം ഞങ്ങൾ കണ്ടു. അവിടെ കുറച്ചു നേരം ചിലവഴിച്ചു ഫോട്ടോയും എടുത്തു വീണ്ടും യാത്ര തുടങ്ങി . ഏകദേശം 2 മണി ആയപ്പോൾ ഞങ്ങൾ കൈയിൽ കരുതിയ ഡ്രൈ ഫ്രൂട്സും ആപ്പിളും കഴിക്കാൻ മറ്റൊരു ബ്രേക്ക് എടുത്തു. 3. 30 ഓടു കൂടി ബട്ടറ മനയിലെത്തി. ഞങ്ങളുടെ മെസേജ് അവർ കണ്ടില്ലെങ്കിലും ഭാഗ്യത്തിന് ഭക്ഷണം ഉണ്ടായിരുന്നു.

വഴിയിലെ ആദ്യത്തെ വ്യൂ പോയൻറ് ബട്ടറ മനയിൽ നിന്നും ഒരു 300 മീറ്റർ മുകളിലാണ്. അതിനടുത്തു തന്നെ ടെന്റടിക്കാനുള്ള സൗകര്യവുമുണ്ട്. ഞങ്ങൾ എത്തുമ്പോൾ തന്നെ ആ സ്ഥലം ഏകദേശം നിറഞ്ഞിരുന്നു . ഉള്ള ഗ്യാപ്പിൽ ഞങ്ങളുടെ ടെന്റുകൾ റെഡിയാക്കി. അതിനിടക്കു കണ്ണൂരു നിന്നു വന്ന മറ്റൊരു മലയാളി സംഘത്തെയും പരിചയപ്പെട്ടു. ഡിഗ്രിക്ക് പഠിക്കുന്ന റയിസും സുഹൃത്തുക്കളും എന്നെപ്പോലെ സഞ്ചാരിയിലെ പോസ്റ്റു കണ്ടു വന്നതാണ്.
പിന്നെ അവരും ഞങ്ങളോടൊപ്പം കുറച്ചു നേരം കൂടി. കൊച്ചു വർത്തമാനം പറഞ്ഞും ഫോട്ടോ എടുത്തും ഇതുവരെ പോയ സ്ഥലങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചും സൂര്യാസ്തമയം വരെ അങ്ങനിരുന്നു. ഇത്രയും നയന മനോഹരമായ സൂര്യാസ്തമയം , അതും സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ ടെന്റ് നു പുറത്തിരുന്നു കണ്ടതാണ് ഈ യാത്രയിലെ എനിക്കേറ്റവും സന്തോഷകരമായിത്തോന്നിയ നിമിഷങ്ങളിലൊന്ന്. നേരമിരുട്ടുന്നതു വരെ സ്വർണ്ണ നിറമുള്ള ആകാശത്തിന്റെ സൗന്ദര്യം നുകർന്ന് നിശബ്ദനായി ഞാനിരുന്നു. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ , മറ്റൊന്നും മനസിലില്ലാതെ ഇത്രയും റിലാക്സ് ചെയ്തിരുന്ന ഒരു സായാഹ്നം ഔദ്യോഗിക ജീവിതം തുടങ്ങിയതിനു ശേഷം ഇതാദ്യമാണ്.

എട്ടു മണിയോടു കൂടെ ബട്ടറമനയിൽ പോയി ഭക്ഷണം കഴിച്ചു തിരിച്ചു വന്ന ഞങ്ങൾ അടുത്ത ദിവസത്തെ കാര്യങ്ങൾ പ്ലാൻ ചെയ്തു തുടങ്ങി. പ്ലാൻ ഇതാണ്, 4 മണിക്ക് എഴുന്നേൽക്കുക , ബട്ടറു മനയിൽ ചെന്നു പ്രഭാത കൃത്യങ്ങൾ ഒക്കെ കഴിച്ച് 5.30 നു തന്നെ മുകളിലേക്കുള്ള യാത്ര തുടങ്ങുക. അതിന്നു ഫോറസ്റ്റ് ഓഫീസിൽ പേരെഴുതിക്കൊടുത്തു ടിക്കറ്റെടുക്കുകയും വേണം. 6 മണിയാണ് ടിക്കറ്റു കൊടുത്തു തുടങ്ങുന്ന സമയം. വീക്കെന്റ് ആയതു കൊണ്ട് ഏകദേശം 100 ൽ അധികം ചെറുപ്പക്കാർ ഞങ്ങളെപ്പോലെ ഞായറാഴ്ച്ച രാവിലെ മുകളിലേക്കു പുറപ്പെടാൻ ഉള്ളതുകൊണ്ടാണ് 5.30 ക്ക് തന്നെ പോയി ആദ്യം തന്നെ ടിക്കറ്റെടുത്തു ക്യൂ നിൽക്കുന്ന സമയം ലാഭിക്കാൻ തീരുമാനിച്ചത്. രാവിലെ നേരത്തേ പുറപ്പെടാനുള്ളതിനാലും 7 കിലോമീറ്റർ മലകയറിയ ക്ഷീണം എല്ലാർക്കും ഉള്ളതിനാലും 9 മണിയോടെ എല്ലാവരും ഉറങ്ങാൻ തയാറെടുത്തു.

രാത്രി ടെന്റിൽ ആരോ ശക്തിയായി തട്ടുന്നത പോലുള്ള ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്നുണർന്നത് . ശ്രദ്ധിച്ചപ്പോൾ സംഭവം ശക്തമായ കാറ്റാണ്. കാറ്റിന്റെ ശക്തിയിൽ ടെന്റ് കൾ പറന്നു പോകുമോ എന്ന് സംശയിച്ചു വീണ്ടും ഉറങ്ങാൻ ശ്രമം തുടങ്ങി. 4 മണിയായപ്പോൾ എല്ലാവരും എണീറ്റു ബട്ടറ മനയിൽ പോയി പ്രഭാതകൃത്യങ്ങൾ നടത്തി തിരിച്ചു വന്നു. എന്നിട്ടു ടെന്റ് പൊളിച്ചു സാധനങ്ങളും പാക്ക് ചെയ്തു. ടെൻറ് കൾ ബട്ടറു മനയിൽ കൊണ്ടുപോയി വെക്കാൻ തോന്നിയതു നന്നായെന്നു പിന്നീടുള്ള കയറ്റത്തിൽ ബോധ്യപ്പെട്ടു. തലേന്നെടുത്ത എഫർട്ട് ഒന്നുമായിരുന്നില്ല എന്നു മനസിലായത് രണ്ടാമത്തെ വ്യൂ പോയൻറ് കഴിഞ്ഞു കൽമണ്ഡപം എത്തിയപ്പോഴാണ്.

കൽമണ്ഡപത്തിനു താഴെ ഒരു ചെറിയ ജല സ്രോതസുണ്ട്. അവിടുന്നു കാലിയായ കുപ്പികളിൽ വെള്ളം നിറച്ചു. കൽമണ്ഡപത്തിനു പുറകിലെ കുന്നു കയറാൻ വളഞ്ഞു പോകുന്ന യഥാർത്ഥ പാത വിട്ടു ഞങ്ങൾ കുത്തനെയുള്ള കുന്നിൽ വലിഞ്ഞു കേറി. 70 ഡിഗ്രി ചരിവെങ്കിലും വരും ആ കയറ്റത്തിന്. നിറയേ നീളൻ പുല്ലു വളർന്നു നിൽക്കുന്ന ആ കയറ്റം കയറി മുകളിലെത്താൻ ശരിക്കും കഷ്ടപ്പെട്ടു. പകുതി കയറിയിട്ട് താഴേക്കു തിരിഞ്ഞു നോക്കിയാൽ ശരിക്കും പേടി തോന്നും നമുക്ക് . നടന്നു കയറാൻ പറ്റാത്തതു കൊണ്ട് പുല്ലിലും പാറയിലും അള്ളിപ്പിടിച്ചാണ് മുകളിലേക്കുള്ള കയറ്റം.

അഞ്ചംഗ സംഘത്തിൽ അപ്പോൾ ഞാനായി ഏറ്റവും പുറകിൽ. എങ്ങനെയൊക്കെയോ അവിടം താണ്ടി ശേഷ പർവ്വതം ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. ഈ വഴിയിൽ താഴോട്ടുള്ള കാഴ്ച്ചകൾ മനോഹരമാണ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കുന്നുകളും മലകളും. ഈ വഴിയുടെ ഇടതു വശത്തു നമുക്ക് ഷിമോഗ ജില്ലയിലെ കുന്നുകളും താഴ്വരകളും കാണാം. വലതു വശത്തെ മനോഹര താഴ്വാരങ്ങൾ കുടകിലെയും ചിക്മഗളൂരിലെയുമാണ്. കാഴ്ച്ചകൾ കണ്ടും വെള്ളവും കൈയിൽ കരുതിയ ഡ്രൈ ഫ്രൂട്സ് കഴിച്ചു ക്ഷീണം മാറ്റിയും ഞാനും വൈശാഖും ഹരിലാലും പതിയെ നടന്നു.

സുനീഷേട്ടനും ദീപകും ഞങ്ങളുടെ വളരെ മുന്നിലെത്തിയിരുന്നു. ശേഷ പർവ്വതം എത്തിയപ്പോൾ ഞങ്ങളെക്കാത്ത് അവരവിടെ ഇരിപ്പുണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്നു ഏകദേശം 4600 അടി ഉയരത്തിലാണ് ഞങ്ങളപ്പോൾ. ശേഷ പർവ്വതത്തിലെ വ്യൂ അതി മനോഹരമാണ്. താഴെ വീണാൽ നേരെ ഒരു 3000 അടി താഴേക്കു പതിക്കും നമ്മൾ . അത് കൊണ്ട് തന്നെ ഫോട്ടോയെടുപ്പൊക്കെ വളരെ ശ്രദ്ധയോടെയായിരുന്നു. ഒരു കിലോമീറ്റർ കൂടെ കയറിയാൽ ദക്ഷിണേന്ത്യയിൽ എത്തിപ്പെടാൻ പറ്റുന്നതിൽ ഏറ്റവും ദുർഘടമായ ട്രക്കിങ്ങ് പൂർത്തിയാക്കി എന്ന സന്തോഷം അനുഭവിക്കാം എന്ന ചിന്ത തളർന്ന മസിലുകൾക്ക് ഊർജം പകരാൻ പോന്നതായിരുന്നു.

ഇനി കുറച്ചു ദൂരം വീണ്ടും കാടാണ് കാടു കഴിഞ്ഞാൽ ചെറിയൊരു അരുവിയും . അവിടുന്നു വലിയൊരു പാറക്കെട്ടു വലിഞ്ഞു കയറണം. കാലു തെറ്റിയാൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. എങ്ങനെയോ അതും താണ്ടി കയറ്റത്തിന്റെ അവസാന ഘട്ടത്തിലെത്തി ഞങ്ങൾ. അടുത്ത 15 മിനിറ്റിൽ ഞങ്ങൾ കുമാര പർവത ശൃഗത്തിലെത്തി. ഞങ്ങൾക്കു മുന്നേ എത്തിയ ചിലർ ഞങ്ങളെ അഭിനന്ദിച്ചു. അപ്പോൾ സമയം 11.45 ആയിരുന്നു. 7 കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറിയെത്താൻ അഞ്ചേ മുക്കാൽ മണിക്കൂർ വേണ്ടി വന്നു. 15 മിനിട്ടു ഞങ്ങൾ ഒരു ചെറു മരത്തിന്റെ തണലിൽ കിടന്നുറങ്ങി. പിന്നെ എണീറ്റു ചുറ്റും നടന്നു കുറച്ചു ഫോട്ടോയും എടുത്തിട്ടു തിരിച്ചിറങ്ങാൻ തയാറായി. അപ്പോൾ തന്നെ ബട്ടറു മനയിൽ വെച്ചു കാണാമെന്നു പറഞ്ഞു സുനീഷേട്ടനും ദീപക്കും മുന്നിൽ നടന്നു തുടങ്ങി.

മുകളിലോട്ടുള്ള കയറ്റത്തേക്കാൾ അപകടം നിറഞ്ഞതായിരുന്നു തിരിച്ചുള്ള യാത്ര. എനിക്കു പല തവണ കാലു തെന്നി. ഹരിലാൽ വീണ് കാലിനു പരിക്കും പറ്റി. ശേഷ പർവതം ഇറങ്ങി വന്നപ്പോൾ ബാഗ്ലൂരിൽ നിന്നുമുള്ള സംഘാംഗം വീണു തലയും കൈയും പൊട്ടി ചോരയൊലിപ്പിച്ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്റെ കയ്യിലുണ്ടായിരുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് അവർക്ക് ഉപകാരപ്പെട്ടു. പത്തു മിനിട്ട് അവിടെ ചിലവഴിച്ച ശേഷം വീണ്ടും ഇറങ്ങിത്തുടങ്ങി.
കൈയിൽ ഒരു തുള്ളി വെള്ളം പോലും അവശേഷിച്ചിരുന്നില്ല. നട്ടുച്ച വെയിലിന്റെ ചൂടിൽ ശരിക്കും നടത്തം ശരീരത്തിനൊരു വെല്ലുവിളിയായി തോന്നി. കുറച്ചു കഴിഞ്ഞു ഒരു മരത്തണലിൽ തളർന്നിരുന്നപ്പോൾ ബാംഗ്ലൂരിൽ നിന്നു വന്ന കിഷോർ ബിസ്കറ്റും വെള്ളവും തന്നു സഹായിച്ചു.

ഈ യാത്രയുടെ സൗന്ദര്യം ഇതാണ്. തികച്ചും അപരിചിതരായവർ പോലും പരസ്പരം ഭക്ഷണവും വെള്ളവും പങ്കുവെക്കുകയും സഹായിക്കുകയും ചെയ്യുന്നു. ബട്ടറു മനയിലോട്ടി നി 20 മിനിട്ട് നടന്നാൽ മതിയെന്നു അദ്ധേഹം പറഞ്ഞതു കേട്ടതും ഞാനെണിറ്റു നടത്തം തുടങ്ങി. വിശപ്പു അത്രയ്ക്കു അസഹനീയമായിത്തുടങ്ങിയിരുന്നു ഞങ്ങൾക്ക്. ബട്ടറു മനയിലെത്തിയപ്പോൾ സുനീഷേട്ടനും ദീപകും ചോറുണ്ടിട്ടു റെസ്റ്റിലാണ്. ഞങ്ങളും പെട്ടെന്നു ഭക്ഷണം കഴിച്ചു ബോട്ടിലുകളിൽ വെള്ളവും നിറച്ചു കഴിഞ്ഞപ്പോൾ 4.30 ആയി സമയം. 6 മണി കഴിഞ്ഞാൽ താഴത്തെ കാട്ടിൽ ഇരുട്ടു പരക്കും , ഇഴജന്തുക്കളുടെ ശല്യം പ്രതീക്ഷിക്കാം നമുക്ക്. അതിനാൽ നടത്തം വളരെ വേഗത്തിലാക്കി. 2 , 3 സ്ഥലത്തു തെന്നി വീഴുകയും ചെയ്തു. 6.40 ആയപ്പോൾ ഞങ്ങൾ താഴെ എത്തി.

കുമാരപർവ്വതം ഞങ്ങൾക്കെല്ലാവർക്കും ഒരു വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. രണ്ടു ദിവസം കൊണ്ട് 28 കിലോമീറ്റർ കാൽനടയായി ഇത്രയും ദുർഘടമായ ഉയരം കീഴടക്കി തിരിച്ചെത്തി എന്നുള്ള യാഥാർത്ഥ്യം കൂടുതൽ യാത്ര ചെയ്യാനുള്ള ഊർജം പകരുന്നു… കേരളത്തിൽ നിന്നുള്ള സഞ്ചാരികൾക്ക് കുമാരപർവ്വതമെത്താൻ കാസർഗോഡ് – സുളളിയ വഴി സഞ്ചരിച്ചു കുക്കെ സുബ്രഹ്മണ്യ എത്താം. സുബ്രഹ്മണ്യ ടൗണിൽ നിന്നും 500 മീറ്റർ നടന്നാൽ ട്രക്കിങ്ങ് പാത്ത് തുടങ്ങുന്ന സ്ഥലത്തെത്താം. കാസർഗോഡ് – സുളളിയ 60 കിലോമീറ്റർ, സുളളിയ- സുബ്രഹ്മണ്യ 39 കിലോമീറ്റർ.

 

കാസർഗോഡു നിന്നു സുളളിയയിലേക്ക് 30 മിനിട്ട് ഇടവിട്ടു KSRTC ബസ് സർവീസുണ്ട്. സുളളിയ നിന്നും സുബ്രഹ്മണ്യയിലേക്ക് പകൽ സമയത്ത് ബസുകൾ ലഭിക്കും. സമാന്തര സർവ്വീസ് വാഹനങ്ങളും ധാരാളമുണ്ട്. സുബ്രഹ്മണ്യ നിന്നും അവസാന ബസ് രാത്രി 9 മണിക്കാണ്. പക്ഷേ, സുളളിയ കാസർഗോഡു റൂട്ടിൽ 7.30 കഴിഞ്ഞാൽ രാത്രി KSRTC സർവീസില്ല.

കുമാര പർവ്വതം ട്രക്കിങ്ങ് അതികഠിനമായതിനാൽ പൂർണ്ണ ആരോഗ്യമുള്ള വ്യക്തികൾ മാത്രം ട്രക്കിങ്ങിന് ഈ റൂട്ടു തിരഞ്ഞെടുക്കുക. ഒരാൾ മിനിമം 2 ലിറ്റർ വെള്ളം കയ്യിൽ കരുതുക. ഗ്ലൂക്കോസ്, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ കയ്യിലുണ്ടാവുന്നത് നല്ലതാണ്. ഫസ്റ്റ് എയ്ഡ് കിറ്റ് തീർച്ചയായും കരുതുക. ബട്ടറ മന ഫോൺ നമ്പർ 09448647947 (മിക്കവാറും നെറ്റ് വർക്ക് കാണില്ല. എന്നാലും മെസേജ് അയക്കുക , റെയ്ഞ്ച് വരുമ്പോൾ ഡെലിവർ ആകും).

യാത്രാവിവരണം – അബ്ദുള്‍ ഫത്താഹ്

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply