കോഴിക്കോട്: നികുതിയടയ്ക്കാതെ മൂന്നുമാസമായി ഓടുന്ന ഒന്നരക്കോടിയോളം വിലവരുന്ന വിദേശ സ്പോര്‍ട്സ് കാര്‍ മോട്ടോര്‍വാഹനവകുപ്പ് പിടികൂടി. കണ്ണൂര്‍ ചാലാട് സ്വദേശി മുസ്തഫയുടെ കോര്‍വെറ്റെ കാറാണ് ചൊവ്വാഴ്ച 12-ന് കോഴിക്കോട് മലാപ്പറമ്പില്‍ വാഹനപരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
35,000 രൂപ നികുതി ഈടാക്കിയശേഷം വാഹനം വിട്ടുകൊടുത്തു. ഒമാനില്‍നിന്ന് കഴിഞ്ഞ ജൂലായിലാണ് താത്കാലിക ഉപയോഗത്തിനായി കാര്‍ കൊച്ചിതുറമുഖംവഴി കൊണ്ടുവന്നത്. ഇങ്ങനെ കൊണ്ടുവരുമ്പോള്‍ താത്ക്കാലിക നികുതി അടയ്ക്കണമെന്നാണ് നിയമം. അതാണ് മുസ്തഫ ലംഘിച്ചത്. ഡിസംബര്‍വരെ കാര്‍ ഇവിടെ ഉപയോഗിക്കുന്നതിനാല്‍ അത്രയുംമാസത്തെ നികുതി ഈടാക്കിയാണ് വിട്ടുകൊടുത്തത്.

എന്നാല്‍, കസ്റ്റംസ് തീരുവ അടച്ചതിനാല്‍ ഇങ്ങനെ നികുതി അടയ്ക്കണമെന്നത് അറിയില്ലായിരുന്നുവെന്നാണ് ഉടമ മോട്ടോര്‍വാഹന വകുപ്പിനോട് പറഞ്ഞത്. ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്നയാളാണ് മുസ്തഫ. കാറിന്റെ ഗ്ലാസിന് ചെറിയ പോറലേറ്റതുകൊണ്ട് പന്തീരാങ്കാവിലെ ഒരു ഷോറൂമില്‍ നന്നാക്കാനായി കൊണ്ടുവരികയായിരുന്നു.
Source – http://www.mathrubhumi.com/auto/news/motor-vehicle-act-violation-1.2354400
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog