മരണത്തെ മുഖാമുഖം കണ്ട ഒരു ഊരുചുറ്റൽ..

ജീവിതത്തിലെ ഏറ്റവും നിറമുള്ള ഓർമകളാണ് എനിക്ക് ഓരോ യാത്രകളും.അതിൽ തന്നെ വയനാടൻ യാത്രകൾ വേറിട്ട് നിൽക്കുന്നു. അതിൽ നിന്നുള്ള ഒരു അദ്ധ്യായമാണ് ഇവിടെ കുറിക്കുന്നത്. പല യാത്രകളെയും പോലെ ഈ യാത്രയും ഓർക്കാപ്പുറത്ത് ഒരു രാത്രി കൊണ്ട് ഉരുത്തിരിഞ്ഞതായിരുന്നു. അൻസാറും മൂസയും ഇല്യാസും കൂടെ ഈയുള്ളവനും കൂടി ഒരു വയനാട് യാത്ര പ്ലാൻ ചെയ്യുന്നു രാവിലെ തന്നെ പോകാൻ തീരുമാനിക്കുന്നു. ഞങ്ങളെ കൂടാതെ മറ്റ് രണ്ട് പേരും പിന്നെ എന്റെ രണ്ടു മക്കളുമായി അൻസാറിന്റെ ഇന്നോവയിലായിരുന്നുയാത്ര.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പുലർച്ചെ നാലുമണിക്കു തന്നെ പുറപ്പെട്ടു. കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് സുബ്ഹി നിസ്കരിച്ച് താമരശ്ശേരിയും കഴിഞ്ഞ് അടിവാരത്തെത്തിയപ്പോൾ എല്ലാവർക്കും ഒരു പൂതി. പേരുകേട്ട തുഷാരഗിരി വെള്ളച്ചാട്ടം കാണണമെന്ന്. മിമിക്രിയിൽ പറയുന്നത് പോലെ നേരം പരപരാ വെളുക്കുന്നതേയുള്ളു. ഗെയ്റ്റ് തുറന്നിട്ടില്ല എന്നാലും പുറം കാഴ്ചകൾ അതീവ ഹൃദ്യമായിരുന്നു.

എട്ടു മണിക്ക് ഗെയിറ്റ് തുറന്നു ടിക്കറ്റ് എടുത്ത് കാടിനുള്ളിലേക്ക് പ്രവേശിച്ചു.ചെറിയ റോഡും ഇരുമ്പ് കൊണ്ടുള്ള നടപ്പാതയുമൊക്കെയായി ഒരു കിലോമീറ്ററിലധികം നടന്നു വേണം ഒന്നാമത്തെ വെള്ളച്ചാട്ടത്തിനടുത്തെത്താൻ. അത് കണ്ടാസ്വദിച്ച് വീണ്ടും നടത്തം നിബിഡവനവും പർവ്വതത്തിൽ നിന്ന് അരിച്ചിറങ്ങി രൂപപ്പെട്ട കാനന ചോലയിലെ മിനുസമായ വലിയ പാറക്കൂട്ടങ്ങൾക്കിടയിലെ കുഴികളിൽ കെട്ടിനിൽ നിൽക്കുന്ന വെള്ളവും ചെറിയ നീരുറവയും ആദിവാസികളുടെ നീരാട്ടും മനം മയക്കുന്ന കാഴ്ചകളാണ്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള വലിയ താന്നി മുത്തശ്ശിയെയും അവിടെ കാണാം. ഉള്ള് പൊള്ളയായ താന്നി മരത്തിനുള്ളിൽ കയറി എല്ലാവരും കൂടി സെൽഫിയും എടുത്തു.

അവിടെ നിന്നും മടങ്ങി ചുരം കയറി വൈത്തിരിയിൽ നിന്ന് ബാണാസുര സാഗറിലേക്ക്. അടുത്ത ലക്ഷ്യം എടക്കൽ ഗുഹയും കുറുവാ ദ്വീപുമായിരുന്നു. മൂന്നു മണിക്ക് മുന്നേ എത്തിയാലെ എടക്കൽ ഗുഹയിലേക്ക് പ്രവേശനം സാധ്യമാകൂ എന്നറിയുന്നത് കൊണ്ട് ആദ്യം അങ്ങോട്ട് തിരിച്ചു. വഴിയിലൊരു പള്ളിയിൽ വെച്ച് ജുമുഅയും നിർവഹിച്ച് ഭക്ഷണവും കഴിച്ച് നേരെ അമ്പലവയലിലേക്ക്.

വിവരണാതീതമാണ് ആ മലകയറ്റവും എടക്കൽ ഗുഹയുടെ ദൃശ്യഭംഗിയും.കുറുവാ ദ്വീപിലേക്ക് പോകാൻ പറ്റിയില്ല. നാലു മണിക്കു ശേഷം അങ്ങോട്ട് പ്രവേശനമില്ല എന്ന് പിന്നീടാണറിഞ്ഞത്. നാട്ടിലേക്ക് മടങ്ങാൻ സമയമായിട്ടുമില്ല. വണ്ടി നേരെ മുത്തങ്ങയിലേക്ക്. ഇടതൂർന്ന കാനനഭംഗി ആസ്വദിക്കലും ഒത്താൽ വല്ല മാൻ കൂട്ടത്തെയും കാട്ടാനയെയും കാണലുമായിരുന്നു ഉദ്ദേശം.ഇംഗ്ലീഷ് സിനിമയിൽ ടൂറിസ്റ്റുകളെ ആക്രമിക്കുന്ന കാട്ടാനയുടെ രംഗവും മുത്തങ്ങയിലെ ആനശല്യവുമൊക്കെ ഓരോരുത്തരും തന്നാലാവും വിധം അവതരിപ്പിച്ച് ആനപ്പിണ്ടം പോലും കാണുന്നില്ലല്ലൊ എന്ന നിരാശയിൽ യാത്ര തുടർന്നു.

പെട്ടന്ന് റോഡ് ബ്ലോക്ക്. ഡോറ് തുറന്ന് പുറത്തിറങ്ങാൻ മറ്റു വാഹനങ്ങളിലുള്ളവർ സമ്മതിക്കുന്നില്ല. മുമ്പിലുള്ള വാഹനങ്ങളൊക്കെ വന്ന വഴിയിലേക്ക് തന്നെ തിരിച്ചു മടങ്ങുന്നു. കാഴ്ച മറഞ്ഞ് നിന്നിരുന്ന വാഹനങ്ങൾ ഒഴിഞ്ഞപ്പോഴാണ് നയന മനോഹരവും പേടിപ്പെടുത്തുന്നതുമായ ആ രംഗം ഞങ്ങൾ കാണുന്നത്. ആഞ്ചാറ് കാട്ടാനകൾ റോഡിന് കുറുകെ ചൂളം വിളിച്ച് നിൽക്കുന്നു. എന്റെ കുട്ടികൾ കരയാൻ തുടങ്ങി. അപ്പുറത്തും ഇപ്പുറത്തും വാഹനങ്ങളുടെ നീണ്ട ക്യൂ. തിരിച്ചു പോകാം എന്ന് പറഞ്ഞത് ഡ്രൈവർ അൻസാർ കേൾക്കുന്നേയില്ല.

ക്യാമറ ആനകളെ കൂടുതൽ പ്രകോപിതരാക്കും എന്ന സ്ഥിരം യാത്രക്കാരുടെ മുന്നറിയിപ്പൊന്നും സെൽഫിപ്പിള്ളേർ കാര്യമാക്കുന്നില്ല. അര മണിക്കൂറോളം നീണ്ട ഉപരോധത്തിന് ശേഷം വനവാസികൾ മെല്ലെ കാട്ടിലേക്ക് നീങ്ങി. തക്കം പാർത്തു നിന്ന വാഹനങ്ങളിൽ ഒന്ന് രണ്ടെണ്ണം കടന്നു പോയതിനു പിന്നാലെ ഞങ്ങളും മൂവ് ചെയ്തതേയുള്ളൂ. ഒരാന ഞങ്ങളുടെ നേരെ ചിന്നം വിളിച്ച് ചീറി പാഞ്ഞു വരുന്നു. കൂട്ടനിലവിളിയായിരുന്നു പിന്നെ. ഭയാനകമായിരുന്നു ആ കാഴ്ച.

വണ്ടി തിരിക്കാൻ സമയമില്ല. പിന്നിലേക്കെടുക്കാൻ കഴിയില്ല. നിറയെ വാഹനങ്ങളാണ്. റിവേഴ്സിൽ മറുവശത്തേക്കെടുത്ത് അതേ ഗിയറിൽ തന്നെ പിന്നോട്ട്. പെട്ടന്നതാ മറുവശത്ത് നിന്ന് ഒരു KSRTC യും ഒരു കാറും അതിശീഘൃം വരുന്നു. ബസ്സിന് ഇടിക്കാതെ വെട്ടിത്തിരിക്കുന്നതിനിടയിൽ കാറ് വന്ന് ഒരൊറ്റ ഇടി. ഈ വെപ്രാളത്തിനിടയിൽ പാഞ്ഞ് വന്ന ഒറ്റയാൻ അവിടെ തന്നെ നിന്നത് കൊണ്ട് മാത്രം നാട് നടുങ്ങുമായിരുന്ന ഒരു വലിയ അത്യാഹിതത്തിൽ നിന്ന് ഞങ്ങൾ രക്ഷപ്പെട്ടു.

ആനകൾ പൂർണ്ണമായും കാട്ടിനുള്ളിലേക്ക് മറഞ്ഞ ശേഷം ഗതാഗതം പൂർവ്വസ്ഥിതിയിലായി. ഇരുട്ട് മൂടി തുടങ്ങിയിരുന്നു. അൽപം കൂടി മുന്നോട്ട് പോയപ്പോൾ കാടിനുള്ളിൽ കുറച്ച് ദൂരെ ഒരു കടുവ. കടുവയെ കണ്ടതോടെ കുട്ടികൾ വീണ്ടും വിലവിളിച്ചു അത് കൊണ്ട് ഏറെ നേരം കണ്ട് ആസ്വദിക്കാനൊത്തില്ല. റോഡ് സൈഡിൽ കടുവയുടെ ഫോട്ടോ കാണാറുണ്ടെങ്കിലും അത്യപൂർവ്വമായിരുന്നു ആ നേർക്കാഴ്ച. സ്ഥിരമായി കാണുന്ന മറ്റ് മൃഗങ്ങളെയുമൊക്കെ കണ്ട് ഗുണ്ഡൽപേട്ട ഗൂഡല്ലൂർ നാടുകാണി ചുരമിറങ്ങി വീട്ടിലെത്തിയപ്പോഴും മുത്തങ്ങയിലെ ഞെട്ടലിൽ നിന്ന് ഞങ്ങൾ മോചിതരായിരുന്നില്ല എന്നു പറയേണ്ടതില്ലല്ലൊ.

വിവരണം – ഫൈസൽ മാലിക്ക് വി.എൻ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply