സഞ്ചാരികളെ കാത്ത് വയനാട്ടിലെ കാരാപ്പുഴ ഡാം..

വിവരണം – ശുഭ ചെറിയത്ത്.

ഹർത്താലും പണിമുടക്കുമൊക്കെയായി അപ്രതീക്ഷിതമായി വീണുകിട്ടിയ കുറെയേറെ അവധിദിനങ്ങൾ . ചാനലുകൾ മാറ്റി മറിച്ചു കണ്ട് വീടിനുള്ളിൽ തന്നെ ചടഞ്ഞു കൂടിയുള്ള ഇരുപ്പ്. പൊങ്കൽ ദിനത്തിൽ വയനാടിനു കിട്ടിയ മറ്റൊരു അവധി ദിനത്തിൽ കാരാപ്പുഴ ഡാമിലേക്ക് പോകാനുറച്ചു . വയനാടിൻ്റെ ആസ്ഥാനമായ കല്പറ്റയിൽ നിന്നും 17 കി.മീ അകലെയുള്ള കാരാപ്പുഴ ഡാം സംസ്ഥാന ജലസേചന വകുപ്പിനു കീഴിലാണ്. NH 766 കടന്നു പോകുന്ന കാക്കവയലിൽ നിന്നും 7 കി.മീ അകലെ ചുറ്റും മലകളും കുന്നുകളുമൊക്കെയായി പ്രകൃതി ഭംഗിയാൽ അനുഗ്രഹിതമായ ഇടം .

സമീപകാലം വരെയും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്താൽ ഡാമിന് വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കാനായില്ല. തൊട്ടടുത്തെങ്കിലും ഏകദേശം ഒരു വർഷമായി ഞാനും ഇവിടെ സന്ദർശിച്ചിട്ട്. നാലരയോടെ ഡാം പരിസരത്ത് എത്തുമ്പോൾതന്നെ വാഹനങ്ങളുടെ നല്ലൊരു നിര കാണാനുണ്ട് .മുമ്പ് റോഡരികിലും മറ്റും വാഹനം പാർക്കു ചെയ്താണെങ്കിൽ ഇന്ന് ഇൻ്റർലോക്ക് ടൈൽ പാകിയ വിശാലമായ പാർക്കിങ്ങ് സൗകര്യമൊരുക്കി സന്ദർശകരെ സ്വീകരിക്കാനായി ഡാം ഒരുങ്ങി കഴിഞ്ഞു . മെഗാ ടൂറിസമെന്ന പേരിൽ ടൂറിസം ഡിപ്പാർട്ട്മെൻ്റ് വക വലിയൊരു പാർക്കും സജ്ജമായിക്കഴിഞ്ഞു .

കൗണ്ടറിൽ നിന്നും ടിക്കറ്റുമെടുത്ത് (മുതിർന്നവർക്ക് 30 രൂപയും 5 വയസ്സിനു മുകളിൽ പ്രായമായ കുട്ടികൾക്ക് പത്തു രൂപയുമാണ് ടിക്കറ്റ് നിരക്ക്. ) കവാടം വഴിപാർക്കിലേക്ക്. കല്ലുപതിച്ച നടപ്പാതയ്ക്ക് ഇരുവശവും വിവിധങ്ങളായ പൂക്കൾ വച്ചു പിടിപ്പിച്ചിരിക്കുന്നു . കലാപരിപാടികളും മറ്റും നടത്താനായി ഓപ്പൺ സ്റ്റേജ് കാണികൾക്ക് ഇരിക്കാനായി വിശാലമായ പുൽത്തകിടികൾ . ആർത്തു വിളിക്കുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി ആ സ്റ്റേജിൽ ഒരു ഗാനമേള നടക്കുന്ന രംഗം ഭാവനയിൽ ഞാൻ മെനഞ്ഞു … ഹൊ…

തൊട്ടടുത്തുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടത്തിന് അടുത്തെത്തുമ്പോൾ അതിലെ ചുമരുകളിൽ നിറയെ ടെറാകോട്ടയിൽ മനോഹരമായ ചിത്ര വിദ്യകൾ ചെയ്തിരിക്കുന്നു. പഴയകാല ജീവിതരീതികളെ പ്രതിപാദിക്കുന്ന കമനീയങ്ങളായ ചിത്രവേലകൾ സന്ദർശകർക്ക് ആസ്വാദ്യകരമാണ്. വിവിധ നിറങ്ങളിലുള പനിനീർപൂക്കളുടെ ശേഖരവുമായി റോസ് ഗാർഡനും ഒരുങ്ങിക്കഴിഞ്ഞു.കൂടാതെ ചെണ്ടുമല്ലിയും ജമന്തിയുമൊക്കെ ആകർഷണീയം തന്നെ .ചെടികൾ വച്ചുപിടിപ്പിക്കുന്ന ജോലികൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. കുട്ടികൾക്കായുള്ള പാർക്കും വിശ്രമിക്കാനുള്ള ഇടങ്ങളും ഇരിപ്പിടങ്ങളുമൊക്കെയായി മുഖംമിനുക്കുന്നു ഡാം .

ഡാം കാഴ്ചകളെ മറന്നു ഉദ്യാനത്തിലേക്ക് ആണ് കൂടുതൽ പേരും ആകൃഷ്ടരാവുന്നത്. ഒരു വശത്ത് ഡാമും മറുവശത്ത് ഉദ്യാനവും ഇവർക്കിടയിൽ സഞ്ചാരികളെ ആകർഷിക്കാനും സൗന്ദര്യവത്കരണത്തിനും മത്സരം നടക്കുന്നുണ്ടോ എന്നു തോന്നി. പല ഭാഗങ്ങളിലും നവീകരണ പ്രവൃത്തികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പാർക്കിൽ ഏറെ നേരം ചെലവഴിച്ച് ഡാം കാഴ്ചകളിലേക്ക് തിരിയുമ്പോൾ സമയം സന്ധ്യയോടടുത്തിരുന്നു . പോക്കുവെയിൽ ഡാമിലെ ജലപ്പരപ്പിൽ വർണ്ണചിത്രങ്ങൾ വരച്ചു തുടങ്ങി. വാനിലെ ചുമന്ന നിറക്കൂട്ടും ജലപ്പരപ്പിൽ പോക്കുവെയിൽ തീർത്ത വർണ്ണരാജിയും ഡാമിലെ പച്ചത്തുരുത്തുകളും ആരെയും ഉൾപ്പുളകം കൊള്ളിക്കും.

പാത കല്ലുപതിക്കുകയും സഞ്ചാരികൾക്കായി ഇരിപ്പിടങ്ങളും വാച്ച് ടവർ ഉൾപ്പെടെയുള്ള മറ്റു നിർമാണ പ്രവൃത്തികളും നടക്കുന്നത് വരാനിരിക്കുന്ന മാറ്റത്തിൻ്റെ സൂചകമാണ് . 1977 ൽ പ്രവർത്തനമാരംഭിച്ച് 2004 ൽ തുറന്ന കാരാപ്പുഴ അണക്കെട്ടിൻ്റെ പ്രധാന ലക്ഷ്യം ജലസേചനമാണ് .കബനിയുടെ കൈവഴിയായ കാരാപ്പുഴ നദിക്കു കുറകെ 625 മീറ്റർ നീളവും 28 മീറ്റർ വീതിയുമുള്ള ഡാം എർത്ത് ഡാം എന്ന നിലയിലും ശ്രദ്ധേയമാണ്. പടികളിറങ്ങി റിസർവോയറിനടുത്തു എത്തി. ഏറ്റവും കൂടുതൽ ഫോട്ടോ ഷൂട്ട് നടക്കുന്നതും ഇവിടെയാണ്. ഇനിയുമൊരു അങ്കത്തിന് ബാല്യം ബാക്കിയുള്ളതിൽ ഫോട്ടോ എടുക്കൽ കലാപരിപാടി അടുത്ത വരവിലേക്ക് മാറ്റി.

നുരഞ്ഞുപതഞ്ഞൊഴുക്കുന്ന ജല പ്രവാഹം കുട്ടികൾ കൗതുകപൂർവ്വം വീക്ഷിച്ച് സംശയ നിവാരണത്തിനായി തുടരെ തുടരെ ചോദ്യശരം എനിക്കു നേരെ തൊടുത്തു .അതിൽ നിന്നുള്ള രക്ഷപ്പെടൽ എന്നോളം മറു വശത്തെ അക്വാഡക്റ്റിലേക്ക് ഞാൻ ശ്രദ്ധ തിരിഞ്ഞു. വരണ്ട ആ അക്വാഡക്റ്റ് കണ്ടപ്പോൾ കർണാടകയിലൂടെ യാത്ര ചെയ്യുമ്പോൾ റോഡിനെ കീറി മുറിച്ച് കടന്നു പോകുന്ന ജലസമൃദ്ധമായ കനാലുകളേയും അക്വാഡക്റ്റുകളേയും ഓർത്തു. ജല സേചനത്തിൽ അല്ലെങ്കിൽ കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിൽ നാം എത്ര മാത്ര പിറകിലാണെന്നത് ദു:ഖകരമായ വസ്തുത.

ഡാമിൻ്റെ നിന്നു കാണുന്ന മറു വശത്തെ മലമുകളിലെ ക്വാറി പ്രകൃതി ചൂഷണത്തിൻ്റെ നേർക്കാഴ്ചയും. തിരികെ പടവുകൾ കയറുമ്പോൾ പാർക്കിനും ഡാമിനും ഇടയിൽ എളുപ്പവഴിക്കുണ്ടായിരുന്നെങ്കിൽ എന്ന് കുട്ടികൾ അടക്കം പറയുന്നുണ്ടായിരുന്നു. ദൂരെയുള്ള മാമലയുടെ പിന്നിലേക്ക് സൂര്യൻ മറഞ്ഞു തുടങ്ങുമ്പോൾ ഡാമിൻ്റെ ഇരുകരകളിലേയും കുന്നുകൾ കരിമ്പടം പുതയ്ക്കാനൊരുങ്ങി.

പാർക്കിൽ ഇപ്പോഴും കുഞ്ഞുങ്ങളും മുതിർന്നവരും കളിയും ചിരിയുമൊക്കെയായി ചെലവഴിക്കുന്നു . നീണ്ട ഉറക്കത്തിൽ നിന്നും ഉണർന്നു കഴിഞ്ഞ കാരാപ്പുഴ പതിറ്റാണ്ടുകളോളം ബാധിച്ച ഗ്രഹപ്പിഴ മാറി ഇന്ന് വികസനത്തിൻ്റെ പാതയിലാണ് .വിനോദസഞ്ചാരികൾക്കായി ഡാം പരിസരങ്ങളിലും വലുതും ചെറുതുമായ റിസോർട്ടുകളും ഒരുങ്ങി കഴിഞ്ഞു. വയനാടിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇനി കാരാപ്പുഴ സുപ്രധാന സ്ഥാനം അലങ്കരിക്കും.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply