മനസ്സിൻറെ വികാരമായി മാറിയ ഒരു യാത്രയും സുഹൃത്തുക്കളും…

യാത്രാവിവരണം – Rinaz Bin Sathar‎.

എനിക്ക് ഇത് വെറുമൊരു യാത്രാവിവരണം അല്ല, മറിച്ച് ഒരു യാത്രാവിവരണകഥയാണ്. ഒരൊറ്റ ലക്ഷ്യവും ആയി പോയ മൂന്ന് യാത്രകളിൽ ഒരിടത്തോട് മനസ്സിന് തോന്നിയ ഒരു വികാരത്തിന്റെ കഥ. അതിൽ ആദ്യ യാത്രയ്ക്ക് ഒരാണ്ടിലേറെ പഴക്കം ഉണ്ട്. പറയുമ്പോൾ മുഴുവനും പറയണമല്ലോ. അത് കൊണ്ട് ഒരാണ്ട് പിന്നോട്ട് പോയിട്ട് കഥ പറഞ്ഞു തുടങ്ങാം.

യാത്രികനിൽ അംഗമായി എനിക്ക് കിട്ടിയ ആദ്യ ഇവന്റ് ഒരു റോഡ്‌ ഷോ ആയിരുന്നു, അന്ന് തൊട്ട് അവരോടൊത്തുള്ള ഒരു റൈഡിനായുള്ള കാത്തിരിപ്പ് ആയിരുന്നു. അധികം വൈകാതെ തന്നെ 2017 ഫെബ്രുവരി അവസാന വാരം യാത്രികന്റെ അടുത്ത റൈഡ് അന്നൌൻസ് ചെയ്തു, അതും നമ്മടെ സ്വന്തം കണ്ണൂർ യൂണിറ്റിന്റെ റൈഡ്  ‘#റൈഡ്_ടു_900_കണ്ടി.” അന്നാണ് വയനാട് ജില്ലയിലെ മേപ്പാടിക്ക്‌ അടുത്ത 900 കണ്ടി എന്ന സ്ഥലത്തെ പറ്റി ആദ്യമായി കേൾക്കുന്നത്. കൂടെ യാത്രികൻ കാലിക്കറ്റ്‌ യൂണിറ്റിൽ നിന്നും അങ്ങോട്ട്‌ പോയ ഫോട്ടോസും, ഗൂഗിൾ മുത്തശ്ശി തന്ന ഫോട്ടോസും കണ്ട്‌ കണ്ണും തള്ളി. ഒന്നും നോക്കീല ചാടി കേറി പേര് കൊടുത്തു.

ഒത്തിരി ഒന്നും ഇല്ലെങ്കിലും ചിലപ്പോഴൊക്കെ ആയി ബൈക്ക് റൈഡ് പോയിട്ടുണ്ടെങ്കിലും, പലനാൾ കൊതിച്ച, ബൈക്കുകളുടെ നീണ്ട നിരയിലെ ഒരുവനായി ഉള്ള ആദ്യ റൈഡ്. കുന്നോളം പ്രതീക്ഷകൾ വാരിക്കൂട്ടി ടിപ്പുവിന്റെ സ്റ്റൈലിൽ ഒരു മനക്കോട്ട അങ്ങ് കെട്ടി പൊക്കി. നാട്ടിലെ ഒരു കൂട്ടുകാരനെ പില്ലിയൺ ആയി നിയമിച്ചു, ഡേറ്റിനായുള്ള കാത്തിരിപ്പായി. മാർച്ച്‌ മൂന്നാം വാരത്തിന്റെ മദ്ധ്യേ ആയിരുന്നു ആ സ്വപ്നയാത്ര. കാത്തിരിപ്പിന്റെ വിരാമത്തോട് അടുത്ത നിമിഷം, പുറപ്പെടുന്നതിന്റെ തലേ ദിവസം അർദ്ധരാത്രി കൂടെ വരാന്ന് ഏറ്റ ചെങ്ങായി നൈസ് ആയിട്ട് ഊരി, വെച്ച കാൽ മുന്നോട്ട് തന്നെ.

ഉറക്കം വരാത്ത ആ രാത്രി സമയം തള്ളി നീക്കുന്നതിന് ഇടയിലെപ്പോഴോ ഒന്ന് മയങ്ങി പോയത് കാരണം രാവിലെ വീട്ടിൽ നിന്നും ഇറങ്ങാൻ ഒരൽപം വൈകി. ചാടി ഇറങ്ങി എന്നേക്കാൾ പ്രായം കൂടിയ എന്റെ ബുള്ളുമോനയും കൊണ്ട് കുതിച്ചു, തലേന്ന് തന്നെ പെട്രോൾ അടിച്ചു വെച്ചത് കൊണ്ട് പകുതി പണി കുറഞ്ഞു കിട്ടി.അല്പം ആകുലതയോടെ ഓടി പ്പിടിച്ച് ആണെങ്കിലും പറഞ്ഞ സ്ഥലത്ത് ഏതാണ്ട് പറഞ്ഞ സമയത്ത് തന്നെ എത്തി. ബാഗുകളും ഹെൽമെറ്റുകളും തൂക്കി നിര നിരയായി നിന്ന ബൈക്കുകളും അടുത്ത് കൂട്ടം കൂടി നിന്ന ആൾക്കാരെയും കണ്ടപ്പോൾ തന്നെ അടിമുടി ആകാംഷയുടെ കുളിർ പടർന്നു തുടങ്ങിയിരുന്നു. അവിടെ കണ്ട ഒന്നുരണ്ട് പരിചയ മുഖങ്ങൾ ആവേശം കൂട്ടി. രെജിസ്ട്രേഷൻ നടപടികൾക്ക്‌ ശേഷം റൈഡ് മാർഷ്യൽസിന്റെ നിർദേശങ്ങളും കേട്ട് പല ബൈക്കുകൾ നിറഞ്ഞ ആ നിരയിൽ ഞാനും ഒരുവനായി ഓടി തുടങ്ങി. കണ്ണൂർ മുതൽ കൂത്തുപറമ്പ് വരെ ഒറ്റയാൻ ആയി ഓടിയ എനിക്ക് കമ്പനി വക ഒരു പില്ലിയണെ കിട്ടി, അതെ പെട്രോൾ ചിലവ് പങ്കിടാൻ പങ്കിടാൻ ഒരാൾ. അവിടെ വെച്ച് മറ്റുചിലർ ബൈക്കുകളോടെ കൂടെ കൂടി, അല്പം കൂടി നീളം കൂടിയ ശേഷം നിര വീണ്ടും നീങ്ങി തുടങ്ങി. ചിത്രങ്ങളിൽ മാത്രം കണ്ട 900 കണ്ടി എന്ന ഭൂമിയിലെ സ്വർഗത്തെ ലക്ഷ്യമാക്കി കൊണ്ട്.

ചായ കുടിയും പ്രാതൽ അടിയും ഒക്കെ യാത്രാ മദ്ധ്യേ നടത്തി, ഉച്ചയോട് അടുത്ത സമയത്ത് സ്വപ്നത്തിൽ കണ്ട ആ സ്വർഗ്ഗത്തിന്റെ പ്രവേശന കവാടത്തിൽ എത്തി. മനസ്സിൽ എന്തെന്നില്ലാത്ത അനുപൂതി, ആഗ്രഹിച്ചത് പോലൊരു നീണ്ട നിര യാത്ര ലക്ഷ്യ പൂർത്തീകരണത്തോട് അടുത്ത നിമിഷം, കൊതിച്ച സ്വർഗ്ഗതുല്യമായ കണ്ടി കാഴ്ചകൾ ഓർത്തുള്ള രോമാഞ്ചം, ഒക്കെ കൂടി ചേർന്നപ്പോൾ ഉള്ളിൽ പടുത്തുയർത്തിയ മനക്കോട്ടയിലെ പളുങ്കു പാളികൾ വെട്ടി തിളങ്ങി. പക്ഷേ അതിന് അൽപ്പായുസ്സ് ആയിരുന്നു, അങ്ങോട്ട്‌ പ്രവേശിക്കാൻ ഒരുങ്ങിയ നമ്മളെ വനപാലകർ തടഞ്ഞു, നമ്മുടെ പ്രവേശനം അവർ ആണ ഇട്ട് നിരോധിച്ചു, പാളികൾ ഉടഞ്ഞു വീണു.

കണ്ണിനു പരിക്ക് പറ്റിയ ഒരു മാൻ വഴിയോരത്ത് ഇരിപ്പുണ്ട്, അതിന് വേണ്ട ചികിത്സയും ശുശ്രൂഷയും കൊടുക്കുന്നതിനു നമ്മുടെ പ്രവേശനം ബുദ്ധിമുട്ട് ആണത്രേ. നമ്മൾ കയറുന്നതിന് തലേ ദിവസം കയറിയ മറ്റൊരു സംഘം എന്തോ മയക്കുമരുന്നുകളുമായി അവിടെ വെച്ച് അലംബ് ഉണ്ടാക്കിയതും ബാധിച്ചത് നമ്മളെ തന്നെ. മനക്കോട്ട മണ്ണിൽ മുഖം പൊത്താൻ അത്രേം മതിയായിരുന്നു. അപ്രതീക്ഷിതമായി വന്ന അടിയിൽ പലർക്കും ആഘാതം ഏറ്റു, ചിലർ നീരസം കാട്ടി മറ്റു ചിലർ വിഷമം പുറത്തു കാണിക്കാതെ എല്ലാവരെയും ചേർത്തു നിറുത്തി. പലവഴിക്കും ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. വെറുതെ നിന്ന് സമയം നശിപ്പിക്കുന്നതിൽ അർത്ഥമില്ലെന്ന് കണ്ട്‌ എല്ലാവരും ഒരുമിച്ച് മെയിൻ റോഡിലേക്ക് മടങ്ങി. ഇനി എന്ത് എന്ന ചർച്ച മുറുകി. ഇതിനിടയിൽ സഹയാത്രികർ പലരും സൗഹൃദ വലയത്തിൽ ആയി കഴിഞ്ഞിരുന്നു.

കളിയും കാര്യവും പറഞ്ഞ് റോഡ്‌ എത്തിയപ്പോഴേക്കും വയറ്റിൽ നിന്നും വിശപ്പിന്റെ കാളൽ തുടങ്ങിയിരുന്നു, താഴെ നമ്മളെയും കാത്തു നിന്ന ബിരിയാണിയുടെ മണം കാളലിന്റെ വീര്യം കൂട്ടി. കോർഡിനേറ്റർസ് ഭക്ഷണം വിളമ്പി തുടങ്ങി, കൂട്ടത്തിൽ മൂത്ത ഒരാളുടെ ജീപ്പിന്റെ പഞ്ചർ ആയ ഒരു ടയർ മാറ്റാൻ കൂടിയത് കൊണ്ട് ബിരിയാണി വാങ്ങാൻ വൈകി, പണിയും കിട്ടി. ഭക്ഷണം തീരാറായി. കിട്ടിയത് തട്ടി കൊണ്ടിരിക്കെ കോർഡിനേറ്ററിൽ ഒരാളായ, എന്തോ എന്നെ തീരെ പിടിക്കാതിരുന്ന ഒരാൾക്ക്‌ ഭക്ഷണവും തീരെ കിട്ടിയില്ലാന്ന് കണ്ടപ്പൊ, കിട്ടിയതിൽ ഒരു പങ്ക് അവനും കൊടുത്തു. എന്നിട്ടും അവന്റെ ഇഷ്ടക്കേട് മാറിയില്ലത്രേ. അല്ല ഈ പറഞ്ഞ ഇഷ്ടക്കേട് അവൻ അപ്പൊ പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. മാസങ്ങൾക്ക് ശേഷം ബന്ധത്തിന്റെ ആഴം കൂടിയപ്പോൾ ആണ് അവൻ അതൊക്കെ വെളുപ്പെടുത്തിയത്. ഇത് എടുത്ത്‌ പറഞ്ഞപ്പൊ തന്നെ കാര്യം പിടികിട്ടി കാണുവല്ലോ? അതെ ആ ഇഷ്ടക്കുറവ് പിന്നീട് ഇഷ്ട്ടകൂടുതലിലേക്ക് മാറിയിരുന്നു. ആ കഥ വഴിയേ മനസ്സിലാവും.

ഭക്ഷണശേഷം തൊട്ടടുത്ത്‌ റോഡിലെ കോൺക്രീറ്റ് പാലത്തിന്റെ അടിയിൽ ഉണ്ടായിരുന്ന ഒരു വലിയ തോടിൽ ഇറങ്ങി കളി തുടങ്ങി, നിവർന്നു നില്കുന്ന കുറേ ഉരുളൻ പാറകൾ കൊണ്ട് നിറഞ്ഞ സുന്ദരമായ തോട്, പാറകളിൽ തട്ടി ഇളകി മെല്ലെ ഒഴുകുന്ന തെളിഞ്ഞ തണുത്ത വെള്ളം. തോടിന്റെ ദിക്ക് നോക്കി ഊഹിച്ചു 900 കണ്ടിയും കടന്നാണ് അതിന്റെ വരവ്, കാട്ടിനുള്ളിലൂടെ അത് ഒഴുകുന്ന കാഴ്ച ഊഹിക്കുന്നതിന് പരിധി ഉണ്ടല്ലോ. അത് കിണ്ടിയിൽ ചെന്ന് കണ്ട്‌ തന്നെ അറിയണം, അതിന് കാത്തിരിക്കുക തന്നെ വേണം, എങ്കിലും കിട്ടിയ ഭാഗം കണ്ട്‌ ആസ്വദിച്ചു, ചിത്രങ്ങൾ പകർത്തി സമയം നീക്കുകയായിരുന്നു.

ഇതിനിടയിൽ ഇവർ പോവാൻ പറ്റിയ വേറെ സ്ഥലം കണ്ടെത്തി കഴിഞ്ഞിരുന്നു. *കാന്തൻപാറ വെള്ളച്ചാട്ടം*. അതിന്റെ പരിസര പ്രദേശങ്ങളിലെ സൂചിപ്പാറ പോലുള്ള സ്ഥലങ്ങളിൽ മുന്നേ വന്നിട്ടുണ്ട് എങ്കിലും കേട്ടു കേൾവിയിൽ ഇല്ലാത്ത ഈ പുതിയ പേര്, മനസ്സിൽ വീണ്ടും പ്രതീക്ഷയുടെ കുളിര് കോരി ഇട്ടു.
അതികം വൈകിച്ചില്ല, റോഡിൽ ബൈക്കുകൾ നിരന്നു, കാന്തൻ പാറയിലേക്ക് കുതിച്ചു. പെട്ടെന്ന് തന്നെ സ്ഥലം എത്തി. പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായ കാഴ്ച, പരന്നു കിടന്ന ഒരു പാറ പ്രദേശം ആയിരുന്നു നമ്മളെ എതിരേറ്റത്, ഒരു വശത്ത് ഉയർന്നു നിന്ന പാറക്കെട്ടിന് മുകളിൽ നിന്നും വീതിയിൽ ഒഴുകി വീണ്, പാറകളിൽ തല്ലി ഉടഞ്ഞു ചിതറുന്ന നീർ തുള്ളികൾ, അവയിൽ മഴവില്ലിന്റെ പ്രതീതിയിൽ ചിത്രപ്പണികൾ തീർക്കുന്ന സൂര്യ കിരണങ്ങൾ, വലിപ്പത്തിൽ ഇത്തിരി പിന്നിൽ ആണേലും ഭംഗിയിൽ ഒട്ടും പിന്നിലല്ല എന്ന് വിളിച്ചോതുന്നുണ്ടായിരുന്നു അവിടുത്തെ അന്തരീക്ഷം. കാരണം വെറുമൊരു വെള്ളച്ചാട്ടത്തിൽ അവസാനിക്കുന്നതായിരുന്നില്ല അവിടുത്തെ കാഴ്ചകൾ. അവ കണ്ട്‌ ആസ്വദിക്കുന്നതിനേക്കാൾ ഒരു പടി മേലെ ആണല്ലോ അതിൽ അലിഞ്ഞ് ആസ്വദിക്കൽ.

കൂട്ടത്തിലെ വിരുതന്മാർ അപ്പോഴേക്കും നീരാട്ട് തുടങ്ങിയിരുന്നു. നോക്കി നിന്ന് നേരം കളഞ്ഞില്ല, ശടേന്ന് ഡ്രെസ്സ് ഊരി പാറപ്പൊറത്ത് ഇട്ട്, എന്നെ എടുത്ത്‌ വെള്ളത്തിലോട്ട് ഇട്ടു. ചാടിയ മാത്രയിൽ അസ്ഥികൂടം വരെ തണുത്തു പോയി. അത്ര തണുപ്പ് കണക്കു കൂട്ടിയില്ലായിരുന്നു. ആവേശം കൂടി, പിന്നെ എന്തൊക്കെയാ ഓരോരുത്തർടെയും കൂടെയും അല്ലാണ്ടും കാട്ടി കൂട്ടിയേന്ന്‌ ഒരു പിടീം ഇല്ല. മതി മറന്ന് ആർമാദിച്ചു, മുങ്ങി കുളിച്ചും ചിലരെ പിടിച്ച് മുക്കി കുളിപ്പിച്ചും കത്തി അടിച്ചും ആനന്ദം കണ്ടെത്തി കൊണ്ടേ ഇരുന്നു. കഴുത്തറ്റം വെള്ളത്തിൽ മുങ്ങി കിടന്നാണ് കാസര്ഗോഡ് കാരൻ ഇബ്രാഹിംച്ച അവർ നടത്തിയ ഇന്ത്യ ഭൂട്ടാൻ നേപ്പാൾ ബൈക്ക് യാത്രയുടെ അനുഭവങ്ങളുടെ കെട്ടഴിച്ചത്, ആവേശം കൊള്ളിക്കുന്ന അനുഭവങ്ങൾ പകർന്നപ്പോഴും ഒരു രസത്തിന് വെറും തള്ളാണെന്ന് പറഞ്ഞ് മൂപ്പരെ തളർത്തി അതിലും ആനന്ദം കണ്ടെത്തി, അപ്പോഴും മനസ്സിലെ ആഗ്രഹങ്ങളുടെ ഉദ്യാനത്തിൽ അതുപോലൊരു യാത്രക്കായുള്ള മോഹങ്ങൾ പൂവിടുകയായിരുന്നു. ഒരാളിൽ നിന്ന് മറ്റൊരാളിലേകുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്നു.

വിരുതന്മാരിൽ ഭീകരന്മാരെ തന്നെ കൂട്ടു പിടിക്കാൻ അധികം മെനക്കെടേണ്ടി വന്നില്ല. അവരോടൊപ്പം പാറക്കൂട്ടത്തിൽ തന്നെ കുറച്ചു കൂടി താഴെ ആയി മറ്റൊരു ഇടം കണ്ടെത്തി അവിടെ തംബ് അടിച്ചു, ചിലർ തപസ്സിരുന്നു കുളിച്ചപ്പോൾ നമ്മൾ ചിലർ തല കുത്തി മറിഞ്ഞ് കളിച്ചു. മടക്ക യാത്രയ്ക്കുള്ള വിളികൾ വന്നു തുടങ്ങി, നിർബന്ധങ്ങൾക്ക് വഴങ്ങി മനസ്സില്ലാ മനസ്സോടെ കരക്ക്‌ കയറി, ഡ്രസ്സ്‌ ഊരി ഇട്ട സ്ഥലം തേടി പിടിച്ച് ഡ്രെസ്സും മാറി പുറത്തോട്ട് നടന്നു. ഓരോ ചായയും അടിച്ച് കുറച്ചേറെ നേരം പരസ്പരം ട്രോൾ അടിച്ചും കളിയാക്കിയും കൂട്ട് കൂടി, പുതുതായി കിട്ടിയ സൌഹൃദങ്ങളെ മാറി മാറി ക്യാമറയിൽ പതിപ്പിച്ചും അവിടെ തന്നെ ചിലവഴിച്ചു.

അവസാനം എല്ലാവരും തോളോട് തോൾ ചേർന്നും കുത്തിയിരുന്നും ഗ്രൂപ്പ്‌ ഫോട്ടോസും എടുത്ത്‌ വീണ്ടും വണ്ടികൾ നിരത്തി. താണ്ടിയ വഴികൾ തിരിച്ചിറങ്ങി തുടങ്ങി. കരുതിയതിൽ ഏറെ അനുഭവങ്ങൾ തന്ന ആ കൊച്ചു യാത്രക്ക് വിരാമമിടുമ്പോൾ മനസ്സിന്റെ ഓട്ടം പല ദിക്കിലേക്ക് ആയിരുന്നു. ഒറ്റ ദിവസം കൊണ്ട് കിട്ടിയ അനുഭവങ്ങളുടെയും സൗഹൃദങ്ങളുടെയും ഓർത്ത്‌ അതിരില്ലാത്ത ആഹ്ലാദം , ആശിച്ച് കിട്ടിയത് ആസ്വതിച്ചു മടുക്കും മുന്നേ അവസാനിച്ചതിലെ ആദി, യാത്രികനിൽ നിന്ന് ഇനിയും ഒരുപാട് കിട്ടുമെന്ന് മനസ്സ് മന്ത്രിച്ചപ്പോൾ ഉണ്ടായ ആകാംഷ, അങ്ങനെ ഓരോന്നും ഓരോ വശത്തേക്ക് ഓടിയപ്പോ മ്മളെ ബുള്ളറ്റ് നാട് ലക്ഷ്യമാക്കി ഓടുകയായിരുന്നു, അപ്പോഴും നിലം പൊത്തിയ ആ മനക്കോട്ടയ്യും അതിലെ ഉടഞ്ഞു വീണ ചില്ലുപാളികളും മനസ്സിനെ എവിടൊക്കെയോ അലട്ടുന്നുണ്ടായിരുന്നു, അലസമായ മനസ്സിന്റെ ഭാരവും താങ്ങി ചുരം ഇറങ്ങിയ വണ്ടി രാത്രി വൈകി വീട് കയറി. കട്ടിലിൽ കിടന്നപ്പോൾ ഞാൻ അറിയാതെ തന്നെ കണ്ണുകൾ പിറകോട്ടോടി, കിട്ടിയതൊക്കെയും പല മടങ്ങ് സന്തോഷം തന്നപ്പോഴും കിട്ടാതെ പോയതിനോടുള്ള കൊതി അടങ്ങിയിരുന്നില്ല. തളം കെട്ടി നിന്ന നിരാശയെ, ഒരു നാൾ അതും നേടും എന്ന നിശ്ചയം കൊണ്ട് സ്വയം സമാധാനിപ്പിച്ച് പതിയെ ഉറക്കിനെ വരിച്ചു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply