വീതിയേറിയവഴി പൊടുന്നനെ ഒറ്റയടിപ്പാതയാകുന്ന രസമാണ് നിലന്പൂരിലേക്കുള്ള തീവണ്ടി നൽകുക. നാട്ടുവഴികൾ. നാട്ടുപച്ച. തൊട്ടിയുരുമ്മി പാഞ്ഞുപിന്നോട്ടുപോകുന്ന തേക്കിലകൾ. എങ്ങട്ടാ എന്നൊരു ചോദ്യവുമായി പെട്ടെന്നു പരിചയത്തിലാകുകയും നിഷ്കളങ്കമായ സൌഹൃദം നൽകുകയും ചെയ്യുന്ന സഹയാത്രികർ. യാതൊരു തിരക്കുമില്ലാത്ത തീവണ്ടിമുറികൾ.. ഒരിക്കലെങ്കിലും ഈ നാട്ടുനീലത്തീവണ്ടിയിൽ സഞ്ചരിക്കണം. സർവസ്വതന്ത്രരായി ഏറനാടൻ മണ്ണിലേക്കു കുതിക്കുന്ന നിലമ്പൂർ പാസഞ്ചറിനെയറിയണം.
കേരളത്തിലെ ഏറ്റവും വലിയ റയിൽവേ സ്റ്റേഷനായ ഷൊർണൂർ ഒരു നാൽക്കവലയാണ്. കിഴക്കോട്ട് പാലക്കാടും തെക്കോട്ട് തൃശ്ശൂരും പിന്നെ വടക്കുപടിഞ്ഞാറ്റോട്ട് കോഴിക്കോടും പാളങ്ങൾ ഷൊർണൂരിൽനിന്നു പോകുന്നു. ഇതിൽ വടക്കോട്ടാണ് നാം പോകുന്നത്. നിലന്പൂർ ഷൊർണൂർ പാസഞ്ചർ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുന്നു എന്നൊരു അനൌൺസ്മെന്റ് കേൾക്കണില്ലേ.. നമുക്കുള്ള തീവണ്ടിയാണത്. തീവണ്ടി എന്നുതന്നെ പറയണം. കാരണം ഇപ്പോഴും പുകതുപ്പിയാണ് ഈ തീവണ്ടി പാഞ്ഞുപോകുന്ത്.അനൌൺസ്മെന്റ് കേട്ടിട്ട് ഇങ്ങള് ബേജാറാക്വൊന്നും വേണ്ട. മെല്ലെച്ചെന്നു കയറിയാൽ മതി. സീറ്റുകളെന്പാടുമുണ്ടാകും. അഥവാ സീറ്റുകളില്ലെങ്കിലും പേടിക്കേണ്ട. നിന്നു യാത്ര ചെയ്യുകയാണ് ഈ വണ്ടിയിലെ രസം.
ഷൊർണൂർ വിട്ടാൽ പാന്പിന്റെ ഇരട്ടനാക്കുപോലെ രണ്ടു പാളങ്ങൾ ആദ്യം സമാന്തരമായിപ്പോകയും പിന്നെ പിളർന്ന് ഇരുവഴികളിലാകുകയും ചെയ്യും. ഇടത്തോട്ടുള്ളത് കോഴിക്കോട്ടേക്കാണ്. ചിലസമയങ്ങളിൽ രണ്ടു ട്രെയിനുകളും ഒന്നിച്ചുവരാറുണ്ട്. അന്നേരം മുംബൈയിലെ ലോക്കൽ തീവണ്ടികൾ മത്സരിക്കുന്നതുപോലെ അവ സമാന്തരമായി ഓടും. രസകരമാണ് അക്കാഴ്ച. നിലന്പൂർ പാസഞ്ചറിൽ കാൽപ്പടിയിൽ ഇരുന്നുയാത്ര ചെയ്യുന്ന ചില വില്ലൻമാർ അതേമട്ടിൽ പോകുന്നവരോടു ഗോഷ്ടി കാണിക്കും.
പറഞ്ഞുപറഞ്ഞ് നാം ഈ വഴിയിലെ ആദ്യസ്റ്റേഷനിലെത്തി. വാടാനംകുറിശ്ശി. പാലക്കാട് ജില്ലയിലാണീ ചെറു സ്റ്റേഷൻ. പാളങ്ങൾക്കിരുവശത്തും പച്ചപ്പാടങ്ങൾ കാണാം. ഈ യാത്രയിലെ കാഴ്ചകളിലൊന്ന് ചെറുതോടുകളാണ്. നാം നദികളെ സംരക്ഷിക്കുന്ന കാര്യമൊക്കെ വല്യതായി പറയുന്പോൾ മറന്നുപോകുന്നത് നാടിന്റെ ചെറുനീലഞരന്പുകളായ തോടുകളെയാണ്. ഭൂരിഭാഗം തോടുകളും ഇപ്പോൾ നികത്തപ്പെട്ടിരിക്കുന്നു. അടുത്ത സ്റ്റേഷൻ വല്ലപ്പുഴ. സ്റ്റേഷനു തണലേകുന്ന ആൽമരങ്ങളാണിവിടെ നിങ്ങളെ വരവേൽക്കുക.
വല്ലപ്പുഴക്കാർ കാളപൂട്ട് മത്സരക്കന്പക്കാരാണെന്നു കേട്ടിട്ടുണ്ട്. ചില മുതലാളിമാർ, കാളപൂട്ടു മത്സരത്തിൽ ജയിക്കുന്ന കാളകളെ പറയുന്ന തുക കൊടുത്തു വാങ്ങിയ കഥയൊക്കെ അടുത്തിരുന്നൊരു വല്യുമ്മ പറയുന്നു. ഷൊർണൂരിലേക്ക് നസീറിന്റെ ഏതോ സിനിമയുടെ ഷൂട്ടിങ്ങ് കാണാനാണത്രേ മൂപ്പത്ത്യാര് ആദ്യം തീവണ്ടി കയറുന്നത്. ഇപ്പോളീ തീവണ്ടി ഞങ്ങളുടെ സമയം നോക്കലിനെപ്പോലും സ്വാധീനിക്കുന്നുവെന്നു കൂട്ടിച്ചേർക്കൽ.
തേക്കിൻ കാടുകളുടെ നാട്ടിലേക്കുള്ള തീവണ്ടിയാത്ര തേക്കുകളെ കണ്ടുതന്നെയാവണമല്ലോ. പാതയ്ക്കിരുവശത്തും തേക്കിൻതൈകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട് റയിൽവേ.
അടുത്ത സ്റ്റേഷനായ കുലുക്കല്ലൂർ കഴിഞ്ഞാൽ ഒന്നു ജാഗ്രതയോടെ നിൽക്കുക. ഈ യാത്രയിലെ ആദ്യപുഴയെ നാം മറികടക്കും. കുന്തിപ്പുഴയാണത്. സൈലന്റ് വാലിയിലെ കന്യാവനങ്ങളിൽനിന്നദ്ഭവിച്ച് നിളയോടു ചേരാനുള്ള പാച്ചിലാണ് ആ പഹയത്തിയുടെത്. ഇന്നാട്ടിൽ തൂതപ്പുഴ എന്നു വിളിക്കുന്നു. നദിയിൽ നല്ല വെള്ളമുണ്ട്. സമയമുണ്ടാകുമെങ്കിൽ കുന്തിപ്പുഴയുടെ ബാല്യം കാണാൻ സൈലന്റ് വാലിയിലേക്കു ചെല്ലണം. പച്ചപ്പളുങ്കുജലമൊഴുക്കുന്ന പുഴയും താങ്ങായും തണലായും നിൽക്കുന്ന കാടുകളും അനുഭവിക്കണം.
നാട്ടുവഴിയിലൂടെ കളിവണ്ടിയോടിച്ചുകളിക്കുന്ന പ്രതീതിയാണ് ഈ പാസഞ്ചർ നൽകുന്നതെന്നു തൊട്ടടുത്തിരുന്ന ചില കാർന്നോർമാർ. സംഗതി സത്യാണ്. നോക്കൂ ഓടിട്ടവീടുകളുടെ മുറ്റത്തൂടെയല്ലേ നാം പോകുന്നത്. ഇതൊരു നാടുകാണൽ കൂടിയാണ്. ഏറനാടൻ ജനതയുടെ കൃഷിസ്ഥലങ്ങൾ, അപ്പുറത്തും ഇപ്പുറത്തും പോസ്റ്റുകളുമായി കുട്ടികളെ കാത്തിരിക്കുന്ന കളിക്കളങ്ങൾ, പഴയ രീതിയിൽ ഓടിട്ട വീടുകൾ.. ഇങ്ങനെ കാഴ്ചകൾ ഏറെയാണ്.ഒന്നു സൂക്ഷിച്ചിരുന്നില്ലേൽ ചിലപ്പോൾ തേക്കിൻ തൈക്കുട്ടികളിലെ വികൃതികൾ നിങ്ങളുടെ മുഖത്തുതോണ്ടും. അത്രയ്ക് അടുപ്പമാണ് പാളങ്ങളും മരങ്ങളും തമ്മിൽ. ചില സ്ററ്റേഷനുകളിൽ പകൽപോലും ഇരുട്ടുമൂടിയപോലെയാണ്. അതാണീ യാത്രകളിലെ രസവും.
ഭിത്തികളിൽനിന്നു തലകുത്തനെയിറങ്ങി മുറിക്കുള്ളിലേക്കു ചുഴിഞ്ഞുനോക്കുന്ന സ്പൈഡർമാൻ കഥാപാത്രത്തെപ്പോലെയാണ് ചില ആൽമരങ്ങൾ. നിർത്തിയിട്ട തീവണ്ടിയിയ്ക്കുള്ളിലേക്ക് തന്റെ വേടുകളാഴ്ത്തി നീലഗിരിയുടെ റാണിയെ കാണാൻ പോകുന്നതാരൊക്കെയെന്നു ഒളിഞ്ഞുനോക്കുകയാണവ. വല്ല ടാർസനോ മറ്റോ ആയിരുന്നെങ്കിൽ വലിഞ്ഞുകയറാമായിരുന്നെന്നു തോന്നും.
ചെറുകര കടന്നാൽ അങ്ങാടിപ്പുറം. പ്രശസ്തമായ തിരുമാന്ധാംകുന്ന് അമ്പലത്തിലേക്കു പോകാൻ ഇവിടെയിറങ്ങാം. പെരിന്തൽമണ്ണയാണ് അടുത്തുള്ള വലിയ അങ്ങാടി. കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ജൻമദേശം. നോവലിസ്റ്റ് നന്തനാർ, നാടകകൃത്ത് ചെറുകാട്, കേരളത്തിന്റെ ഇപ്പോഴത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ജ്ഞാനപ്പാന നമുക്കുനൽകിയ പൂന്താനം, സോപാനസംഗീതാചാര്യൻ ഞെരളത്തു രാമപ്പൊതുവാൾ എന്നിവർക്കും ജൻമം നൽകിയ നാടിന്റെ കവാടമാണ് അങ്ങാടിപ്പുറം. കൃഷ്ണഗുഡിയിലൊരു പ്രണയകാലത്ത് തുടങ്ങിയ സിനിമകൾക്കു വേദിയായ ഈ സ്റ്റേഷനിൽ ആലുകൾ കാഴ്ചയ്ക്കു വിരുന്നൊരുക്കും. പലപ്പോഴും ആലുകളുടെ ഞാന്നിറങ്ങുന്ന പ്രണയവേരുകൾ തീവണ്ടിയിൽ വന്നിറങ്ങുന്ന വേണ്ടപ്പെട്ടവരെ നോക്കിയിരിക്കുന്നതായി തോന്നും.
മലപ്പുറത്തേക്കു പോകേണ്ടവരും മറ്റുമായി ഒരുപറ്റം ആളുകൾ ഇവിടെവച്ച് നമ്മോടു വിടപറയും. മാമാങ്കം പലകുറി കൊണ്ടാടിയ നിളയുടെ തീരങ്ങൾ കാണാനും പിതൃക്കൾക്ക് മോക്ഷം നൽകാനായി തിരുനാവായയിലേക്കു തീർഥാടനം നടത്താനുമുള്ളവർ അങ്ങാടിപ്പുറത്തിറങ്ങി അവിടന്ന് ബസ് പിടിക്കാറാണ് പതിവ്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗൺ ആണ് വലതുവശത്തു കാണുന്നത്. തീവണ്ടിയെത്തുന്നതും കാത്തിരിക്കാറുള്ള പുലിമുരുകൻ ടൈപ്പ് ലോറികൾ അങ്ങാടിപ്പുറത്തിന്റെ കാഴ്ചകളിലൊന്നായിരുന്നു.
വീണ്ടും നമ്മളൊരു പുഴയെ മറികടക്കുന്നു. ഒലിപ്പുഴ. അത്രയ്ക്ക് ഒലി(ഒഴുക്ക് എന്നതിന്റെ നാട്ടുഭാഷ) ഇല്ലെങ്കിലും രസകരമാണീ കൊച്ചുനദികൾ. നിലമ്പൂരിലേക്കെത്തുന്നതിനു മുൻപുള്ള മേലാറ്റൂർ തുടങ്ങിയ സ്റ്റേഷനുകൾ ശരിക്കും കൊച്ചുകാടിന്റെ പ്രതീതി നൽകും. നീർവാർച്ചയുള്ള സ്ഥലങ്ങൾ. അടിക്കാടുകളില്ലാതെ വളരുന്ന മരക്കൂട്ടങ്ങൾ. അതിലൂടെ കുങ്കുമനിറത്തിലുള്ള ഒറ്റടയടിപ്പാതകൾ. വാണിയമ്പലം സ്റ്റേഷൻ കഴിഞ്ഞാൽ വലത്തുവശത്ത് ബാണാസുരക്ഷേത്രം സ്ഥിതിചെയ്യുന്ന വാണിയമ്പലം പാറ കാണാം. വമ്പനൊരു പാറക്കെട്ട്. അതിനുമുകളിൽ ഒരിക്കലും വറ്റില്ലെന്ന് ഐതിഹ്യമുള്ള കുളവും ചെറിയൊരു അമ്പലവുമുണ്ട്.പാറ കഴിഞ്ഞാൽ പിന്നെ ജനവാസം തീരെക്കുറവാണ്. നിലമ്പൂരെത്തുന്നതിനു മുൻപ് ആകെയുള്ളത് ഒരു ലെവൽ ക്രോസ് മാത്രം.
കുതിരപ്പുഴ പാറക്കെട്ടുകൾ താണ്ടിയൊഴുകുന്നതു കാണേണ്ട കാഴ്ചയാണ്. അതിന്നു കുറുകെയുള്ള പാലം ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ്. ഇപ്പോഴും എന്തൊരുറപ്പ് എന്നു നാട്ടുകാർ അതിശയം കൂറുന്നു. തൊഴിലാളികളുടെ തലവെട്ടിയശേഷം കാലിൽ പിടിച്ച് കുത്തനെ കൊണ്ടുപോയി രക്തമൊഴുക്കിയിട്ടുള്ളതുകൊണ്ടാണ് പാലം ഉറച്ചതെന്ന് തൊട്ടടുത്തുള്ള കൂറ്റന്പാറയെന്ന ഗ്രാമത്തിൽ കഥകളുണ്ട്. രാത്രിയിൽ പാലത്തിന്റെ കാൽചുവട്ടിൽനിന്നു നിലവിളികളും കൂവലും കേൾക്കാറുണ്ടത്രേ. പുകതുപ്പിപ്പോകുന്ന തീവണ്ടിയ്ക്കുണ്ടോ ഇക്കഥകളറിയുന്നു.. തീവണ്ടിയുടെ നീണ്ട കൂവലുകൾക്ക് ആ ഭീകരത കിട്ടിയിട്ടുണ്ടോ.. ?
അപ്പോൾ ഇക്കഥകളും ചൊല്ലാകഥകളും അറിയാൻ റയിൽവേയിലെ ഒറ്റയടിപ്പാതയിലൂടെ നമുക്കും ഇറങ്ങേണ്ടേ..? മലബാറിന്റെ, പ്രത്യേകിച്ച് പഴയ ഏറനാടിന്റെ ഫീൽ അറിയേണ്ടേ..? നാടൻ മക്കാനികളിൽനിന്ന് അടിച്ച് മൊരിച്ചെടുക്കുന്ന ചൂടുപൊറോട്ടയോടൊപ്പം നാടൻ ഇറച്ചിക്കറി കൂട്ടി ആ നാടിന്റെ സ്വാദറിയേണ്ടേ? നേരെ ഷൊർണൂരിലേക്കു തീവണ്ടി കയറുക. അവിടെനിന്ന് നിലമ്പൂർ പാസഞ്ചറിലേക്കു ചേക്കേറുക. സംഘം ചേർന്നാണെങ്കിൽ ഒരു ബോഗി നിങ്ങൾ മാത്രം ബുക്ക് ചെയ്ത പ്രതീതിയുണ്ടാകും. നിലമ്പൂരെത്തിയാൽ അപ്പോൾതന്നെ തിരിച്ചുപോരാനുള്ള തീവണ്ടി ലഭിക്കും. തിരികെ പോരുന്നില്ലെങ്കിൽ നീലഗിരിയുടെ തോഴിയായ നിലമ്പൂരിനെ കണ്ടറിഞ്ഞ് ദിവസങ്ങൾ ചെലവിടാം.
Source – Manorama Online